'റീന ടീച്ചർ പഠിപ്പിക്കാനല്ല, മറ്റെന്തിനോ വരുന്നതാണ്'- മുടി ഷോർട്ട് ആക്കി, ലിപ്സ്റ്റിക് ഇട്ട്, ജീൻസും സ്കർട്ടുമൊക്കെ ധരിച്ച് കോളേജിൽ പോകുന്നതിന്റെ പേരിൽ റീന ജോസഫ് എന്ന അധ്യാപിക കേട്ട വാക്കുകളാണിത്. തന്റെ വസ്ത്രധാരണം അധ്യാപികയ്ക്ക് ചേർന്നതല്ലെന്നും അൺഎത്തിക്കലാണെന്നുമായിരുന്നു പലരുടെയും വാദം. കോളേജ് അധ്യാപകർക്ക് ഡ്രസ് കോഡൊന്നും നിശ്ചയിച്ചിട്ടില്ലെന്ന ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ പുതിയ ഉത്തരവിനെ ഉള്ളുനിറഞ്ഞ് സ്വീകരിക്കുകയാണ് റീന ജോസഫ്. 

അധ്യാപികമാർ സാരിയുടുത്ത് ജോലിക്കെത്തണമെന്ന നിബന്ധനയില്ല, സൗകര്യപ്രദവും മാന്യവുമായ ഏതു വസ്ത്രവും ധരിക്കാം എന്നതായിരുന്നു ഉത്തരവ്. അധ്യാപികമാർ സാരിയുടുത്തുമാത്രമേ ജോലിക്കെത്താവൂവെന്ന് ചില സ്ഥാപന മേധാവികളും മാനേജ്‌മെന്റുകളും നിർബന്ധം പിടിച്ചതോടെയാണ് സർക്കാർ വിഷയത്തിൽ വ്യക്തതവരുത്തിയത്. കാലഹരണപ്പെട്ട സദാചാര ആശയങ്ങളുമായി അധ്യാപികമാരുടെ മേൽ അനാവശ്യ അധികാരം ചെലുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി ആർ. ബിന്ദുവും പറയുകയുണ്ടായി. ഈ സാഹചര്യത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ അധ്യാപന കാലത്ത് വസ്ത്രധാരണത്തിന്റെ പേരിൽ നേരിട്ട മാനസിക സമ്മർദത്തെക്കുറിച്ച് പങ്കുവെക്കുകയാണ് റിസർച്ച് സ്കോളർ കൂടിയായ റീന ജോസഫ്.

വസ്ത്രധാരണം അധ്യാപനത്തെ ബാധിക്കില്ല

ഭർത്താവിനും രണ്ടുമക്കൾക്കുമൊപ്പം നിലവിൽ സിക്കിമിലാണ് താമസം. രണ്ടുവർഷം മുമ്പ് കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ ​ഗസ്റ്റ് ലക്ചററായി പ്രവർത്തിച്ചിരുന്നു. അന്നും ഇന്നും വസ്ത്രധാരണം അധ്യാപനത്തെ ബാധിക്കുമെന്ന് തോന്നിയിട്ടില്ല.  കാരണം ക്രിയേറ്റീവായും ക്രിട്ടിക്കലായും ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണല്ലോ അധ്യാപനം കൊണ്ട് ലക്ഷ്യമിടുന്നത്. ആ വ്യവസ്ഥയിൽ തന്നെ ഇങ്ങനെയും വസ്ത്രധാരണം ആവാം എന്നു പറയേണ്ടിവരുന്ന ​ഗതികേടിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. അധ്യാപകരുടെ പഠിപ്പിക്കാനുള്ള കഴിവ്, അത് കുട്ടികൾക്ക് എത്രത്തോളം ഉൾക്കൊള്ളാൻ  കഴിയുന്നു, ജീവിതത്തിൽ അവർ അത് എങ്ങനെ പ്രായോ​ഗികമാക്കുന്നു എന്നതൊക്കെയല്ലേ പ്രസക്തമായ കാര്യങ്ങൾ. 

സ്ത്രീയെ ഒരു ശരീരം എന്നതിനപ്പുറം കാണാൻ കഴിയാത്തതിന്റെ പ്രശ്നമാണിത്. സ്ത്രീകളോട് മാത്രമല്ല ലൈം​ഗിക ന്യൂനപക്ഷങ്ങളോടുമുള്ള അവസ്ഥയാണിത്.  ഇത്തരം സദാചാര കാഴ്ചപ്പാടുകൾ മൂലം അവർക്കിഷ്ടമുള്ള ലൈഫ്സ്റ്റൈൽ തിരഞ്ഞെടുക്കാനും ഐഡന്റിറ്റി വെളിപ്പെടുത്താനും കഴിയാതെ വരുന്നു. കുട്ടികളും ഇതുപോലെ അനുഭവിക്കുന്നുണ്ട്. അധ്യാപകരുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള വാർത്ത പറഞ്ഞപ്പോൾ സിക്കിമിലെ സുഹൃത്തുക്കൾ പലരും ചോദിച്ചത് അതിലെന്താണിത്ര പ്രത്യേകത എന്നാണ്. കേരളം എന്നു പറയുന്ന സാക്ഷര സമൂഹത്തിനകത്തും ഈ പാട്രിയാർക്കൽ കാഴ്ചപ്പാടുകൾ നിലനിൽക്കുന്നു എന്നതൊക്കെ അവർക്ക് കൗതുകമാണ്. 

അൺഎത്തിക്കൽ സമീപനമാണ് എന്ന് പറഞ്ഞവർ

അധ്യാപനകാലത്തെ ഷോർട് ഹെയർ സ്റ്റൈലിനെ പലരും വിമർശിച്ചിരുന്നു.  പെൺകുട്ടികളായാൽ മുടി നീട്ടിവളർത്തണം എന്നൊക്കെ ഇപ്പോഴും ചിന്തിക്കുന്നതുകൊണ്ടാണിത്. ഒപ്പം സ്കർട്ട്, ജീൻസ്, ടോപ് തുടങ്ങിയ വസ്ത്രങ്ങളൊക്കെയാണ് ധരിച്ചിരുന്നത്. ലിപ്സ്റ്റിക്കും അണിയുമായിരുന്നു. എന്നാൽ മുതിർന്ന അധ്യാപകരിൽ പലർക്കും ഇവയൊന്നും ഉൾക്കൊള്ളാനേ കഴിഞ്ഞിരുന്നില്ല. അൺഎത്തിക്കലാണ് ഈ വിധത്തിൽ വരുന്നത് എന്ന് അവർ പറഞ്ഞിട്ടുണ്ട്. അവരോട് എന്റെ ടീച്ചിങ് പ്രശ്നമുണ്ടോ, കുട്ടികൾക്ക് പരാതിയുണ്ടോ, പഠിപ്പിക്കുന്നതിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്നെല്ലാം തിരിച്ച് ചോദിക്കുകയായിരുന്നു. അതൊക്കെയല്ലേ നിങ്ങൾ ശ്രദ്ധിക്കേണ്ടതുള്ളു എന്ന് ചോദിക്കേണ്ടി വന്നത് ​ഗതികേടായാണ് കരുതുന്നത്. 

പലരും ഞാൻ പഠിപ്പിക്കാനല്ല മറ്റെന്തിനോ വരുന്നതാണ് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഇതൊക്കെ തരുന്ന മാനസിക സമ്മർദം വലുതാണ്. പക്ഷേ ഈ കാലത്തൊക്കെയും എന്റെ വിദ്യാർഥികൾ നൽകിയ പിന്തുണ പറഞ്ഞറിയിക്കാനാവില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമല്ല രാഷ്ട്രീയത്തിലും മതസംഘടനകളിലുമൊക്കെ ഈ പാട്രിയാർക്കൽ വ്യവസ്ഥകൾ പിന്തുടരുന്നത് കാണാം. സ്ത്രീകളുടെയും ലൈം​ഗിക ന്യൂനപക്ഷങ്ങളുടെയുമൊക്കെ പെരുമാറ്റവും വസ്ത്രധാരണരീതിയുമൊക്കെ അനാരോ​ഗ്യകരമായ രീതിയിൽ ചർച്ച ചെയ്യുന്നതിന് പകരം പുരോ​ഗമനപരമായ എത്രയോ വിഷയങ്ങൾ ചെയ്യാനുണ്ട് അതിലേക്ക് ഈ ഊർജം വഴിതിരിച്ചു വിട്ടുകൂടേ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. 

സാരി അല്ലെങ്കിൽ​ ചുരിദാർ വരെ പോകാം

സാരിയും കഴിഞ്ഞ് ചുരിദാർ വരെയേ മാന്യവസ്ത്രം വരുന്നുള്ളു എന്നു കരുതുന്നവരുണ്ട്. എന്നാൽ സാരിയോളം ശരീരം പ്രദർശിപ്പിക്കുന്ന മറ്റൊരു വസ്ത്രമില്ലെന്നാണ് തോന്നുന്നത്. സാരി ഇഷ്ടമുള്ളവർ ധരിക്കുന്നതിൽ യാതൊരു വിരുദ്ധാഭിപ്രായവും ഇല്ല. ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട് ആ സ്ത്രീ സാരിയുടുത്തതിൽ എന്ത് ഭം​ഗിയാണ്, ആഢ്യത്വമാണ് എന്നൊക്കെ. ഒളിഞ്ഞുനോക്കാനുള്ള പ്രത്യേകസൗകര്യത്തെയാണ് അവർ‌ ആഢ്യത്വം എന്നെല്ലാം പറയുന്നത് എന്നാണ് തോന്നിയിട്ടുള്ളത്. ചുരിദാറൊക്കെ ഇടുമ്പോൾ ഷോൾ ധരിച്ചില്ലെങ്കിൽ ഇപ്പോഴും വലിയ പ്രശ്നമാണ് ചിലർക്ക്. ഒരിക്കൽ കോഴിക്കോട്ടെ ഒരു കോളേജിൽ പോയപ്പോൾ എന്റെ വസ്ത്രധാരണം കണ്ട് ഞാൻ മലയാളിയല്ല എന്നു കരുതി എന്ന് പറഞ്ഞു. കാരണം ഇവിടെ സാരിയുടുത്ത് വരുന്നവർ മാത്രമാണ് അധ്യാപകർ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പോലും ഇത്തരം കാഴ്ചപ്പാടുകളാണ്. അപ്പോൾ വിദ്യാർഥികളിലും അവർ പകർന്നു നൽകുന്ന ചിന്ത ഇതു തന്നെയല്ലേ. കുട്ടികളെ പ്രോത്സാഹിപ്പിച്ച് അവർക്ക് ആത്മവിശ്വാസം നൽകുന്ന ഇടപെടലുകളാണ് അധ്യാപകരുടെ ഭാ​ഗത്തു നിന്നുണ്ടാകേണ്ടത്.

വസ്ത്രധാരണം ചർച്ച ചെയ്യേണ്ടിവരുന്ന ​ഗതികേട്

സർക്കാരിന്റെ പുതിയ ഉത്തരവറിഞ്ഞപ്പോൾ  ഉള്ളു നിറയുന്ന സന്തോഷമാണ് തോന്നിയത്. പക്ഷേ ഈ കാലത്തും ഈ വിഷയം ചർച്ച ചെയ്യേണ്ടി വന്നല്ലോ എന്നോർത്ത് സങ്കടമുണ്ട്. കാരണം ഒരുപാട് മുന്നേറാനുള്ള സമൂഹമാണ് നമ്മുടേത്. സ്ത്രീകൾക്കും ലൈം​ഗിക ന്യൂനപക്ഷങ്ങൾക്കും ആത്മവിശ്വാസം പകർന്ന് അവരെ അം​ഗീകരിക്കുന്ന സമൂ​ഹത്തിനേ പുരോ​ഗതിയുണ്ടാവൂ. ഞാനിതാണ്, എന്റെ വ്യക്തിത്വം ഇതാണ്, ഇതാണ് എന്റെ ആത്മാഭിമാനം എന്നൊക്കെ പറയാനുള്ള ധീരത പെൺകുട്ടികൾ കാണിക്കണം. അങ്ങനെയേ ഇത്തരക്കാരെ തോൽപിക്കാനാവൂ. 

പിന്നെ സ്ത്രീകളെക്കുറിച്ചോ ഇത്തരം വിഷയങ്ങളെക്കുറിച്ചോ സംസാരിച്ചാൽ ഉടൻ ഫെമിനിസമാണ് ഫെമിനിച്ചിയാണ് എന്നൊക്കെ പറയുന്നവരുണ്ട്. ഫെമിനിസ്റ്റാണ് എന്നു പറയുന്നതിൽ അഭിമാനിക്കുന്നയാളാണ് ഞാൻ. തുല്യത ഇല്ലാത്തതുകൊണ്ടല്ലേ ഇത്തരം സത്യങ്ങൾ വിളിച്ചു പറയേണ്ടി വരുന്നത്. സ്ത്രീകൾ തന്നെ അവരുടെ അവസ്ഥകൾ തുറന്നു പറയുകയും വേണ്ടത് നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യണം. ഒരുപാട് അധ്യാപകർക്കും കുട്ടികൾക്കുമൊക്കെ ഇത്തരം പഴഞ്ചൻ കാഴ്ച്ചപ്പാടുകളെ പൊളിച്ചടുക്കി മുന്നോട്ടു വരാൻ കഴിയട്ടെ എന്നാശംസിക്കുന്നു. 

Content Highlights: dress code for college teachers,  reena joseph experience, female lecturer dress code