നിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും അവര്‍ക്കൊപ്പം സന്തോഷമായി ജീവിക്കുകയാണെന്നും ബിഗ് ബോസിലൂടെ തുറന്നുപറഞ്ഞ യുവനടന്‍ ബഷീര്‍ ബഷി കല്ലുമ്മക്കായ എന്ന വെബ് സീരീസിന്റെ ഷൂട്ടിങ് തിരക്കിലാണ്. ഇതിലെ കഥാപാത്രങ്ങള്‍ ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയും തന്നെയാണ്. ഒരു കുടുംബത്തിനുള്ളിലെ സ്‌നേഹവും വഴക്കും അമളികളുമൊക്കെയാണ് വെബ്‌സീരീസിന്റെ ഉള്ളടക്കം. തന്റെ ജീവിതത്തെ കുറിച്ച് ബഷീര്‍ തുറന്ന് പറയുന്നു. 

എപ്പോഴായിരുന്നു ആദ്യവിവാഹം?

കപ്പലണ്ടി കച്ചവടം ചെയ്യുമ്പോള്‍ തന്നെ ഞാന്‍ സുഹാനയുമായി പ്രേമത്തിലായിരുന്നു. കച്ചവടത്തിനിടയില്‍ പുള്ളിക്കാരത്തിയെ കണ്ട് പരിചയപ്പെട്ട് അടുപ്പമായതാണ്. സുഹാന സെന്റ് തെരേസാസ് കോളേജില്‍ പഠിക്കുകയായിരുന്നു. ഞങ്ങള്‍ സ്‌നേഹത്തിലായി. പുള്ളിക്കാരത്തി എല്ലാത്തിനും എന്റെ സപ്പോര്‍ട്ടായി നില്‍ക്കുമായിരുന്നു. ഞാന്‍ അതിനിടെ റെഡിമെയ്ഡ് ഷോപ്പ് തുടങ്ങി. ആ സമയത്ത് തന്നെ കല്യാണവും കഴിഞ്ഞു. 

എന്തിനാണ് ബഷീര്‍ രണ്ടാമത് വിവാഹിതനായതെന്ന് ചോദിക്കുന്ന ഒട്ടേറെപ്പേരുണ്ട്?

ആള്‍ക്കാര്‍ക്ക് എന്തും ചോദിക്കാം. 'ബഷീര്‍ ബഷി എന്തുകൊണ്ട് വേറെ കെട്ടി, സുഹാനയ്ക്ക് ബഷിയെ ഉപേക്ഷിച്ചുകൂടായിരുന്നോ' എന്നൊക്കെ ചോദിക്കുന്നവരുണ്ട്. അപ്പോഴും സുഹാന ചോദിച്ചത് ഞാന്‍ എന്തിനാണ് എന്റെ ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നതെന്നാണ്. ഭര്‍ത്താവിനോട് എനിക്കിപ്പോഴും സ്‌നേഹമുണ്ട്. ഭര്‍ത്താവിന് തിരിച്ചും സ്‌നേഹമുണ്ട്. ഈ പറയുന്നതെല്ലാം ഫെയ്ക്ക് ആണെന്ന് വിശ്വസിക്കുന്നവരുണ്ട്. പക്ഷേ അങ്ങനെയല്ല. ഒരാള്‍ക്ക് ഒരാളെ മാത്രമേ സ്‌നേഹിക്കാന്‍ പറ്റുള്ളോ. എന്തൊരു വിഡ്ഢിത്തമാണത്?

എനിക്ക് മറ്റൊരാളോട് തോന്നിയൊരു ഇഷ്ടം ഞാന്‍ ഭാര്യയുടെ അടുത്ത് തുറന്നുപറയുകയായിരുന്നു. സ്വാഭാവികമായും ആദ്യമത് കേട്ടപ്പോള്‍ ഏതൊരു ഭാര്യക്കും ഉണ്ടാവുന്ന വിഷമം  സുഹാനയ്ക്കും ഉണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ അവളോട് ചോദിച്ചു.  'നീ കരച്ചിലും ബഹളവുമൊക്കെയുണ്ടാക്കിയാലും ഞാനീ ബന്ധം മുന്നോട്ട് കൊണ്ടുപോവാതിരിക്കുമെന്ന് തോന്നുന്നുണ്ടോ, ഞാന്‍ എല്ലാ കാര്യങ്ങളും നിന്നോട് തുറന്നുപറയുന്നില്ലേ' എന്ന്. പതുക്കെ അവള്‍ക്ക് മനസ്സിലായി, ഞാന്‍ പറയുന്നതാണ് ശരിയെന്ന്. അപ്പോഴും എന്റെ കുടുംബത്തിലെ കാര്യങ്ങള്‍ ഭംഗിയായാണ് പോയിക്കൊണ്ടിരുന്നത്. സുഹാനയോടുള്ള സ്‌നേഹത്തില്‍ ഒരു കുറവ് പോലും ഞാന്‍ കാണിച്ചിട്ടില്ല. അങ്ങനെ സുഹാന വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

പക്ഷേ രണ്ട് ഭാര്യ, രണ്ട് വിവാഹം എന്നിവയെല്ലാം നിലവിലുള്ള സാമൂഹികവ്യവസ്ഥയ്ക്ക് എതിരാണെന്ന് എന്തുകൊണ്ട് താങ്കള്‍ ചിന്തിക്കുന്നില്ല?

സമൂഹത്തിന് നമ്മളെ പറ്റി അറിയില്ല. ഇവന്റെയൊക്കെ ജീവിതം എന്ത് തോന്നിവാസമാണെന്നൊക്കെ പറയുന്നവരുണ്ട്. പക്ഷേ ഇതൊക്കെ ഇവിടെ എന്ത് കാര്യം ചെയ്താലും ഉണ്ടാവും. വലിയ സെലിബ്രിറ്റികളുടെ കാര്യം നോക്കൂ. ഉദാഹരണത്തിന് പ്രിയാവാര്യര്‍. അവരെയും ആള്‍ക്കാര്‍ വെറുക്കുന്നുണ്ട്. അവരൊക്കെ എന്ത് ചെയ്തിട്ടാണ്. ഒന്നുമല്ലാത്തയാള്‍ പെട്ടെന്ന് ഫേമസാവുന്നത് പലര്‍ക്കും ഇഷ്ടമല്ല. അതാണ് പ്രശ്‌നം.  

ബഷീറിനെ ആരെങ്കിലും അനുകരിക്കാന്‍ ശ്രമിച്ചാല്‍?

ഇങ്ങനെ ആഗ്രഹിക്കുന്നവരുണ്ട്. ചിലര്‍ ഫോണ്‍ വിളിച്ച് ചോദിക്കും. പക്ഷേ അവരോടൊക്കെ ഞാന്‍ പറയാറുണ്ട്. 'എന്റെ പൊന്നളിയാ, ഇമ്മാതിരി കാര്യത്തിന് എന്നെ വിളിക്കണ്ടെന്ന്.' ആരും എന്നെ കണ്ട് പഠിക്കാന്‍ നില്‍ക്കണ്ട. ഇത് നിങ്ങള്‍ വിചാരിക്കുന്ന പോലുള്ള ജീവിതമല്ല. എല്ലാവരും സുഹാനയും മഷൂറയുമാവില്ല. ഞാന്‍ പിന്നെ എന്തോ ഭാഗ്യത്തിന് രണ്ടുപേരേയും കറക്ടായി മാനേജ് ചെയ്ത് വഴക്കൊന്നുമില്ലാതെ സന്തോഷത്തോടെ മുന്നോട്ട് പോവുന്നു. ഞങ്ങളുടെ മൂന്ന് പേരുടെ മനസ്സും ഒരുപോലെ യോജിച്ച് പോവുന്നതുകൊണ്ടാണ് ഞങ്ങളിങ്ങനെ ജീവിക്കുന്നത്.'' ബഷീര്‍ ചിരിച്ചു.

Coverകൂടുതൽ വായിക്കാൻ ഈ ലക്കം ഗൃഹലക്ഷ്മി കാണുക.

വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

Content Highlights: Lesser known facts of Basheer Bashi