യാത്രകളെ ഏറെ സ്‌നേഹിച്ചൊരു പെണ്ണ്, ഭാനുപ്രിയ പുതുശ്ശേരി. ഇഷ്ടമുള്ള ഇടങ്ങളിലൊക്കെ സ്വതന്ത്രമായി തനിയെ സഞ്ചരിക്കണമെന്ന് അവള്‍ ആഗ്രഹിച്ചു. പക്ഷേ, തനിച്ചുള്ള ഓരോ യാത്രയിലും എവിടെയൊക്കെയോ സമൂഹം തന്നെ അരക്ഷിതയാക്കുന്നതിന്റെ ചവര്‍പ്പ് അവള്‍ രുചിച്ചു. 

എന്തുകൊണ്ട് എന്നോട് മാത്രം ഇങ്ങനെ എന്ന്  അവള്‍ ചിന്തിച്ചില്ല,പകരം എന്തുകൊണ്ട് ഓരോ പെണ്ണിനോടും സമൂഹം ഇങ്ങനെ എന്ന് ചിന്തിച്ചു. ആ ചിന്തയെ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ എന്താണ് മാര്‍ഗമെന്നായി പിന്നെ ആലോചന. യാത്രകളിലൂടെ തന്നെ അതിനൊരു വഴി കണ്ടെത്തണമെന്നും ആഗ്രഹിച്ചു. തനിക്കൊരു യാത്ര പോകണമെന്ന് അവള്‍ സുഹൃത്തുക്കളോട് പറഞ്ഞുകൊണ്ടേയിരുന്നു. ആ സൗഹൃദചര്‍ച്ചകള്‍ക്കിടെയെപ്പോഴോ ആണ് കൊച്ചിയിലൂടെയൊരു യാത്ര എന്ന ആശയം അവളിലേക്കെത്തിയത്. 

uu

കൊച്ചി നിരത്തില്‍ ഒരു പെണ്ണ്; അവളിലേക്കുള്ള നോട്ടങ്ങളെ പകര്‍ത്തി 1000 ചിത്രങ്ങള്‍

യാത്രകളോടുള്ള  പ്രണയത്തെ ചിത്രങ്ങളുമായി കൂട്ടുചേര്‍ത്ത് സമൂഹത്തിലേക്ക് കണ്ണാടിയായി പിടിക്കാന്‍ ഭാനുവും കൂട്ടുകാരും തീരുമാനിച്ചു. അങ്ങനെ 'വൊയോജ് ഓഫ് ടൈം ഫ്രെയിമിലായി'. സമയത്തിലേക്കുള്ള അവളുടെ പ്രയാണം ദിവസങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ഒറ്റയ്‌ക്കൊരു പെണ്ണ് പുറത്തിറങ്ങി നടന്നാല്‍ പകലായാലും രാത്രിയായാലും സമൂഹം എങ്ങനെയൊക്കെ പ്രതികരിക്കുമെന്ന് ആ ചിത്രങ്ങള്‍ പറയാതെപറഞ്ഞു. അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും അവളെത്തേടിയെത്തി. എല്ലാത്തിനും ചിരിച്ചുകൊണ്ടവള്‍ മറുപടി നല്‍കുന്നു, പ്രതികരണങ്ങള്‍ക്ക് നന്ദി.

ഭാനുവിന്റെ യാത്രകള്‍....

യാത്രകള്‍ ഒറ്റക്കും, കൂട്ടമായും ചെയ്യാറുണ്ടെങ്കിലും അതിലുണ്ടാകുന്ന ആശങ്കകള്‍ എനിക്ക് പലതാണ്.അത് തന്നെയാണ് വൊയേജ് ഓഫ് ടൈമിലൂടെ പറയാന്‍ ശ്രമിച്ചതും. പുറമേ ധൈര്യം ഭാവിച്ച് തലയുയര്‍ത്തി നടക്കുമ്പോഴും അപരിചിതമായ ഇടങ്ങളില്‍ ചിലപ്പോഴൊക്കെ അത്രമേല്‍ പരിചിതമായ ഇടങ്ങളിലും ഒരു പെണ്ണ് മനസ്സില്‍ അനുഭവിക്കുന്ന പേടികളുണ്ട്. ഓരോ നോട്ടത്തെയും ആശങ്കയോടെയോ ഭയപ്പാടോടെയോ നോക്കിയേ പറ്റൂ അവള്‍ക്ക്,പക്ഷേ അത് അവളുടെ കണ്ണുകളില്‍ അറിയാനും പാടില്ല. ഈ അവസ്ഥ തന്നെയാണ് ഫോട്ടോഷൂട്ടില്‍ പലസമയത്തും കാണാനായതും.

ss

കൂടെയാളുണ്ടായിട്ടും...

ഫോട്ടോഷൂട്ടാണെന്നറിയാം, കൂടെയാളുണ്ടെന്നറിയാം. എന്നിട്ടും കണ്ണകലത്ത് അവരെ രണ്ടാളെയും കാണാതായപ്പോ ഞാന്‍ ടെന്‍ഷനിലായി. ആ ഒറ്റപ്പെടല്‍ നേരത്ത് പലരും പല രീതിയില്‍ വന്ന് മിണ്ടി. ചോര്‍ന്നുപോയ ധൈര്യം പെട്ടന്ന് വീണ്ടെടുത്ത് അവരോട് ചിരിക്കാനോ സംസാരിക്കാനോ വേണ്ടരീതിയില്‍ മറുപടി പറയാനോ ഒക്കെ പറ്റി. അപ്പോഴുണ്ടായ സമാധാനം പറഞ്ഞറിയിക്കാന്‍ വയ്യ. ആദ്യാനുഭവമെന്ന രീതിയില്‍ എന്നെ സംബന്ധിച്ച് വളരെ വലുതാണ് ഈ ഫോട്ടോഷൂട്ട്. 

നോട്ടങ്ങള്‍,നല്ലതും ചീത്തയും...

ഒരു രാത്രിയും രണ്ട് പകലുമായിരുന്നു ഫോട്ടോഷൂട്ട്. ഒറ്റയ്ക്ക് നടക്കുന്ന എന്നെ ചിലരൊക്കെ അത്ഭുതത്തോടെ നോക്കി. ചിലര്‍ക്ക് ഞാനേതോ വിചിത്രജന്തു എന്ന ഭാവമായിരുന്നു. സ്‌നേഹത്തോടെയും കരുതലോടെയും കുശലാന്വേഷണങ്ങള്‍ നടത്തിയവവരുമുണ്ട്. അതിരാവിലെ തേവര റെയില്‍വേ സ്‌റ്റേഷനടുത്ത് ഷൂട്ടിങ്ങിന് പോയി. പണിയ്ക്ക് പോവാന്‍ കൂട്ടമായി നില്‍ക്കുന്ന തമിഴ്‌തൊഴിലാളികളുണ്ടായിരുന്നു അവിടെ. എന്നെ ഒറ്റയ്ക്ക് കണ്ടിട്ടും അലോസരമുണ്ടാക്കുന്ന രീതിയിലല്ല അവര്‍ പ്രതികരിച്ചത്. സ്‌നേഹത്തോടെ കാര്യങ്ങള്‍ തിരക്കി. അത്യരം സ്‌നേഹത്തോടെയും കരുതലോടെയും പെരുമാറിയത് എനിക്കും അത്ഭുതമായിരുന്നു. രാത്രിസമയത്ത് പലരും നോട്ടം കൊണ്ടും ആംഗ്യങ്ങള്‍ കൊണ്ടുമൊക്കെ മോശമായി പെരുമാറി. ചിലര്‍ എന്റെ ഒറ്റയ്ക്കുള്ള നില്‍പിനെ ചോദ്യം ചെയ്യാന്‍ വന്നു.

bbb

പ്രതികരണങ്ങള്‍...

ഫോട്ടോഷൂട്ടാണെന്നും എന്റെ യാത്രയാണെന്നും പറഞ്ഞ് തന്നെയാണ് ഞാന്‍ ഫോട്ടോസ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. അഭിനന്ദിച്ചവര്‍ നിരവധിയുണ്ട്. അവര്‍ തന്ന പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദിയുണ്ട്. മറ്റ് ചിലര്‍ വിമര്‍ശിച്ചു, ഐപിഎസുകാരി നടത്തിയ രാത്രിയാത്രയോടൊക്കെ ഉപമിച്ച്. കൊച്ചിയില്‍ സ്ത്രീകള്‍ സുരക്ഷിതരാണോ,സ്ത്രീ സുരക്ഷ ഊട്ടിഉറപ്പിക്കാനാകുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയല്ല ഈ യാത്രയെന്ന് ആദ്യമേ ഞങ്ങള്‍ പറഞ്ഞിരുന്നതാണ്. എന്നിട്ടും വെറുതെ ഓരോ വിമര്‍ശനങ്ങള്‍. സമൂഹത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെവച്ച് ബര്‍സയുടെയും എന്റെയും നടത്തത്തെ കൂട്ടിവായിച്ചവരുണ്ട്, അവരോട് നല്ല നമസ്‌കാരമുണ്ട്. പിന്നെ, ഒരു ഫോട്ടോ ഷൂട്ട് അനുഭവത്തെ, പ്രിവിലേജ്ഡ് നടത്തവും, കവര്‍ ഗേള്‍ സ്റ്റാറ്റസും ഒക്കെ കൂട്ടിക്കുഴച്ച് അവസാനം എന്റെ ജാതി എന്തെന്ന് വരെ പറഞ്ഞു പോകുന്ന പോസ്റ്റുകളൊക്കെ കാണുമ്പോ വല്ലാത്ത സങ്കടം തോന്നി.

jj

പുതിയ യാത്രയുടെ തുടക്കം..

നൃത്തത്തോടും അഭിനയത്തോടും ഒരുപാടിഷ്ടമുണ്ട് എനിക്ക്. കലാരംഗത്ത് സജീവമാകാനുള്ളതിന്റെ തുടക്കം തന്നെയാണ് ഈ വൊയോജ് ഓഫ് ടൈമും. ഞാന്‍ യാത്ര തുടങ്ങിയിട്ടേ ഉള്ളൂ. പിന്തുണയുമായി കൂടെ ഉള്ളവരുണ്ട്, കൂട്ടുകാരുണ്ട്, പ്രണയങ്ങളുണ്ട്, വീട്ടുകാരുണ്ട്......

കണ്ണൂര്‍ ചുഴലി സ്വദേശിനിയായ ഭാനുപ്രിയ പുതുശ്ശേരി പയ്യന്നൂര്‍ കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയായിരുന്നു.