തൊണ്ണൂറ്റിയഞ്ചിന്റെ നിറവിൽ എത്തിയിട്ടും വക്കീൽ മമ്മി സന്തുഷ്ടയും സംതൃപ്തയുമാണ്‌. ജീവിതത്തിലെ പ്രതിബന്ധങ്ങളെ പടവെട്ടി തോൽപ്പിച്ച സന്തോഷവും അഭിമാനവും ആ മുഖത്ത്‌ നിറഞ്ഞുനിൽക്കുന്നു. അറുപത്തിയഞ്ചാം വയസ്സിൽ അഭിഭാഷകയുടെ കറുത്ത ഗൗൺ അണിഞ്ഞ കേരളത്തിലെ പ്രായംകൂടിയ പ്രഥമ വനിതാവക്കീൽ അഡ്വ. അന്നമ്മ പോൾ എറണാകുളം പ്രോവിഡൻസ്‌ റോഡിലെ വീട്ടിലിരുന്ന്‌ മനസ്സുതുറക്കുന്നു.

?വക്കീൽ മമ്മിയുടെ അഭിഭാഷകജീവിതത്തിന്‌  മൂന്നുപതിറ്റാണ്ട്‌ ആയി. അഭിഭാഷകവൃത്തിയിലേക്ക്‌ എത്താനുണ്ടായ സാഹചര്യം...
1989 ജനുവരി എട്ടിന്‌ ഇരുപത്തിനാലുകാരനായിരുന്ന ഇളയ മകൻ സുബലിന്റെ കൂടെയാണ്‌ ഞാൻ കറുത്ത ഗൗൺ അണിഞ്ഞ്‌ സത്യപ്രതിജ്ഞയെടുത്തത്‌. എന്റെ പിതാവും ഒരു അഭിഭാഷകനായിരുന്നു. 33-ാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. വക്കീലായിരുന്ന പിതാവിനെപ്പോലെ എനിക്കും ഒരു വക്കീലാകണമെന്ന്‌ ആറുവയസ്സുമുതലേ ആഗ്രഹിച്ചിരുന്നു. 

?ഇരുപത്തിരണ്ടാം വയസ്സിൽ കുടുംബജീവിതത്തിൽ പ്രവേശിച്ച മുത്തശ്ശിക്ക്‌ അതിനുപറ്റിയ അന്തരീക്ഷം ലഭിച്ചിരുന്നോ
തീർച്ചയായും. 1946-ലാണ്‌ എറണാകുളത്തെ എം.എസ്‌. പോൾ എന്ന ഉദ്യോഗസ്ഥപ്രമുഖൻ എന്നെ വിവാഹംചെയ്തത്‌. എസ്‌.എസ്‌.എൽ.സി. വിദ്യാഭ്യാസംമാത്രമേ എനിക്കപ്പോൾ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം വളരെ സ്നേഹമുള്ളവനും വിശാലഹൃദയനും ആയിരുന്നു. ദാമ്പത്യവല്ലരിയിൽ എട്ടുമക്കൾ ജനിച്ചു. മക്കളൊക്കെ വളരെ നല്ലനിലയിലായി. സ്വസ്ഥമായ ഒരു ജീവിതക്രമം കൈവന്നു എന്നുതോന്നിയപ്പോൾ ബാല്യത്തിലെ മോഹം മനസ്സിനെ പ്രചോദിപ്പിച്ചു. ‘എനിക്കും ഒരു വക്കീലാകണം’. വിവരം ഭർത്താവിനെയും മക്കളെയും അറിയിച്ചു. അവരിൽനിന്ന്‌ വേണ്ടത്ര പ്രോത്സാഹനംകൂടിയുണ്ടായപ്പോൾ പിന്നീട്‌ രണ്ടാമതൊന്ന്‌ ചിന്തിച്ചില്ല. 

?വക്കീൽപഠനത്തിന്‌ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരുന്നോ
ഇല്ലായിരുന്നു. അമ്പത്തിനാലാമത്തെ വയസ്സിൽ ഇളയമകൾ ഗ്ലോറിയോടൊപ്പം പ്രീഡിഗ്രി പരീക്ഷയ്ക്ക്‌ ചേർന്നു. പ്രീഡിഗ്രിയും ബി.എ.യും ഫസ്റ്റ്‌ക്ളാസിൽ പാസായതോടെ ഇളയ മകൻ സുബലിനോടൊപ്പം എം.എ.യ്ക്ക്‌ എറണാകുളം മഹാരാജാസ്‌ കോളേജിലെത്തി. അവിടെയും ഫസ്റ്റ്‌ക്ളാസ്‌ വാങ്ങിയാണ്‌ ഞാൻ പരീക്ഷ പാസായത്‌.

?ലോ കോളേജ്‌ പഠനം എവിടെയായിരുന്നു? ലോ കോളേജ്‌ പഠനകാലത്തെ രസമുള്ള ഏതെങ്കിലും ഓർമകൾ
പ്രതീക്ഷകളും ആഗ്രഹങ്ങളും കൂടുതൽ ശക്തമായതോടുകൂടി 1986-ൽ സുബലിനോടൊപ്പംതന്നെയാണ്‌ ഞാൻ എറണാകുളം ലോ കോളേജിലും എത്തിയത്‌. ‘വയോജന വിദ്യാർഥിനി’യായി പലരും വീക്ഷിച്ചിരുന്ന എനിക്ക്‌ സഹപാഠികളിൽനിന്നും അധ്യാപകരിൽനിന്നും തികഞ്ഞ പ്രോത്സാഹനമാണ്‌ ലഭിച്ചിരുന്നത്‌. വിദ്യാർഥികളുടെയും അധ്യാപകരുടെയും കോളേജിലെ മമ്മികൂടിയായിരുന്നു ഞാൻ; പ്രായമുള്ള അധ്യാപകരുടെ ചേച്ചിയും. കോളേജ്‌ ഇലക്‌ഷൻ രസകരമായ  ഓർമയാണ്‌. സ്ഥാനാർഥിയായി ഞാനും ഉണ്ടായിരുന്നു. ജയിച്ചില്ലെങ്കിൽപ്പോലും നല്ല ശതമാനം വോട്ടുവാങ്ങി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞു. എതിർപാർട്ടിക്കാർക്കും എന്നെ ഇഷ്ടമായിരുന്നു.

?കുടുംബത്തിൽ അഭിഭാഷകവൃത്തിയിൽ തുടരുന്ന ആരെങ്കിലുമുണ്ടോ? മക്കളിലൂടെയും ആ പാരമ്പര്യം നിലനിർത്താൻ പരിശ്രമിച്ചിട്ടുണ്ടോ
തീർച്ചയായും. എട്ടുമക്കളിൽ നാലുപേർ അഭിഭാഷകരംഗത്തുതന്നെയാണ്‌ നിലയുറപ്പിച്ചിരിക്കുന്നത്‌. രാഷ്ട്രീയനേതാവും എഴുത്തുകാരനും മാധ്യമപ്രവർത്തകനും മുൻ എം.പി.യും എം.എൽ.എ.യുമൊക്കെയായ അഡ്വ. സെബാസ്റ്റ്യൻ പോൾ ആണ്‌ മൂത്ത മകൻ. അദ്ദേഹത്തിന്റെ ഭാര്യ ലിസമ്മ സെബാസ്റ്റ്യൻ ജില്ലാജഡ്‌ജിയായുംമറ്റും നിയമരംഗത്ത്‌ വളരെ ശോഭിച്ചിട്ടുള്ള മഹിളാരത്നമാണ്‌. 

വാർധക്യകാലത്ത്‌ വക്കീൽവേഷം കെട്ടിയത്‌ ഒരു തമാശയ്ക്കായിരുന്നോ? 
ഒരിക്കലുമല്ല. മകളോടൊപ്പം ഇടയ്ക്ക്‌ കാനഡയിൽ പോകേണ്ടിവന്നതിനാൽ വക്കീൽവൃത്തിയിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സമയം ലഭിച്ചില്ല എന്നത്‌ സത്യമാണ്‌. പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളും സ്ത്രീകളും എന്നും എന്റെ ഒരു സ്വകാര്യദുഃഖമാണ്‌. അവർക്ക്‌ നീതി ലഭിക്കാനായി എന്തുചെയ്യാനും ഞാൻ തയ്യാറായിരുന്നു. സ്ത്രീകൾ അബലകളാണെന്നും തിരക്കേറിയ ജീവിതചര്യകൾ അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും എനിക്ക്‌ പരാതിയുണ്ട്‌.

സ്ത്രീകൾക്കും പെൺകുട്ടികൾക്കുംനേരേ നടക്കുന്ന അക്രമങ്ങളിൽ കടുത്ത ദുഃഖമുണ്ട്‌. മനസ്സിലൂറിയുറച്ചുപോയ ലക്ഷ്യങ്ങൾക്കുവേണ്ടി സകല പ്രതിബന്ധങ്ങളും തരണംചെയ്ത്‌ തളരാതെ മുന്നോട്ടുപോകുന്നവർക്ക്‌ എന്റെ ജീവിതഗാഥ ഒരു പ്രചോദനമാകട്ടെ.   ദൈവവിശ്വാസവും ശുഭാപ്തിചിന്തകളും നാളെയെപ്പറ്റിയുള്ള പ്രതീക്ഷകളും അവരെ അക്കാര്യത്തിൽ സഹായിക്കട്ടെ.