വയനാട്ടിലെ പൊഴുതന പഞ്ചായത്തിന്റെ പ്രസിഡന്റാണ് ഇരുപത്തി മൂന്നുകാരിയായ അനസ് റോസ്ന സ്റ്റെഫി. യുവസാരഥിയെ അദ്ധ്യക്ഷയായി കിട്ടിയതിന്റെ ആവേശത്തിലാണ് തോട്ടം തൊഴിലാളികളുടെയും ആദിവാസികളുടെയും സ്വന്തം ഭൂമികയായ പൊഴുതന ഗ്രാമം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദിവാസികള്‍ക്കായി പതിച്ചു നല്കിയ സുഗന്ധഗിരിയില്‍ നിന്നാണ് അനസ് പ്രസിഡന്റ് പദവിയിലേക്ക് നടന്നെത്തുന്നത്. വളരെ ഉത്സാഹത്തോടെയും കര്മോത്സുകതയോടെയും സുഗന്ധഗിരിയുടെ സ്വപ്നങ്ങള്‍ അനസ് പറഞ്ഞു. കൂലിപ്പണിയില്‍ ഉപജീവനം നടത്തുന്ന ചടച്ചിക്കുഴിയില്‍ സുനിലിന്റെയും സുജയുടെയും മൂത്ത മകളാണ്. പോളിടെക്നിക്ക് വിദ്യാര്‍ഥിയായ റോബിനാണ് സഹോദരന്. സ്വന്തം ജീവിതത്തില്‍ രൂപപ്പെടുത്തിയ കാഴ്ചപ്പാടുകളാണ് ചെറുപ്രായത്തില്‍ ഒരു പഞ്ചായത്തിന്റെ സാരഥിയായി അനസ് റോസ്നെയെ മാറ്റുന്നത്.
തദ്ദേശ സ്ഥാപനങ്ങളിലെ പ്രായം കുറഞ്ഞ അദ്ധ്യക്ഷ
ഈ തെരഞ്ഞെടുപ്പില്‍ ഞാന്‍ കന്നിവോട്ടര്‍ കൂടിയായിരുന്നു. ആദ്യമായി വോട്ടവകാശം വിനിയോഗിക്കുന്നയാള് സ്ഥാനാര്‍ഥി കൂടിയായത് യാദൃശ്ചികമാണ്. 23 വയസ്സ് പ്രായമായങ്കെിലും ഇതിന് മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഠനാവശ്യവുമായി ബന്ധപ്പെട്ട് നാട്ടിലില്ലായിരുന്നു. അതിനാല്‍ അന്ന് ആദ്യ വോട്ട് രേഖപ്പെടുത്താനായില്ല. അതിന് ശേഷം തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കോവിഡ് കാലമായതിനാല്‍ വീട്ടിലിയാരുന്നു ഓണ്‍ലൈന്‍ പഠനം. ഇന്ദിരഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ പി.ജി. ചെയ്യുകയാണ്. ഇതേ സമയം പൊഴുതന പഞ്ചായത്തിലെ ഏതെങ്കിലും വാര്‍ഡില്‍ മത്സരിക്കാനുള്ള ക്ഷണം വന്നു. യുവ പ്രാതിനിധ്യം വേണമെന്ന ഇടത് പാര്‍ട്ടിയുടെ തീരുമാനം ആശങ്ക കൂടാതെ ഏറ്റെടുത്തു. പഠനം ഗൗരവകരമായി കാണുന്നതിനാല്‍ ഇതിനെ ബാധിക്കുമോ എന്ന ഒരു ആശങ്കമാത്രം അലട്ടിയിരുന്നു. പൊതുപ്രവര്‍ത്തനവും പഠനത്തിന്റെ ഭാഗമായതിനാല്‍ മറ്റൊന്നും ആലോചിച്ചില്ല. ഉത്സാഹത്തോടെ തന്നെ സ്ഥാനാര്‍ഥിത്വം ഏറ്റെടുത്തു. കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ നിന്നും ബി.എസ്.സി സുവോളജിയില്‍ ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഒരു വര്‍ഷം പരീക്ഷാ പരിശീലനവും നേടിയിരുന്നു. ഇവിടെ നിന്നാണ് ഗ്രാമീണ തലത്തിലുള്ള പൊതുപ്രവര്‍ത്തനത്തിന്റെ ആഴവും പരപ്പും ആകാംക്ഷയായത്.
വോട്ടര്‍മാരുടെ സ്വീകാര്യത
വയനാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ ഉള്‍പ്പെട്ടതാണ് പൊഴുതന ഗ്രാമപഞ്ചായത്ത്. ബ്രിട്ടീഷ് അധിനിവേശ കാലത്ത് ഇംഗ്ളീഷുകാര് നട്ടു പിടിപ്പിച്ച തേയിലത്തോട്ടങ്ങള്‍ വന്‍കിട എസ്റ്റേറ്റായി രൂപപ്പെട്ട ഭൂമിശാസ്ത്രമാണ് പൊഴുതനയ്ക്കുള്ളത്. ചെങ്കുത്തായ കുറിച്യാര്‍മലയും ഉരുള്‍പൊട്ടല്‍ മേഖലയും മലമുകളിലെ ജനവാസ കേന്ദ്രമായ അംബയുമെല്ലാം ഇവിടെയാണ്. സാധാരണക്കാരുടെയും ആദിവാസി ജനവിഭാഗങ്ങളുടെയും അടിസ്ഥാന പ്രശ്നങ്ങളെ ചെറുപ്പം മുതല്‍ നേരിട്ടറിയുന്ന അനുഭവങ്ങളില്‍ നിന്നും എല്ലാ കോണുകളും സുപരിചിതം. മഴക്കാലത്തെല്ലാം പുറം ലോകത്ത് നിന്നും ഒറ്റപ്പെടുന്ന പ്രദേശമായതിനാല്‍ ഇതിന്റെ ദുരിതങ്ങളും നോവുകളുമെല്ലാം അസ്വസ്ഥതകള്‍ നിറയ്ക്കുമായിരുന്നു. ഈ ദുരിതങ്ങളെല്ലാം മാറണമെന്ന് ചിന്തിക്കുന്നവരുടെ പുതിയ തലമുറയിലെ അംഗം എന്ന നിലയില്‍ എന്റെ സ്ഥാനാര്‍ഥിത്വത്തെ ഈ പ്രദേശത്തുള്ള എല്ലാവരും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. നാടിന് ഒരു മാറ്റം ഉണ്ടാവുക എന്ന കാര്യത്തിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ പതിഞ്ഞത്. സ്വന്തം വാര്‍ഡിലല്ല. തൊട്ടടുത്ത വാര്‍ഡിലാണ് മത്സരിക്കാന്‍ സീറ്റ് കിട്ടിയത്. ഈ മാറ്റമെ#ാന്നും പ്രചാരണത്തിനെ ഒട്ടും ബാധിച്ചില്ല. ആദ്യ ഘട്ടത്തില്‍ തന്നെ രാഷ്ട്രീയത്തിന് അതീതമായി എല്ലായിടത്തുനിന്നും പിന്തുണ കിട്ടി തുടങ്ങി. സുഗന്ധഗിരിയിലെ ഒമ്പതാം വാര്‍ഡില്‍ നിന്നും എല്‍.ഡി.എഫ് അംഗമായി അങ്ങിനെ തെരഞ്ഞെടുക്കപ്പെട്ടു.
വിദ്യാര്‍ഥിനിയില്‍ നിന്നും ജനപ്രതിനിധിയിലേക്ക്
തെരഞ്ഞെടുപ്പ് വേളയില്‍ ഏറ്റവും കൂടുതല്‍ ചോദ്യമായതും ഉത്തരം നല്കിയതും ഒരു പക്ഷേ ഈ ചോദ്യത്തിനാകാം. സ്കൂള്‍ കാലഘട്ടവും അതു കഴിഞ്ഞ് കലാലയവും പിന്നിട്ട് ഉടന്‍ തന്നെ പൊതുപ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുക എന്നത് പരമ്പരാഗത സങ്കല്പ്പത്തിന് എതിരായത് കൊണ്ടാകാം. പൊതു പ്രവര്‍ത്തനം എന്നാല്‍ സാധാരണ ജീവിതത്തെ അടുത്തറിയുന്ന ആര്‍ക്കും എപ്പോഴും സ്വീകരിക്കാം. ജനിച്ചതും വളര്‍ന്നതും സുഗന്ധഗിരിയിലെ സാധാരണക്കാരുടെ ഇടയിലാണ്. അടിസ്ഥാന വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഞാനുള്‍പ്പെടുന്ന തലമുറയുടെയും പ്രശ്നമാണ്. ഇതെല്ലാം നേരിട്ടറിയുന്ന എനിക്ക് നാട് പിന്തുണ നല്കി. ഒരു നാടിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരുക എന്നതാണ് ഇനി എന്നെ കാത്തിരിക്കുന്ന ഉത്തരവാദിത്തവും. ഇതെല്ലാം വളരെ ഉത്സാഹത്തോടെയാണ് ഏറ്റെടുക്കുന്നതും. ഞാന്‍ നേടിയ വിദ്യാഭ്യാസം ഇതിന് കരുത്തുപകരും.
ആത്മവിശ്വാസം പ്രതീക്ഷകള്‍
പ്രളയകാലം പൊഴുതനെയെയും ആഴ്ത്തിക്കളഞ്ഞിരുന്നു. തോട്ടം തൊഴിലാളികളും ആദിവാസികളും മറ്റു വിഭാഗങ്ങളുമെല്ലാം പ്രളയ ദുരന്തങ്ങള്‍ക്ക് ഇരയായി. ഇതിന്റെ ആഘാതങ്ങളില്‍ നിന്നും കരകയറാനുള്ള അതിജീവനങ്ങളാണ് മുന്‍ വര്‍ഷങ്ങളില്‍ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയത്. ഇതിന്റെ തുടര്ച്ചകള്ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുക. അടിസ്ഥാന പരമായി ആദിവാസികളെ പുനരധിവസിപ്പിച്ച സുഗന്ധഗിരിയിലെ കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ അതോടൊപ്പം പരിഹരിക്കപ്പെടണം. ഇതിനായുള്ള കര്‍മ്മ പദ്ധതികളില്‍ ഇടപെടും. വികസന പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി ത്രതില പഞ്ചായത്ത് സംവിധാനങ്ങളെ ചേര്‍ത്ത് പിടിക്കും. യുവ പ്രതിനിധി എന്ന നിലയില്‍ ഏവരും നല്കിയ പിന്തുണകളാണ് ശക്തി. എല്ലാ മേഖലയില്‍ നിന്നും ആദ്യം മുതലെ പ്രോത്സാഹനവും പിന്തുണയും ലഭിച്ചിരുന്നു. പ്രായം മുന്‍പരിചയം എന്നിവയെല്ലാം വികസനത്തിന്റെയും കൃത്യ നിര്‍വ്വഹണത്തിന്റെയും അളവുകോലല്ല. അതിലുപരി ഇച്ഛാശക്തിയില്‍ നിന്നും നാടിനെ നയിക്കാനാണ് തീരുമാനം. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഇത്തവണ ഒട്ടേറെ യുവ പ്രതിനിധികള്‍ക്കാണ് അവസരം ലഭിച്ചത്. പൊതുപ്രവര്‍ത്തനത്തില്‍ വര്‍ഷങ്ങള്‍ നീണ്ട പരിചയത്തിന് പകരം കര്‍മ്മോത്സുകതയും വിദ്യാഭ്യാസവുമാണ് യുവനിരകളുടെ കൈമുതല്‍. പുതിയ തലമുറകള്‍ പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്കുമ്പോള് നാടും പുതിയ പ്രതീക്ഷയിലാണ്.
Content Highlights: Anas Rosna Stephy Youngest Panchayat President In Wayanad