കേരളത്തിലെ അമ്മമാര്‍ പറയുകയാണ്; തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം. മാതൃഭൂമി ഗൃഹലക്ഷ്മി മുന്നോട്ട് വെച്ച ഈ ക്യാംപെയ്ന്‍ ദേശീയ മാധ്യമങ്ങളടക്കം ചര്‍ച്ച ചെയ്തു. വളരെ ബോള്‍ഡായ ഫോട്ടോഷൂട്ടിലൂടെ കേരളത്തിലെ അമ്മമാര്‍ക്ക് പരസ്യമായി മൂലയൂട്ടാന്‍ ധൈര്യം നല്‍കിയത് മോഡല്‍ ജിലു ജോസഫാണ്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അവസ്ഥയിലൂടെയാണ് താന്‍ കടന്നു പോകുന്നത് എന്നാണ്  ജിലുവിന്റെ പക്ഷം. ഗൃഹലക്ഷ്മി 'മറയില്ലാതെ മുലയൂട്ടാം' പതിപ്പിന്റെ കവര്‍ മോഡലായ ജിലു ജോസഫ് മാതൃഭൂമി.കോമിനോട് തന്റെ നിലപാടുകള്‍ വ്യക്തിമാക്കിയപ്പോള്‍. 

എന്തിന് ഇത് ചെയ്തു?

Jilu joseph
Image credit: Grihalekshmi

നല്ലതും ചീത്തയുമായി ഒന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഒരുപാട് നല്ല പ്രതികരണങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. എന്തുകൊണ്ട് ഞാനിങ്ങെനെ ചെയ്തു, ഇവള്‍ക്ക് എങ്ങനെ ഇത് ചെയ്യാന്‍ സാധിച്ചു എന്നിങ്ങനെയുള്ള ചിന്തകള്‍ മാറ്റിവെച്ചിട്ട്  എന്തിന് ഇത് ചെയ്തു എന്ന് ചിന്തിച്ച ആളുകള്‍ക്ക് ഒരുപാട് നന്ദിയുണ്ട്. അതേസമയം എന്റെ അമ്മയും സഹോദരിമാരും അടക്കം ഒരുപാട് സ്ത്രീകള്‍ നെഗറ്റീവായി സംസാരിച്ചു. 

എന്റെ ശരീരം ഒരു നല്ല കാര്യത്തിനായി ഉപയോഗിച്ചു ?

നമുക്ക് ഒരു ജീവിതമേയുളളു അതില്‍ ശരീരം മാത്രമാണ് എനിക്ക് ഉറപ്പുള്ളത്. അത് എന്റെ ഭാഗം തന്നെയാണ്. അതിനാല്‍ ഇതിനെകുറിച്ച് എനിക്ക് ഒരു നാണക്കേടുമില്ല. സമൂഹമോ തള്ളിപറയുന്ന ആളുകളോ ഒന്നും തന്നതല്ല ഈ ശരീരം. അത് എന്റേതാണ് അതിനാല്‍ ഇത് ഒരു നല്ല കാര്യത്തിന് വേണ്ടി ഉപയോഗിക്കുന്നതില്‍ എന്താണ് പ്രശ്‌നം. 

Giju joseph
Image Credit: Facebook 

വായിക്കാം - മുലയൂട്ടുന്ന ചിത്രം അശ്ലീലമല്ല, ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയാകാം- കോടതി


എന്തുകൊണ്ട് എന്റെ മുഖം?

എനിക്ക് താല്‍പര്യമുണ്ട് എന്ന് പറഞ്ഞ് ഞാനായിട്ട് തുടങ്ങിയ ക്യാമ്പയിനല്ല ഇത്. ഒരു കൂട്ടം ആളുകള്‍ വര്‍ഷങ്ങളായി ചെയ്യുന്ന ക്യാമ്പയിനാണിത്. അതിന്റെ ഒരു മുഖമായിട്ടാണ് എന്നെ തിരഞ്ഞെടുത്തത്. അപ്പോള്‍ മുലയൂട്ടുന്ന അമ്മമാരെയാണ് നമ്മള്‍ ലക്ഷ്യം വെയ്ക്കുന്നത്. അമ്മമാരെ നിങ്ങള്‍ ചെയ്യുന്നത് വലിയൊരു കാര്യമാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 

Giju joseph
Image credit: Grihalekshmi 

കല്യാണം കഴിക്കാത്തവര്‍ക്ക് ഇതിനെ കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലേ..?

ഞാന്‍ കല്യാണം കഴിച്ചിട്ടില്ല എന്നത് ശരിയാണ്. എന്നാല്‍ നീ കല്യാണം കഴിക്കാത്തതിനാല്‍ നിനക്ക് ഇതിനെ കുറിച്ച് സംസാരിക്കാന്‍ അവകാശമില്ല എന്ന് പറയുന്നത് ശരിയല്ല. എനിക്ക് 27 വയസായി. ഞാന്‍ നിരവധി സ്ത്രീകളെയും അമ്മമാരെയുമെല്ലാം നിത്യേന കാണുന്നതാണ്. 

Gilu
Image credit: Grihalakshmi

നമ്മള്‍ എന്തിനാണ് ഇത്ര ബുദ്ധിമുട്ടുന്നത് ?

ഇത് ഒരു നല്ല കാര്യമല്ലേ. നമ്മള്‍ എന്തിനാണ് ഇത്ര ബുദ്ധിമുട്ടുന്നത്. എന്തിനാണ് ഇത്ര പേടിക്കുന്നത്. ഇപ്പോള്‍ നമുക്ക് എന്തും വള്‍ഗാരിറ്റിയാണ്. ഒരു ബ്രായുടെ വള്ളി പുറത്ത് കണ്ടാല്‍ പെണ്ണുങ്ങള്‍ തന്നെയാണ് പ്രശ്‌നം ഉണ്ടാക്കുന്നത്. എത്രയൊക്കെ ആദര്‍ശം പറഞ്ഞാലും മെഡിക്കല്‍ ഷോപ്പില്‍ പോയിട്ട് ചേട്ടാ ഒരു സ്റ്റേഫ്രീ എന്നു പറഞ്ഞ് മേടിക്കാല്‍ എത്ര പേര്‍ക്ക് ധൈര്യമുണ്ട്. നമുക്കില്ല. അതുകൊണ്ടാണ് ഇന്നും നമ്മള്‍ ഫൈറ്റ് ചെയ്യേണ്ടി വരുന്നത്. 

grihalakshmi cover
 ഗൃഹലക്ഷ്മി വാങ്ങിക്കാം

ക്ലീവേജ് കണ്ടാല്‍ പ്രശ്‌നം, ആര്‍ത്തവത്തെ കുറിച്ച് സംസാരിച്ചാല്‍ തെറ്റുകാരിയാവും..

നമ്മുടെ മനസാക്ഷിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ പേടിക്കാതെ ചെയ്താല്‍ അത്രേയുള്ളു. ലൈഫ് എത്ര സിംപിളാണ്. നമ്മള്‍ തന്നെയാണ് ഇത് കോംപ്ലിക്കേറ്റഡ് ആക്കുന്നത്. ക്ലീവേജ് കണ്ടാല്‍ പ്രശ്‌നം, ആര്‍ത്തവത്തെ കുറിച്ച് സംസാരിച്ചാല്‍ ഞാനൊരു തെറ്റുകാരിയാവും, എന്നെ ആരെങ്കിലും പീഡിപ്പിക്കും എന്നൊക്കെയാണ് നമ്മുടെ ചിന്തകള്‍. എത്ര വീടുകളില്‍ നമ്മുടെ  അപ്പന്മാരോട് ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കാന്‍ സാധിക്കും. ഞാന്‍ സംസാരിച്ചിട്ടില്ല എന്റെ  അപ്പനോട്. 

പ്രശസ്തി ഒരു നല്ല കാര്യത്തിന് വേണ്ടിയല്ലേ.. 

എന്റെ മമ്മിയും ചേച്ചിമാരും വിശ്വസിക്കുന്നത് ഞാന്‍ ഇത് പണത്തിനോ പ്രശസ്തിക്കോ വേണ്ടി ചെയ്തതാണെന്നാണ്. ഒരിക്കലുമല്ല. പ്രശസ്തി എന്ന് പറയുന്നത് ഒരിക്കലും ഒരു തെറ്റല്ല. നമ്മളൊരു പാട്ട് പാടുന്നതോ, കവിത എഴുതുന്നതോ, എന്തിന് ഒരു പൊട്ട് തൊടുന്നതോ പോലും മറ്റുള്ളവര്‍ കാണണം നല്ലത് പറയണം എന്ന് ആഗ്രഹിച്ചിട്ടല്ലേ. എന്നെപ്പോലെ വളരെ സാധാരണക്കാരിയായ ഒരാള്‍ക്ക് ഗൃഹലക്ഷ്മിയുടെ കവര്‍ഗേളാകാന്‍ പറ്റുകയെന്നത് നല്ല കാര്യമല്ലേ. അത് പ്രശസ്തിക്കാണെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ പറഞ്ഞോളു. പ്രശ്‌നമില്ല. പ്രശസ്തി ഒരു നല്ല കാര്യത്തിന് വേണ്ടിയല്ലേ. 

Gilu joseph
Image credit: Grihalekshmi 

സിന്ദൂരമുണ്ടോ താലിയുണ്ടോ എന്നൊന്നും ഞാന്‍ ശ്രദ്ധിക്കുന്നില്ല ?

ഞാന്‍ തുറന്ന് കാണിക്കാന്‍ തയ്യാറാണെന്ന് ആരോടും അങ്ങോട്ട് പോയി പറഞ്ഞിട്ടില്ല. ഇങ്ങോട്ട് വന്ന ഓഫറാണ്. ഇത് ജോലിയോടുള്ള ആത്മാര്‍ത്ഥതയാണ്. അതില്‍ സിന്ദൂരമുണ്ടോ താലിയുണ്ടോ എന്നൊന്നും ഞാന്‍ ശ്രദ്ധിക്കുന്നില്ല. എത്രയോ പേരുടെ ഭാര്യയായും അമ്മയായുമെല്ലാം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ തെറ്റില്ലേ. 

ആദ്യമായിട്ടാണ് ഒരു കുഞ്ഞിന് മുല കൊടുക്കുന്നത്

ആ ചിത്രത്തില്‍ എന്റെ മുഖത്തെ ഭാവം ശരിയായില്ലെന്ന് ഒരുപാട് പേര്‍ പറയുന്നുണ്ട്. ആദ്യമായിട്ടാണ് ഞാന്‍ ഒരു കുഞ്ഞിന് മുല കൊടുക്കുന്നത്. 

എല്ലാവരും എന്നെ കല്ലെറിഞ്ഞോട്ടെ..?

ആ ചിത്രം മൂലം ഒരാള്‍ക്കെങ്കിലും താന്‍ സ്വന്തം കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം കാണിച്ച് ഇത് അഭിമാനകരമെന്ന് പറയാന്‍ തോന്നിയാല്‍ അത്  എനിക്ക് സന്തോഷമാണ്. ഇത് പേരു ദോഷത്തിന് വേണ്ടി ചെയ്തതല്ല. മരിക്കുന്നതിന് മുണ്ട് ജീവിച്ചെന്ന് തോന്നാന്‍ ചെയ്തതാണ്. എല്ലാവരും എന്നെ കല്ലെറിഞ്ഞാലും എന്ന് എനിക്കിത് തെറ്റായി തോന്നുന്നോ അന്നേ ഞാനിത് തെറ്റാണെന്ന് സമ്മതിക്കുകയുള്ളു. 

Content Highlight: Model Gilu Joseph on her Controversial Cover Photo of Breast Feeding, Interview with Grihalakshmi breastfeeding campaign model Gilu joseph


മുന്‍പ് പ്രസിദ്ധീകരിച്ചത്