സ്നേഹത്തിന്റേയും കരുതലിന്റേയും നേര്‍ത്തസ്പര്‍ശമായി ആത്മാര്‍ത്ഥ സേവനം നടത്തുന്ന ഒരുപാടു പേര്‍ നമുക്കു ചുറ്റിലുമുണ്ട്. മഹാമാരികളില്‍ ഭയപ്പെട്ട് മാറി നില്‍ക്കാതെ അതിസൂക്ഷ്മതയോടെ പരിചരിച്ച് ഓരോ ജീവനും മരണത്തില്‍ നിന്ന് കരകയറ്റിയെടുക്കുന്നവര്‍, നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍. പകര്‍ച്ചവ്യാധിയുടെ ഈ നാളുകളില്‍ നാം ഏറ്റവും നന്ദിയോടെ ഓര്‍ക്കുന്നതും അവരെയാണ്. രണ്ടു വര്‍ഷം മുമ്പ് നിപ എന്ന ഭീകര വൈറസിനെ നാം വരുതിക്കുള്ളിലാക്കിയിരുന്നു. സമര്‍ത്ഥരും നിസ്വാര്‍ത്ഥരും ധീരരുമായ ഒരു പറ്റം ആരോഗ്യപ്രവര്‍ത്തകരുടെ മിടുക്കുകൊണ്ടാണ് നമുക്കതിന് സാധിച്ചത്. അത് ലോകത്തിനുതന്നെ മാതൃകയുമായി. ആ ടീമിലെ അംഗവും നഴ്‌സുമായിരുന്ന ശോഭന തന്റെ 30 വര്‍ഷത്തെ നഴ്‌സിങ് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് ശോഭന ഹെഡ് നഴ്‌സായി വിരമിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച നഴ്‌സുമാര്‍ക്കു നല്‍കുന്ന ഫ്ലോറൻസ് നൈറ്റിംഗേല്‍ പുരസ്‌കാരം 2018-ല്‍ ശോഭനയ്ക്ക് ലഭിച്ചിരുന്നു.

എങ്ങനെയാണ് നിപ ടീമിലെത്തുന്നത്?

2014-ലാണ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗത്തില്‍ വരുന്നത്. അതിന്റെ ചുമതലയിലുള്ള ഹെഡ്‌സിസ്റ്റര്‍ ചന്ദ്രലേഖ വിരമിച്ചതോടെ എനിക്കായി ചുമതല. നിപ 2018-ല്‍ വരുന്നതിനു മുന്നെ ഇന്‍ഫക്ഷന്‍ കണ്‍ട്രോളിന്റെ കാര്യത്തില്‍ ഒരുക്കമുണ്ടായിരുന്നു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങളുനുസരിച്ച് എബോള ഇന്‍ഫെക്ഷനുള്ള അലര്‍ട്ട് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അതിന്റെ ഭാഗമായി എല്ലാ വിഭാഗത്തിലുള്ളവരേയും ഉള്‍പ്പെടുത്തിക്കൊണ്ട് ഏതാണ്ട് 150 പേര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ക്ലീനിങ്ങ് ജീവനക്കാര്‍, ലാബ് അങ്ങനെ എല്ലാവര്‍ക്കും. ലിങ്ക് നഴ്‌സ് ട്രെയിനിങ്ങ് എന്ന പേരില്‍ തുടര്‍ച്ചയായി മൂന്നു ദിവസത്തെ പരിശീലനം വേറേയും. എല്ലാ വാര്‍ഡുകളിലെയും ഓരോ നഴ്‌സുമാരെ അതില്‍ ഉള്‍ക്കൊള്ളിച്ചു. പകര്‍ച്ചവ്യാധികള്‍ വരുമ്പോള്‍ അടിസ്ഥാനപരമായി നമ്മളെടുക്കേണ്ട കരുതലുകള്‍, അതിന്റെ ശാസ്ത്രീയ വശങ്ങള്‍ എന്നിവയിലായിരുന്നു പരിശീലനം.

മറ്റൊരു പ്രധാന കാര്യം ഇതിനും നാലുമാസം മുന്നെ വാര്‍ഡുകളില്‍ ഗ്ലൗസും മുഖാവരണവുമടങ്ങുന്ന സുരക്ഷാകിറ്റ് രോഗികള്‍ക്കും കൂടെനില്‍ക്കുന്നവര്‍ക്കും ജീവനക്കാര്‍ക്കും ഉള്‍പ്പടെ എല്ലാവര്‍ക്കും നിര്‍ബന്ധമാക്കിയിരുന്നു. ഇന്‍ഫെക്ഷന്‍ കണ്‍ട്രോളില്‍ സി.ഡി.എസ്. പറയുന്നതനുസരിച്ചാണ് ഇതു നിര്‍ബന്ധമാക്കിയത്. സര്‍ക്കാര്‍ സംവിധാനത്തില്‍ എല്ലാം സൗജന്യമായി നല്‍കാന്‍ കഴിയില്ല. പുറത്തുനിന്ന് കാശുകൊടുത്തു വാങ്ങണമെന്നത് പലരിലും എതിര്‍പ്പുണ്ടാക്കി. എന്റെ മേലുദ്യോഗസ്ഥരില്‍ ചിലര്‍ ഇതു നടപ്പാക്കാന്‍ എനിക്കൊപ്പം നിന്നു. മെഡിക്കല്‍ കോളേജില്‍ നിന്ന് നിപ കൂടുതല്‍ പടരാതിരിക്കാന്‍ ഇത് വലിയ പങ്കു വഹിച്ചു എന്നാണ് കരുതേണ്ടത്. 

അന്ന് വീട്ടിലെ അവസ്ഥ? 

നിപയുടെ സമയത്ത് 45 ദിവസങ്ങള്‍ തുടര്‍ച്ചായി ലീവെടുക്കാതെ ജോലി ചെയ്തു. രാത്രിയും പകലും. അന്ന് ഉണ്ണിയേട്ടന്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് പുറത്തായിരുന്നു. 94-വയസ്സുള്ള അമ്മയും ഞാനും മാത്രം വീട്ടില്‍. അമ്മയ്ക്ക് അന്ന് തീരെ സുഖമില്ല. നിപ കാലമായതിനാലും ഞാന്‍ നഴ്‌സായതിനാലും അമ്മയെ നോക്കാനായി വന്നിരുന്ന സ്ത്രീ അസൗകര്യം പറഞ്ഞ് വരാതെയായി. രാത്രി ഏറെ വൈകിയാവും ഞാന്‍ വരിക. വന്നു കുളിച്ച്, വസ്ത്രങ്ങളെല്ലാം അലക്കി, അമ്മയ്ക്കുവേണ്ടതെല്ലാം ചെയ്യും. പിന്നെ രാവിലെ എഴുന്നേറ്റ് അമ്മയ്ക്ക് ഡ്രിപ് ഇട്ട്, ഭക്ഷണമെല്ലാം കൊടുത്ത് അമ്മയെ ഉഷാറാക്കി ജോലിക്കു പോകും. ഇങ്ങനെയാണ് അന്ന് കഴിഞ്ഞത്. 

grihalakshmi
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

ലിനി എന്നും നമുക്ക് വേദനയാണ്. റിസ്‌ക് ഫാക്ടര്‍ കൂടുതലില്ലേ നഴിസ് ജോലിയില്‍?

ദൗര്‍ഭാഗ്യകരമാണ് ലിനിക്കു സംഭവിച്ചത്. അവരന്ന് രാത്രി ഷിഫ്റ്റില്‍ ആയിരുന്നു, ഒരുപക്ഷെ ശരീരം ക്ഷീണിച്ചിരുന്നിരിക്കാം. അങ്ങനെ പലവിധ കാരണങ്ങളാലാകാം. ഈ ജോലിയില്‍ ഇതുപോലെ ഒരുപാട് റിസ്‌കുകളുണ്ട്. എന്നാല്‍ നഴ്‌സിന് നൈറ്റ് അലവന്‍സോ റിസ്‌ക് അലവന്‍സോ ഇല്ല. നമ്മുടെ നാട്ടിലും ഗള്‍ഫിലും അതു തന്നെയാണ് സ്ഥിതി. മിക്കപ്പോഴും കുടുംബത്തിലെയോ സുഹ്യത്തുക്കളുടേയോ പരിപാടികള്‍ക്കും പങ്കെടുക്കാന്‍ കഴിയാറില്ല. പലപ്പോഴും ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്ത ഡ്യൂട്ടികളുണ്ടാകും. 

പരുഷമായി പെരുമാറുന്നു എന്ന് പറഞ്ഞ് നഴ്‌സുമാരെ പലപ്പോഴും ആളുകള്‍ കുറ്റം പറയാറുണ്ട്. പക്ഷെ എന്റെ അനുഭവത്തില്‍ നല്ലൊരു ശതമാനം നഴ്‌സുമാരും ആത്മാര്‍ത്ഥയുള്ളവരും രോഗികളോട് അനുതാപത്തോടെ പെരുമാറുന്നവരുമാണ്. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ 10 പേരെ നോക്കേണ്ടിടത്ത് ഒരു നഴ്‌സിന് 100 പേരെ നോക്കേണ്ടതായി വരുന്നുണ്ട്. അവരുടെ പരിചരണം, സംശയനിവാരണം എന്നിങ്ങനെ എല്ലാ കാര്യവും ചെയ്യേണ്ടതായി വരും. ഇതുമാത്രമല്ല, ചിലപ്പോള്‍ ആളുകളെ കടത്തിവിടാതെ സെക്യൂരിറ്റിയുടെ പണിയെടുക്കേണ്ടി വരും, ചിലപ്പോള്‍ അച്ചടക്കവും ശുചിത്വവും നോക്കേണ്ടി വരും ഇങ്ങനെ പലപല റോളുകള്‍... ഇതിനിടയില്‍ രാത്രി ഡ്യൂട്ടികൂടെയാകുമ്പോള്‍ ഒരുപാട് സ്‌ട്രെസ്സാണ്. 

സിസ്റ്റര്‍ ശോഭനയുടെ നഴ്‌സിങ് ജീവിതാനുഭവങ്ങളുടെ പൂര്‍ണരൂപം വായിക്കാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Inspirational life of a nurse who work with Nipah Team