സങ്കടങ്ങളുടെ വൻകടൽ നീന്തിക്കടന്ന് വിജയത്തിലേക്ക് നടന്നവരാണ് ഇവരിൽ പലരും... വളർച്ചയുടെ ഒരു ഘട്ടത്തിലെത്തുമ്പോഴാണ്, ജനിച്ചപ്പോഴുള്ള വ്യക്തിത്വവുമായി ഇവർക്ക് പൊരുത്തപ്പെടാനാവാതെ വരിക... ‘ട്രാൻസ്‌ജെൻഡറുകൾ’ അനുഭവിക്കുന്ന വൈകാരിക സംഘർഷങ്ങൾ പൊതുസമൂഹത്തിന് എളുപ്പം ഉൾക്കൊള്ളാനാവില്ല. അതുകൊണ്ടുതന്നെ പ്രതിസന്ധികളോട് പൊരുതി ഇവർ നേടുന്ന വിജയത്തിന് തിളക്കമേറെയാണ്.

ട്രാൻസ് വുമൻ ആയ ‘എലിസബത്ത് ഹരിണി ചന്ദന’ എന്ന കുമ്പളങ്ങിക്കാരി അത്തരമൊരു നേട്ടത്തിെന്റ നിറവിലാണ്. ഹരിണി നായികയായി അഭിനയിക്കുന്ന ‘ദൈവത്തിന്റെ മണവാട്ടി’ എന്ന സിനിമ പ്രദർശനത്തിനൊരുങ്ങുകയാണ്. ഇന്ത്യയിൽത്തന്നെ ആദ്യമായാണ് ഒരു ട്രാൻസ്‌വുമൻ സിനിമയിൽ നായികയാവുന്നത്.

ട്രാൻസ്ജെൻഡർ കലാകാരിയായ ‘അഞ്ജലി അമീർ’ മമ്മൂട്ടിക്കൊപ്പം ‘പേരൻപനി’ൽ അഭിനയിച്ചിരുന്നെങ്കിലും ഒരു സിനിമയിൽ പ്രധാന കഥാപാത്രം ആദ്യമായി അവതരിപ്പിക്കുന്നത് ഹരിണിയാണ്. നർത്തകിയും മോഡലുമാണ്. 

കുമ്പളങ്ങി മഠത്തുപടി ജോയിയുടെയും കുഞ്ഞുമോളുടെയും രണ്ട് മക്കളിൽ മൂത്തയാളാണ്. പതിനേഴാം വയസ്സിൽ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയാണ് സ്ത്രീയായി മാറുന്നത്. വളർച്ചയുടെ ഓരോ ഘട്ടത്തിലും അപമാനവും വേദനയും ഒറ്റപ്പെടലും അനുഭവിച്ചാണ് വളർന്നതെന്ന് ഹരിണി പറയുന്നു.

‘‘കുടുംബത്തിലെ ആർക്കും എന്റെ സ്വത്വം തിരിച്ചറിയാനായില്ല. അമ്മയ്ക്കുപോലും സംഘർഷങ്ങളിലൂടെ കടന്നുപോവുന്ന എന്റെ അവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞില്ല...’’

അമ്മൂമ്മയുടെ പേരിലേക്ക്, സ്ത്രീയുടെ സ്വത്വത്തിലേക്ക്

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ‘എലിസബത്ത് ഹരിണി ചന്ദന’ എന്ന പേര് സ്വീകരിച്ചത്. ‘‘എലിസബത്ത് എന്നത് എന്റെ അമ്മൂമ്മയുടെ പേരാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം സ്ത്രീരൂപത്തിലേക്ക് എത്തിയപ്പോൾ അമ്മൂമ്മയുടെ ഒരു ഛായ െെകവന്നു എന്ന് പലരും പറഞ്ഞത് ഒരുപാട് സന്തോഷമുണ്ടാക്കി. പഴയ തലമുറയിൽപ്പെട്ടവരുടെ പേരുകളാണ് ഞങ്ങളുടെ കുടുംബത്തിലെ കുട്ടികൾക്ക് ഇടുന്നത്. പെൺകുട്ടിയായാൽ മാത്രമേ അമ്മൂമ്മയുടെ പേര് ചേർക്കാനാവൂ എന്ന വിഷമം ഇപ്പോൾ മാറി. പേര് മാത്രമല്ല, അമ്മൂമ്മയുടെ ഛായയും കിട്ടി. എനിക്ക് പന്ത്രണ്ട് വയസ്സായപ്പോൾ അമ്മൂമ്മ മരിച്ചു. ജീവിച്ചിരുന്നെങ്കിൽ തീർച്ചയായും അവർക്ക് എന്റെ അവസ്ഥ അംഗീകരിക്കാൻ കഴിയുമായിരുന്നു... അത്രയ്ക്കായിരുന്നു മാനസിക അടുപ്പം.’’

ഞാനെന്താണെന്ന് തിരിച്ചറിയുന്നത് പന്ത്രണ്ടാം വയസ്സിൽ

കുമ്പളങ്ങി സെയ്‌ന്റ് ജോർജ് യു.പി., സെയ്‌ന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ്. എന്നിവിടങ്ങളിലായിരുന്നു പഠനം. ചെറിയ ക്ളാസുകളിലൊന്നും പ്രശ്നമുണ്ടായിരുന്നില്ല. പന്ത്രണ്ട്‌ വയസ്സായപ്പോഴാണ് മാറ്റങ്ങൾ തിരിച്ചറിയപ്പെടുന്നത്.

‘‘ഞാൻ ഇതല്ലെന്നും എന്റെ സ്വത്വം ഇതല്ലെന്നും മനസ്സ് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. പെൺകുട്ടികളായിരുന്നു അന്നും കൂട്ട്. പിന്നീട് നാട്ടുകാരും വീട്ടുകാരുമൊക്കെ കളിയാക്കാനും ഒറ്റപ്പെടുത്താനും തുടങ്ങി. ചേർത്തുപിടിക്കാനും ഒപ്പം നിർത്താനും ആരുമുണ്ടായില്ല. ഭീഷണിയും വഴക്കുമല്ലാത്ത ഭാഷ ഞാൻ കേട്ടിട്ടില്ല. കടന്നുപോകുന്ന അവസ്ഥ എന്താണെന്ന് ചോദിക്കാൻ പോലും ആരുമുണ്ടായില്ല. പുരുഷനായി ജീവിക്കാൻ ഒരിക്കലും കഴിയുമായിരുന്നില്ല. ഒടുവിൽ, പതിനേഴാം വയസ്സിൽ ബെംഗളുരുവിലേക്ക് പോവുകയായിരുന്നു. അവിടെയും തുടക്കം കഷ്ടപ്പാടിലായിരുന്നു. പല ബുദ്ധിമുട്ടുകൾക്കും ഒടുവിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടക്കുന്നത്. 2013-ലാണ് കേരളത്തിലേക്ക് തിരിച്ചു വന്നത്. സ്ത്രീയായുള്ള സ്വന്തം രൂപം കണ്ണാടിയിൽ കണ്ട നിമിഷത്തിൽ ജീവിതത്തിൽ അന്നോളം അനുഭവിച്ച അപമാനവും സങ്കടവുമെല്ലാം ഇല്ലാതായി...’’

കുടുംബമായി ജീവിക്കണമെന്നും കുഞ്ഞുണ്ടാവണമെന്നുമുള്ള സ്വപ്നവും ഹരിണിക്കുണ്ട്.

അവർ ചോദ്യങ്ങൾ തുടരട്ടെ, ജീവിച്ചു കാണിക്കലാണ് ഞങ്ങളുടെ മറുപടി

‘‘ഒരു ട്രാൻസ്‌വുമൻ എന്നാലെന്താണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അവർ എപ്പോഴും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. ഞങ്ങളുെട ജീവിതം, കുടുംബം, ബന്ധങ്ങൾ എന്നിവയെപ്പറ്റി അവസാനിക്കാത്ത സംശയങ്ങളാണ്. െെവകാരികാവസ്ഥയെക്കുറിച്ച് ആർക്കും അറിയണ്ട. എല്ലാ ചോദ്യങ്ങളോടും ഞങ്ങളുടെ മറുപടി ജീവിച്ചു കാണിക്കലാണ്. ‘ട്രാൻസ്‌വുമൻ’ ആവുന്നതും ‘ട്രാൻസ് മെൻ’ ആവുന്നതുമൊക്കെ ഒാരോരുത്തരും പൂർണമനസ്സോടെ തിരഞ്ഞെടുക്കുന്നതാണ്. എന്നിട്ടും ഞങ്ങൾ ഒരുപാട് തെറ്റിദ്ധരിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഞങ്ങളിൽ ചിലരെങ്കിലും പല മേഖലകളിലും ‍ഉയർച്ചകളിലേക്ക് എത്തുന്നത് കാണുന്നത് സന്തോഷമാണ്. അതുണ്ടാക്കുന്ന ഉൗർജം വലുതാണ്...’’

2017-ൽ കൊച്ചിയിൽ നടന്ന ഭിന്നലിംഗക്കാരുടെ സൗന്ദര്യമത്സരത്തിൽ സെക്കൻഡ് റണ്ണറപ്പായിരുന്നു ഹരിണി. ‘ട്രാൻസ്ജെൻഡർ തിയേറ്റർ ഗ്രൂപ്പ്‌’ ആയ ‘മഴവിൽ ധ്വനി’യുടെ ‘പറയാൻ മറന്നത്’ എന്ന നാടകത്തിൽ അഭിനയിച്ചു. അത് ഒരുപാട് വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.

കൊച്ചിയിലെ ട്രാൻസ്ജെൻഡറുകളുടെ സംഘടനയായ ‘ദ്വയ’ യുടെ സെക്രട്ടറിയും പ്രമുഖ മേക്കപ്പ് സ്പെഷ്യലിസ്റ്റുമായ രഞ്ജു-രഞ്ജിമാർ, ചാത്തന്നൂർ സ്വദേശികളായ ഷിബി, പ്രസാദ് എന്നിവരോടാണ് ജീവിതത്തിലേറ്റവും കടപ്പാടെന്ന് ഹരിണി പറയുന്നു.

ഇപ്പോൾ കൊല്ലം ചാത്തന്നൂരിലാണ് താമസം. ഹരിണിയിലേക്കുള്ള മാറ്റം വീട്ടുകാർ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. അതുകൊണ്ട്, കുടുംബവുമായി ബന്ധമൊന്നുമില്ല.

വിനോയ് കൊല്ലായിക്കൽ നിർമിച്ച് അരുൺ സാഗർ സംവിധാനം ചെയ്ത ‘െെദവത്തിെന്റ മണവാട്ടി’ ഉടൻ പ്രദർശനത്തിനെത്തും.

Content Highlights: Elizabeth Harini Chandana, Celebrity Interview