ര്‍ബീന്‍ എന്നാല്‍ ഈശ്വരന്റെ കൈകളിലെ സംഗീതോപകരണം എന്നാണര്‍ഥം. ഡോ. ഹര്‍ബീന്‍ അറോറയുടെ എല്ലാ ഈണങ്ങളും സ്ത്രീശാക്തീകരണത്തിനുവേണ്ടിയാണ്. ഇതരവിഷയങ്ങളും ഇവര്‍ കാണുന്നത് സ്ത്രീശാക്തീകരണത്തിന്റെയും പ്രകൃതിസ്‌നേഹത്തിന്റെയും കണ്ണുകളിലൂടെയാണ്.

സ്ത്രീപക്ഷസംഘടനകളായ ഓള്‍ ലേഡീസ് ലീഗ് , വിമന്‍ ഇക്കണോമിക് ഫോറം എന്നിവയുടെ ഗ്ലോബല്‍ ചെയര്‍പേഴ്സണ്‍. പ്രഭാഷക, വിദ്യാഭ്യാസപ്രവര്‍ത്തക, സംരംഭക, അഹമ്മദാബാദ് റായ് യൂണിവേഴ്സിറ്റി , െബംഗളൂരു റായ് ടെക്നോളജി യൂണിവേഴ്സിറ്റി, റാഞ്ചിയിലെ ജാര്‍ഖണ്ഡ് യൂണിവേഴ്സിറ്റി എന്നിവയുടെ ചാന്‍സലര്‍, അഞ്ഞൂറിലേറെ ഉത്പന്നങ്ങളുള്ള ബയോ ആയുര്‍വേദയുടെ സ്ഥാപക... ഡോ. അറോറയ്ക്ക് വിശേഷണങ്ങള്‍ ഏറെയാണ്. 'നേതൃനിരയിലെ സ്ത്രീപങ്കാളിത്തം' എന്ന വിഷയത്തില്‍ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് മാനേജ്മെന്റില്‍ പ്രഭാഷണം നടത്താനെത്തിയ ഹര്‍ബീന്‍ സംസാരിക്കുന്നു...

സ്ത്രീകള്‍ക്കുമാത്രമായി ഈ ലോകത്തില്‍ ഒരു പ്രശ്‌നവുമില്ലെന്നുപറഞ്ഞാല്‍ യോജിക്കുമോ?

പ്രശ്‌നങ്ങള്‍ പലതും മാനവരാശിയുടേത് മൊത്തമാണെന്ന് ഒരു കാഴ്ചപ്പാടുണ്ട്. പക്ഷേ, കാലങ്ങളായി പ്രശ്‌നങ്ങളുടെ ഇടയില്‍പ്പെട്ട് ഉഴലുന്നത് സ്ത്രീകളാണ്. സ്ത്രീയുടെ ബാഹ്യസൗന്ദര്യം മാത്രമേ എല്ലാവരും കാണുന്നുള്ളൂ. ആന്തരികസൗന്ദര്യം അതിലും എത്രയോ അധികമാണെന്ന് അറിയാമോ? ഈ വിശ്വപ്രപഞ്ചംതന്നെ സ്‌ത്രൈണഭാവത്തിലുള്ളതാണ്. കരുതലിന്റെയും കരുണയുടെയും ദേവതാഭാവമാണ് സ്ത്രീ. പക്ഷേ, അവള്‍ക്ക് ഒരിടത്തും തുല്യപരിഗണന കിട്ടുന്നില്ല. സാമ്പത്തികമായി ഒട്ടുമില്ല. അതുകൊണ്ട് സ്ത്രീകള്‍ക്കുമാത്രമായി അനേകം പ്രശ്‌നങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്തേണ്ടിവരുന്നു. സാമ്പത്തികസ്വാതന്ത്ര്യം കിട്ടിയാല്‍ അത് കുടുംബത്തിനുമൊത്തം സ്വാതന്ത്ര്യമാവും.

എനിക്ക് ഒരു സഹോദരന്‍ മാത്രമേയുള്ളൂ. എന്നാല്‍ ഈ ലോകത്തുള്ള എല്ലാ സ്ത്രീകളും എന്റെ സഹോദരിമാരാണ്.

ലിംഗപരമായ വ്യത്യസ്തതയെ കര്‍മശേഷിയുടെ വൈവിധ്യമായി കണ്ടുകൂടേ?

ഈ വ്യത്യസ്തത സാമൂഹികവിവേചനത്തിനുള്ള ഉപാധിയായി കരുതുമ്പോഴാണ് അപകടമാവുന്നത്. എല്ലാ തലത്തിലും വികേന്ദ്രീകരണത്തെക്കുറിച്ചാണ് ഇന്ന് ചര്‍ച്ചകള്‍ നടക്കുന്നത്. പക്ഷേ, സാമ്പത്തികരംഗമോ രാഷ്ട്രീയാധികാരമോ സ്ത്രീകളിലേക്ക് വികേന്ദ്രീകരിക്കണമെന്ന് പറയുമ്പോള്‍ പുരുഷന്മാര്‍ മാത്രമല്ല, മിക്ക സ്ത്രീകളും നെറ്റിചുളിക്കും. സാമൂഹികസൂചികയുടെ ഏത് അളവുകോല്‍െവച്ച് നോക്കിയാലും സ്ത്രീ അനുഭവിക്കുന്ന വിവേചനം വ്യക്തമാവും. അസാധാരണശേഷികള്‍ സ്വന്തമായുള്ള സ്ത്രീകളാണ് ഇങ്ങനെ പിന്തുണയോ പരിഗണനയോ ഇല്ലാതെ വിഷമിക്കുന്നത്. സ്വയം പഴിച്ച് കഴിഞ്ഞുകൂടുന്നത്.

സ്ത്രീകള്‍ക്കായി എന്തെങ്കിലും ഒരു കാര്യം മാത്രം ചെയ്യാന്‍ ഡോ. ഹര്‍ബീന് സര്‍വാധികാരം കിട്ടിയെന്നിരിക്കട്ടെ. അപ്പോള്‍ എന്തുചെയ്യും?

കോര്‍പ്പറേറ്റ് ലോകത്ത് സ്ത്രീകളുടെ ഇടപെടല്‍ ശക്തമാക്കും. ഇന്ന് മധ്യതല മാനേജ്മെന്റുവരെ സ്ത്രീകള്‍ വേണ്ടത്രയുണ്ട്. എല്ലാതലത്തിലും പ്രവര്‍ത്തനമികവും വിശ്വാസ്യതയും കൈവരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുന്നുമുണ്ട്. എന്നാല്‍, ഉന്നത മാനേജ്മെന്റില്‍ സ്ത്രീകള്‍ വിരലിലെണ്ണാവുന്നവര്‍മാത്രം. വര്‍ഷങ്ങളോളം കരിയറില്‍ മികവോടെ തുടര്‍ന്നിട്ടും അധികം സ്ത്രീകള്‍ ഉന്നതശ്രേണിയിലേക്ക് വരാറില്ല.

അഥവാ പുരുഷകേന്ദ്രീകൃത കോര്‍പ്പറേറ്റ് ലോകം അത് അനുവദിക്കാറില്ല. സ്ത്രീകള്‍ പരിശ്രമിക്കായ്കയല്ല. അവര്‍ക്ക് സ്ഥാപനത്തോട് കൂറില്ലാത്തതിനാലല്ല. ഇടപാടുകാരുടെ നന്മയും ക്ഷേമവും കരുതാന്‍ അവര്‍ക്ക് പ്രാപ്തിയില്ലാഞ്ഞിട്ടുമല്ല. എന്നിട്ടും അവള്‍ സ്ത്രീയല്ലേ, പരമാധികാരം നല്‍കിയാല്‍ ശരിയാവില്ല എന്നതാണ് കാഴ്ചപ്പാട്. അത് മാറണം. മാറിയേ തീരൂ. 50:50 പങ്കാളിത്തം വന്നാല്‍ത്തന്നെ അത് മഹാകാര്യം.

ഈ ഐ.ഐ.എമ്മില്‍ 54 ശതമാനം സ്ത്രീപങ്കാളിത്തമുണ്ട്.

അത് കോഴിക്കോട് ഐ.ഐ.എമ്മിലെ മാത്രം കാര്യം. ഈ രീതി അധികം സ്ഥലങ്ങളിലില്ല. ഇതുപോലെ നേതൃനിരയില്‍ മാറിച്ചിന്തിക്കുന്നവരുണ്ടാവണം. അത് സ്ത്രീസമൂഹത്തിനുമാത്രമല്ല, മൊത്തം സമൂഹത്തിനും നല്ലതാണ്.

ആയുര്‍വേദ-ജൈവകൃഷി രംഗത്തെ താങ്കളുടെ പ്രവര്‍ത്തനങ്ങള്‍?

അത് പ്രകൃതിസൗഹൃദപരമായ പരിശ്രമങ്ങളാണ്. ജീവിതത്തോടുള്ള സ്വാഭാവികരീതി എന്ന് അതിനെ വിശേഷിപ്പിക്കാം. ജൈവകൃഷി പ്രധാനമായും ഞങ്ങളുടെ ഉത്പന്നങ്ങള്‍ക്കുവേണ്ടിയാണ്. തുളസി, കൃഷ്ണതുളസി, ബ്രഹ്മി, അശ്വഗന്ധ തുടങ്ങിയവയില്‍നിന്ന് സൗന്ദര്യവര്‍ധക വസ്തുക്കളും ഔഷധങ്ങളും ഭക്ഷ്യസപ്ലിമെന്റുകളും ചര്‍മസംരക്ഷണവസ്തുക്കളുമൊക്കെ ഞങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. വെയിറ്റ് മാനേജ്മെന്റ്, പ്രോട്ടീന്‍ എനര്‍ജി സപ്ലിമെന്റ്സ് തുടങ്ങിയവയും ജൈവരീതിയില്‍ തയ്യാറാക്കാം. ഇത് ലോകത്തിനുമുന്നില്‍ ഇന്ത്യ പ്രകാശിപ്പിക്കണം; പ്രധാനമന്ത്രി മുന്‍കൈയെടുത്ത് യോഗയെ പ്രചരിപ്പിച്ചതുപോലെ.

ആയുര്‍വേദവും ജൈവകൃഷിയുമൊക്കെ ഇന്ന് വാണിജ്യവത്കരിക്കപ്പെടുന്നല്ലോ ?

ശരിയാണ്. ആയുസ്സിന്റെ വേദത്തെ ലോകത്തിനുമുന്നില്‍ വാണിജ്യവത്കരിക്കണമെന്നോ മാര്‍ക്കറ്റ് ചെയ്യണമെന്നോ അല്ല ഞാനുദ്ദേശിച്ചത്. ഗ്ലോബലൈസ് ചെയ്ത് അനേകര്‍ക്ക് പ്രയോജനപ്പെടുത്തണമെന്നാണ്. ഈ ഐ.ഐ.എമ്മിന്റെ ആപ്തവാക്യം ശ്രദ്ധിച്ചോ; 'ഗ്ലോബലൈസിങ് ഇന്ത്യന്‍ തോട്സ്' എന്ന്. നമ്മുടെ നന്മകള്‍ ലോകംമുഴുവന്‍ അറിയട്ടെ, ഉപകാരപ്പെടുത്തട്ടെ. എന്റെ സംഘടനകള്‍ അങ്ങനെയാണ് ചിന്തിക്കുന്നത്. ഇന്ത്യകേന്ദ്രീകൃതമാണവ. പക്ഷേ, പ്രവര്‍ത്തനം ലോകം മുഴുവന്‍. പ്രാദേശികമായി പ്രവര്‍ത്തിക്കുക, ആഗോളമായി ചിന്തിക്കുക- ആ രീതിയാണ് ഗാന്ധിജി പഠിപ്പിച്ചത്.

വലിയ സ്ത്രീപക്ഷവാദിയുടെ, ചിന്ത ഗാന്ധിമാര്‍ഗത്തിലാണോ ?

ഗാന്ധിജി മഹാമാതൃകയാണ്. ഒരു വലിയ ദീപസ്തംഭം. അത് നമ്മെക്കാള്‍ ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. കഴിഞ്ഞമാസം ഞാന്‍ കൊളംബിയയില്‍ ഒരു സ്ത്രീയെ പരിചയപ്പെട്ടു. പേര് ഗാന്ധീയ. മാതാപിതാക്കള്‍ ഗാന്ധിഭക്തരായതിനാല്‍ മകള്‍ക്ക് നല്‍കിയ പേരാണത്. നിലനില്‍പ്പിന്റെ സമ്പദ്വ്യവസ്ഥ നമ്മെ പഠിപ്പിച്ചത് ഓര്‍ത്താല്‍മാത്രം മതി ഗാന്ധിജിയെ ആരും ആരാധിച്ചുപോവും. ജീവിതത്തിന്റെ സമഗ്രകാഴ്ചപ്പാട് പ്രദാനം ചെയ്യുന്നതാണ് ഗാന്ധിദര്‍ശനം. ഇന്ത്യ ലോകത്തോട് സംസാരിക്കുമ്പോള്‍ അത് ഗാന്ധിജിയുടെ വാക്കുകളിലൂടെയായാല്‍ മാത്രമേ അതിന് വിലയുണ്ടാവൂ.

ഭഗവദ്ഗീത എന്റെ മാതാവാണ് എന്നുപഠിപ്പിച്ച ഗാന്ധി. ലോകംകണ്ട ഏറ്റവും വലിയ സ്വാതന്ത്യ്രപോരാളി. വരുംകാല നിലനില്‍പ്പ് മുന്നേ കരുതിയ കര്‍മയോഗജ്ഞാനി.

ആയുര്‍വേദവും സ്ത്രീപക്ഷചിന്തയും, വിദ്യാഭ്യാസവും ആധ്യാത്മികതയും-താത്പര്യങ്ങള്‍ വ്യത്യസ്തമാണല്ലോ?

ഒരിക്കലുമല്ല. ഇവയൊക്കെ പരസ്പരബന്ധിതമാണ്. സ്ത്രീയെ പ്രകൃതിതന്നെ അതിന്റെ നിലനില്‍പ്പ് വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കയല്ലേ. ആയുര്‍വേദം സ്വാസ്ഥ്യവും ആരോഗ്യവും പ്രകൃതിയെയും മനുഷ്യപ്രകൃതിയെയും ഒട്ടും നോവിക്കാതെതന്നെ പരിപാലിക്കലല്ലേ. വിദ്യാഭ്യാസം മൂല്യങ്ങളില്‍ അധിഷ്ഠിതമല്ലേ.

ഇത് പ്രദാനംചെയ്യുന്നത് ആധ്യാത്മികതയില്‍ അധിഷ്ഠിതമായല്ലേ. ഇങ്ങനെ അല്പം തത്ത്വചിന്താപരമായി ചിന്തിച്ചാല്‍ ഈ വിഷയങ്ങളെല്ലാം പരസ്പരബന്ധമുള്ളവയും പരസ്പരബന്ധിതവുമാണെന്ന് കാണാം.

ജീവിതരേഖ

ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദവും ബിരുദാനന്തരബിരുദവും നേടി. പാരീസ് യൂണിവേഴ്സിറ്റിയില്‍നിന്ന് ക്രിയേറ്റീവ് തിയേറ്ററില്‍ ഗവേഷണബിരുദം. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ പഞ്ചാബി ദമ്പതിമാര്‍ക്ക് ജനിച്ചമകള്‍.അച്ഛന്‍ ആനന്ദ് സിങ്. അമ്മ -രമീന്ദര്‍ കൗര്‍. സഹോദരന്‍-മന്‍മീത് സിങ്. ജീവിതപങ്കാളിയുമൊത്ത് ഡല്‍ഹിയില്‍ താമസിക്കുന്നു. ലോകമെങ്ങും മോട്ടിവേഷണല്‍ ക്ലാസുകള്‍ നല്‍കുന്നു. ഉന്നതവിദ്യാഭ്യാസം , മാനുഷികമൂല്യങ്ങള്‍, ക്രിയാത്മകജീവിതം തുടങ്ങിയ വിഷയങ്ങളില്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

Content Highlights: Dr Harbin arora interview