കൊച്ചി: സ്വപ്നങ്ങള്‍ക്കു പിന്നാലെ നടന്ന് ആഗ്രഹിച്ചത് നേടുന്ന ചിലരുണ്ട്. ഏതു സാഹചര്യത്തിലും ദൃഢനിശ്ചയവും സ്വപ്നങ്ങളും കൈവെടിഞ്ഞുകളയാന്‍ ഇഷ്ടപ്പെടാത്തവര്‍. അത്തരത്തിലൊരു കഥയാണ് ഡോ. അലീന തോമസിന്റേത്.
വിവാഹവും കരിയറും ഒന്നും സ്വപ്നങ്ങള്‍ക്കു പിന്നാലെ പറക്കാന്‍ തടസ്സമല്ലെന്ന് അവര്‍ തെളിയിക്കുന്നു. പഠിക്കുന്ന കാലത്തുതന്നെ മനസ്സില്‍ കൂടിയ ഇഷ്ടമാണ് മോഡലിങ്ങും ഫാഷനുമെല്ലാം. അന്ന് അതെല്ലാം മാറ്റിെവച്ച് പഠനത്തില്‍ പൂര്‍ണ ശ്രദ്ധ കൊടുത്തു. നല്ല മാര്‍ക്കോടെ പഠനം പൂര്‍ത്തിയാക്കി, പ്രാക്ടീസ് തുടങ്ങി. വിവാഹവും കഴിഞ്ഞു. അവിടെ നിന്നാണ് സ്വപ്നങ്ങള്‍ക്കു പിന്നാലെ നടന്നു തുടങ്ങിയതെന്ന് അലീന പറയും.
ജോലിയും നേടി വിവാഹവും കഴിഞ്ഞാണ് ഡോക്ടര്‍ ഇഷ്ടമേഖലയായ മോഡലിങ്ങില്‍ സജീവമാകുന്നത്. ആദ്യം ചെയ്ത ഫോട്ടോ ഷൂട്ടില്‍ത്തന്നെ നല്ല പ്രതികരണം ലഭിച്ചു. അതോടെ കൂടുതല്‍ ഫോട്ടോ ഷൂട്ടുകള്‍ ചെയ്യാനുള്ള ഊര്‍ജം കിട്ടി. ഒട്ടേറെ പരസ്യ ചിത്രങ്ങളിലും ബ്രാന്‍ഡ് ഷൂട്ടുകളിലും ഭാഗമായി.
ഭര്‍ത്താവ് മജീഷ് മാത്യു നല്‍കിയ പിന്തുണ വളരെ വലുതാണെന്ന് അലീന പറയുന്നു. യു.എസ്. ആസ്ഥാനമായ കമ്പനിയില്‍ നേവല്‍ ആര്‍ക്കിടെക്ട് ആണ് അദ്ദേഹം.
സൗന്ദര്യമത്സരങ്ങളിലേക്ക്
മിസ്സിസ് ഫോട്ടോജെനിക് ടൈറ്റില്‍ വിന്നര്‍, മിസ്സിസ് കേരള 2021 ഫൈനലിസ്റ്റ്, മിസ്സിസ് ഇന്ത്യ സൗത്ത് ക്വീന്‍സ് 2021 ഫൈനലിസ്റ്റ്, മിസ്സിസ് ഇന്ത്യ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ഫൈനലിസ്റ്റ് എന്നീ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം.
തിരക്കിട്ട ആശുപത്രി ജോലികള്‍ക്കിടയിലാണ് ഇതിനെല്ലാം അലീന സമയം കണ്ടെത്തുന്നത്. ഏതു മത്സരത്തിനായാലും രണ്ടു ദിവസത്തിലധികം തയ്യാറെടുക്കാറില്ല. ഇഷ്ടമുള്ള മേഖലയായതിനാല്‍ അതും ജീവിതത്തിന്റെ ഭാഗമായി നടന്നുപോകുന്നുവെന്ന് അലീന ചിരിച്ചുകൊണ്ട് പറയുന്നു. കണ്‍സള്‍ട്ടിങ്ങിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ ക്ലിനിക്കുകളില്‍ പോകുന്നുണ്ട്. ഓര്‍ത്തോപീഡിക് ഡോക്ടറാണ് അലീന. വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായി. മൂന്നുവയസ്സുകാരി ഇവയാണ് മകള്‍.
''വിവാഹം കഴിഞ്ഞതോടെയാണ് ഞാന്‍ കൂടുതലായി എന്റെ പാഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിവാഹവും കുടുംബജീവിതവും ഒന്നിനും തടസ്സമല്ല. പക്ഷേ, എല്ലാം നമ്മുടെ മനസ്സാണ്'' ഡോക്ടര്‍ പറയുന്നു. കൂടാതെ, നൃത്തവും ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റുമെല്ലാം അലീനയുടെ ഹോബികളാണ്. കാക്കനാട് സ്വദേശിയാണ്.
Content Highlights: inspiring story of doctor Aleena Thomas