indu and neethu
പ്രശ്നോത്തരിയില്‍ ഒന്നാം സ്ഥാനം നേടിയ ഇന്ദുമോള്‍ കെ.എസും അക്ഷരശ്ലോകത്തില്‍ ഒന്നാം സ്ഥാനം നേടിയ സഹോദരി നീതുമോള്‍ കെ.എസും. 

    1997 ലെ മാതൃഭൂമി ദിനപ്പത്രത്തിലെ ആ വാര്‍ത്തകള്‍ ഇന്നും ഈ സഹോദരിമാരുടെ കൈയില്‍ ഭദ്രമാണ്, വാര്‍ത്തകള്‍ മാത്രമല്ല അവരുടെ ജീവന്റെ ഭാഗമായ സംഗീതവും സാഹിത്യവും.

സംസ്ഥാന കലോത്സവത്തിലെയും, സംസ്കൃത കലോത്സവത്തിലെയും, യൂണിവേഴ്സിറ്റി കലോത്സവത്തിലെയും സാന്നിദ്ധ്യമായിരുന്നു ഈ രണ്ട് സഹോദരിമാരും. ആദ്യം ചേച്ചി ഇന്ദുവായിരുന്നു കലാതിലകമെങ്കില്‍ രണ്ട് വര്‍ഷത്തിന് ശേഷം നീതു അതേ കിരീടം കുറ്റിമാക്കല്‍ തറവാട്ടില്‍ എത്തിച്ചു. അങ്ങനെ സംസ്ഥാന സ്‌കൂള്‍
യുവജനോത്സവത്തില്‍ അഞ്ചുവര്‍ഷം കാവ്യകേളിയില്‍ ഒന്നാം സ്ഥാനക്കാരിയായിരുന്നു നീതു. രണ്ട് വര്‍ഷം കോട്ടയം സംസ്‌കൃത കലാതിലകമായിരുന്നു ചേച്ചി ഇന്ദു. 

കലോത്സവ വേദികളിലെ വെറുമൊരു മത്സരയിനം മാത്രമായിരുന്നില്ല ഇരുവര്‍ക്കും കവിതയും, കാവ്യകേളിയും അക്ഷരശ്ലോകവുമെല്ലാം. വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ട് പേരും ടെക്കികളായി പ്രവര്‍ത്തിക്കുമ്പോഴും കവിതയും അക്ഷരശ്ലോകവുമെല്ലാം ഇന്നും അതേ പകിട്ടോടെ കൂടെ കൂട്ടിയിട്ടുണ്ട്. 

കുറ്റിമാക്കൽ വീട്ടിൽ മൂവര്‍ സംഘം 

കുറ്റിമാക്കല്‍ കുടുംബത്തിലെ സാധാരണക്കാരായ അച്ഛനും അമ്മക്കും ഞങ്ങള്‍ മൂന്ന് പെണ്‍മക്കളാണ്‌. അമ്മ ചെറുതായി കവിതകളൊക്കെ ചൊല്ലി പഠിപ്പിക്കും. ഞങ്ങള്‍ രണ്ടാളും സ്റ്റേജില്‍ കയറുന്നത് അമ്മക്ക് ഒരുപാട് ഇഷ്ടമായിരുന്നു. മൂത്ത സഹോദരിയും ചെറിയ കലാകാരി തന്നെയാണ്. പക്ഷെ ഞങ്ങള്‍ രണ്ടാള്‍ക്കും കുറച്ചുകൂടി താത്പര്യമായിരുന്നു. 

image

അങ്ങനെ ഞങ്ങള്‍ ചെറുതായി കവിതകള്‍ ചൊല്ലുന്നത് കേട്ട് ആദ്യമായി അക്ഷരശ്ലോകം പഠിപ്പിച്ചത് ഞങ്ങളുടെ  അധ്യാപികയായ സാവിത്രി ടീച്ചറിലൂടെയായിരുന്നു. ടീച്ചറുടെ ഭര്‍ത്താവും മൺമറഞ്ഞുപോയ പാലാ വിശ്വനാഥന്‍ നായരാണ് ഞങ്ങളുടെ ആദ്യ ഗുരു. പാലയിലെ കൈരളി ശ്ലോകരംഗത്തില്‍ നിന്ന് അക്ഷരശ്ലോകം പഠിച്ച് ഞങ്ങള്‍ വേദികളിലെത്തി.  

സ്‌കൂള്‍ പഠനകാലത്ത് മൂന്ന് പെണ്‍കുട്ടികളെ അവരുടെ താത്പര്യത്തിനനുസരിച്ച് പഠിപ്പിച്ചത് വളരെ കഷ്ടപ്പാടുകള്‍ക്ക് നടുവിലായിരുന്നു. എങ്കിലും സാധാരണ കര്‍ഷകകുടുംബത്തിലെ മാതാപിതാക്കളായ ചിറക്കടവ് കുറ്റിമാക്കലിലെ സോമസുന്ദരന്‍ പിള്ളയും ശ്രീകുമാരിയും മക്കളെ അവരുടെ ഇഷ്ടലോകത്തേക്ക് കൈ പിടിച്ച് കൂടെ നടത്തുകയായിരുന്നു. 

image

നീതുവിനെക്കാള്‍ രണ്ട് വയസിന് മൂത്തയാളാണ് ചേച്ചി ഇന്ദു. ചേച്ചിയും അനുജത്തിയും സ്‌കൂള്‍ തലം മുതല്‍ ഒരേ വേദികള്‍ പങ്കിട്ടു. നീതുവിന് കൂടുതല്‍ താത്പര്യം കവിതകളോടായിരുന്നെങ്കില്‍ ചേച്ചി ഇന്ദുവിന് താത്പര്യം അക്ഷരശ്ലോകത്തോടായിരുന്നു. ' സംഗീത താത്പര്യം തിരിച്ചറിഞ്ഞ് അച്ഛനും അമ്മയും ഞങ്ങളോടൊപ്പം നിന്നിരുന്നു. അങ്ങനെ പ്രൈമറിതലം മുതല്‍ കോളേജ് വരെയും ഞങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു.' 

കവിതയും ടെക്നോളജിയും ഒറ്റക്കൈയിൽ പിടിക്കുന്ന നീതു 

സ്‌കൂള്‍ കോളേജ് പഠനത്തിന് ശേഷം കവിതയെ ഉപേക്ഷിക്കാന്‍ നീതുവിന് സാധിച്ചില്ല, പകരം കൂടുതല്‍ സംഗീതത്തെ തന്റെ ജീവിതത്തോട് കൂട്ടിക്കെട്ടുകയാണ് ചെയ്തത്. ബെംഗളുരുവിലെ മൈക്രോസോഫ്റ്റ് കമ്പനിയില്‍ പ്രൊജക്ട് മാനേജരായി ജോലി ചെയ്യുകയാണ് നീതു. 

neethu

ബെംഗളുരുവിലെ പല വേദികള്‍ക്കും സുപരിചിതയാണ് നീതു. സ്തോത്രങ്ങളും കച്ചേരികളുമായി പല വേദികളിലെയും സ്ഥിര സാന്നിധ്യം. വിവാഹശേഷം മടിപിടിച്ചിരുന്ന നീതുവിനെ വീണ്ടും വേദികളിലെത്തിച്ചത് ഭര്‍ത്താവിന്റെ  അമ്മയും സംഗീതാധ്യാപികയുമായ  ശൈലജ ശശിധരനാണ്. ബെംഗളുരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റും മൃദംഗ കലാകാരനുമായ ദീപുകൃഷ്ണയാണ് ഭര്‍ത്താവ്. വലിയ രീതിയിലൊന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ലാത്ത നീതുവിന് പൂര്‍ണ പിന്തുണ നല്‍കുന്നത് ഭര്‍ത്താവിന്റെ അമ്മയാണ്. ഭര്‍ത്താവിന്റെ അമ്മയില്‍ നിന്നുമാണ് നീതു സ്തോത്രങ്ങള്‍ കൂടുതല്‍ ചൊല്ലാന്‍ പഠിച്ചതും വേദികളില്‍ കൂടുതല്‍ സജീവമായതും. 

ബെംഗളുരുവിലെ വിവിധ വേദികളില്‍ സ്തോത്രങ്ങള്‍ അവതരിപ്പിക്കാന്‍ നീതുവിന് കൂട്ടായി ഭര്‍ത്താവ് ദീപുവും ഒപ്പം കൂടാറുണ്ട്. നീതുവിന്റെ സ്തോത്രങ്ങള്‍ക്ക് മൃദംഗം വായിക്കുന്നത് ഭര്‍ത്താവ് ദീപുവാണ്.  ഭക്തി സ്തോത്ര മാധുരി, ശങ്കരാചാര്യ സ്തോത്രങ്ങളും തുളസീദാസ കൃതികള്‍, സദാശിവ ബ്രഹ്മേന്ദ്ര എന്നിവരുടെ കൃതികളുമാണ് നീതു അവതരിപ്പിക്കുന്നത്. 

മലയാളത്തെ സ്നേഹിക്കുന്ന കുട്ടികള്‍ക്കൊപ്പം 

ബെംഗളുരു മലയാളം മിഷന്റെ സജീവപ്രവര്‍ത്തകയാണ് നീതു. മലയാളികളായ കുട്ടികളെ മലയാളം പഠിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ മികച്ച പ്രവര്‍ത്തകരില്‍ ഒരാളാണ് നീതു ഇപ്പോള്‍. മലയാളം മിഷന്റെ ബെംഗളുരു ഘടകത്തിന്റെ അവതരണഗാനമായ വാഴ്ക വാഴ്ക എന്ന ഗാനം ആലപിച്ചിരിക്കുന്നത് നീതുവാണ്.കുട്ടികള്‍ക്ക് കവിതയും, കാവ്യകേളിയുമൊക്കെ നീതു പഠിപ്പിക്കാറുണ്ട്.

 ശനി, ഞായര്‍ ദിവസങ്ങളില്‍ മലയാളികളായ കുട്ടികള്‍ക്ക് കവിതാധ്യാപികയുമാണ് നീതു. തന്റെ കൈമുതലായ കവിതകളെ ബെംഗളുരുവിലെ കുട്ടികള്‍ക്കും പകര്‍ന്നു നല്‍കുന്നു ഒഴിവ് സമയം കണ്ടെത്തി കവിതകളും സ്തോത്രങ്ങളും കുട്ടികള്‍ക്കു വേണ്ടി പഠിക്കും. കവിതകള്‍ പഠിക്കാന്‍ കുട്ടികള്‍ക്ക് താത്പര്യമാണ്. കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വലിയ ഉത്സാഹമാണ്. ടെക്നോളജിയൊക്കെ വളര്‍ന്ന് കുട്ടികള്‍ അതിന്റെയൊക്കെ പുറകേയാണെങ്കിലും ഇന്നും കവിതകള്‍ പഠിക്കാന്‍ ഇഷ്ടപ്പെടുന്ന കുട്ടികള്‍ കുറവല്ലെന്നാണ് നീതു പറയുന്നത്. പഠനം പലപ്പോഴും ടെക്നിക്കല്‍ സഹായവും തേടാറുണ്ടെന്നും നീതു പറയുന്നു. 

ടെക്നോളജി വളര്‍ന്നല്ലോ, പലപ്പോഴും ആ കുട്ടികള്‍ക്ക് അക്ഷരസുഫ്ടത കൃത്യമാകണമെന്നില്ല, അതുകൊണ്ട് ക്ലാസിന് ശേഷം കവിതയുടെ ശബ്ദരേഖ കുട്ടികള്‍ക്ക് അയച്ചുകൊടുക്കാറാണ് പതിവ്.

അക്ഷരശ്ലോകത്തിന്റെ ഇന്ദു 

നീതുവിനെപ്പോലെ ചേച്ചി ഇന്ദുവും ഇപ്പോഴും സജീവമാണ് സാഹിത്യലോകത്ത്. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ക്വസ്റ്റ് ഗ്ലോബലിലാണ്  ഇന്ദു ജോലി ചെയ്യുന്നത്.  

image

ആകാശവാണി ദൂരദര്‍ശനിലെ മൃദംഗം എ ഗ്രേഡ് ആര്‍ട്ടിസ്റ്റായ എരിക്കാവ് സുനിലാണ് ഇന്ദുന്റെ ഭര്‍ത്താവ്. അനുജത്തി നീതു ബെംഗളുരുവിലാണെങ്കില്‍ ചേച്ചി തിരുവനന്തപുരത്തെ അക്ഷരശ്ലോക മത്സരങ്ങളുടേയും, കാവ്യകേളിയുടേയുമെല്ലാം സജീവ സാന്നിദ്ധ്യമാണ്. കണ്ണമ്മൂലയിലെ അക്ഷരശ്ലോക സമിതിയിലെ സ്ഥിര അംഗവുമാണ് ഇന്ദു. കൂടാതെ കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ വിധികര്‍ത്താവുമാണ്. 

ഇത്തവണ കഴിഞ്ഞ കേരളയൂണിവേഴ്സിറ്റി കലോത്സവത്തില്‍ അക്ഷരശ്ലോകത്തിന് പങ്കെടുത്തത് ഒമ്പത് കുട്ടികളായിരുന്നു. അവര്‍ ഒമ്പത്പേരും വെറുതേ മത്സരത്തിന് വേണ്ടി സി ഡി യില്‍ നിന്ന് കേട്ട് പഠിച്ച് വന്നവരായിരുന്നില്ല. കൃത്യമായി ഗുരുശിക്ഷണത്തില്‍ നിന്നും തന്നെയായിരുന്നു. അത് അവരുടെ അവതരണത്തിലും പ്രകടമായിരുന്നു. അതുകൊണ്ട് തന്നെ അക്ഷരശ്ലോകം മണ്‍മറഞ്ഞുപോയില്ലെന്ന് അഭിമാനത്തോടെ പറയാമെന്നും ഇന്ദു പറയുന്നു. 

content highlights: Inspiring story of two sisters neethumol and indu kuttimakkal sisters