തിരാവിലെയാണെങ്കിലും ചെന്നൈ നഗരത്തിലെ തിരക്കിന് കുറവൊന്നുമില്ല. കോവിഡ് തെല്ലും ഏശാത്തതുപോലെ നഗരം ഓടിക്കൊണ്ടിരിക്കുകയാണ്. നഗരത്തില്‍നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരെ, വത്സരവാക്കത്തുള്ള സ്റ്റുഡിയോ. മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടി ശോഭനയ്ക്കായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. എട്ട് മണിയെന്നാണ് പറഞ്ഞതെങ്കിലും, ഏഴേ മുക്കാലിന് തന്നെ ശോഭനയെത്തി. ഒരു ടീഷര്‍ട്ടും പലാസോയും ഹവായ് ചപ്പലും ധരിച്ച്, ഒട്ടും താരജാഡയില്ലാതെ. വൈകാതെ അവര്‍ ക്യാമറയ്ക്കുമുമ്പിലെത്തി. ഒരു നര്‍ത്തകിയുടെ ഭാവങ്ങള്‍ അവരുടെ മുഖത്ത് മാറിമറിഞ്ഞു. ഇടയ്ക്ക് നാഗവല്ലിയും ഗംഗയും പിന്നെയും ഏതൊക്കെയോ കഥാപാത്രങ്ങള്‍ ആ മുഖത്ത് എത്തിനോക്കിപ്പോയി. 

എന്നും മലയാളികളുടെ നൊസ്റ്റാള്‍ജിയയാണ് ശോഭനയും അവതരിപ്പിച്ച കഥാപാത്രങ്ങളും...

അങ്ങനെ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ഞാന്‍ മലയാളികളുടെ നൊസ്റ്റാള്‍ജിയ ആയിരുന്നു. പക്ഷേ ഇപ്പോള്‍ 'വരനെ ആവശ്യമുണ്ട്' എന്ന സിനിമ ചെയ്തശേഷം ഞാനവരുടെ വര്‍ത്തമാനകാലത്തിലുമുണ്ടല്ലോ. ഞാനെപ്പോഴും മലയാളികളുടെ വര്‍ത്തമാനകാലത്തില്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നയാളാണ്. സിനിമകള്‍ ചെയ്യുന്നില്ലെങ്കിലും ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റും ഞാനെപ്പോഴും അവര്‍ക്കൊപ്പമുണ്ട്. 

ആദ്യമായി നായികയായ കഥ ഒരു അഭിമുഖത്തില്‍ ശോഭന പറഞ്ഞതോര്‍ത്തു, 'ഒരു ദിവസം ബാലചന്ദ്രമേനോന്‍ വീട്ടിലേക്ക് കയറിവന്നു. തന്റെ സിനിമയിലേക്ക് ഒരു പുതിയ മുഖം തേടിയാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഞാനന്ന് എട്ടാം ക്ലാസിലാണ്. അച്ഛന്‍ ഓകെ പറഞ്ഞു. ഞാന്‍ നായികയുമായി'. 

രേവതി, സുഹാസിനി, രോഹിണി...സിനിമയിലെ പഴയ സൗഹൃദങ്ങളെല്ലാം അതുപോലെ തന്നെ നിലനിര്‍ത്തുന്നതെങ്ങനെയാണ്?

ഒരുമിച്ച് കുറേ സിനിമകള്‍ ചെയ്തവരാണ് നമ്മള്‍. അന്ന് തമ്മില്‍ നല്ല മത്സരമൊക്കെയുണ്ടായിരുന്നു. സിനിമയില്‍നിന്ന് പുറത്തുകടന്നശേഷമാണ് എല്ലാവരും തമ്മില്‍ നല്ല അടുപ്പമുണ്ടാകുന്നത്. ഇടയ്ക്ക് ഞങ്ങളുടെ ഗെറ്റ് ടുഗദറുണ്ടാവും. സുഹാസിനിയാണ് അതിനെല്ലാം മുന്‍കൈ എടുക്കുന്നത്. എന്റെ സ്വഭാവമെല്ലാം ആ കൂട്ടുകാര്‍ക്കറിയാം. തമാശയ്ക്ക് കളിയാക്കുകയും ചെയ്യും. പക്ഷേ അതേപോലെ സ്‌നേഹവുമുണ്ട്. പിന്നെ എന്റെ ബെസ്റ്റ് ഫ്രണ്ട് ഫോറെവര്‍ എന്ന് പറയുന്നത് രേവതിയാണ്. ഒരുപാട് വര്‍ഷമായുള്ള സൗഹൃദം. ഞങ്ങള്‍ തമ്മില്‍ എപ്പോഴും സംസാരിക്കുകയൊന്നുമില്ല. എന്നെപ്പോലെ അവര്‍ക്കും ഒരുപാട് ജോലിയുണ്ട്. വീടും കൂടുമൊക്കെയുണ്ട്. 

women
പുതിയലക്കം ഗൃഹലക്ഷ്മി വാങ്ങാം

പ്രിയപ്പെട്ട അഭിനേതാവാരാണ്?

ഒരുപാട് പേരുണ്ടെങ്കിലും, ഏറ്റവുമിഷ്ടം മഞ്ജു വാര്യരെയാണ്. നല്ല ശക്തമായ കുറേ കഥാപാത്രങ്ങള്‍ അവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.

ശോഭന പ്രായമാവുന്നത് എന്ത് സുന്ദരമായിട്ടാണ്....ഇതെങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?

അഭിനന്ദനത്തിന് നന്ദി. എല്ലാവര്‍ക്കും പ്രായമാവും. അതൊരു സ്വാഭാവികപ്രക്രിയയാണ്. നമ്മള്‍ പ്രായത്തിനെ എതിര്‍ക്കാതെ സ്വീകരിച്ചാല്‍, സന്തോഷം തരുന്ന അനുഭവം തന്നെയാണത്. കാരണം ഓരോ പ്രായത്തിലും നല്ല കുറേ കാര്യങ്ങളുണ്ടാവും ആസ്വദിക്കാന്‍. മുപ്പതുകളിലും നാല്പതുകളിലും അമ്പതുകളിലും അറുപതുകളിലുമെല്ലാം. പിന്നെ നല്ല ആരോഗ്യമുണ്ടെങ്കില്‍ ഒട്ടും പേടിക്കേണ്ട. സമാധാനം നിറഞ്ഞ ജീവിതം, മനസ്സ്...പിന്നെ എല്ലാക്കാര്യത്തിലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുക.' ഒന്നുനിര്‍ത്തി ശോഭന തുടര്‍ന്നു. 'എനിക്ക് ചെറുപ്പക്കാരുടെ കൂടെ ഹാങ് ഔട്ട് ചെയ്യാനിഷ്ടമാണ്. അവരുടെ കൂടെ സമയം ചെലവഴിക്കുമ്പോള്‍ ഒരു പോസിറ്റീവ് സ്‌പേസ് കണ്ടെത്താന്‍ കഴിയുന്നുണ്ട്. അവര്‍ക്ക് നൃത്തം പഠിപ്പിച്ചുകൊടുക്കാന്‍ എനിക്കൊരുപാട് ഇഷ്ടമാണ്. സമൂഹത്തിന്റെ പല മേഖലകളിലുള്ളവരുമായി ഇടപെടുന്നത് സന്തോഷം തരുന്ന കാര്യമാണ്.'

നടി ശോഭനയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ പുതിയലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Actress Shobana open up about life, career, dance, movies and dreams