'തന്റേതായ ഇടം കണ്ടെത്തലാണ് നമ്മുടെ ജീവിതത്തിന്റെ അര്‍ത്ഥം. തീര്‍ച്ചയായും തന്റേടം ഒരായുധം തന്നെയാണ്. തന്റേതായ ഇടം കണ്ടെത്താന്‍ നിലപാടുകള്‍ വേണം. നിലപാടുകള്‍ എടുക്കാനും അതിലുറച്ചു നില്‍ക്കാനും തന്റേടം ആവശ്യം തന്നെയാണ്.' സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന സിനിമയുടെ ഒ.ടി.ടി റിലീസ് തിരക്കുകള്‍ക്കിടയിലാണ് റിമ ഗൃഹലക്ഷ്മിയുടെ മുഖം തെളിയാത്ത മുഖചിത്രമാവാനെത്തിയത്. സത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുമ്പോള്‍ ഉറച്ചനിലപാടുകളിലൂടെ സമൂഹത്തിന്റെ മുന്‍വിധികളെ തിരുത്തുകയാണ് റിമ. 

ഇന്നത്തെ ഗാര്‍ഹിക പീഡന മരണങ്ങള്‍ കാണുമ്പോള്‍ പെണ്‍കുട്ടികളോട് എന്താണ് പറയാനുള്ളത്

സ്വയം തീരുമാനങ്ങള്‍ എടുക്കണം, സ്വന്തം കാലില്‍ നില്‍ക്കണം എന്ന് അവരോട് പറയാന്‍ എനിക്ക് എളുപ്പമാണ്. പെണ്‍കുട്ടികള്‍ എല്ലാം സഹിക്കണം എന്ന് പറഞ്ഞുപഠിപ്പിക്കുന്ന ഈ സമൂഹത്തിലും സിസ്റ്റത്തിലും ജീവിക്കുന്ന അവര്‍ക്ക് അത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. എങ്കിലും മാറ്റേണ്ടത് നമ്മുടെ രീതികള്‍ തന്നെയാണ്. നമ്മള്‍ തന്നെയാണ് മാറ്റത്തിന് തുടക്കമിടേണ്ടത്. മരണം കൊണ്ടല്ല ജീവിതം കൊണ്ട് നമുക്ക് മാറ്റങ്ങള്‍ ഉണ്ടാക്കാം.

പെണ്‍കുട്ടികളുടെ വീട്ടുകാരോടും ചുറ്റുമുള്ള സമൂഹത്തോടും എനിക്ക് പറയാനുണ്ട്. നിങ്ങളുടെ സ്വത്ത്, സമ്പത്ത്, കുടുംബമഹിമ, അഭിമാനം എന്നിവയൊക്കെ ചുമക്കാനുള്ളവരല്ല പെണ്‍കുട്ടികള്‍. പെണ്‍കുട്ടി ജനിച്ച ദിവസം മുതല്‍ മരിക്കുന്നതുവരെ അവരെങ്ങനെ നടക്കണം, എന്ത് ധരിക്കണം, എന്ത് കഴിക്കണം, ആരെ കല്യാണം കഴിക്കണം, എപ്പോള്‍ കുട്ടികളുണ്ടാവണം, എപ്പോള്‍ ജോലിക്കു പോകണം, ജോലി നിര്‍ത്തണം തുടങ്ങിയ എല്ലാ കാര്യങ്ങളും അടിച്ചേല്‍പിക്കാതെ അവരെ വെറുതേ വിട്ടാല്‍ മാത്രം മതി. 'പെമ്പിള്ളേര് അടിപൊളിയാണ്. അവരെങ്ങനെയാണോ അങ്ങനെത്തന്നെ അവര്‍ അടിപൊളിയാണ്.' അവരെ അവരുടെ വഴിക്കു വിടുക. ബാക്കി അവര്‍ നോക്കിക്കോളും.

ഗൃഹലക്ഷ്മിയുടെ #Say no to Dowry ക്യാംപയിനില്‍ നടി റിമ കല്ലിങ്കലും പങ്കാളിയാവുകയാണ്. റിമയുടെ അഭിമുഖം പൂര്‍ണമായി വായിക്കാന്‍ പുതിയലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Grihalakshmi say no to dowry campaign Rima Kallingal