അഗസ്ത്യകൂടം കാത്തിരിക്കുന്നു. കാടും മലയും വകഞ്ഞുമാറ്റി കിലോ മീറ്ററുകള്‍ താണ്ടി, പ്രകൃതിയുടെ വന്യതയിലേയ്ക്ക് നടന്നടുക്കുന്ന സ്ത്രീയുടെ പാദസ്പര്‍ശത്തിനായി...
ധന്യ തന്റെ ചരിത്രനിയോഗത്തിലേയ്ക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. അഗസ്ത്യകൂടത്തില്‍ സ്ത്രീപ്രവേശനം അനുവദിച്ചശേഷം ആദ്യദിവസത്തെ ട്രക്കിങ് സംഘത്തിലുള്ള ഒരേ ഒരു പെണ്ണ് മഞ്ചേരി സ്വദേശിനി ധന്യ സനല്‍. തിരുവനന്തപുരത്ത് ഐ.ഐ.എസ് (ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസ്) ഉദ്യോഗസ്ഥയായ ധന്യ പ്രതിരോധ വക്താവാണ്. 13 കിലോമീറ്റര്‍ കിഴക്കാംതൂക്കായ മലകളും കാടും ഈ പെണ്ണ് എങ്ങനെ കയറുമെന്ന് ചോദിക്കുന്നവര്‍ക്ക് വിധിയോടും സാഹചര്യത്തോടും പൊരുതി വിജയം വരിച്ച സ്വന്തം ജീവിതമാണ് ധന്യയുടെ മറുപടി.
'അതേ. ഇതോരു നിയോഗം തന്നെയാണ്.' ധന്യ സനല്‍ പറയുന്നു. 'ട്രക്കിങ് ഒരു പുതിയ കാര്യമല്ല. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഒടുവിലായി പോയി വന്നത്. പൊന്മുടി സീതാതീര്‍ത്ഥം മലയിലേക്ക് നടത്തിയ യാത്രയായിരുന്നു അത്. നാളെ ഇവിടെ പോയില്ലെങ്കില്‍ അടുത്ത ആഴ്ച മറ്റൊരു കാട് തേടി പോയേനെ.' കാടുതേടി പോകുന്ന പെണ്ണിന്റെ ഉറച്ച ആത്മവിശ്വാസത്തോടെ ധന്യ പറഞ്ഞു.
സാഹസിക യാത്രകള്‍ ധന്യയ്ക്ക് പുതമയല്ല. ഒന്നുകൂടി പറഞ്ഞാല്‍ സാഹസികതയാണ് ധന്യ സനലിന്റെ ജോലി. നിലവില്‍ ഇന്ത്യയിലെ ഓരേ ഒരു വനിതാ പ്രതിരോധ വക്താവാണ് ധന്യ. കേരളത്തില്‍ ആദ്യത്തെതും. ഓഖി കാലത്ത് എയര്‍ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ധന്യ. കേരളം ഏറ്റവും ഭീകരമായ പ്രളയത്തിലുടെ കടന്നു പോയപ്പോള്‍ കേരളത്തെ ലോകം കണ്ടത് ധന്യ എടുത്ത ദൃശ്യങ്ങളിലൂടെയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എയര്‍ഫോഴ്സിനൊപ്പം യാത്ര ചെയ്യാന്‍ ഔദ്യോഗികമായി അനുവാദമുള്ള ഓരേ ഒരാള്‍ ധന്യയായിരുന്നു. ധന്യ തന്റെ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളിലൂടെയാണ് എയര്‍ഫോഴ്സിന്റെ രക്ഷാപ്രവര്‍ത്തനം ലോകം അറിഞ്ഞത്. മാത്രമല്ല വാട്ടര്‍സ്കൂട്ടര്‍ ഉള്‍പ്പെടെയുള്ള സാഹിസകയാത്രകളും ധന്യ ചെയ്തിരുന്നു.
അഗസ്ത്യകൂടത്തിലേയ്ക്ക് തന്നെ ആകര്‍ഷിച്ച പ്രധാനഘടകം അതിന്റെ ജൈവവൈവിധ്യം തന്നെയാണെന്ന് ധന്യ പറയുന്നു. 'മാത്രമല്ല, സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നതുകൊണ്ട് പോകണമെന്ന് ചിന്തിച്ചു. ആ നിലയ്ക്ക് ഈ യാത്ര ഒരു പ്രത്യേക സന്തോഷം തരുന്നുണ്ട്. ഏറെ മോഹിപ്പിച്ചിരുന്നുവെങ്കിലും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല ആദ്യത്തെ പെണ്ണാകുമെന്ന്. അതുകൊണ്ട് കൂടിയാണ് ഇത് നിയോഗമാണെന്നു കരുതുന്നത്.
അഗസ്ത്യകൂടത്തിലേക്ക് പോകുന്നു എന്ന് ഞാന്‍ ഉറക്കെ പറഞ്ഞപ്പോള്‍ അത് വളരെ ഉച്ചത്തിലുള്ള ശബ്ദമായി. അത് പലരും ശ്രദ്ധിച്ചു. ഞാന്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ മറ്റു പെണ്‍കുട്ടികള്‍ക്കും പോകാന്‍ തോന്നും. ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ ധൈര്യമുണ്ടാകും. ഈ വര്‍ഷം ഞാന്‍ പോയാല്‍ അടുത്ത വര്‍ഷം ഇതിലധികം പെണ്ണുങ്ങളും പോകും. അതാണ് എന്റെ ആഗ്രഹം. സ്ഥിരം ട്രക്ക ചെയ്യുന്ന പെണ്ണുങ്ങള് ധാരാളം ഉണ്ട്. ഞാന്‍ പോകുമ്പോള്‍ അങ്ങനെയുള്ളവര്‍ക്കും കൂടുതല്‍ ധൈര്യമുണ്ടാകും.
അഗസ്ത്യകൂടത്തിലേയ്ക്ക് യാത്ര തിരിക്കുമ്പോള്‍ ഗോ ഗ്രീന്‍ എന്നതുതന്നെയാണ് മോട്ടോ. ഒരു മാലിന്യവും കാട്ടില്‍ ഉപേക്ഷിക്കില്ല. എടുക്കാന്‍ കഴിയുന്നതാണെങ്കില്‍ ഒപ്പം കൊണ്ടുവരും. അത് ബെയ്സ് ക്യാമ്പിലോ ബോണക്കാടോ ഉപേക്ഷിക്കും. പോകുക. അവിടെ എന്റെ പാദങ്ങള്‍ ഉപേക്ഷിക്കുക. അവിടുന്ന് നല്ല ഓര്‍മ്മകള്‍ എടുക്കുക അതാണ് ഈ യാത്രയുടെ ലക്ഷ്യം. ലോകത്തില്‍ എവിടെയാണെങ്കിലും ദിവസവും ഒന്നര മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യുന്നയാളാണ് ഞാന്‍. ദിവസവും പത്തു കിലോമീറ്റര്‍ നടക്കും. അതുകൊണ്ട് തന്നെ 13 കിലോമീറ്റര്‍ നടക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമല്ല. പലരും ചോദിക്കും എന്തിനാണ് ഇങ്ങനെ നടക്കുന്നതെന്ന്. അവരോടൊക്കെ ഞാന്‍ പറയുന്നത് നടക്കുന്നത് എനിക്ക് സന്തോഷം നല്കുന്നു എന്നാണ്്.'
ഈ യാ്രതയ്ക്കായി പ്രത്യേകിച്ച് ഒരു തയ്യാറെടുപ്പുകളും നടത്തിട്ടില്ല. ധന്യയെ അറിയുന്നവര്‍ക്ക് ഇതു കേട്ടാല്‍ അത്ഭുതം തോന്നുകയില്ല. മറ്റു ദിവസങ്ങളെ അപേക്ഷിച്ച് കുറച്ചു കൂടുതല്‍ ഫോണ്‍ കോളുകള്‍ ഉണ്ടായി എന്നതു മാറ്റി നിര്‍ത്തിയാല്‍ മറ്റു പ്രത്യേകതകള്‍ ഒന്നുമില്ലെന്ന് ധന്യ പറയുന്നു.
'നിലവില്‍ അഗ്സത്യകൂടത്തില് സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒന്നും ഒരുക്കിയിട്ടില്ല. ട്രക്കിങ് നടത്തുന്ന സ്ത്രീകള്‍ക്ക് അതിന്റെ ആവശ്യമില്ല. രാത്രിയില്‍ വന്യജീവികളില്‍നിന്ന് രക്ഷപെട്ടാനായി ഒരു സുരക്ഷിത സ്ഥലം വേണം. കിടങ്ങുപോലെ കുഴിച്ച് ഒരു സ്ഥലത്താണ് കിടക്കുന്നത്. മനുഷ്യര്‍ ആരും അവിടെ എത്തി ഉപദ്രവിക്കും എന്നു ചിന്തിക്കുന്നില്ല. അഗസ്ത്യകൂടത്തിലേയ്ക്ക് പോകുന്നു എന്നറിഞ്ഞ് ഒരു കാരണവശാലും അങ്ങനെ ചെയ്യരുത് എന്നു പറഞ്ഞു കൊണ്ട് അമ്പതോളം ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ട്. പ്രായമായവരും അല്ലാത്തവരും വിളിച്ചു. ചെയ്യാന്‍ പോകുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് എന്നു പറഞ്ഞു. സത്രീകള്‍ പോകാത്ത സ്ഥലമല്ലെ ആദ്യമായി പോകാണോ ആരെങ്കിലും പോയതിനു ശേഷം പോയാല്‍ പോരെ എന്നു ചോദിച്ചു. പുരുഷാധിപത്യം ഇപ്പോഴും നിലനില്ക്കുന്നതു കൊണ്ടാണ് ഒതൊരു വാര്‍ത്തയാകുന്നത്.' കാലം മാറിയിരുന്നെങ്കില്‍ തന്റെ യാത്ര വാര്‍ത്ത പോലുമാകുമായിരുന്നില്ലെന്നു ധന്യ പറയുന്നു.
'സ്ത്രീകള്‍ക്ക് കായികബലം കുറവുള്ളതിനാലാണ് പോകാത്തത് എന്നു പറയുമ്പോള്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്ക് കായികബലം കുറയുന്നു എന്നകാര്യം ചിന്തിക്കണം. എന്തുകൊണ്ട് സ്ത്രീകള്‍ കൃത്യമായി വ്യായാമം ചെയ്യുന്നില്ല. വീട്ടുജോലി കഴിഞ്ഞ് സമയമില്ല എന്നു കരുതുന്നത് വെറുതെയാണ്. സ്ത്രീകള്‍ ശരീരവും ആരോഗ്യവും ശ്രദ്ധിക്കുന്നത് അവര്‍ക്കുതന്നെ നിക്ഷേപം കരുതി വയ്ക്കുന്നതു പോലെയാണ്. സ്ത്രീശക്തീകരണം എന്നു പറയുമ്പോള്‍ അത് പുരുഷന്മാരുമായി കലഹിച്ചല്ല നേടി എടുക്കേണ്ടത്. ഞാന്‍ പോകുന്നത് ഒരു പുരുഷന്റെ കൂടെയാണ്. ഞങ്ങള്‍ രണ്ടു തുല്യരായുള്ള വ്യക്തികളാണ്. എനിക്കും പോകാന്‍ താല്‍പ്പര്യം ഉണ്ട്. എന്റെ ഒപ്പം വരുന്നയാള്‍ക്കും താല്‍പ്പര്യം ഉണ്ട് അങ്ങനെ ഒരുമിച്ച് പോകാം എന്ന തീരുമാനത്തില്‍ എത്തി. അവിടെ പുരുഷനോ സ്ത്രീയോ എന്നതില്ല. രണ്ട് മനുഷ്യര്‍ മാത്രം.
'സ്വന്തമായി യാത്ര ചെയ്യാനാഗ്രഹിക്കുന്ന സ്ത്രീകള്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടുകയാണ് ആദ്യം ചെയ്യേണ്ടത്. യാത്ര ചെയ്യുക എന്നത് അല്‍പ്പം പണച്ചെലവ് ഉള്ള കാര്യമാണ്. സാമ്പത്തിക സ്വാതന്ത്ര്യം നേടിയാല്‍ സ്ത്രീകള്‍ക്ക് ഇത് കൂടുതല്‍ എളുപ്പമാകും. സ്ത്രീകള്‍ തനിച്ചു യാ്രത ചെയ്യുന്നതിലും അത്ര പേടിക്കേണ്ട കാര്യമല്ല. എങ്കിലും നേരിട്ടു പരിചയമുള്ള, നന്നായി അറിയുന്നവര്ക്കൊപ്പമാണ് യാ്രത നല്ലത്. കൂടെ വരുന്നവര്‍ക്കും എനിക്കും ഇടയില്‍ നിരവധി പൊതുസുഹൃത്തുക്കള്‍ ഉണ്ടാകും.'
ഇക്കുറി ഓള് ഇന്ത്യ റേഡിയോയിലെ എഞ്ചിനിയറായ മൃദുല്‍ ജേക്കബിനൊപ്പമാണ് ധന്യയുടെ യാത്ര. കയ്യിലുള്ള ബാഗിന് പത്തു കിലോയോളം ഭാരം വരും. ഡ്രൈ ഫ്രൂട്ട്സ്, നട്ട്സ്. ഡേറ്റ്സ്, ചോക്ലേയ്റ്റുകള് വെള്ളം, എന്നിവയാണ് യാ്രതയ്ക്കായി കൈയില്‍ കരുതുന്നത്. രാത്രിയിലെ കഞ്ഞി അവിടെനിന്നു ലഭിക്കും. അഗസ്ത്യകൂടം യാത്ര ഈ തിയതിയില്‍ ആയതിനു പിന്നിലും ധന്യയ്ക്ക് വ്യക്തമായ കാരണമുണ്ട്. ജോലി സംബന്ധമായി നല്ല തിരക്കാണ്. ഈ തിയതി മാത്രമാണ് ഒഴിവുള്ളത്. അതുകൊണ്ട് തന്നെ ഒഴിവുള്ള ദിവസം നോക്കി തിരഞ്ഞെടുക്കുകയായിരുന്നു.
എം.ബി.ബി.എസിനു ശേഷം സിവില്‍ സര്‍വീസ് എഴുതണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ എന്ട്രന്സിനു മാര്‍ക്ക് കുറഞ്ഞതോടെ നഴ്സായ അമ്മയുടെ പാരമ്പര്യം പിന്തുടര്ന്ന് നഴ്സിങ്ങ് തിരഞ്ഞെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് ഡിഗ്രി എടുത്തശേഷം നഴ്സിങ്ങ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയായിരുന്നു. സിവില്‍ സര്‍വീസ് എഴുതണെമന്ന ആഗ്രഹം ശക്തമായിരുന്നു. ഈ സമയത്താണ് രോഗം ബാധിച്ച് ഒമ്പതു മാസത്തെ ഇടവേളയില്‍ ധന്യയുടെ മാതാപിതാക്കള്‍ മരണത്തിന് കീഴങ്ങുന്നത്. തുടര്‍ന്ന് സിവില്‍ സര്‍വീസില്‍ പഠിക്കാനായി സ്വയം പണം കണ്ടെത്തേണ്ട സാഹചര്യമുണ്ടായി. 2008 മുതല്‍ 2012 വരെ ടിവി അവതാരക ജോലിയിലൂടെയാണ് ധന്യ സിവില്‍ സര്‍വീസ് പഠിക്കാനായി പണം കണ്ടെത്തിയത്.
സിവില്‍ സര്‍വീസില്‍ 771 റാങ്കായിരുന്നു ലഭിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഐ.പി.എസ് കിട്ടുമായിരുന്നു എങ്കിലും അതുവേണ്ടന്നുവച്ച് ഐ.ഐ.എസ് (ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസ്) തിരഞ്ഞെടുത്തു. ഏതു സ്ഥലത്ത് ഇരിക്കുന്നു എന്നല്ല, ചെയ്യാനുള്ളത് ചെയ്യുക എന്നതാണ് പ്രധാനമെന്ന് ധന്യ പറയുന്നു. ധന്യയുടെ അച്ഛന് കെ.കെ. സനല്‍ വ്യവസായ വികസന ഓഫീസറായിരുന്നു. അമ്മ മാളുക്കുട്ടി കോഴിക്കോട് ബീച്ച് ഹോസ്പറ്റിലെ നഴ്സിങ്ങ് സുപ്രണ്ടായിരുന്നു. ഒരു സഹോദരിയുണ്ട്.
ശക്തയായ സ്ത്രീയാകാന്‍ നിങ്ങള്‍ കരിയറില്‍ ശ്രദ്ധിക്കു. സ്വയം പര്യാപ്തരാകു... പുരുഷന്മാരുമായി വഴക്കിട്ടല്ല സ്ത്രീശാക്തീകരണം നേടേണ്ടത്. കായികമായി മാത്രമല്ല വിധിയോട് പോരാടി കരുത്താര്‍ജ്ജിച്ച മനസോടെ ധന്യ പറയുന്നു. ഇരുപത്തിരണ്ടാം വയസില്‍ ഒമ്പതു മാസത്തെ ഇടവേളയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ശേഷം ഹോസ്റ്റലിലും ഓര്‍ഫനേജിലും നിന്നാണ് ധന്യ പഠിച്ചത്. സ്വയം ജോലി ചെയ്തു പണം സമ്പാദിച്ചാണ് ഇവിടെ വരെ എത്തിയത്.
Content Highlights: agastya kudam women entry, agasthyarkoodam, agasthyarkoodam trekking, Agasthyarkoodam trek,