കോഴിക്കോട് എന്‍.ഐ.ടിയുടെ പടിയിറങ്ങുമ്പോള്‍ സ്വാതി ഒരിക്കലും കരുതിയില്ല ഒരു ഫുഡ് ഫോട്ടോഗ്രാഫറാവുമെന്ന്. മടുപ്പിക്കുന്ന ജോലി വലിച്ചെറിഞ്ഞ് പാഷന് പുറകേ പോയപ്പോള്‍ കൂട്ടിന് ഭര്‍ത്താവ് നിജയുമുണ്ടായിരുന്നു. സ്വാതി ആന്‍ ഷാജി എന്ന പേരില്‍ ശ്രദ്ധ നേടിയ ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും വരുന്ന    ഫുഡ് വീഡിയോകള്‍ക്ക് കാണികളെ പിടിച്ചിരുത്താന്‍ പറ്റുന്ന എന്തോ ഒരു ഊര്‍ജ്ജമുണ്ട്. ഭര്‍ത്താവ് നിജയ്, ഐ ഐ ടി വിദ്യാര്‍ത്ഥി കൂടിയായ ജിബിനുമാണ് ഈ പേജിന് പിറകിലെ കൂട്ടുകാര്‍

സിവില്‍ എന്‍ജിനീയറങ്ങില്‍ നിന്ന് ഫുഡ് ഫോട്ടോഗ്രാഫിയിലേക്ക്

എന്‍ഐടി യില്‍ നിന്ന് സിവില്‍ എന്‍ജിനിയറിങ്ങ് മോശമല്ലാത്ത മാര്‍ക്ക് വാങ്ങി പാസായതാണ്. ഒരു വര്‍ഷത്തോളം ജോലി ചെയ്തു പിന്നീട് അത് എന്റെ മേഖലയല്ലെന്ന് മനസിലാക്കുകയായിരുന്നു. ആ ജോലി എനിക്ക് സന്തോഷം നല്‍കുന്നുണ്ടായിരുന്നില്ല. പതിയെ ജോലി വിട്ടു അതിന് ശേഷം എന്‍ട്രന്‍സ് കോച്ചിങ്ങെല്ലാം കൊടുക്കുന്നുണ്ടായിരുന്നു. 

പണ്ടുമുതലേ എനിക്ക് ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുണ്ടായിരുന്നു. ലോക്ക് ഡൗണ്‍ സമയത്താണ് ഫുഡ് ഫോട്ടോഗ്രാഫിയില്‍ ശ്രദ്ധിച്ചത്. പതിയെ ഇതില്‍ ശ്രദ്ധ ചെലുത്താമെന്ന തീരുമാനം എടുക്കുകയായിരുന്നു. ജൂണ്‍ മുതല്‍ ഫുഡ് വീഡിയോഗ്രാഫി, പ്രോഡക്റ്റ് ഫോട്ടോഗ്രാഫി ഇവ മാത്രമായി ലോകം. ഇപ്പോള്‍ ഫുള്‍ ടൈം ഈ മേഖലയിലാണ്.  തരക്കേടില്ലാതെ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. നിരവധി റെസ്റ്റോറന്റ്‌സ് നമ്മളെ സമീപിച്ചിട്ടുണ്ട്.

യൂട്യൂബും ഭര്‍ത്താവും ഫോട്ടോഗ്രാഫി ഗുരുക്കന്‍മാര്‍

എന്റെ കൈയില്‍ ബേസിക്കായ ഒരു പഴയ ക്യാമറയുണ്ടായിരുന്നു അത് വെച്ചായിരുന്നു ഫോട്ടോസ് എടുത്തിരുന്നത്. പിന്നീട് ഇപ്പോള്‍ പുതിയ ക്യാമറ വാങ്ങി യുട്യൂബെല്ലാം നോക്കി കുറെയേറെ കാര്യങ്ങള്‍ പഠിച്ചു. ഭര്‍ത്താവ് നിജയ് ആണ് ഫോട്ടോഗ്രാഫിയില്‍ ഗുരു. ലൈറ്റിങ്ങ് ടെക്‌നിക്‌സ് എല്ലാം നിജയ് ആണ് പഠിപ്പിച്ചത്. ഇപ്പോള്‍ എഡിറ്റിങ്ങ് അങ്ങനെയുള്ള കാര്യങ്ങളെല്ലാം നന്നായി പഠിച്ച് വരുന്നു. ഭര്‍ത്താവ് നിജയ് ഫിലിം ഇന്‍സ്റ്റിറ്റിയുട്ടില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയതാണ്. ഞാനും നിജയും പിന്നെ ജിബിന്‍ എന്ന സുഹൃത്തുമാണ് ഇതിന് പിന്നിലുള്ളത്. ഭര്‍ത്താവ് നിജയിനെ പരിചയപ്പെട്ടതും ഫോട്ടോഗ്രാഫി വഴിയാണ്. സുഹൃത്ത് ജിബിന്‍ ഐ ഐടി വിദ്യാര്‍ത്ഥിയാണ്. ഈ മേഖലയോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് നമ്മളോട് കൂടെ ജോലി ചെയ്യുന്നു. ഒഴിവ്‌ അനുസരിച്ച് ജിബിന്‍ വര്‍ക്കിന് വരും.

വീട്ടുകാര്‍ വടി എടുത്തില്ല, പകരം കുട പിടിച്ചു

പുതിയ കരിയര്‍ തിരഞ്ഞെടുത്തപ്പോള്‍ വീട്ടുകാരില്‍ നിന്ന് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. അവര്‍ക്ക് എന്നെ നന്നായി അറിയാം. ഈ ഫീല്‍ഡില്‍ ഞാന്‍ സന്തുഷ്ടയല്ലെന്ന് മനസിലാക്കിയിരുന്നു. പഠിച്ച പണി മറക്കാതിരിക്കാന്‍ എന്‍ട്രന്‍സ് കോച്ചിങ്ങ് നടത്താന്‍ അവരാണ് ഉപദേശിച്ചത്. എന്നാല്‍ പേജിന്റെ പണിയും ക്ലാസെടുക്കലും വല്ലാത്ത വര്‍ക്ക് ലോഡായപ്പോള്‍ കോച്ചിങ്ങ് ഒഴിവാക്കുകയായിരുന്നു. വീഡിയോയ്ക്ക് വേണ്ടിയുള്ള ആശയങ്ങള്‍ അച്ഛന്‍ പറഞ്ഞ് തരാറുണ്ട്

എന്റെ പാഷാനാണ് എന്റെ ഊര്‍ജ്ജം

തീര്‍ച്ചയായും എന്‍ജിനീയറിങ്ങ് ഫീല്‍ഡ് പോലെ സേഫായിരുന്നില്ല ഇത്. വളരെ റിസ്‌ക്കുണ്ട് തുടക്കത്തില്‍ നന്നായി പോരാടിയേ മതിയാവുകയുള്ളു. ഇപ്പോഴും സ്ട്രഗ്ഗിളിങ്ങ് സ്‌റ്റേജിലാണ്. പക്ഷേ എന്റെ പാഷനായിരുന്നു എന്റെ ഊര്‍ജ്ജം.

ചിലപ്പോള്‍ അമ്മ പുട്ടിന് നനയ്ക്കുമ്പോളാവും ഇത് വീഡിയോയാക്കാം എന്ന് തോന്നുന്നത്. അങ്ങനെ പെട്ടെന്ന് തോന്നുന്ന ഐഡിയയില്‍ ചെയ്യുന്നതിന് വല്ലാത്ത മനോഹാരിത തോന്നാറുണ്ട്

നമ്മുടെ വര്‍ക്ക് ക്ലയിന്റുകള്‍ മനസിലാക്കുക എന്നതാണ് ഏറ്റവും വലിയ ചാലഞ്ച്. നമുക്ക് വേണ്ട ആളുകള്‍ വര്‍ക്കുകള്‍ കാണണം . വര്‍ക്കുകള്‍ കിട്ടി തുടങ്ങി കുറച്ച് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. ഫോട്ടോഗ്രാഫുകള്‍ കണ്ട് പ്രോഡക്റ്റ് ഫോട്ടോഗ്രാഫി ചെയ്യാന്‍ വിളിക്കാറുണ്ട്.

പാഷന്‍ ശക്തമാണെങ്കില്‍ അതിന് പുറകേ പോവാം

ജോലി ഉപേക്ഷിച്ച് പാഷന് പുറകേ പോവാനായി ഞാന്‍ പറയില്ല. കാരണം വീട്ടിലെ സാമ്പത്തികം എല്ലാം ബാധകമാണ്. നിങ്ങള്‍ക്ക് നല്ല ഉറപ്പുണ്ടെങ്കില്‍ നിങ്ങളുടെ പാഷന്‍ അത്രത്തോളം ശക്തമാണെങ്കില്‍ ഈ രംഗത്തേക്ക് ഇറങ്ങുക.

വിന്റേജ് ഫുഡ് വീഡിയോസ്

എനിക്ക് പൊതുവേ ഈ വിന്റേജ് ആയ സാധനങ്ങളോട് നല്ല താല്‍പര്യമാണ്. ഭര്‍ത്താവിന്റെ അച്ഛന് പണ്ട് ഹോട്ടലുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ആന്റിക്ക് മോഡല്‍ കിച്ചന്‍ സാധനങ്ങള്‍ വീട്ടിലുണ്ട്. അത് ഉപയോഗിച്ചാണ് ഫോട്ടോസ് എടുത്തിട്ടുള്ളത്. എനിക്കും പൊതുവേ ഈ രീതിയില്‍ ചെയ്യുന്നത് ഇഷ്ടമാണ.് ഇത്തരത്തില്‍ ചെയ്യുന്നത് നന്നായി എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. സത്യത്തില്‍ എന്റെ വീട് ഗ്രാമപ്രദേശത്താണ്. വീഡിയോയില്‍ കാണുന്നതെല്ലാം അവിടെ നിന്ന് തന്നെ എടുക്കുന്നതാണ്. ആടിന്റെയും താറാവിന്റെയും ശബ്ദമെല്ലാം അങ്ങനെ ലഭിക്കുന്നതാണ്. അടുക്കളയെല്ലാം തറവാട്ടില്‍ ഉള്ളതാണ്. എന്റെ പരിസരങ്ങളെ പരമാവധി ഉപയോഗിച്ച് കൊണ്ടാണ്  വീഡിയോകള്‍ ചെയ്യുന്നത്.

പരസ്യചിത്രമേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ അത്യാവശ്യം വര്‍ക്കുകള്‍ വരുന്നുണ്ട്. 
.

Content Highlights: Food photographer swathy interview