ചേലാകര്‍മത്തിനെതിരെ (Female Genital Mutilations) പോരാടാന്‍ മോണിക്ക വാഞ്ചിരുവിന് പ്രേരണയായത് സ്വന്തം ജീവിതാനുഭവങ്ങള്‍ തന്നെയാണ്. പതിനാറാം വയസില്‍ വിവാഹിതായയ അവര്‍ക്ക് ജീവിതത്തിന്റെ ഒരുഘട്ടത്തില്‍ ചേലാകര്‍മം എന്ന പ്രാകൃതാചാരത്തെ നേരിടേണ്ടിവരുന്നു. അതിനെ അതിജീവിച്ച അവര്‍ സ്ത്രീകളുടെ ക്ഷേമത്തിനായി പോരാട്ടം തുടങ്ങി. ആഫ്രിക്കയില്‍ തുടങ്ങിയ ആ പോരാട്ടത്തില്‍ ഇന്ന് അവര്‍ക്കൊപ്പം നിരവധി പേരുണ്ട്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ മോണിക്ക വാഞ്ചിരു മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

എന്റിറ്റോ ആഫിക്ക

ഒരു സ്ത്രീ എന്തെല്ലാം പ്രശ്‌നങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് എനിക്ക് മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ അവരില്‍ പലര്‍ക്കും പ്രതികരിക്കാനുള്ള ശബ്ദം ഉണ്ടാകണം എന്നില്ല. അവര്‍ക്ക് വേണ്ടി സംസാരിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. എന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 'എന്റിറ്റോ ആഫിക്ക' എന്ന സംഘടനയ്ക്ക രൂപം നല്‍കിയത്. പ്രായപൂര്‍ത്തിയാകും മുമ്പ് വിവാഹിതയായ എനിക്ക് ചേലാകര്‍മത്തെ അഭിമുഖീകരിക്കേണ്ടിവന്നു. അവര്‍ അതിനെ സ്ത്രീയുടെ അടയാളപ്പെടുത്തലായാണ് കണ്ടത്. എന്നാല്‍ അങ്ങനെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. 

എന്റെ ശരീരം എന്റെ സ്വാതന്ത്ര്യമാണ്

എനിക്ക് ചേലാകര്‍മം നടത്താന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ മറ്റൊരാള്‍ക്കും അതിന് എതിരു നില്‍ക്കാനുള്ള അവകാശമില്ല. കാരണം എന്റെ ശരീരം എന്റെ സ്വാതന്ത്ര്യമാണ്. എനിക്ക് എന്താണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടാകണം. കണ്ണിനെ നമ്മള്‍ കണ്ണ് എന്ന് വിളിക്കും, മൂക്കിനെ മൂക്ക് എന്ന് വിളിക്കും. എന്നാല്‍ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴോ? അതും നമ്മുടെ ശരീരത്തിന്റെ ഭാഗമാണ്. അക്കാര്യത്തില്‍ നാണിക്കേണ്ടതില്ല. നിങ്ങള്‍ ആരാണ് എന്ന് പറയുന്നതിന് നാണിക്കേണ്ടതില്ല. ഞാന്‍ ആരാണ് എന്ന് പറയുവാന്‍ ഞാന്‍ നാണിക്കുന്നില്ല. 

ചേലാകര്‍മം കേരളത്തില്‍ 

കേരളത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ചേലാകര്‍മം കേരളത്തിന്റെ ചില പോക്കറ്റുകളിലെങ്കിലും നടക്കുന്നുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു യഥാസ്ഥിതിക സമൂഹമായ കേരളത്തില്‍ ഇത് അസ്വസ്ഥതയുളവാക്കുന്ന വിഷയമാണ് എന്നത് മനസില്‍ വെയ്ക്കണം. ഞാന്‍ അതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഒട്ടേറെപേര്‍ അതിനോട് പ്രതികരിക്കാതിരുന്നപ്പോഴാണ് വിഷയത്തിന്റെ വ്യാപ്തി എനിക്ക് മനസിലായത്. എങ്കിലും ഈ വിഷയത്തിന്റെ വൈകാരികതയെ നമ്മള്‍ മറികടക്കേണ്ടതുണ്ട്.

തിരഞ്ഞെടുപ്പ് സ്ത്രീയുടെ അവകാശം 

പെണ്‍കുഞ്ഞുങ്ങള്‍ക്ക് വെറും പതിനാല് ദിവസമുള്ളപ്പോഴാണ് ചേലാകര്‍മം നടത്തുന്നത്. അതിനാല്‍ തന്നെ ഒട്ടേറെ പെണ്‍കുട്ടികള്‍ക്ക് അവര്‍ ചേലാകര്‍മ്മത്തിന് ഇരായായ കാര്യം തന്നെ അറിയില്ല. തനിക്ക് ചേലാകര്‍മം നടത്തണോ വേണ്ടയോ എന്ന് തീരുമാനം എടുക്കേണ്ടത് സ്ത്രീയുടെ അവകാശമാണ്. എന്നാല്‍ അതിനെക്കുറിച്ച് അറിവില്ലാത്ത പ്രായത്തിലാണ് അവരെ ചേലാകര്‍മം നടത്തുന്നത്. 

ഇത് മനുഷ്യാവകാശ ലംഘനം  

ചേലാകര്‍മ്മത്തെ സാക്ഷരതയുമായി ബന്ധിപ്പിക്കരുത്. ഇവിടെയാണ് നിങ്ങള്‍ക്ക് തെറ്റ് സംഭവിക്കുന്നത്. ഒരു പെണ്‍കുട്ടിക്ക് ഉന്നത വിദ്യാഭ്യാസം നേടുകയോ ബിരുദങ്ങള്‍ സമ്പാദിക്കുകയോ ചെയ്യാം. എന്നാല്‍ അവള്‍ ചേലാകര്‍മത്തിന് ഇരയാകുന്നത് ബാല്യത്തിലാണ്. അതായത് അവിടെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. അതായത് ഇതിന് വിദ്യാഭ്യാസവുമായി യാതൊരു ബന്ധവുമില്ല. 

പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നു എന്ന് നമ്മള്‍ പറയും. എന്നാല്‍  അവര്‍ക്ക് നമ്മള്‍ എത്രത്തോളം സംരക്ഷണം നല്‍കുന്നു എന്നതാണ് ഇത് കാണിക്കുന്നത്. അവള്‍ക്ക് വിദ്യഭ്യാസം നല്‍കുക എന്നതല്ല അതിനുള്ള പരിഹാരം. ചേലാകര്‍മത്തിന് ഇരയാകണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയാണ് വേണ്ടത്.

ഉത്തരവാദിത്വം സര്‍ക്കാരിന് 

ചേലാകര്‍മത്തിന് എതിരായി ബോധവല്‍ക്കരം നടത്തേണ്ടതുണ്ട്. സ്ത്രീകളുടെയും പ്രത്യേകിച്ച് പെണ്‍കുഞ്ഞുങ്ങളുടെയും സുരക്ഷ സംബന്ധിച്ച് നടപടികള്‍ എടുക്കേണ്ടത് സര്‍ക്കാരാണ്. ചേലാകര്‍മം നടത്തണോ വേണ്ടയോ എന്നത് സംബന്ധിച്ച് പെണ്‍കുട്ടികള്‍ക്ക് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടാകണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണം. എങ്കില്‍ മാത്രമേ സ്ത്രീ സംരക്ഷണം ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളു.