Chintha
ചിന്ത, Mathrubhumi Archive

ജിമിക്കി കമ്മല്‍ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തെ കുറിച്ച് സംസ്ഥാന യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം നടത്തിയ പ്രസംഗം രണ്ടുദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലെ ട്രെന്‍ഡിങ് ടോപ്പിക്കാണ്.

ചിന്തയുടെ പരാമര്‍ശത്തിനെതിരെ സിനിമ പ്രവര്‍ത്തകരുള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തിയത്. ട്രോളുകളും സജീവമായിരുന്നു. യഥാര്‍ഥത്തില്‍ ആ പ്രസംഗത്തിലൂടെ ചിന്ത പറയാന്‍ ശ്രമിച്ചത് എന്താണ്.. മാതൃഭൂമി ക്ലബ് എഫ് എമ്മിനോട് ചിന്ത മനസ്സുതുറന്നപ്പോള്‍. 

ജിമിക്കി കമ്മല്‍ എനിക്കും ഇഷ്ടം 

'അത് 45 മിനിട്ട് നീണ്ടുനിന്ന ഒരു പ്രസംഗമാണ്. അതില്‍ രണ്ടുമിനിറ്റ് മാത്രമുള്ള വീഡിയോ മാത്രമാണ് പ്രചരിക്കുന്നത്. അതിന് മുമ്പ് ആ പ്രസംഗത്തിലെ അവസാന ഭാഗത്ത്  ലോകത്തിലെ യുവാക്കളെ കുറിച്ച് പറഞ്ഞ ഒരു ഭാഗം കുറച്ച് പേര്‍ ഷെയര്‍ ചെയ്തിരുന്നു. 

എനിക്ക് അവിടെ പ്രസംഗിക്കാന്‍ തന്നിരുന്ന വിഷയം മാറുന്ന ഇന്ത്യന്‍ യുവത്വം എന്നായിരുന്നു. ശരിക്ക് ആ വിഷയത്തില്‍ ഊന്നിയുള്ള ഒരു സംഭാഷണമാണ് ഞാന്‍ നടത്തിയത്. പ്രസംഗം എന്ന് പറയുന്നത് ഗൗരവമേറിയ വിഷയങ്ങള്‍ മാത്രം പറയാനുള്ള ഒന്നല്ലല്ലോ, 45 മിനിട്ട് ആകുമ്പോള്‍ കുറച്ച് ലളിതമായ കാര്യങ്ങളും  ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞിട്ടുള്ള കാര്യങ്ങളുമെല്ലാം ചര്‍ച്ചയും വിശകലനവും നടത്തിയാണല്ലോ പ്രസംഗം മുന്നോട്ട് പോകുന്നത്. 

അതിന്റെ ഭാഗമായി ഞാന്‍ മാറുന്ന പരസ്യങ്ങളെ കുറിച്ച് സൂചിപ്പിച്ചു. സീരിയലുകളെ കുറിച്ച് സൂചിപ്പിച്ചു. പരസ്യങ്ങളില്‍ എല്ലാം വരുന്ന സ്ത്രീ വിരുദ്ധത, ദളിത് വിരുദ്ധത എല്ലാം സൂചിപ്പിച്ച് പോയ സന്ദര്‍ഭത്തിലാണ് ഇന്ന് യുവാക്കള്‍ ഏറെ ആഘോഷിക്കുന്ന ജിമിക്കി കമ്മല്‍ എന്ന പാട്ടിനെ കുറിച്ച് സംസാരിച്ചത്. വ്യക്തിപരമായി അതിന്റെ സംഗീതത്തെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അതിന്റെ സംഗീതം കേട്ടാല്‍ സ്വാഭാവികമായി താളം പിടിക്കാന്‍ എല്ലാവര്‍ക്കും തോന്നും. പിന്നെ നമ്മുടെ കൊച്ചു കേരളത്തിലെടുത്ത ആ ഗാനം കേരളത്തിന് പുറത്തേക്ക്, ഒരുപാട് സ്ഥലത്തേക്ക് പോകുന്നു. അത് നമ്മുടെ ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് പേകുന്നു എന്നുള്ളതെല്ലാം വളരെ അഭിമാനത്തോടുകൂടി കാണുന്ന ആള്‍ തന്നെയാണ് ഞാനും.

പക്ഷേ ചെറുപ്പം മുതലേ നമ്മുടെ മനസ്സില്‍ രൂപപ്പെട്ട ഒരു ചിന്താഗതി, ഞാനിപ്പോള്‍ ഗവേഷണം ചെയ്യുന്നത് 90കള്‍ക്ക് ശേഷമുള്ള മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം എന്ന വിഷയത്തിലാണ്. അപ്പോള്‍ ഏതൊരു ആര്‍ട്ടിനേയും പൊളിറ്റിക്കലായി നാം നോക്കുമ്പോള്‍ അത് പുറത്തുവിടുന്ന സന്ദേശം എന്താണ് എന്ന് കൂടി ചര്‍ച്ചക്ക് വിധേയമാക്കണം എന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. ഗാനം നല്ലതെന്നോ ചീത്തയെന്നോ ഉള്ള ഒരു വിലയിരുത്തലും നടത്താനോ വിധിയെഴുതാനോ ഞാന്‍ തയ്യാറായിട്ടില്ല. ഇത്തരം കവിതകള്‍, അതായത് ഇത്തരം ആശയങ്ങളുമായി പുറത്തേക്ക് വരുകള്‍ന്ന കവിത എന്തുകൊണ്ട് ഹിറ്റായി മാറുന്നു എന്നുള്ളത് നിങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് അവിടെ കൂടിയിരുന്ന ഇരുന്നൂറോ മുന്നൂറോ വരുന്ന കുട്ടികളുടെ അടുത്ത് ഞാന്‍ പറഞ്ഞത്. പിന്നീട് അവര്‍ തന്നെയാണ് യുട്യൂബില്‍ ഇത് പോസ്റ്റ് ചെയ്തത്. അത് ഷെയര്‍ ചെയ്യപ്പെട്ടു. പക്ഷേ എന്തുകൊണ്ടാണ് ഇപ്പോള്‍ ഇത്തരത്തില്‍ ചര്‍ച്ചകള്‍ പോകുന്നത് എന്ന് എനിക്ക് അറിയില്ല. 

ട്രോളുകളെ ഞാന്‍ നന്നായി ആസ്വദിക്കുന്നു

ആരോഗ്യപരമായ ചര്‍ച്ചകളെ നമ്മള്‍ എപ്പോഴും സ്വാഗതം ചെയ്യും. ഞാന്‍ ആ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് നടക്കുന്നത്. എന്തുകൊണ്ട് ഇത് ഹിറ്റാകുന്നു എന്നുള്ളത് നിങ്ങള്‍ ചര്‍ച്ച ചെയ്യണം. അത് വളരെ കൃത്യമായി നടക്കുകയാണ്. ട്രോളുകളെല്ലാം ഞാന്‍ വളരെ നന്നായി എന്‍ജോയ് ചെയ്യുന്ന ഒരാളാണ്. അവരുടെ ക്രിയേറ്റീവായ റെസ്‌പോണ്‍സും സ്‌പൊണ്ടേനിയസായ തമാശകളും.. വളരെ രസകരമായാണ് ഞാന്‍ അത്തരം കാര്യങ്ങളെ ഞാന്‍ നോക്കിക്കാണുന്നത്. പക്ഷേ ഞാന്‍ പറഞ്ഞ നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നുണ്ട്. അതായത് ആര്‍ട്ട് ഫോര്‍ ആര്‍ട്ട് സെയ്ക്ക് ആണോ ആര്‍ട്ട് ഫോര്‍ ലൈഫ് സെയ്ക്ക് ആണോ എന്നുള്ളത് നിരന്തരമായി സമൂഹത്തില്‍ നടക്കുന്ന ഒരു ചര്‍ച്ചയാണ്. കല കലയ്ക്ക് വേണ്ടിയോണോ അതോ കല സമൂഹത്തിന് വേണ്ടിയാണോ എന്നുള്ളത്. കല തീര്‍ച്ചയായും സമൂഹത്തെ മുന്നോട്ട് നയിക്കുന്നതാകണം അല്ലാതെ പിന്നോട്ട് നയിക്കുന്നതാകരുത്. ആ ഒരു ആശയം മാത്രമാണ് ഞാന്‍ പറയാന്‍ ആഗ്രഹിച്ചിട്ടുള്ളൂ. 

 

ഷാന്‍ റഹ്മാന്‍ കമ്പോസ് ചെയ്ത ഈ ഗാനത്തോട് ഇഷ്ടക്കുറവില്ല

ഷാന്‍ റഹ്മാന്‍ എനിക്ക് ഒത്തിരി പ്രിയപ്പെട്ട ബഹുമാനിക്കുന്ന ഒരു സംഗീത സംവിധായകനാണ്. അദ്ദേഹത്തിന്റെ സംഗീതത്തെ മോശമാക്കി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. 

സ്ത്രീത്വത്തെ അവഹേളിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല

അങ്ങനെ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. എനിക്ക് ഏറ്റവും തമാശ തോന്നിയത് ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ ആ പാട്ടിലേക്ക് എടുത്തിട്ട് രാത്രി അലമ്പു കാണിക്കുന്നവര്‍ക്കെതിരെ കേസെടുക്കണം എന്നൊക്കെ പറഞ്ഞുള്ള ഭയങ്കര ട്രോളുകള്‍ എല്ലാമാണ് വരുന്നത്. 

നമ്മള്‍ അങ്ങനെ ഓരോ വാക്കിനേയും എടുത്ത് ഇഴകീറി പരിശോധിക്കുക എന്നൊന്നുമല്ല ഞാന്‍ ഉദ്ദേശിച്ചത്. ഞാന്‍ അതില്‍ ഉദ്ദേശിച്ചത് ആ വരികള്‍പുറത്ത് വിടുന്ന ഒരു സന്ദേശം അത് ഏത് തരത്തിലുള്ളതാണെന്ന് ഇവിടെ ചര്‍ച്ച ചെയ്യട്ടെ എന്നുമാത്രമേ ഞാന്‍ പറഞ്ഞിട്ടുളളൂ. നല്ല ആരോഗ്യപരമായ ചര്‍ച്ച നടക്കട്ടേ. 

മുരളി ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

കണ്ടിരുന്നു. അതൊക്കെ നമ്മള്‍ എല്ലാ കാലഘട്ടത്തിലും ഉയര്‍ത്തിപ്പിടിക്കുന്ന ഗാനങ്ങളാണല്ലോ. എന്നുകരുതി ജിമിക്കി കമ്മല്‍ മോശമാണെന്ന് ഞാന്‍ ആ പ്രസംഗത്തിലും പറഞ്ഞിട്ടില്ല. ഈ നിമിഷം വരെയും പറഞ്ഞിട്ടില്ല. അത് കേരളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം പോയതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. പക്ഷേ ഇത്തരം ഗാനങ്ങളാണ് ഹിറ്റാകുന്നത് എന്ന് നമ്മള്‍ ചര്‍ച്ച ചെയ്യണം എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ. അതാണല്ലോ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അത് നടന്നുകൊണ്ടിരിക്കട്ടെ. 

ഇതെല്ലാം സംഭവിച്ചത് അവിടെ വച്ചാണ്

പ്രസംഗം നടന്നത്‌ പരുമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ വെച്ചാണ്. അവിടെ അവരുടെ യുവജന സംഘടനയുടെ ഒരു അന്തര്‍ദേശീയ സമ്മേളനമായിരുന്നു. ഞാനവിടെ സംസാരിച്ചിട്ട് പോയി. 45 മിനിട്ട് നീണ്ടുനിന്ന പ്രസംഗം അവര്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു അതില്‍ നിന്ന് ഒരു ഭാഗം കട്ട് ചെയ്താണ് പ്രചരിപ്പിക്കപ്പെട്ടത്. അതിന്റെ അവസാന ഭാഗത്ത് ലോകത്തെ യുവാക്കളെ പറ്റിപറഞ്ഞ ഒരു ഭാഗം ഇതിന് മുമ്പ് കുറച്ചാളുകള്‍ ഷെയര്‍ ചെയ്തിരുന്നു. ഇത് മറ്റൊരു ഭാഗത്താണ്. ഇതിന്റെ ഓരോ ഭാഗങ്ങള്‍ കട്ട് ചെയ്ത് പുറത്തുവരുന്നതിന്റെ പ്രശ്‌നമാണ് അത്.