'ഇതെന്താ ആനയ്ക്ക് കൈയും കാലും വച്ചതാണോ?, വെട്ടാന്‍ കൊടുക്കുന്നുണ്ടോ?' വണ്ണത്തിന്റെ പേരില്‍ കേട്ട ഈ കമന്റുകളെയൊക്കെയാണ് ഇന്ദുജ എന്ന ഇരുപത്തിയാറുകാരിയെ ഇന്നത്തെ നിലയിലെത്തിച്ചത്. ബോഡിഷെയിമിങ്ങിനെ ഭയന്ന് നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടാതെ, തന്റെ ശരികളില്‍ ഉറച്ചുനിന്ന് നേട്ടങ്ങള്‍ നേടിയെടുക്കാന്‍ ശരീരവണ്ണം ഒരു പ്രതിബന്ധമല്ലെന്നു സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു കാണിക്കുകയാണ് ഇന്ദുജ. മുമ്പൊക്കെ പരിഹാസങ്ങളെ ഭയന്നിരുന്ന പെണ്‍കുട്ടി ഇന്ന് തന്റെ ശരീരം തന്റെ അവകാശമെന്ന് ഉറക്കെ പറയാന്‍ തുടങ്ങി. സിനിമാ മേഖലയിലും പരസ്യരംഗത്തുമെല്ലാം സീറോ സൈസുകാര്‍ സജീവമാകുമ്പോള്‍ തന്റെ പ്ലസ് സൈസ് ശരീരം കൊണ്ട് എന്തെല്ലാം മാറ്റങ്ങള്‍ കൊണ്ടുവരാം എന്നു ചിന്തിക്കുകയാണ് ഇരുമ്പനം സ്വദേശിയായ ഇന്ദുജ. കടന്നുവന്ന ഇരുണ്ട ദിനങ്ങളെക്കുറിച്ചും ആത്മവിശ്വാസം നേടിയെടുത്ത് അവയെ അതിജീവിച്ചതിനെക്കുറിച്ചും പുതിയ സ്വപ്‌നങ്ങളെക്കുറിച്ചുമൊക്കെ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയാണ് ഇന്ദുജ.
അപകര്‍ഷതയെ അതിജീവിച്ച് സിനിമയിലേക്ക്...
കളമശ്ശേരി പോളിടെക്‌നിക്കില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ കഴിഞ്ഞ് രണ്ടു വര്‍ഷത്തോളം ജോലി ചെയ്തിരുന്നു. ഇതിനിടയില്‍ അജയ് ഘോഷ് എന്ന കാസ്റ്റിങ് ഡയറക്ടര്‍ വഴി തൊട്ടപ്പന്‍ സിനിമയിലേക്ക് ഒരവസരം ലഭിച്ചു. അതാണ് എന്റെ ആത്മവിശ്വാസത്തിന്റെ തുടക്കം. അതില്‍ പ്രശാന്ത് മുരളിയുടെ ഭാര്യവേഷത്തിലായിരുന്നു. ശേഷം വികൃതിയില്‍ ഒരു ചെറിയ കഥാപാത്രം ചെയ്തു. നായികയുടെ കസിനായിട്ടായിരുന്നു. ബോഡിഷെയിമിങ്ങിനെക്കുറിച്ച് പരാമര്‍ശിക്കുന്ന രംഗത്തിലാണ് അഭിനയിച്ചത്. വണ്ണമുള്ള ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്ന ഒരു പെണ്‍കുട്ടിയുടെ രംഗത്തില്‍. ഇതിലേക്കൊക്കെ വരുന്നതിന് മുമ്പുവരെ അപകര്‍ഷതാബോധം പേറിയുള്ള ജീവിതമായിരുന്നു. പലരും ചോദിക്കും എന്തിനാണ് ഇത്ര കഴിക്കുന്നത് എന്നൊക്കെ. സത്യത്തില്‍ തൈറോയ്ഡ് കാരണമാണ് ഞാന്‍ വണ്ണംവച്ചു തുടങ്ങിയത്. പിന്നീട് പിസിഒഡി കൂടി ഉണ്ടായതോടെ വണ്ണം വല്ലാതെ വര്‍ധിച്ചു. ഇതിനിടയ്ക്ക് വണ്ണം കുറച്ചെങ്കിലും ലോക്ഡൗണ്‍ സമയത്ത് വീണ്ടും വീട്ടിലിരുന്നു തടിച്ചു. അപ്പോഴാണ് എന്തുകൊണ്ട് എന്റെ വണ്ണത്തെ സ്‌നേഹിച്ചുകൂടാ എന്നുചിന്തിക്കുന്നത്. സിനിമാ മോഡലിങ് മേഖലയിലെല്ലാം മെലിഞ്ഞ പ്രകൃതക്കാര്‍ ധാരാളമുണ്ട്. പക്ഷേ വണ്ണമുള്ളവര്‍ വളരെ കുറവാണ്, ഒരിടയ്ക്ക് ഒരു ഷൂട്ടുമായി ബന്ധപ്പെട്ട് വണ്ണമുള്ള കുട്ടിയെ തപ്പിയിട്ട് കിട്ടിയില്ല എന്ന് ഒരുകൂട്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍പ്പിന്നെ ആ ഇടത്തിലേക്ക് എനിക്കെന്തുകൊണ്ട് കയറിപ്പറ്റിക്കൂടാ എന്നു കരുതി. അങ്ങനെയാണ് മേക്കോവര്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിക്കുന്നത്. തൊട്ടപ്പനും വികൃതിയും ഇറങ്ങിയപ്പോഴും എന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ ഞാന്‍ അതില്‍ അഭിനയിച്ച കാര്യം അറിയൂ. അങ്ങനെയിരിക്കെ സുഹൃത്ത് ശ്യാംരാജ് ആണ് മേക്കോവര്‍ ചെയ്യാമെന്ന് പറയുന്നത്. തുടര്‍ന്ന് ജസീന കടവിലുമായി ബന്ധപ്പെടുകയും മോക്കോവര്‍ ചെയ്യുകയുമായിരുന്നു. ആ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി പേര്‍ തങ്ങള്‍ക്കും ഇത്തരത്തില്‍ ചെയ്യാന് ആഗ്രഹം തോന്നുന്നു, പ്രചോദനം ലഭിച്ചുവെന്നൊക്കെ പറഞ്ഞു.
കേരളത്തിലെ പ്ലസ് സൈസ് ഒഴിവിലേക്ക്...
വളരെയധികം ബോഡിഷെയിമിങ് അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. സമൂഹമാധ്യമത്തില്‍ അത്യാവശ്യം സജീവമായിട്ടുള്ളയാളാണ്. ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ ഉറച്ചു പ്രതികരിക്കാറുണ്ട്, അപ്പോഴും ആശയം കൊണ്ടല്ല മറിച്ച് എന്റെ വണ്ണത്തെ പരിഹസിച്ചാണ് പലരും മറുപടികള്‍ നല്‍കുന്നത്. അണ്ടാവു പോലെയുണ്ട്, തടിച്ചുകൊഴുത്തിരിക്കുന്നു, വെട്ടാന്‍ കൊടുക്കുന്നുണ്ടോ എന്നൊക്കെ കേട്ടിട്ടുണ്ട്. ഈ വണ്ണം വച്ച് നീ എന്തു ചെയ്യാന്‍ പോകുന്നുവെന്ന് ചോദിച്ച നിരവധി പേരുണ്ട്. എന്റെ അമ്മ പോലും അക്കൂട്ടത്തിലുണ്ട്. വണ്ണം കുറയ്ക്കൂ, എന്നാലേ വിവാഹം നടക്കൂ എന്നാണ് അമ്മ പറയുന്നത്. എന്നാല്‍ ഈ വണ്ണം എനിക്കിഷ്ടമാണ്, ഇതില്‍ ഞാന്‍ സന്തുഷ്ടയാണ് എനിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ ഞാന്‍ കുറച്ചോളാം എന്നാണ് അമ്മയുള്‍പ്പെടെ എല്ലാവരോടും പറയാറുള്ളത്. പ്ലസ് സൈസ് മോഡലുകളെക്കുറിച്ച് അത്ര ധാരണയില്ലാത്ത സമൂഹമാണ് കേരളം. കേരളത്തിലെ ആ പ്ലസ് സൈസ് ഒഴിവിൽ ഇടം കണ്ടെത്തുകയാണ് ഞാനിന്ന്. എന്റെ ഈ വണ്ണം വച്ച് എന്തു ചെയ്യാന്‍ കഴിഞ്ഞു എന്നു ചോദിക്കുന്നവര്‍ക്ക് ജീവിതംകൊണ്ട് തെളിയിച്ചു കാണിക്കണം. മാറ്റം വൈകാതെ വരുമായിരിക്കും. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തീരെ അംഗീകരിക്കാതിരുന്ന സമൂഹം ഇന്ന് എത്രയോ മാറിയില്ലേ? ആ പ്രതീക്ഷ എനിക്കുമുണ്ട്.
വണ്ണത്തെ പേടിച്ച് സ്വയം മറഞ്ഞ കാലം...
പണ്ടെല്ലാം ഞാന്‍ സമൂഹമാധ്യമത്തില്‍ സെല്‍ഫികള്‍ മാത്രമാണ് പങ്കുവച്ചിരുന്നത്. എന്റെ ശരീരം കാണുന്ന ചിത്രം പങ്കുവച്ചാല്‍ ലഭിക്കുന്ന കമന്റുകളോര്‍ത്തിട്ടായിരുന്നു അത്. ഒരിക്കല്‍ ബുള്ളറ്റിനു മുകളിലിരിക്കുന്ന ഒരു ചിത്രം പങ്കുവച്ചപ്പോള്‍ ലഭിച്ച കമന്റുകള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ഇതെന്തു ശരീരമാണ്, ആനയ്ക്ക് കൈയും കാലും വച്ചതാണോ എന്നൊക്കെ. പക്ഷേ അവിടെയൊന്നും ഞാന്‍ തളര്‍ന്നില്ല. എന്തായാലും ഇത്തരക്കാരുടെ വായടപ്പിക്കാന്‍ കഴിയില്ല, പിന്നെ ഞാനെന്തിന് ശരീരം മറച്ചു നടക്കണം എന്നു തിരിച്ചറിഞ്ഞു. എന്നെ തെറിവിളിച്ച, നെഗറ്റീവ് കമന്റുകള്‍ നല്‍കിയവര്‍ക്കെല്ലാമാണ് ഇന്നത്തെ എന്റെ ആത്മവിശ്വാസത്തിന്റെ ക്രെഡിറ്റ് നല്‍കുന്നത്.
അന്ന് മൈന്‍ഡ് ചെയ്യാത്തവര്‍ ഇന്ന് അടുത്തുവരുമ്പോള്‍...
കുട്ടിക്കാലത്ത് ചബ്ബിയായാണ് ഉണ്ടായിരുന്നത്. മൂന്നുവയസ്സുള്ളപ്പോള്‍ തൊട്ട് ഡാന്‍സൊക്കെ കളിക്കുമായിരുന്നു. സ്‌കൂള്‍ കാലത്തെല്ലാം വണ്ണത്തിന്റെ പേരില്‍ നന്നായി തിരസ്‌കരിക്കപ്പെട്ടിട്ടുണ്ട്. അധ്യാപകരില്‍ നിന്നല്ല സഹപാഠികളില്‍ നിന്നായിരുന്നു കുറ്റപ്പെടുത്തലും അകല്‍ച്ചയുമൊക്കെ നേരിട്ടിട്ടുള്ളത്. അന്നൊന്നും എനിക്ക് നല്ല സുഹൃത്ത് പോലും ഉണ്ടായിരുന്നില്ല, അപ്പോള്‍ മനസ്സിലാക്കാമല്ലോ എത്ര ഒറ്റപ്പെടല്‍ അനുഭവിച്ചിട്ടുണ്ടാവുമെന്ന്. അന്നത്തെ പലരും ഇന്ദുജാ, നീ നല്ല ബോള്‍ഡായല്ലോ എന്നു പറയുന്നതു കേള്‍ക്കുമ്പോള്‍ ഒരു മധുരപ്രതികാരം ചെയ്ത പ്രതീതിയാണെനിക്ക്. അന്നൊക്കെ ഉള്ളില്‍ പ്രണയം ഒളിപ്പിച്ച് മടിയോടെ നടക്കുകയായിരുന്നു. അതിനോടൊന്നും മൈന്‍ഡ് ചെയ്യാതിരുന്നവര്‍ ഇന്ന് ഇങ്ങോട്ടുവന്ന് മാറ്റത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. ഏഴാം ക്ലാസൊക്കെ എത്തിയപ്പോഴേക്കും ഞാന്‍ നൃത്തം പാടേ ഉപേക്ഷിച്ചു. കാരണം വലിയ ശരീരവും വച്ച് നൃത്തം ചെയ്യുമ്പോള്‍ ആളുകള്‍ കളിയാക്കുന്നു എന്ന തോന്നല്‍ അമ്മയ്ക്കാണ് ആദ്യമുണ്ടായത്. അവസാനമായി നൃത്തം ചെയ്തത് വീടിനടുത്തുള്ള ഒരു പരിപാടിക്കാണ്, പട്ടുപാവാടയും ബ്ലൗസുമൊക്കെയിട്ട് വന്ന എന്നെ കണ്ട് പലരും കളിയാക്കി. ഇനി മേലാല്‍ ഡാന്‍സെന്നും പറഞ്ഞ് വരരുത് എന്ന് അമ്മ പറഞ്ഞു. അന്നെനിക്ക് വളരെയധികം സങ്കടം തോന്നി. കാരണം ഞാന്‍ വൃത്തിയായി കളിക്കുന്നുണ്ട്, പക്ഷേ അതിനേക്കാള്‍ എന്റെ ശരീരത്തെയാണ് അവര്‍ ശ്രദ്ധിച്ചത്. ഇപ്പോഴും കാണുമ്പോള്‍ നീ ഇപ്പോഴും പഴയതുപോലെ തന്നെയാണല്ലോ എന്നു പറയുന്നവരുണ്ട്. എനിക്കിങ്ങനെ ഇരിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല എന്നു മറുപടിയും നല്‍കും. അന്നു മിണ്ടാതിരുന്നവര്‍ ഉള്‍പ്പെടെ ധാരാളം സുഹൃത്തുക്കള്‍ ഇന്നെനിക്കുണ്ട്. അവരെല്ലാം സ്വയം തിരിച്ചറിഞ്ഞ് എന്നെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നുമുണ്ട്.
ക്ലീവേജ് കാണുന്നു, മാറിടം ഷോള്‍ കൊണ്ടു മറയ്ക്കൂ...
ഇന്നുപോലും മിഡിയും ടോപ്പും ധരിച്ചു നില്‍ക്കുന്ന എന്നെ തുറിച്ചുനോക്കി കടന്നുപോയവരുണ്ട്. അവരെല്ലാം നോക്കുമ്പോള്‍ അവിടവിടെ തുറിച്ചു നില്‍ക്കുന്ന ഒരു പെണ്‍കുട്ടി. ഒരു ബസ് സ്റ്റോപ്പില്‍ അത്യാവശ്യം ഇറുകിയ വസ്ത്രമിട്ട് നിന്നാല്‍ തീര്‍ന്നു. പണ്ടൊക്കെ ഞാനതെല്ലാം വളരെയധികം ശ്രദ്ധിക്കുമായിരുന്നു. കോളേജ് കാലത്തെല്ലാം ചുരിദാര്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. അന്ന് ഒരു ജീന്‍സ് ഇടാനുള്ള മോഹത്തില്‍ വാങ്ങിയിട്ട് കോളേജ് കഴിഞ്ഞ് രണ്ടുവര്‍ഷം കഴിഞ്ഞാണ് ആദ്യമായിടുന്നത്. യാത്രകള്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് തുറിച്ചു നോട്ടങ്ങളെ വകവെക്കേണ്ടെന്ന പാഠം പഠിച്ചത്. ഒന്നര രണ്ടുവര്‍ഷമേ ആയിട്ടുള്ളു, പ്ലസ് സൈസ് വസ്ത്രങ്ങള്‍ കൊച്ചിയിലൊക്കെ വന്നുതുടങ്ങിയിട്ട്. കേരളത്തിനു പുറത്തു പോവുമ്പോഴും ഓണ്‍ലൈന്‍ വഴിയുമൊക്കെയാണ് വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്. നേരിട്ട് ഒരു കടയില്‍ പോയി സൈസിനുള്ള വസ്ത്രം ചോദിച്ചാല്‍ തീര്‍ന്നു, പിന്നെ മുഖം ചുളിക്കലായി പരിഹാസങ്ങളായി.
ഇപ്പോള്‍ ഞാന്‍ ജീന്‍സും വീട്ടില്‍ ഷോര്‍ട്‌സുമൊക്കെ ഇടാറുണ്ട്. വീട്ടുകാരും ചിലപ്പോഴൊക്കെ വിമര്‍ശിക്കാറുണ്ട്. ഞാനത്തരം കാര്യമാക്കാറില്ല. ഞാന്‍ ഇടുന്ന വസ്ത്രത്തെ അവര്‍ അംഗീകരിക്കുന്ന കാലം വരണം. കുറേകാര്യങ്ങളൊക്കെ അവര്‍ ഉള്‍ക്കൊണ്ടുവരുന്നുണ്ട്. വീട്ടുകാര്‍ക്ക് നല്ല സമയം കൊടുക്കുന്നുണ്ട്. ഒരുപാടുകാലത്തിനുശേഷമാണ് ഞാന്‍ മറ്റുള്ളവര്‍ എന്തുചിന്തിക്കും എന്ന ധാരണയൊക്കെ മാറ്റിയെടുത്തത്. അപ്പോള്‍ അവര്‍ക്കും അത്തരമൊരു തിരിച്ചറിവു നേടിയെടുക്കാന്‍ സമയം കൊടുക്കണമല്ലോ.
എല്ലാ തരത്തിലും ഒന്നാം സ്ഥാനത്തെന്നു പറയുന്ന മലയാളികള്‍ എന്തിനാണ് ഇത്തരം ഇടുങ്ങിയ ചിന്താഗതിയുമായി നടക്കുന്നതെന്ന് ചിന്തിക്കാറുണ്ട്. ക്ലീവേജ് കാണുന്നു, മാറിടം ഷോള്‍ കൊണ്ടു മറയ്ക്കൂ എന്നൊക്കെ പറയേണ്ട കാര്യമെന്താണ്? പരസ്യമായി ഏറ്റവുമധികം വിമര്‍ശനം നടത്തുന്നവരാണ് രഹസ്യമായി നഗ്നതയെ ആസ്വദിക്കുന്നതും.
വണ്ണം കുറയ്ക്കാമെന്നു വച്ചാലോ...
വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചാലും കേള്‍ക്കും വിമര്‍ശനങ്ങള്‍. നീ വല്ലാതെ മെലിഞ്ഞു പോയല്ലോ, ഭംഗി പോയല്ലോ എന്നൊക്കെ പറയും. അവിടെയും ആത്മവിശ്വാസം തകര്‍ക്കാന്‍ ശ്രമിക്കും. ആത്മവിശ്വാസത്തിന് കോട്ടം തട്ടാതിരിക്കാന്‍ നമ്മള്‍ തന്നെ മുന്നോട്ടുവന്നേ പറ്റൂ. മുമ്പൊക്കെ വണ്ണം കുറയ്ക്കാനും ശ്രമിച്ചിട്ടുണ്ട്. മരുന്നു കഴിച്ചും വ്യായാമം ചെയ്തുമൊക്കെ 130 കിലോയില്‍ നിന്ന് 86ലേക്ക് എത്തിയിരുന്നു. പക്ഷേ വീണ്ടും വണ്ണം വെച്ചു. ഇപ്പോള്‍ വണ്ണം ഒന്നു ട്രിം ചെയ്യുക എന്നു മാത്രമേ കരുതുന്നുള്ളു. പത്തു മിനിറ്റ് നടക്കുമ്പോള്‍ ശ്വാസംമുട്ടലോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ വണ്ണം കുറയ്ക്കുക തന്നെ വേണം. പക്ഷേ വണ്ണംവച്ചതിന്റെ പേരില്‍ മനുഷ്യരെ പൂര്‍ണമായും തള്ളിക്കളയുകയല്ല വേണ്ടത്.
ഇഷ്ടമുള്ളത് കഴിക്കുക, ഇഷ്ടമുള്ള വസ്ത്രം ധരിക്കുക...
കൂട്ടത്തിലുള്ളവരെ പറഞ്ഞുമനസ്സിലാക്കാനുള്ള സമയം കൊടുത്താല്‍ നഷ്ടമാകുന്നത് നമ്മുടെ സമയമാണ്. അതു ചെയ്തു കാണിച്ച് കഴിയുമ്പോഴേ അവര്‍ക്ക് മനസ്സിലാവൂ. വസ്ത്രങ്ങളുടെ പേരില്‍ കുറ്റപ്പെടുത്തുന്നവരോട് ഇതാണ് എനിക്ക് സൗകര്യം എന്നാണ് പറയേണ്ടത്. നെഗറ്റീവ് പറയുന്നവരെക്കൊണ്ട് പോസിറ്റീവ് പറയാന്‍ സമയം കൊടുക്കുകയല്ല പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കുകയാണ് വേണ്ടത്. മറ്റുള്ളവരെ ശ്രദ്ധിക്കാതെ, നിങ്ങള്‍ക്കിഷ്ടമുള്ളത് കഴിക്കുക, ഇഷ്ടമുള്ള വസ്ത്രം ധരിക്കുക എന്നെല്ലാമാണ് പറയാനുള്ളത്. കണ്ണാടിക്ക് മുന്നില്‍ സ്വയം സുന്ദരിയാണെന്ന് തിരിച്ചറിയുക. മനസ്സിന് സന്തോഷം തോന്നുന്നത് ചെയ്യുക. മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുകയേ അരുത്.
കുടുംബം?
എനിക്ക് മൂന്ന് അമ്മമാരാണുള്ളത്. സ്വന്തം അമ്മ, ചേച്ചി, പിന്നെ ട്രാന്‍സ്‌ജെന്‍ഡറായ അയിഷ ഡൂഡില്‍ മമ്മിയുടെ ദത്തുപുത്രിയുമാണ് ഞാന്‍. അയിഷു മമ്മി നല്‍കുന്ന പിന്തുണയെല്ലാം വാക്കുകള്‍ക്ക് അതീതമാണ്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ തൂപ്പുകാരിയാണ് ചേച്ചി. അമ്മയ്ക്ക് ചായക്കടയാണ്. അവരും ഇപ്പോള്‍ എന്റെ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ട്. ആണ്‍തുണയില്ലാതെ പൊരുതിനില്‍ക്കുന്ന മൂന്ന് പെണ്ണുങ്ങളാണ് ഞങ്ങള്‍. അച്ഛന്‍ നേരത്തെ മരിച്ചതിനാല്‍ അമ്മയുടെയും ചേച്ചിയുടെയും വരുമാനത്തിലാണ് കുടുംബം മുന്നോട്ടുപോയിരുന്നത്.
പുതിയ പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍?
കേരളത്തില്‍ ഒരു പ്ലസ് സൈസ് ഫാഷന്‍ ഷോ വരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍, അതില്‍ പങ്കെടുക്കണമെന്നുണ്ട്. ഒപ്പം കേരളത്തിനു പുറത്തുള്ള ഫാഷന്‍ ഷോകള്‍ക്ക് വേണ്ടിയും പരിശ്രമിക്കുന്നുണ്ട്. ഒപ്പം സിനിമയിലും പരസ്യമേഖലയിലുമൊക്കെ ഇടം നേടണമെന്നുണ്ട്. അഭിനയിക്കാന്‍ അറിയുന്നവരെ വണ്ണത്തിന്റെയോ നിറത്തിന്റെയോ മറ്റു ശാരീരിക പ്രത്യേകതകളുടെയോ പേരില്‍ മാറ്റിനിര്‍ത്തുന്ന അവസ്ഥയുണ്ടാക്കരുത്.
Content Highlights: indhuja opens up on body shaming