കാശദൂത് എന്ന സിനിമ ഗീതയുടെ കൈയില്‍ നിന്നും വഴുതിപ്പോയതാണ്. കഥ കേട്ട് ഇഷ്ടമായെങ്കിലും സംവിധായകനും നിര്‍മാതാവും ആവശ്യപ്പെട്ട ദിവസങ്ങളില്‍ നല്‍കാന്‍ ഡേറ്റില്ലാതായി. 'നാലുമക്കളുടെ അമ്മയാകാന്‍ മടിച്ചാണ് അന്ന് ഞാന്‍ വേഷം വേണ്ടെന്ന് വെച്ചതെന്നെല്ലാം അന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നായികാ പ്രാധാന്യമേറെയുള്ള അത്തരമൊരു വേഷം ആരും വേണ്ടെന്ന് വെക്കില്ല.' 

നഷ്ടങ്ങളുടെ കഥ പറയുമ്പോള്‍ മലയാളത്തില്‍ നിന്ന് ലഭിക്കാതെ പോയ സംസ്ഥാന പുരസ്‌കാരത്തെക്കുറിച്ചുള്ള അതൃപ്തി ഗീത കൂട്ടിച്ചേര്‍ത്തു. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ടെങ്കിലും  ശക്തമായ വേഷങ്ങള്‍ ചെയ്ത മലയാളത്തില്‍ നായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചില്ല. ആധാരം എന്ന സിനിമയിലെ അഭിനയത്തിന് സഹനടിക്കുള്ള പുരസ്‌കാരമാണ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ അത് വാങ്ങാന്‍ അവര്‍ പോയില്ല. 

മലയാളത്തിലെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഒരുപാട് ജയിലില്‍ കിടന്നു. 'ഒരുപക്ഷേ ഇത്രയേറെ തടവുകാരിയുടെ വേഷങ്ങള്‍ അവതരിപ്പിച്ച നടി മലയാളത്തില്‍ ഉണ്ടാകില്ല. ആദ്യ സിനിമയായ പഞ്ചാഗ്നിയില്‍നിന്നു തുടങ്ങുന്നു തടവറയിലെ അഭിനയം. തിരുവനന്തപുരത്തെയും കണ്ണൂരിലെയുമെല്ലാം ജയിലുകളിലാണ് കൂടുതല്‍ സിനിമകള്‍ അന്ന് ചിത്രീകരിച്ചത്. ചിത്രീകരണത്തിനെത്തുമ്പോള്‍ ജയില്‍പരിപാടികലിലെല്ലാം എത്രയോ ഞാന്‍ പങ്കെടുത്തു. തടവുപുള്ളികളുമായി സംസാരിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. ഒരു നിമിഷത്തെ മാനസിക പ്രേരണയില്‍ അവര്‍ ചെയ്തുപോയ തെറ്റിനെക്കുറിച്ച് പലരും ദീര്‍ഘനേരം എന്നോട് സംസാരിച്ചിട്ടുണ്ട്.'


സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ പ്രസിദ്ധീകരിച്ചത്, സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക