ഡോ. നീന പ്രസാദ് എന്ന പേര് മലയാളികള്‍ക്ക് വളരെ സുപരിചിതമാണ്. മോഹിനിയാട്ടത്തില്‍ സ്വന്തമായൊരിടം കണ്ടെത്തിയ നര്‍ത്തകി. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ നൃത്തത്തില്‍ ഒരു ഇടവേളയെടുത്ത് പിന്നീട് വീണ്ടും സജീവമായി നൃത്തവേദിയിലേയ്ക്ക് തിരിച്ചുവന്നയാളാണ് നീന പ്രസാദ്. കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി ചിട്ടപ്പെടുത്തിയ നൃത്താവിഷ്‌ക്കാരമാണ് 'തരണം ചെയ്യണം', ഇത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സമൂഹശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
തരണം ചെയ്യണം എന്ന നൃത്താവിഷ്‌ക്കാരത്തെ കുറിച്ച്
വളരെ യാദൃശ്ചികമായി ഉണ്ടായ ഒരു അവസ്ഥയായിരുന്നു കൊറോണ എന്ന ഈ മഹാമാരി. ഒരു നര്‍ത്തകി എന്ന നിലയില്‍ എനിക്കതിനെ ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല ദിനംപ്രതി നമ്മള്‍ സമൂഹമാധ്യമങ്ങളിലൂടെ കാണുന്നതാവട്ടെ കൊറോണയുടെ ഭീകരാവസ്ഥയെ. പലപ്പോഴും ഉറങ്ങാന്‍ പോലും കഴിയാത്ത സമയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലോക്ക് ഡൗണ്‍ ആയതിനാല്‍ വര്‍ക്കുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഓണ്‌ലൈനിലൂടെയായിരുന്നു. അങ്ങനെ ഇരിക്കെ ഇരുപത്തിയഞ്ചു വര്‍ഷമായി നൃത്തത്തില്‍ എന്നോടൊപ്പമുള്ള പ്രശസ്ത സംഗീതജ്ഞഞ്ഞായ ചങ്ങനാശ്ശേരി മാധവന്‍ നമ്പൂതിരിയുമായി നൃത്തവിഷയങ്ങളോടൊപ്പം കൊറോണയുടെ ദുരവസ്ഥയെ കുറിച്ച് സംസാരിക്കാന്‍ ഇടവന്നു. ഇവിടെ നമുക്ക് എന്തു ചെയ്യാനാവും എന്ന ഒരു ചര്‍ച്ച അവിടെ ഉയര്‍ന്നുവരികയും ഏതാനും മണിക്കൂറുകള്‍ക്കകം മാധവന്‍ നമ്പൂതിരി എന്റെ വാട്ട്‌സ് ആപ്പില്‍ നാല് വരി അയച്ചു തരികയും ചെയ്തു.
''തരണം ചെയ്യണം മഹാ മാരിയെ
തരണം ചെയ്യും ഈ മഹാ വിപത്തിനെ
ഇതില്‍ നിന്നും നാം ആര്‍ജ്ജിക്കണം
പുത്തന്‍ മാനവ സംസ്‌കാരങ്ങള്‍
അമ്മയാം പ്രകൃതിയെ സ്‌നേഹിച്ചാലും
വര്‍ഗ്ഗ വര്‍ണ്ണങ്ങള്‍ക്കതീതമായൊരു സൗഹൃദ സ്‌നേഹം പുലര്‍ത്തുവാന്‍'.... ഈ വരികള്‍ വളരെ ഹൃദയസ്പര്‍ശിയായിരുന്നു. അര്‍ത്ഥവത്തായ ഈ വരികള്‍ ഞാന്‍ നൃത്തത്തിലേക്ക് കൊണ്ടുവരികയായിരുന്നു. അതു ജനങ്ങളിലേക്ക് എത്തിക്കാന്‍ എന്ത് ചെയ്യും എന്നായി പിന്നീട് ആലോചന. അപ്പോഴേക്കും ലോക്ക് ഡൗണ്‍ വളരെ കര്‍ശനമായി. തരണം ചെയ്യണം എന്ന നൃത്താവിഷ്‌കാരം സംവിധാനം ചെയ്തത് ഞാന്‍ തന്നെയായിരുന്നു. രചനയും സംഗീതവും പാടിയതും ചങ്ങനാശ്ശേരി മാധവന്‍ നമ്പൂതിരി. മൃദംഗം പ്രിത്വി കൃഷ്ണ, ഇടയ്ക്ക കലാമണ്ഡലം അരുണ്‍ ദാസ്, ക്യാമറ എഡിറ്റിംഗ് ഡിസൈനിങ് എല്ലാം ഡോ. ഹരീഷ് നമ്പൂതിരി. യാതൊരു പ്രതിഫലവും വാങ്ങാതെ ഇതിനു പൂര്‍ണ്ണ പിന്തുണ നല്‍കിയ ന്യൂ എന്‍ മീഡിയയോടും കൂടെ ഉണ്ടായിരുന്ന എല്ലാ കലാകാരന്‍മാരോടും എനിക്ക് പ്രത്യേകം നന്ദിയുണ്ട്. വീട്ടിലെ കളരിയില്‍ തന്നെയാണ് നൃത്തം ഷൂട്ട് ചെയ്തത്
മോഹിനിയാട്ടത്തിലേക്കുള്ള കാല്‍വെയ്പ്പ്
ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ആയിരുന്നു തുടക്കം. മദ്രാസില്‍ അഡയാർ ലക്ഷ്മണന്‍ സാറിന്റെ അടുത്ത് ഭരതനാട്യവും വെമ്പട്ടി ചിന്നസത്യം മാസ്റ്ററുടെ അടുത്ത് കുച്ചിപ്പുടിയും പഠിച്ചു. ആ കാലങ്ങളില്‍ എനിക്ക് മോഹിനിയാട്ടത്തോട് താത്പര്യമുണ്ടായിരുന്നില്ല. കാരണം എനിക്ക് ദ്രുതചലനങ്ങളോടുള്ള താല്പര്യം. ഗവേഷണത്തില്‍ എന്റെ വിഷയം താണ്ഡവവും ലാസ്യവും ആയിരുന്നു. അത് ചെയ്തു വന്നപ്പോഴാണ് നര്‍ത്തകി എന്ന നിലയില്‍ മോഹിനിയാട്ടത്തെ കൂടുതല്‍ ഗൗരവമായി പഠിക്കാന്‍ തുടങ്ങിയത്. കലാമണ്ഡലം സുഗന്ധി ടീച്ചര്‍ ആയിരുന്നു ഗുരു. അന്നാണ് ഞാന്‍ മോഹിനിയാട്ടത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കിയത്. ആ സമയത്തു എനിക്ക് മനസ്സിലായി എന്റെ മണ്ണിന്റെ ഗന്ധമുള്ള കലാരൂപത്തിന് ഒരുപാട് സാധ്യതകള്‍ ഉണ്ടെന്നും അതിനെ ഉയര്‍ത്തിക്കൊവരാന്‍ എന്തെങ്കിലും ചെയ്യണമെന്നും. സുഗന്ധി ടീച്ചറോടൊപ്പം തന്നെ കുറച്ചുനാള്‍ കലാമണ്ഡലം ക്ഷേമാവതി ടീച്ചറും എന്നെ പഠിപ്പിച്ചിട്ടുണ്ട്. പിന്നീട് ഞാന്‍ കലാമണ്ഡലം പദ്മിനി ടീച്ചറുടെ അടുത്തും ലീലാമ്മ ടീച്ചറുടെ അടുത്തും പഠിച്ചിരുന്നു. അങ്ങനെയാണ് മോഹിനിയാട്ടത്തെ വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള എന്റെ ആദ്യകാല്‍വെയ്പ്പ്.
ഇനിയുള്ള പ്രൊജെക്ടുകള്‍
മോഹിനിയാട്ടത്തിന്റെ മാര്‍ഗ്ഗം കുറച്ചുകൂടി വിപുലപ്പെടുത്തുന്ന തരത്തിലുള്ള പ്രൊജെക്ടുകള്‍ ആണ് എന്റെ മനസ്സിലുള്ളത്. ശ്രീരാമന്‍ പ്രതിപാദ്യ വിഷയമായി വരുന്ന ഒരു നാട്യാവിഷ്‌ക്കാരം രൂപപ്പെടുത്താനുള്ള ആലോചന മനസ്സിലുണ്ട്. ഒരു പുസ്തകരചനയുടെ പണിപ്പുരയിലുമാണ് ഞാന്‍.
സുനില്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്ന ചിന്ത ഉള്ളില്‍ വരാറുണ്ടോ
ഇപ്പോഴും സുനില്‍ എന്റെ കൂടെയുണ്ട്. പ്രത്യേകിച്ചും ഈ ലോക്ക്ഡൗണിന്റെ ഏകാന്തതയില്‍ സുനില്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന തോന്നല്‍ ഉള്ളില്‍ എപ്പോഴും വരും. ഞങ്ങളുടെ കുട്ടിത്തരങ്ങള്‍ ആയിരുന്നു ആ വീട്ടില്‍. ഓരോ ദിവസവും എന്നെ ഓരോ പേരുകളാണ് വിളിക്കാറ്. ഗുല്‍ബര്‍ഗി, പീക്കിരി അങ്ങനെ ഒരുപാട് ഓമനപ്പേരുകൾ ഇട്ടിരുന്നു സുനില്‍ എനിക്ക്. ഒരു കൊച്ചു കുഞ്ഞിനെ പോലെയാണ് എന്നെ നോക്കിയിരുന്നത്. സുനില്‍ മയങ്ങിക്കിടന്നപ്പോഴും ഞാന്‍ പറഞ്ഞത് 'സുനിലേട്ടാ സന്തോഷമായിട്ടു പോകണം, ഇനിയുള്ള എന്റെ യാത്രയില്‍ കൂടെയുണ്ടാവണം എന്നാണ്. അത് തീര്‍ച്ചയായും സുനില്‍ കേട്ടു കാണും. ഇപ്പോഴും എന്റെ കൂടെയുണ്ട്.
സ്വതന്ത്രയായ സ്ത്രീക്ക് സമൂഹം വേണ്ടവിധം ബഹുമാനം നല്‍കുന്നുണ്ടോ?
സ്ത്രീയുടെ സ്വാതന്ത്ര്യം സ്ത്രീ തന്നെ നേടിയെടുക്കേണ്ടതാണ് എന്ന അഭിപ്രായമാണ് എനിക്ക് അന്നും ഇന്നും. സമൂഹത്തില്‍ ആളുകള്‍ പല വിധമാണ്. അതില്‍ ഏറ്റവും പ്രധാനം എന്ന് പറഞ്ഞാല്‍ നമ്മുടെ സമൂഹം പണ്ട് മുതലേ പുരുഷകേന്ദ്രിതമാണ്. അവിടെ സ്ത്രീ എന്നതിനെ വളരെ ലാഘവത്തോടെ കണ്ടു ശീലിച്ചിട്ടുള്ള ആളുകളുണ്ട്. അതിനുള്ള മറുപടി സ്ത്രീയുടെ ശക്തിയിലും വ്യക്തിത്വത്തിലും കൂടുതല്‍ ഉറച്ചു മുന്‍പോട്ടു പോവുക എന്നത് തന്നെയാണ്.
നൃത്താദ്ധ്യാപിക എന്ന നിലയില്‍ ലോക്ക്ഡൗണ്‍ സമയത്തു വീട്ടില്‍ ഇരിക്കുന്ന കുട്ടികളോട് പറയാന്‍ ഉള്ളത്
നൃത്തം എന്നും പ്രാക്ടീസ് ചെയ്യണം. അതോടൊപ്പം സമയമില്ല എന്ന് പറഞ്ഞു മാറ്റിവെച്ചിരുന്ന ഒരുപാടു കാര്യങ്ങള്‍ ഉണ്ട്. അതൊക്കെ വീണ്ടും പൊടി തട്ടിയെടുക്കാന്‍ ശ്രമിക്കുക. ഒന്നുമില്ലെങ്കില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ശ്ലോകങ്ങള്‍, നല്ല നല്ല കവിതകള്‍; ഇന്നത്തെ കുട്ടികളില്‍ പലര്‍ക്കും നല്ല നല്ല കഥകളോ പുരാണങ്ങളോ ഒന്നും തന്നെ കാര്യമായി അറിയില്ല. അതിനൊക്കെയുള്ള സമയമായി ഇത് കണക്കാക്കുക. ഒപ്പം നല്ല പുസ്തകങ്ങള്‍ വായിക്കുക.
Content Highlights: dancer neena prasad choreographed a mohiniyattam based on corona pandemic