'മഴയും വെയിലും ഒരുമിച്ച് വന്നാല്‍ കുറുക്കന്റെ കല്യാണമാണെന്ന് അറിയാവുന്നവര്‍ക്ക്, ഒറ്റ മൈനയെ കണ്ടാല്‍ അന്ന് കരയേണ്ടി വരുമെന്ന് വിശ്വസിച്ചവര്‍ക്ക്, തുളസിയില ഇട്ടു സത്യാന്വേഷണം നടത്തിയിട്ടുള്ളവര്‍ക്ക്, അവര്‍ക്കു മാത്രം മനസ്സിലാവുന്ന ചിലതാണ് എനിക്ക് എഴുതാനുള്ളത്..'

.......അങ്ങനെ എഴുതിക്കൂട്ടിയതൊക്കെ ഒരു പുസ്തകമാവാന്‍ പോവുന്നതിന്റെ സന്തോഷത്തിലാണ് അശ്വതി ശ്രീകാന്ത്!!

എഴുത്തുകാരിയായല്ല ചാനല്‍ അവതാരകയായാണ് ഈ പാലാക്കാരി മലയാളികളുടെ മനസ്സിലേക്ക് ഇടിച്ചുകയറിയത്. കുസൃതിയും കുട്ടിത്തവും വിടാതെ നാടന്‍ഭാഷയില്‍ തന്മയത്വമായി അശ്വതി സ്‌ക്രീനില്‍ നിറഞ്ഞു. അന്നുവരെയുണ്ടായിരുന്ന ചാനല്‍ അവതാരക സങ്കല്പങ്ങളെ മാറ്റിയെഴുതി അവള്‍ പ്രേക്ഷകരുടെ വീട്ടിലെ ഒരാളായി. കുട്ടികള്‍ക്ക് അശ്വതി ചേച്ചിയും വീട്ടമ്മമാര്‍ക്ക് പ്രിയപ്പെട്ട അശ്വതി മോളുമായി. ഇതിനിടയ്ക്ക് റോക്‌സ്റ്റാര്‍ എന്ന വി.കെ.പ്രകാശ് ചിത്രത്തില്‍ ഗാനരചയിതാവുമായി. ചാനല്‍ പരിപാടിയുടെ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടെ വീണുകിട്ടിയ ഇത്തിരിനേരത്തു നിന്നാണ് അശ്വതിയെ ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ കിട്ടിയത്. എഴുതിക്കൂട്ടിയ പ്രിയപ്പെട്ട അക്ഷരങ്ങള്‍ പുസ്തകമാവാന്‍ പോവുന്നതിന്റെ സന്തോഷം വാക്കുകളില്‍ നിറയെ.

"പുസ്തകം ഓര്‍മ്മകളെക്കുറിച്ചാണ്. എഴുതിയെഴുതിവന്നപ്പോ അവ കഥകളായി. ശരിയ്ക്കും പറഞ്ഞാല്‍ ഓര്‍മ്മക്കഥകളുടെ സമാഹാരമാണത്."

ഗൃഹാതുരതയോട് വല്ലാത്തൊരു അടുപ്പമുണ്ട് എപ്പോഴും അശ്വതിയുടെ എഴുത്തുകള്‍ക്ക്. കഥമരം എന്ന ബ്ലോഗില്‍ നിറയെ കാണാം ആ ഇഷ്ടം. 'ഠ ഇല്ലാത്ത മിഠായികള്‍' എന്നാണ് പുസ്തകത്തിന്റെ പേര്.

"മിഠായി എനിക്ക് മുട്ടായി ആയിരുന്ന കാലത്തെ ഓര്‍മ്മകളാണ് പുസ്തകമാവുന്നത്. ബാല്യത്തെക്കുറിച്ചൊന്നും എത്ര എഴുതിയാലും മതിയാവില്ലല്ലോ. എനിക്കാണെങ്കില്‍ അക്കാലത്തെ തീരെച്ചെറിയ കാര്യങ്ങള്‍ വരെ നല്ല ഓര്‍മ്മയാണ് താനും!"

aswathy
photo:fb/aswathysreekanth

വായിക്കാനും എഴുതാനും ഒരുപാടിഷ്ടപ്പെട്ടിരുന്ന പെണ്‍കുട്ടി സ്‌കൂളിലെ പലവക ബുക്കിലായിരുന്നു അക്ഷരങ്ങളെ ഒളിപ്പിച്ചത്. അവ കണ്ടുപിടിച്ച് ടീച്ചര്‍ക്ക് കാണിച്ചുകൊടുത്ത കൂട്ടുകാരിയാണ് അശ്വതിയെ എഴുത്തുകാരിയാക്കിയത്. ആ കൂട്ടുകാരിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരുന്നതല്ല അശ്വതിക്ക്.

"ഒരേ പേരുകാരാണ് ഞങ്ങള്‍. അവളെന്റെ കുമ്പസാരക്കൂടും രഹസ്യങ്ങളുടെ പെട്ടിയുമായിരുന്നു. ഒന്നാം ക്ലാസ്സില്‍ കുഞ്ഞി ബെഞ്ചില്‍ തൊട്ടുതൊട്ടിരുന്നു തുടങ്ങിയ കൂട്ട് പത്തുകൊല്ലം കൊണ്ട് വലുതായതാണ്. വേലായുധന്‍ സാറിന്റെ ഡ്രോയിങ്ങ് പിരീഡില്‍ ടൈംടേബിള്‍ തെറ്റിച്ച് കയറി വന്ന ത്രേസ്യാമ്മ ടീച്ചറിനെ എന്റെ പലവക ബുക്കിലെ കുത്തിക്കുറിപ്പുകള്‍ കാണിച്ചു കൊടുത്ത് എന്നെയൊരു കവിയാക്കിയത് അവളാണ്. പഠിക്കുന്ന കാലത്ത് കൂട്ടുകാരൊക്കെ വിചാരിച്ചത് ഞാനൊരു എഴുത്തുകാരിയാകുമെന്നായിരുന്നു. ഡിഗ്രി കഴിഞ്ഞ് എംബിഎ പഠിത്തമൊക്കെയായപ്പോഴേക്ക് എഴുത്തിന്റെ വഴി മറന്നുപോയി. പിന്നെ വിവാഹമൊക്കെ കഴിഞ്ഞ് മാധ്യമരംഗത്ത് സജീവമായപ്പോഴാണ് വീണ്ടും എഴുതിത്തുടങ്ങിയത്."

aswathy
photo:fb/aswathysreekanth

റേഡിയോ ജോക്കിയായിരുന്നു മാധ്യമരംഗത്തേക്കുള്ള അശ്വതിയുടെ കടന്നുവരവ്. 

"എംബിഎയും കഴിഞ്ഞ് കൊച്ചിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് റെഡ് എഫ്എമ്മിലെത്തുന്നത്. അവിടെനിന്നാണ് ദുബായി എഫ്എമ്മിലേക്ക് പോവുന്നത്. ആ ജോലി ഞാന്‍ വളരെ ആസ്വദിച്ചിരുന്നു."

താന്‍ ചെയ്യുന്ന ജോലി അത്ര നിസ്സാരമല്ലെന്ന് അശ്വതി തിരിച്ചറിഞ്ഞത് യാദൃശ്ചികമായാണ്. 

"ഒരു ദിവസം ഒരു പയ്യന്‍ എന്നെ ഫോണില്‍ വിളിച്ചു. അവന്റെ വീടിന്റെ പാല്കാച്ചലാണ്. ഞാന്‍ ചെല്ലണം. ആ വീട് വയ്ക്കാന്‍ കാരണം ഞാനാണ് എന്ന് പറഞ്ഞു. കാര്യം എന്താന്ന് എനിക്കാദ്യം മനസ്സിലായില്ല. അവന്‍ പറഞ്ഞപ്പോഴാണ് അറിയുന്നത് എന്റെ പ്രോഗ്രാമിലൂടെ ഞാന്‍ പറഞ്ഞ പ്രചോദനകരമായ വാക്കുുകളാണ് അവന്റെ ജീവിതം മാറ്റിമറിച്ചതെന്ന്. അതെന്നെ വല്ലാതെ സ്വാധീനിച്ചു. ജോലിയെ കൂടുതല്‍ കാര്യമായി സമീപിക്കാന്‍ എനിക്ക് പ്രേരണയായി."

aswathy
photo:fb/aswathysreekanth

കുട്ടിയും കുടുംബവും റേഡിയോയിലെ ജോലിയുമായി ജീവിതമങ്ങനെ പോവുമ്പോഴാണ് ഫ്‌ളവേഴ്‌സ് ചാനലിലേക്ക് ക്ഷണം വരുന്നത്. ക്യാമറയ്ക്ക് മുന്നില്‍ തിളങ്ങാനുള്ള ആകര്‍ഷകത്വമുണ്ടോ എന്നൊക്കെ സംശയിച്ചെങ്കിലും അവസരം വിട്ടുകളയേണ്ടെന്ന് അശ്വതി തീരുമാനിച്ചു. ആ തീരുമാനമാണ് മലയാളികള്‍ക്ക് മികച്ച അവതാരകരിലൊരാളെ സമ്മാനിച്ചത്.

"ഷൂട്ടിംഗിനായി മോളെയും ഭര്‍ത്താവിനെയും വിട്ടുനില്‍ക്കേണ്ടി വരുന്നത് വലിയ പ്രശ്‌നമായിരുന്നു. മാസത്തില്‍ രണ്ട് തവണയൊക്കെ ദുബായില്‍ നിന്ന് കേരളത്തിലേക്ക് വന്നുപോവുകയായിരുന്നു പതിവ്. ഇപ്പോള്‍ മോളെ നാട്ടില്‍ തന്നെ സ്‌കൂളില്‍ ചേര്‍ത്തു. എന്റെ യാത്രകള്‍ക്കിടെ അവളുടെ കാര്യങ്ങള്‍ പ്രശ്‌നത്തിലാവരുതല്ലോ!"

aswathy
photo:fb/aswathysreekanth

നാലുവയസ്സുകാരി പത്മയ്ക്ക് അമ്മയെ കാണാതിരിക്കാനാവില്ല. അവളുടെ കുസൃതിയും കുറുമ്പുമില്ലാതെ ഒരു ദിവസമെങ്കിലും കടന്നുപോവുന്നതിനെപ്പറ്റി അശ്വതിക്ക് ചിന്തിക്കാനുമാവില്ല. അശ്വതിയുടെ ഫേസ്ബുക്ക് പേജിന്റെ ഇടമധികവും കീഴടക്കിയിരിക്കുന്നതും പത്മ തന്നെ. വിവാഹശേഷമായിരുന്നു അശ്വതി നേട്ടങ്ങളിലേക്ക് കുതിച്ചത്. അതിനു പിന്നില്‍ ഭര്‍ത്താവ് ശ്രീകാന്തിന്റെ പിന്തുണയാണെന്ന് അശ്വതി.

"ഞങ്ങള്‍ പ്രണയിച്ചു വിവാഹം ചെയ്തവരാണ്. അതുകൊണ്ട് തന്നെ പരസ്പരം നന്നായി മനസ്സിലാക്കിയിട്ടുമുണ്ട്. ഭാര്യ,ഭര്‍ത്താവ് എന്നതിനപ്പുറം രണ്ട് വ്യക്തികളായി പരസ്പരം ബഹുമാനിക്കാനും അവരവരുടെ സ്‌പേസ് നല്കാനും ഞങ്ങള്‍ മടിക്കാറില്ല. "

aswathy
photo:fb/aswathysreekanth

അശ്വതിയെന്ന അവതാരകയെ മലയാളികള്‍ ഇത്രമേല്‍ സ്‌നേഹിക്കുന്നതിന് എന്താകും കാരണമെന്ന് ചോദിച്ചാല്‍ അശ്വതിക്ക് പറയാനുള്ളത് ഇതാണ്.

"ഞാന്‍ ഞാനായിട്ട് തന്നെയാ പ്രോഗ്രാമില്‍ പെരുമാറാറുള്ളത്. അല്ലെങ്കില്‍ പിന്നെ അത് വെറും അഭിനയമാവില്ലേ. ആ തന്മയത്വമാവും എന്നെ അവരുടെ പ്രിയപ്പെട്ടവളാക്കുന്നത്. ഈ കാണുന്ന ഞാന്‍ തന്നെയാണ് ജീവിതത്തിലേതും."