'പ്രേമം' വന്നു പോയിട്ട് വര്‍ഷം രണ്ടായി. എങ്കിലും മലരും മേരിയും സെലിനും നമ്മുടെ മനസ്സു വിട്ടു പോയിട്ടില്ല. പനങ്കുല പോലെയുള്ള മുടി ഒരു വശത്തേക്ക് പാറിച്ച് പ്രേക്ഷകരുടെ മനസ്സില്‍ പ്രണയം നിറച്ച കഥാപാത്രമായിരുന്നു മേരി. മലയാളിത്തം ഏറെയുള്ള മേരിയെ അവതരിപ്പിച്ച അനുപമ പരമേശ്വരനെ പിന്നെ മലയാള സിനിമയില്‍ കണ്ടില്ല. ആ സമയം തെലുങ്കിലും തമിഴിലുമായി മൂന്നു ഹിറ്റ് സിനിമകളില്‍ അവര്‍ നായികയായി.

Anupama''രണ്ടു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഇന്ദുചൂഢന്‍...സോറി...അനുപമ മലയാള സിനിമയിലേക്ക് മടങ്ങിവന്നിരിക്കുന്നു. ചിലത് കാണാനും, ചിലത് കാണിച്ച് പഠിപ്പിക്കാനും...'', നരസിംഹത്തിലെ മോഹന്‍ലാലിനെ അനുകരിച്ച് അനുപമ ചിരിച്ചു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ജോമോന്റെ സുവിശേഷങ്ങളി'ലൂടെയാണ് അനുപമയുടെ തിരിച്ചുവരവ്.

പ്രേമത്തിനുശേഷം മുങ്ങി. ജോമോനില്‍ പൊങ്ങി?

പ്രേമത്തിനു ശേഷം ഓഫറുകള്‍ ഒരുപാട് വന്നു. എല്ലാം മേരിയുടെ ഫോട്ടോ കോപ്പി. അങ്ങനെയിരിക്കുമ്പോള്‍ ഹൈദരാബാദില്‍ നിന്നൊരു കോള്‍, സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസ്. തെലുങ്ക് സിനിമ 'അ, ആ...'യില്‍ നായിക വേഷം. സംഗതി ഹിറ്റ്. അപ്പോള്‍ ദേ... വിളിക്കുന്നു, ചെന്നൈയില്‍ നിന്ന് ധനുഷ്, തമിഴ് സിനിമ'കൊടി'യിലേക്ക്. അതും പൊരിച്ചു. വീണ്ടും തെലുങ്കില്‍.'പ്രേമ'ത്തിന്റെ റീമേക്ക്. പിന്നെ 'സതമാനം ഭവതി'. ശര്‍വാനന്ദ് ഹീറോ. അങ്ങനെ ഹൈദരാബാദിലും ചെന്നൈയിലുമായി ചുറ്റിത്തിരിയുമ്പോഴാണ് അന്തിക്കാട്ടുനിന്ന് സത്യന്‍ സാറിന്റെ വിളി വരുന്നത്. 'ജോമോന്റെ സുവിശേഷങ്ങളി'ല്‍ ദുല്‍ക്കറിന്റെ നായിക.'ഹാവൂ... രക്ഷപ്പെട്ടു', മനസ്സില്‍ പറഞ്ഞു. കേട്ടപാതി കൊച്ചിക്ക് തിരിച്ചു പറന്നു.

എല്ലാം ചുള്ളന്‍ നായകന്‍മാര്‍ക്കൊപ്പമാണല്ലോ?

പ്രേമം ചെയ്യുമ്പോള്‍ നിവിന്‍ തമാശ പറഞ്ഞു, 'തുടക്കം എന്റെ ഹീറോയിനായിട്ടാണ്. അതൊരു നല്ല ലക്ഷണമാണ്'. പിന്നീട് ചെയ്ത സിനിമകളിലെല്ലാം അതാത് ഭാഷകളിലെ നമ്പര്‍ വണ്‍ നടന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ പറ്റി. നിവിന്‍ വീട്ടിലെ ഒരംഗത്തെപ്പോലെയാണ്.  'അ... ആ'യിലെ നായകന്‍ നിഥിന്‍, ഒത്തിരി സൈലന്റാണ്. പുള്ളിയെ ഞാന്‍ മലയാളം പഠിപ്പിക്കാന്‍ നോക്കി. അതുകൊണ്ടുണ്ടായ ഗുണം,നിഥിന്‍ മലയാളം പഠിച്ചില്ലെങ്കിലും, ഞാന്‍ തെലുങ്ക് പഠിച്ചു. പെര്‍ഫോമന്‍സില്‍ അത്ഭുതപ്പെടുത്തിയ നടന്‍ ധനുഷാണ്. പെര്‍ഫെക്ഷന്റെ ആളാണ്. നാഗചൈതന്യ ഭയങ്കര ഡൗണ്‍ ടു എര്‍ത്താണ്. തെലുങ്കില്‍ സൂപ്പര്‍ ഹീറോയാണ്, പക്ഷേ, അതിന്റെ ഒരു ഭാവവും കാണിക്കില്ല. ദുല്‍ക്കര്‍ വെരി സ്വീറ്റ്.  പോസിറ്റീവ് എനര്‍ജിയുടെ ആളാണ്. പുള്ളി മാത്രമല്ല സെറ്റില്‍ എല്ലാവരും അങ്ങനെയായിരിക്കണം എന്ന നിര്‍ബന്ധവുമുണ്ട്. ഇക്കൂട്ടരില്‍ ശര്‍വ (നടന്‍ ശര്‍വാനന്ദ്) ഈസ് മൈ ബെസ്റ്റ് ഫ്രന്‍ഡ്. 'സതമാനം ഭവതി'യുടെ സെറ്റില്‍ 50 ദിവസം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. സെറ്റില്‍ എല്ലാവരും ചോദിച്ചു, 'നിങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രിയാണല്ലോ'. എനി വേ...ഞാനാ സെറ്റില്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ ആയിരുന്നു.

Anupama

തെലുങ്കിലേക്ക് പോയപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നല്ലോ?

ആക്ടീവല്ലാത്ത പെണ്ണിനേയും ആക്ടീവാക്കാനുള്ള കഴിവ് ചിലര്‍ക്ക് ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത് ഇക്കാലത്താണ്. പ്രകോപിച്ച് പ്രതികരിപ്പിക്കുന്ന രീതി. ഒരു മീഡിയ എന്നോടു ചോദിച്ചു, 'സ്ത്രീകളെ പ്രസവിക്കാനുള്ള ഉപകരണമായി മാത്രം കാണുന്ന ആണുങ്ങളോടുള്ള സമീപനം എന്താണ്?' ഞാന്‍ പറഞ്ഞു, 'അത്തരക്കാരെ ഞാന്‍ വെറുക്കുന്നു'. ആളുകള്‍ വ്യാഖ്യാനിച്ചുണ്ടാക്കിയത്, 'അനുപമയ്ക്ക് പുരുഷമാരെ വെറുപ്പാണ്'. സ്ത്രീകള്‍ക്ക് പ്രൊട്ടക്ഷന്‍, ലവ്, അഫക്ഷന്‍ ഇതാക്കെ കൊടുക്കുന്ന പുരുഷന്‍മാരോട് എനിക്ക് ആരാധനയും ബഹുമാനവും ഉണ്ട്. അത് മുങ്ങിപ്പോയി. പൊതുജീവിതത്തില്‍ സ്വാധീനിച്ചതോ പ്രകോപിപ്പിച്ചതോ ആയ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞാനത് ഫെയ്‌സ്ബുക്കില്‍ എഴുതാറുണ്ട്.  അതോടെ ഞാന്‍ ഫെമിനിസ്റ്റായി. ഞാന്‍ ഇങ്ങിനെയൊക്കെയാണോ എന്ന് ഇപ്പോള്‍ എനിക്കും തോന്നി തുടങ്ങിയിരിക്കുന്നു. ശരിക്കും അതെന്നെ മാനസികമായി ബോള്‍ഡാക്കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയുടെ ആക്രമണം വല്ലാതെ നേരിടേണ്ടി വന്നല്ലോ?

എന്തും തുറന്നു പറയുന്നു എന്ന ഭാവത്തില്‍ ഉള്ളിലുള്ള  ഇച്ഛാഭംഗം തീര്‍ക്കാനുള്ള വേദിയാണ് പലര്‍ക്കും സോഷ്യല്‍ മീഡിയ. ഒരു നടിയായതുകൊണ്ടായിരിക്കാം, നമ്മളൊരു ഫോട്ടോ പോസ്റ്റ് ചെയ്താല്‍ മോശം കമന്റുകള്‍ കൊണ്ട് പൊങ്കാലയിടും. നമ്മളെ ഇഷ്ടപ്പെടണം എന്നു പറയുന്നില്ല, മോശം കാര്യങ്ങള്‍  എന്തിനാണ് എഴുതുന്നത്. പാസീവ് എന്‍ജോയ്‌മെന്റു കിട്ടുമെന്നുള്ളതുകൊണ്ട് ആളുകള്‍ വായിക്കുമായിരിക്കും. പക്ഷേ, അതേ സമയം, ആ കമന്റ് ഇട്ടവന്റെ നിലവാരം കൂടി ആളുകള്‍ വിലയിരുത്തുന്നുണ്ട് എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.