''കുറെപ്പേര്‍ സിനിമയില്‍ വരാനായി കഷ്ടപ്പെടുന്നുണ്ട്. പക്ഷേ ചിലര്‍ക്ക് അത്രയൊന്നും മിനക്കെടേണ്ടി വരില്ല, എന്നെപ്പോലെ. ഞാനൊരിക്കലും സിനിമയിലെത്തുമെന്ന് വിചാരിച്ചിട്ടില്ല. പ്രതീക്ഷിക്കാതെ  ജീവിതത്തിലൊരു മിറാക്കിള്‍ ഉണ്ടായി.'' ഫോര്‍ട്ട് കൊച്ചിയിലെ സന്താരി റിസോര്‍ട്ടില്‍ വെച്ച് കാണുമ്പോള്‍ അനുപമ പരമേശ്വരന്‍ സന്തോഷത്തിലായിരുന്നു.

ഇരിങ്ങാലക്കുടയിലെ ആ സാധാരണ പെണ്‍കുട്ടി ഇപ്പോള്‍ തെലുങ്ക് സിനിമയിലെ മുന്‍നിര നായികമാരിലൊരാളാണ്. 'അ ആ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.  ''തെലുങ്കില്‍ ഏഴ് സിനിമകളിലാണ് അഭിനയിച്ചത്. മൂന്ന് സിനിമകള്‍ ഇറങ്ങാനുണ്ട്. അടുത്ത ജൂണ്‍ വരെ തിരക്ക് തന്നെ.'' വിസ്മയത്തോടെ അനുപമ ഓര്‍ത്തു.

രണ്ടു വര്‍ഷം മുന്നേ അല്‍ഫോണ്‍സ് പുത്രനെന്ന സംവിധായകനെ കണ്ടുമുട്ടുമ്പോള്‍ കോട്ടയം സി.എം.എസ്. കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി മാത്രമായിരുന്നു അനുപമ.''എന്റെ ജീവിതത്തെ മാറ്റിത്തീര്‍ത്തത് അല്‍ഫോണ്‍സാണ്. ഒരുപാട് പെണ്‍കുട്ടികള്‍ക്കിടയില്‍നിന്ന് എന്നെ സിനിമയ്ക്ക് പറ്റിയ ഒരാളായി അദ്ദേഹത്തിന് തോന്നി. ആ ഒരു നിമിഷമാവും ദൈവം എന്നിലേക്ക് ഭാഗ്യം ചൊരിഞ്ഞത്. '' പ്രേമത്തിന്റെ വമ്പന്‍വിജയത്തിനുശേഷം അനുപമ തെലുങ്കിലേക്ക് ചേക്കേറുകയായിരുന്നു.

Anupama

തെലുങ്കര്‍
''തെലുങ്കര്‍ക്ക് ഭയങ്കര സനേഹമാണ്. സ്ത്രീകളെ അവര്‍ ബഹുമാനിക്കുന്നു. സ്വന്തം വീട്ടിലെ കുട്ടിയെന്നൊരു പരിഗണന തരുന്നു. പലരും എന്നെ പൊട്ടി എന്നാണ് വിളിക്കുന്നത്. പൊക്കം കുറഞ്ഞ കുട്ടി എന്നുള്ള സ്‌നേഹത്തിന്റെ വിളി. 'ആ ആ' എന്ന സിനിമയില്‍ എന്റേത് കുറച്ച് നെഗറ്റീവായ കഥാപാത്രമാണ്. 

ആ പടം വിജയമായി. ആഘോഷം കഴിഞ്ഞ് മടങ്ങുന്ന വഴിക്ക് കുറെപ്പേര്‍ ബൈക്കില്‍ ഞങ്ങളെ പിന്തുടര്‍ന്നു. അവര്‍ ഭയങ്കര സ്പീഡില്‍ വണ്ടി ഓടിക്കുന്നു. ഞാന്‍ വണ്ടി നിര്‍ത്തി. ഗ്ലാസ് തുറന്നതും ഒരു കൊച്ചുകുട്ടി വന്ന് എന്റെ രണ്ട് കവിളിലും പിടിച്ച് ഒരുമ്മ. എന്നിട്ട് അവന്‍ നാണത്തോടെ എങ്ങോ മറഞ്ഞു. എനിക്ക് കിട്ടിയ വലിയ സമ്മാനമായിരുന്നു ആ ഉമ്മ.

Anupama

തേപ്പുകാരി മേരി
പ്രേമത്തിലെ മേരി ജോര്‍ജിനെ തേച്ചുപോയതാണ്. അതുപോലെ ജീവിതത്തിലും തേച്ച അനുഭവങ്ങളുമുണ്ട്. കുറെ പിള്ളാര്‍ നമ്മുടെ പിന്നാലെ നടക്കും. പക്ഷേ എല്ലാവരോടും കേറി യെസ് പറയാനാവില്ല. അപ്പോ അവരുടെ ഭാഷയില്‍ നമ്മള്‍ തേച്ചു എന്ന് കഥയുണ്ടാക്കും. ഒരാണ്‍കുട്ടിയോട് ഫ്രണ്ട്‌ലിയായി നിന്നാല്‍ അവരത് പ്രേമമായി കരുതും.  നമുക്ക് തേപ്പുകാരി എന്നൊരു പേരും വീഴും. 


Coverകൂടുതല്‍ വായിക്കാന്‍ ഗൃഹലക്ഷ്മി കാണുക. ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക