അകമ്പടിവാഹനങ്ങളില്ല. മിന്നിത്തിളയ്ക്കുന്ന ബീക്കണ്‍ ലൈറ്റിന്റെ പ്രഭയും പത്രാസുമില്ല. മധ്യപ്രദേശ് സംസ്ഥാന പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അനുരാധാ ശങ്കര്‍ കോഴിക്കോട്ടെത്തിയത് വ്യത്യസ്തമായൊരു ദൗത്യവുമായാണ്.

കോഴിക്കോട് ഗാന്ധിഗൃഹത്തില്‍ ബാ-ബാപ്പു 150-ാം ജനനവര്‍ഷാചരണത്തിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്താനാണ് എ.ഡി.ജി.പി. എത്തിയത്. 'ഗാന്ധിജിയുടെ വര്‍ത്തമാനകാലപ്രസക്തി'യെക്കുറിച്ചായിരുന്നു സെമിനാര്‍. ഗാന്ധിമാര്‍ഗതത്ത്വങ്ങള്‍ക്കനുസരിച്ചായിരിക്കണം പോലീസിങ് എന്ന് ഇവര്‍ ഉറച്ചുവിശ്വസിക്കുന്നു. അഹിംസ ധീരന്റെ ആയുധമാണെന്ന് ഗാന്ധിജി പറഞ്ഞത് ഉള്‍ക്കൊള്ളുന്നു. ആയുധമുപയോഗിക്കാതെ, ഹിംസയില്ലാതെ, ഭോപാലില്‍ നക്‌സലുകളുടെ വമ്പന്‍ ആയുധനിര്‍മാണശാല കീഴടക്കിയ, അതിന് രാഷ്ട്രപതിയുടെ ഗാലന്‍ട്രിമെഡല്‍ നേടിയ ഡി.ഐ.ജി.യാണ് അനുരാധ. 1990 ബാച്ചിലെ ഐ.പി.എസ്. ഓഫീസര്‍. ജീവന്‍ അപകടത്തിലാവുമെന്ന ഘട്ടത്തിലേ സേനാംഗങ്ങള്‍ ഹിംസയ്ക്ക് മുതിരാവൂ എന്ന് ഇവര്‍ ഉറച്ചുവിശ്വസിക്കുന്നു. അഞ്ചു കൊടുംകുറ്റവാളികള്‍ ആയുധംവെച്ച് കീഴടങ്ങിയത് ഈ പോലീസ് ദീദിയുടെ മുന്നിലാണ്. പ്രകോപിപ്പിച്ചേക്കാവുന്ന ചോദ്യങ്ങളോടും ഓണവെയില്‍പോലെ തെളിഞ്ഞ ചിരിയോടെയാണ് അനുരാധയുടെ മറുപടി....

പോലീസ് ഗാന്ധിയെന്ന് വിളിച്ചോട്ടേ....

അതിലെ കുസൃതി ഞാന്‍ ശരിക്കും ആസ്വദിക്കുന്നു. പക്ഷേ, എന്റെ നിലപാട് കളിയായല്ല. മനസ്സില്‍ തികച്ചും അടിയുറച്ചതാണ്. ലഘൂകരിച്ച് കാണുകയുമരുത്. ഗാന്ധിമാര്‍ഗവിദ്യാര്‍ഥി എന്നനിലയില്‍ ഞാന്‍ അത് വ്യക്തമാക്കാം. പോലീസിന് ഈ അധികാരമെല്ലാം കിട്ടുന്നത് ഇന്ത്യന്‍ ഭരണഘടനയുടെയും ക്രിമിനല്‍ നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണഘടനയ്ക്ക് രൂപംകൊടുക്കുമ്പോള്‍ നിരവധികാര്യങ്ങളില്‍ ഗാന്ധിസം അതിനെ സ്വാധീനിച്ചിരുന്നു. ഈ സ്വാധീനം പ്രവൃത്തിരൂപത്തിലാവുമ്പോഴാണ് സാധാരണ പൗരന് നീതികിട്ടുന്നത്.

ഒരുസേനയ്ക്ക് പക്ഷേ, എത്രത്തോളം അഹിംസ സാധിക്കും?

സേനയ്ക്കാണ് കൂടുതല്‍ സാധിക്കുക എന്നാണ് എന്റെ വിശ്വാസം. കാരണം അത് അച്ചടക്കമുള്ള, പരിശീലനം നേടിയ, അധികാരമുള്ള, സായുധസംഘമാണ്. അവര്‍ക്ക് രക്തംചൊരിയാതിരിക്കാനും ആരെയും ഉപദ്രവിക്കാതിരിക്കാനുംകൂടി കഴിയും. ഏതൊരു സ്വാതന്ത്ര്യവും വിവേകത്തോടെയാണ് വിനിയോഗിക്കേണ്ടത്.

അക്രമത്തിലേക്ക് തിരിയുക എന്നത് ആരുടെയും അവകാശമല്ല. ഓരോരുത്തരെയും നീതിവഴിയില്‍ നടത്തുക, ക്രമസമാധാനം ഉറപ്പാക്കുക, നിയമവാഴ്ചയ്ക്ക് ഭംഗംവരുത്താതിരിക്കുക എന്നിവയൊക്കെ അക്രമമില്ലാതെയും സാധിക്കും. അക്രമവും സമാധാനവും എന്ന രണ്ട് ചോയ്സുള്ളപ്പോള്‍ ശാന്തിയുടെ മാര്‍ഗമായിരിക്കണം നാം സ്വീകരിക്കേണ്ടത്. കാരണം, അതാണ് പുരോഗമനപരം. അതാണ് നീതിപരം. അതാണ് മനുഷ്യാവകാശം ലംഘിക്കാത്തത്. അതാണ് നിലനില്‍ക്കുന്നതും.

പോലീസ് ഒരു അക്രമാസക്തമായ സങ്കീര്‍ണസാഹചര്യത്തെ എങ്ങനെ നേരിടണമെന്നാണ് കരുതുന്നത് ? കടുത്ത നടപടി കര്‍ശനമായി എടുക്കേണ്ടിടത്ത് സാരോപദേശമൊന്നും ഫലിച്ചെന്നുവരില്ല.

യഥാസമയമുള്ള ഇടപെടല്‍, കൃത്യമായ പ്ലാനിങ്, ചടുലമായ നീക്കങ്ങള്‍ എന്നിവയാണ് പോലീസിനുവേണ്ടത്. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതാവട്ടെ മുഖമുദ്ര. പലപ്പോഴും അക്രമനടപടികളെക്കാളും ശിക്ഷയെക്കാളും വിജയിക്കുന്നത് നടപടിയുണ്ടാവുമെന്ന ഭീതിപ്പെടുത്തലാണ്. തെലങ്കാനയിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ഞാന്‍ അതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. ലോ ആന്‍ഡ് ഓര്‍ഡറിലും അഡ്മിനിസ്ട്രേഷനിലും ഇപ്പോള്‍ പോലീസ് ട്രെയിനിങ്ങിലും പ്രവര്‍ത്തിക്കുമ്പോള്‍ അഹിംസയുടെ ഈ അടിസ്ഥാനതത്ത്വം ഉറച്ചുവിശ്വസിക്കുന്നു. നമ്മുടെ നന്മയും സമഗ്രവീക്ഷണവും അക്രമമാര്‍ഗം സ്വീകരിച്ചവര്‍പോലും വിലമതിക്കുന്നു എന്നാണ് എന്റെ അനുഭവം.

തീവ്ര ഇടതുനിലപാടുള്ള മാവോയിസ്റ്റുകള്‍പോലും മനഃപരിവര്‍ത്തനത്തിനു വിധേയരായ അനുഭവങ്ങളുണ്ട്. നല്ല പ്ലാനിങ്ങും ഉദ്ദേശ്യശുദ്ധിയോടെയും ആത്മാര്‍ഥതയോടെയുമുള്ള സമീപനവും പോലീസിനുണ്ടെങ്കില്‍ വിജയം സുനിശ്ചിതമാണ്. തിടുക്കപ്പെട്ട് ഒരുപാടുപേരെ കൊല്ലുന്നതിനെക്കാള്‍ പ്രയാസമാണ് പതുക്കെ ഓരോരുത്തരെയായി ബോധവത്കരിക്കുന്നത്. ഈ സന്ദേശം എന്റെ ട്രെയിനികള്‍ക്ക് പറഞ്ഞുകൊടുക്കാനാണ് വിരമിക്കാന്‍ അഞ്ചുവര്‍ഷം മാത്രമുള്ളപ്പോള്‍ ഞാന്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി ട്രെയിനിങ്ങിലേക്ക് മാറിയത്.

ഞങ്ങള്‍ക്ക് ജനമൈത്രിപോലീസുണ്ട്. അറിയാമോ ?

തീര്‍ച്ചയായും. മനോഹരമാണത്. എല്ലാ പോലീസ് സ്റ്റേഷനുകളും ജനമൈത്രി ലക്ഷ്യമാക്കട്ടെ. അതിനുതക്ക പരിശീലനം സേനയ്ക്ക് ലഭിക്കട്ടെ. അതിനെക്കാള്‍ കേരളത്തില്‍നിന്നുള്ള മികച്ച മാതൃകയായി എനിക്കുതോന്നിയിട്ടുള്ളത് സ്റ്റുഡന്റ് പോലീസ് കാഡറ്റാണ്. അത് രാജ്യവ്യാപകമാക്കണമെന്ന് ഞാന്‍ കേന്ദ്രസര്‍ക്കാരിന് എഴുതിയിട്ടുണ്ട്. ഈപരിശീലനം വലിയ പാഠങ്ങളാണ് കുഞ്ഞുമനസ്സില്‍ പകരുന്നത്.

ഗാന്ധിജിയോടുള്ള ഈ ആരാധന എന്നുതുടങ്ങി ?

കുട്ടിക്കാലംമുതല്‍. എന്റെ മുത്തശ്ശി ശകുന്തളാദേവിയും മുത്തച്ഛന്‍ ജഗദീശ് ചൗധരിയും പറഞ്ഞുതന്ന കഥകള്‍മുതല്‍ക്ക്. മുത്തശ്ശി ഗാന്ധിജിയുടെ ആശ്രമത്തില്‍ ദീര്‍ഘകാലം സന്നദ്ധസേവനം ചെയ്തിട്ടുണ്ട്.

കസ്തൂര്‍ബയോട് ഗാന്ധി നീതിപുലര്‍ത്തിയിട്ടില്ലെന്ന് ഒരു വാദമുണ്ട്....

തെറ്റിദ്ധാരണയാണത്. രണ്ടുമനുഷ്യര്‍ ഒന്നായതുപോലെയായിരുന്നു അവരുടെ ജീവിതം. ആറുമാസംമാത്രം പ്രായവ്യത്യാസമുള്ള അവര്‍ പരസ്പരം തിരുത്തിയും സ്‌നേഹിച്ചുമാണ് ജീവിതാവസാനകാലംവരെ വളര്‍ന്നത്. ഗുജറാത്തി കൂട്ടുകുടുംബത്തില്‍നിന്നുള്ള ഒരു വനിത എങ്ങനെ ഗാന്ധി എന്ന വിശ്വപൗരനെ, രാഷ്ട്രപിതാവിനെ ഉള്‍ക്കൊണ്ടു എന്നത് എന്നെ വിസ്മയിപ്പിക്കുന്നു. ഗാന്ധിയുടെ സത്യപരീക്ഷണങ്ങളില്‍ ബാ എന്നും പങ്കാളിയാവുകയായിരുന്നു. എന്റെ പ്രിയ കസ്തൂര്‍ എന്നാണ് മഹാത്മാവ് അവരെ എന്നും സംബോധന ചെയ്തിട്ടുള്ളത്. 15-ാം വയസ്സില്‍ മഹാത്മാഗാന്ധിയുടെ മകനെ പ്രസവിച്ച, 1942-ല്‍ അഗാഘാന്‍ കൊട്ടാരംവരെ ഗാന്ധിയെ പിന്തുടര്‍ന്ന, ശാരീരികംമാത്രമല്ല ചിന്താപരവും മാനസികവുമായ ഹിംസയും ക്രൂരമാണെന്ന് ഗാന്ധിജിയെ പഠിപ്പിച്ച വ്യക്തിയാണ് ബാ. ലോകനേതാവിനെ ഉള്‍ക്കൊള്ളാന്‍മാത്രം സ്വന്തം ഹൃദയവും ഗൃഹവും അടുക്കളയും തുറന്നിട്ട വനിത. ഗാന്ധി കസ്തൂര്‍ബയെയും ശക്തയായ സത്യാഗ്രഹിയാക്കിമാറ്റി. തുല്യവും മനോഹരവുമായ ഒരുമകൊണ്ട് അവര്‍ ഇരുവരും പരസ്പരപൂരകമായ ലോകമാതൃകയായി.

സിവില്‍ സര്‍വീസ് മോഹമുള്ള പെണ്‍കുട്ടികളോട് എന്തുപറയും ?

റോള്‍മോഡല്‍ ഞാനല്ല. ഗാന്ധിജിക്ക് മുഴുവന്‍ ആഭരണവും സമ്മാനിച്ച ഇന്നാട്ടുകാരി കൗമുദി ടീച്ചറോ 71-ാം വയസ്സില്‍ രണ്ടുകുഞ്ഞുങ്ങളെയുമെടുത്ത് വന്ദേമാതരം മുഴക്കിക്കൊണ്ട് ബ്രിട്ടീഷ് പട്ടാളത്തിനുനേര്‍ക്ക് നടന്നടുത്ത് ശിരസ്സില്‍ വെടിയേറ്റുവീണ് പിടഞ്ഞുമരിച്ച വംഗനാടിന്റെ അമ്മ മദംഗരി ഹാസയോ ഝാന്‍സിയുടെ റാണി ലക്ഷ്മീഭായിയോ അവര്‍ക്ക് മാതൃകയാവട്ടെ. കഠിനാധ്വാനവും അര്‍പ്പണബോധവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ സിവില്‍ സര്‍വീസ് നിങ്ങള്‍ക്ക് അധികാരത്തോടെ രാഷ്ട്രസേവനം ചെയ്യാന്‍ അവസരം നല്‍കുമെന്നുമാത്രം ഞാന്‍ ഓണാശംസയോടൊപ്പം അവരെ ഓര്‍മിപ്പിക്കട്ടെ.

Content Highlights: Anuradha Shankar IPS