ഹായ് ഫ്രണ്ട്സ് ഞാനാണ് നിങ്ങളുടെ ഡോറ..
കൂട്ടുകാരെ നമ്മളിപ്പോള്‍ എങ്ങോട്ടാണ് പോകുന്നത്..?

ചോദ്യം കേട്ടപാടെ ഉത്തരവുമായി ചാടിയെത്തും കുട്ടിപ്പട്ടാളം. കാരണം ഡോറ അവര്‍ക്ക് ടെലിവിഷന്‍ സ്‌ക്രീനില്‍ വരുന്ന വെരുമൊരു കാര്‍ട്ടൂണ്‍ കഥാപാത്രമല്ല, മറിച്ച് അവരുടെ ബെസ്റ്റ് ഫ്രണ്ടാണ്. മാപ്പുനോക്കി ഡോറയ്ക്ക വഴി പറഞ്ഞുകൊടുക്കാനും, കുറുനരി മോഷ്ടിക്കരുതെന്ന് ആവര്‍ത്തിക്കാനും അവര്‍ ഡോറയ്ക്കൊപ്പം കൂടുന്നത് അതുകൊണ്ടാണ്. കുട്ടിക്കൂട്ടുകാരുടെ ഏറ്റവും പ്രിയപ്പെട്ട കാര്‍ട്ടൂണുകളിലൊന്നായി ഡോറ മാറിയതിന് വളരെ പെട്ടെന്നാണ്,അവരും ഡോറയെ പോലെ സംസാരിക്കാന്‍ തുടങ്ങി. കുട്ടികളെ മാത്രമല്ല ഡോറ കൈയിലെടുത്തത്, ശക്തിമാനും കാട്ടിലെ കണ്ണനും മൗഗ്ലിയും കണ്ടുവളര്‍ന്ന ബിടെക്ക് മാമന്മാര്‍ വരെ ഡോറയുടെ ഫാന്‍സ് ആയി. എന്തിനേറെ മിമിക്രി താരങ്ങള്‍ വരെ ഡോറയുടെ സംസാരശൈലി അനുകരിച്ചു. ഡോറയെ ഇവരുടെയെല്ലാം പ്രിയപ്പെട്ടവളാക്കിയത് നീട്ടിക്കുറുക്കിയുള്ള ആ സംസാരശൈലിയും ശബ്ദവുമാണ്. ഡോറയ്ക്ക് ശബ്ദത്തിലൂടെ ജീവന്‍ നല്‍കിയത് തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ നിമ്മി ഹര്‍ഷനാണ്.

ഡോറ താരമായത് അറിഞ്ഞില്ല.

ഡോറയ്ക്ക് ഇത്രയും ഫാന്‍സ് ഉണ്ടെന്നോ കേരളത്തില്‍ ഡോറ ഇത്രയും ഫെയ്മസ് ആയെന്നോ ഞാനറിഞ്ഞിരുന്നില്ല. ഒരിക്കല്‍ ഇവിടെ വന്നപ്പോഴാണ് അറിയുന്നത് ഇത്രയധികം ആളുകള്‍ക്ക് ഡോറയെ ഇഷ്ടമാണെന്ന്. ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡബ്ബ് ചെയ്തതാണ് ഡോറ. ഞാന്‍ എട്ടിലോ ഒമ്പതിലോ പഠിക്കുകമ്പോള്‍ പക്ഷേ ഇപ്പോഴാണ് എനിക്കതിന്റെ ക്രെഡിറ്റ് ലഭിക്കുന്നത്.

1998 മുതല്‍ ഡബ്ബിങ് ഫീല്‍ഡില്‍ ഉണ്ട്. ഞാന്‍ ഡബ്ബ് ചെയ്തിരുന്ന നിരവധി പ്രോജക്ടുകളില്‍ ഒന്നുമാത്രമായിരുന്നു ഡോറ. ഇത്രവലിയ ഹിറ്റ് ആകുമെന്ന് അന്നൊന്നും കരുതിയിട്ടില്ല. വോയ്സ് ടെസ്റ്റിന് ശേഷമാണ് ഡോറയുടെ ശബ്ദമാകാന്‍ എന്നെ തിരഞ്ഞെടുത്തത്. മലയാളത്തിന് പുറമേ തമിഴിലും ഡോറയ്ക്ക് ശബ്ദം കൊടുത്തത് ഞാന്‍ തന്നെയാണ്.

ഡോറയുടേത് ഒരു ഹെവി വര്‍ക്കായിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ഡോറ സംസാരിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് ഒരു എപ്പിസോഡ് തീരാന്‍ ഒന്നൊന്നര മണിക്കൂര്‍ എടുക്കും. പിന്നെ അന്ന് ഞാന്‍ പഠിക്കുകയാണ്. അപ്പോള്‍ പഠിത്തവും പരീക്ഷയും എല്ലാം കഴിഞ്ഞുള്ള സമയത്തതായിരുന്നു ഡബ്ബിങ്. എല്ലാം ഒരുമിച്ച് കൊണ്ടുപോകണമായിരുന്നു

ഹരിശ്രീ കുറിച്ചത് അഞ്ചാംവയസ്സില്‍

അച്ഛന്‍ ഹര്‍ഷന്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായിരുന്നു. പക്ഷേ ബിസിനസ്സ് തിരക്കുകളിലേക്ക് പോയതോടെ അച്ഛന് അത് തുടരാന്‍ പറ്റിയില്ല. അച്ഛനാണ് എന്നിലെ കഴിവുകള്‍ കണ്ടെത്തുന്നതും എന്നെ പ്രോത്സാഹിപ്പിക്കുന്നതു രണ്ടര വയസ്സുമുതല്‍ അഭിനയിച്ചുതുടങ്ങി. അഞ്ചുവയസ്സില്‍ ഡബ്ബിങ്ങും. ഞാന്‍ ആദ്യം ചെയ്യുന്നത് ഒരു ഷര്‍ട്ട് ആന്‍ഡ് സ്യൂട്ട്‌സിന്റെ പരസ്യചിത്രമാണ്. മുത്തശ്ശന്‍ കുട്ടിയെ മടിയിലിരുത്തി ഹരിശ്രീ കുറിക്കുമ്പോള്‍ അത് കുട്ടി ഏറ്റുപറയുന്നതാണ് സീന്‍. ആ കുട്ടിക്ക് ശബ്ദം നല്‍കാനായി ഹ-രി-ശ്രീ എന്നു ഏറ്റുപറഞ്ഞ് ഡബ്ബിങ്ങില്‍ ഞാന്‍ ഹരിശ്രീ കുറിച്ചു. അതിന്റെ ഗുരുത്വം കൂടിയായിരിക്കാം അരുകേടുപാടുമില്ലാതെ ഞാന്‍ മുന്നോട്ട് പോകാന്‍ കഴിയുന്നുണ്ട്. ഇപ്പോള്‍ 21-22 വര്‍ഷമായി ഈ മേഖലയില്‍.

nimmiഎന്റെ പാഷന്‍ ഞാനാസ്വദിക്കുന്നു

സ്‌കൂള്‍, പഠനം, തിയേറ്റര്‍ ഇങ്ങനെയായിരുന്നു എന്റെ കുട്ടിക്കാലം. തിയേറ്ററിലാണ് എന്റെ കുട്ടിക്കാലത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചത്. വേറൊരു വിനോദവും ഉണ്ടായിരുന്നില്ല. വിവിധ ഭാഷകളില്‍ ഡബ്ബ് ചെയ്യാന്‍ എനിക്ക് അവസരങ്ങള്‍ ലഭിച്ചു. അവിടെ കടുത്ത മത്സരമായതിനാല്‍ ഞാന്‍ പതിയെ കാര്‍ട്ടൂണ്‍ ഡബ്ബിങ്ങില്‍ സ്പെഷ്യലൈസ് ചെയ്യുകയായിരുന്നു. കഴിവുകളെ സ്വയം വികസിപ്പിച്ചെടുക്കുന്നവര്‍ക്ക് മാത്രമേ അവിടെ നിലനില്‍ക്കാന്‍ സാധിക്കൂ. വോയ്സ് വേരിയേഷന്‍ എന്ന സാധ്യത എനിക്കുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയതും, വിവിധ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ സാധിച്ചതും എനിക്ക് അനുഗ്രഹമായി. മലയാളം,തമിഴ്,തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെല്ലാം ഞാന്‍ ഡബ്ബ് ചെയ്യുന്നുണ്ട്.

എനിക്ക് 27 വയസ്സുണ്ട്. പക്ഷേ ഇപ്പോഴും മൂന്നുവയസ്സുള്ള കുട്ടിക്ക് ശബ്ദം നല്‍കാന്‍ സാധിക്കും. അതായത് മൂന്നുവയസ്സുളള കുട്ടിതൊട്ട് എന്റെ പ്രായത്തിലുള്ള പെണ്‍കുട്ടിയുടെ വരെ പല വേരിയേഷനിലുള്ള ശബ്ദം എനിക്ക് നല്‍കാന്‍ സാധിക്കും. എനിക്ക് രണ്ടുമൂന്ന് വോയ്സ് വേരിയേഷന്‍ നല്‍കാന്‍ കഴിയുന്നതുകൊണ്ട് ഒരു കാര്‍ട്ടൂണിന് ഡബ്ബ് ചെയ്യാനായി എന്നെ വിളിച്ചാല്‍ രണ്ടുമൂന്നു കഥാപാത്രം കവര്‍ ചെയ്യാനാകും. ഉദാഹരണത്തിന് ഒരാണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും അമ്മയ്ക്കും എനിക്ക് ശബ്ദം നല്‍കാന്‍ സാധിക്കും. അതുകൊണ്ട് എനിക്ക് വര്‍ക്ക് തരുന്നവര്‍ എന്നെ തിരഞ്ഞെടുക്കുന്നത് നിമ്മിയെ വിളിച്ചാല്‍ അത്രയും കവര്‍ ചെയ്യാന്‍ സാധിക്കും എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ്. അതവര്‍ക്കുണ്ടാക്കി കൊടുത്തത് ഞാന്‍ തന്നെയാണ്. അതുകൊണ്ട് എനിക്കിത്രയും ചെയ്യാന്‍ പറ്റുന്നു.

സത്യത്തില്‍ എന്റെ പാഷന്‍ ഞാന്‍ ആസ്വദിച്ച് ചെയ്യുന്നു എന്നേ പറയാനാവൂ. ഒരു ജോലി എന്ന രീതിയിലല്ല ഞാന്‍ ഇതിനെ കാണുന്നത്. എന്റെ പാഷനുമായി ഞാന്‍ മുന്നോട്ടുപോവുകയാണ്. എനിക്ക് വരുന്ന അവസരങ്ങള്‍ പരമാവധി ആസ്വദിച്ച് ഞാന്‍ ചെയ്യും. അങ്ങനെ ചെയ്യുന്നതുകൊണ്ട് ആ കഥാപാത്രത്തിന് കുറച്ചുകൂടി ജീവന്‍ കൊടുക്കാന്‍ പറ്റുന്നുണ്ട് എനിക്ക്.

ഡബ്ബിങ് വിട്ടൊരു ചിന്തയില്ല

ഡബ്ബിങ് വിട്ട് മറ്റൊന്ന് ചിന്തിക്കാന്‍ എനിക്ക് സാധിച്ചില്ല. ഈ ഫീല്‍ഡില്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതൊക്കെ ചെയ്യുന്നുണ്ട്. ഡബ്ബിങ് ചെയ്യുന്നുണ്ട്, സൗണ്ട്എന്‍ജിനീയറാണ്. കാര്‍ട്ടൂണുകള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് ട്രാന്‍സ്ലേഷന്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ആഡ്സിനുവേണ്ടി ജിംഗിള്‍സ് എഴുതുകയും പാടുകയും ചെയ്യുന്നുണ്ട്. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഷന ക്രിയേഷന്‍സ് എന്ന പേരില്‍ ഒരു കമ്പനി ആരംഭിച്ചു. പ്രൊജക്ടുകള്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ എടുത്ത് ചെയ്തുകൊടുക്കുകയാണ്. മള്‍ട്ടി ലാംഗ്വേജ് പ്രൊജക്ടുകള്‍ ഏറെറടുത്ത് എന്റെ ക്രിയേറ്രീവ് ടീം അത് ഭംഗിയായി മൊഴിമാറ്റം ചെയ്ത് നല്കും. സൗത്ത് ഇന്ത്യന്‍ സിനി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്റെ കമ്മിറ്റി മെമ്പറാണ് ഞാന്‍.

ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് മുഖമില്ല

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന് പറഞ്ഞാല്‍ ഒരു ഹൈഡിങ് ജോബാണ്. ഞങ്ങള്‍ക്ക് മുഖമില്ല. ആരം തിരിച്ചറിയാറില്ല. നായികയ്ക്കും നായകനും ശബ്ദം നല്‍കുന്നവരെ തിരിച്ചറിയുന്നതുപോലെ ഞങ്ങളെ ആരും തിരിച്ചറിയാറില്ല. അതിന്റെ ചെറിയ സങ്കടം ഉണ്ട്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല. എനര്‍ജി കൂട്ടി ശബ്ദമുയര്‍ത്തി വേണം സംസാരിക്കാന്‍. സംഭാഷണത്തിന്റെ സ്പീഡ് പോലും വളരെ കൂടുതലായിരിക്കും, വളരെ വേഗത്തില്‍ മനസ്സിലാകുന്ന രീതിയില്‍ വേണം സംസാരിക്കാന്‍. അത്രയും ബുദ്ധിമുട്ടി ചെയ്യുന്ന ഒരു ജോലിയായിട്ട് കൂടി ഇന്ത്യയില്‍ ഇഈ മേഖലയ്കക് വേണ്ട അംഗീകാരം ലഭിക്കുന്നില്ല. പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍. എനിക്കതെല്ലാം മാറ്റിയെടുക്കണം എന്ന ആഗ്രഹമുണ്ട്.

nimmi

ജയലളിത മാഡത്തിന് എന്റെ ശബ്ദം ഇഷ്ടമായിരുന്നു

നമ്മുടെ ശബ്ദത്തിലൂടെ ജീവന്‍ ലഭിക്കുന്ന കഥാപാത്രങ്ങള്‍ കുട്ടികള്‍ ആസ്വദിക്കുന്നത് കാണുന്നതാണ് സന്തോഷം. കൊച്ചുടിവിക്ക് വേണ്ടി തന്നെ 'ജോളി ടോക് വിത് ഡോറ' എന്ന ഒരു ടെലഫോണിക് പരിപാടി നടത്തിയിരുന്നു. ഡോറയോട് സംസാരിക്കാനായി രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെ കുട്ടികള്‍ക്ക് വിളിക്കാം. കേരളത്തില്‍ നിന്നും ഇന്ത്യക്കുപുറത്തുനിന്നുമെല്ലാം അന്ന് കോളുകള്‍ വന്നിരുന്നു. ചുരുങ്ങിയത് 400- 500 കോളുകള്‍ ഞാന്‍ അറ്റന്‍ഡ് ചെയ്തിട്ടുണ്ട്. ബ്രേക്കില്ലാതെ ഡോറയുടെ ശബ്ദത്തില്‍ അത്രയധികം നേരം സംസാരിക്കുക എന്നുള്ളത് വളരെ ആയാസമേറിയ ഒന്നായിരുന്നു.

പക്ഷേ ഡോറയോട് സംസാരിക്കുമ്പോള്‍ കുട്ടികള്‍ക്ക് വളരെ സന്തോഷമായിരുന്നു. ഡോറയുടെ പോലെയാണ് എന്റെ ഹെയര്‍സ്റ്റൈല്‍, എനിക്ക ഡോറയുടെ ബാഗുണ്ട്, വാട്ടര്‍ബോട്ടിലുണ്ട് എന്നൊക്കെ പറയും. എന്റെ വീട്ടിലേക്ക് വരുമോ എന്ന് ചോദിക്കും. ഡോറയെ അവര്‍ അത്രയും സ്നേഹിക്കുന്നുണ്ടെന്ന അറിയുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തത്രയും സന്തോഷമാണ്. പക്ഷേ അപ്പോഴും എന്നെ അവര്‍ അറിയുന്നില്ല, എന്റെ പേരുപോലും ആരും അറിയുന്നില്ല.

ജയടിവിയില്‍ ഹനുമാന്റെ ഒരു പുരാണ സീരിയല്‍ ഉണ്ട്. അതില്‍ ഹനുമാന് ഞാന്‍ ശബ്ദം നല്‍കിയിരുന്നു അതുകണ്ടിട്ട് ഇളയരാജയുടെ മ്യൂസിക് ട്രൂപ്പിലെ ഫ്ലൂട്ടിസ്റ്റായ സുധാകര്‍ എന്ന സാറും അദ്ദേഹത്തിന്റെ ഭാര്യ ഉഷയും എന്നെ കാണാന്‍ വന്നിരുന്നു. മ്യൂസിക് യൂണിയനില്‍ സമീപിച്ച് അവിടെ നിന്ന് ഡബ്ബിങ്ങ് യൂണിയനില്‍ സമീപിച്ച് എന്റെ ബന്ധപ്പെടാനുള്ള നമ്പറും അഡ്രസ്സുമെല്ലാം സംഘടിപ്പിച്ചു. എനിക്ക നിറയെ സമ്മാനങ്ങളുമായാണ് അവരെത്തിയത്. ഇന്ന് ഞാന്‍ അവരുടെ കുടുംബത്തിലെ ഒരംഗം പോലെയാണ്. ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഇതൊക്കെയാണ് എന്റെ സന്തോഷം.

അതുപോലെ ജയലളിത മാഡം മരിച്ചതിനുശേഷം ശശികല മാം നല്‍കിയ ആദ്യ അഭിമുഖത്തില്‍ ജയലളിത മാഡത്തിനും ഹനുമാന്‍ വലിയ ഇഷ്ടമായിരുന്നു എന്ന് പറഞ്ഞുകേട്ടിരുന്നു. പക്ഷേ അവര്‍ മരിച്ച് ശേഷമാണ് ആ ഇഷ്ടത്തെ കുറിച്ച് ഞാന്‍ അറിഞ്ഞത്. നമ്മുടെ ശബ്ദം ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തില്‍ ജയലളിത മാഡത്തെ പോലുള്ള ഒരു ലെജന്‍ഡ് എല്ലാം ഉണ്ടെന്ന് പറയുന്നത് വളരെ സന്തോഷവും അഭിമാനവും തരുന്ന കാര്യമല്ലേ.

സ്വപ്നങ്ങള്‍ ഏറെയില്ല

ദൈവം തന്ന ടാലന്റ് ആണ്. ഒന്നും നഷ്ടപ്പെടാതെ അതുകൊണ്ടുപോകണം എന്ന് വിചാരം മാത്രമേയുള്ളൂ. അച്ഛനും അമ്മയ്ക്കും ഞാന്‍ ഒറ്റമോളാണ്. വരെ നന്നായി നോക്കണം. ഒരു സ്റ്റുഡിയോ തുടങ്ങണം.
ചെന്നൈയില്‍ ഷനാ ക്രിയേഷന്‍സ് പോലെ കേരളത്തിലും ഒരു കമ്പനി ആരംഭിച്ചിട്ടുണ്ട്. രണ്ടും നല്ല രീതിയിലായിക്കഴിഞ്ഞാല്‍ എന്റെ പാഷനുകള്‍ക്ക് പുറകേ പോകണമെന്നാണ് ആഗ്രഹം. സംവിധാനം എനിക്ക് വളരെ ഇഷ്ടമുള്ള ഒരു മേഖലയാണ്. ഒരു ഷോര്‍ട്ഫിലിമും ഡോക്യുമെന്ററിയും ചെയ്തിരുന്നു. പതിയെ അതിലേക്കിറങ്ങണം.

അതുപോലെ ഡബ്ബിങ്ങില്‍ താല്പര്യമുള്ളവര്‍ക്ക് നല്ല അവസരങ്ങള്‍ നല്‍കണമെന്നുണ്ട്. ഡബ്ബിങ്ങിനെ കുറിച്ച് പറഞ്ഞുകൊടുക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഡബ്ബിങ് പഠിപ്പിക്കാന്‍ സാധിക്കുന്ന ഒന്നല്ല. നമ്മുടെ തെറ്റുകള്‍ എന്താണെന്ന് സ്വയം മനസ്സിലാക്കാന്‍ സാധിക്കണം. അത് തിരുത്തി തരാന്‍ പറ്റുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ നല്ലതാണ്. എന്നുകരുതി അത് ഒരു കോഴ്സ് പോലെ പഠിപ്പിക്കാനാവുന്ന,പഠിപ്പിക്കാവുന്ന ഒന്നല്ല. ശബ്ദത്തിന് എങ്ങനെ മോഡുലേഷന്‍ കൊടുക്കണം,ഡബ്ബ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് തുടങ്ങി ചെറിയ ചെറിയ ടിപ്പുകള്‍ നല്‍കാനേ നമുക്ക് സാധിക്കൂ. ഭാവിയില്‍ ഡബ്ബിങ് എന്താണെന്ന് പറഞ്ഞുകൊടുക്കുന്ന ഇത്തരം വര്‍ക്കഷോപ്പുകള്‍ നടത്തണമെന്ന് ആഗ്രഹമുണ്ട്.

കാക്കണം ശബ്ദത്തെ

ശബ്ദം നന്നായി സംരക്ഷിക്കണം, കാരണം അത് പെട്ടന്ന് പോകുന്ന ഒരു സാധനമാണ്. എന്റെ അനുഭവത്തില്‍ നിന്ന് പറയുന്നതാണ്. ആറേഴുമാസം മുമ്പുവരെ ശബ്ദസംരക്ഷണത്തിനായി ഞാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്തിരുന്നില്ല. തണുത്ത വെള്ളം കുടിച്ചാലും മണിക്കൂറുകള്‍ തുടര്‍ച്ചയായി ഡബ്ബ് ചെയ്താലും എന്റെ ശബ്ദത്തെ അത് യാതൊരു തരത്തിലും ബാധിച്ചിരുന്നില്ല. പക്ഷേ പെട്ടൊന്നൊരുദിവസം ഉറക്കമുണര്‍ന്നപ്പോള്‍ എനിക്ക് ശബ്ദമില്ല. നാലുമാസത്തോളം എനിക്ക് ശബ്ദമുണ്ടായിരുന്നില്ല. അന്നാണ് ആദ്യമായി ഞാന്‍ ഇഎന്‍ടി ഡോക്ടറെ കാണുന്നത്. ഇത്രയും കാലം ഓവര്‍ സ്ട്രെയിനില്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതുതന്നെ വലിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് വോയ്സ് റെസ്റ്റ് പറഞ്ഞു. സംസാരിക്കരുത് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞുപോയി. കാരണം എന്റെ ഒരു ലോകം എന്നുപറയുന്നത് ഇതാണ്. എനിക്ക് വേറെ ജോലി അറിയില്ല. എന്റെ ശബ്ദത്തെ വിശ്വസിച്ചാണ് ഞാന്‍ ഇരിക്കുന്നത്. വോയ്സ് പോയാല്‍ പണി പോയി. പിന്നെ ഞാന്‍ ജോലി അന്വേഷിച്ചിറങ്ങേണ്ടി വരും. എന്തൊക്കെയാണ് ആ ഒരു നിമിഷം മനസ്സിലൂടെ കടന്നുപോയത് എന്ന് ഇന്നുമറിയില്ല. പക്ഷേ അന്നത്തോടെ ഞാന്‍ ശബ്ദം സൂക്ഷിക്കാന്‍ തുടങ്ങി.

ശബ്ദം എങ്ങനെ സൂക്ഷിക്കാം 

ബ്രീത്തിങ് എക്സര്‍സൈസ് ചെയ്യണം, പത്തുപതിനഞ്ച് ഇടവിട്ട് വെള്ളം കുടിക്കാന്‍ ശ്രമിക്കുക, കഴിഞ്ഞില്ലെങ്കില്‍ വായ് നനച്ചുകൊടുക്കാനെങ്കിലും ശ്രദ്ധിക്കണം. പരമാവധി ചുടുവെള്ളം കുടിക്കുക. തൊണ്ടയില്‍ തടസ്സം തോന്നിയാല്‍ മുരടനക്കി തൊണ്ട ശരിയാക്കാന്‍ ശ്രമിക്കരുത് അത് കൂടുതല്‍ സ്ട്രെസ് നല്‍കും. തുടര്‍ച്ചയായ വര്‍ക്കിനുശേഷം ഉടനടി വന്ന് വെളളം കുടിക്കരുത്. ഇത്രയെല്ലാം ശ്രദ്ധിച്ചാല്‍ തന്നെ ഒരു പരിധി വരെ ശബ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാം.


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്.

 

Content Highlights: Dubbing artist Nimmi Harshan Interview