''മോള്‍ കരയുമ്പോള്‍ നിര്‍വികാരയായി നോക്കിയിരുന്നിട്ടുണ്ട്, കാരണങ്ങളില്ലാതെ വെറുതെ കരഞ്ഞു തീര്‍ത്തിട്ടുണ്ട്. ഏറ്റവും സന്തോഷത്തിലിരിക്കേണ്ട സമയത്തായിരുന്നു ഇതെല്ലാം''- പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോയ അവസ്ഥ മാതൃഭൂമി ഡോട്ട്‌കോമുമായി പങ്കുവെക്കുകയാണ് നടി ശിവദ. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയാണ് തന്നെ തളര്‍ത്താതിരുന്നതെന്നും ശിവദ പറയുന്നു. ഇന്ന് കഴിഞ്ഞുപോയ ദിനങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ആശ്വാസമാണ് ശിവദയ്ക്ക്, പലരും പറയുന്ന കഥകള്‍ കേട്ടപ്പോള്‍ അത്രയൊന്നും തീവ്രമായ അവസ്ഥയിലൂടെ താന്‍ കടന്നുപോയില്ലല്ലോ എന്നോര്‍ത്ത്...

sivada

മാതൃത്വം പവിത്രം തന്നെ... പക്ഷേ ആദ്യദിനങ്ങള്‍...

വരുന്ന ഇരുപതിന് മകള്‍ അരുന്ധതിക്ക് ഒരു വയസ്സാകുന്നതേയുള്ളു. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന വാക്ക് ഗര്‍ഭകാല സമയത്ത് ഗൂഗിള്‍ ചെയ്തപ്പോള്‍ ആണ് അറിയുന്നത്. എന്റെ അമ്മ ഉള്‍പ്പെടെയുള്ള തലമുറയ്‌ക്കൊന്നും ഇതു കേട്ടു പരിചയം പോലുമില്ല. സുഹൃത്തുക്കളില്‍ നിന്നും പറഞ്ഞു കേട്ടിട്ടുണ്ട്. കുഞ്ഞുണ്ടായി വീട്ടില്‍ വന്ന ആദ്യത്തെ ദിവസം ഉറങ്ങുന്നേയില്ലായിരുന്നു. ആരെടുത്താലും കരച്ചിലാണ്. അന്നൊക്കെ വെളുപ്പിന് മൂന്നു മണി തൊട്ട് ആറുവരെ എന്റെ കയ്യില്‍ തന്നെ അവളെ വച്ചിരിക്കുകയായിരുന്നു. മാതൃത്വം എന്നത് പവിത്രമാണെന്നൊക്കെ പറയുമെങ്കിലും ഇതു നല്‍കുന്ന സമ്മര്‍ദങ്ങളുമുണ്ട്. തുടക്കത്തില്‍ ബ്രെസ്റ്റ്ഫീഡിങ് ഒക്കെ വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ ഞാനിതെല്ലാം ആസ്വദിക്കുന്നുണ്ടെങ്കിലും അന്നിതിനൊന്നുമുള്ള മാനസികാവസ്ഥയില്ലായിരുന്നു. കുഞ്ഞു കരഞ്ഞാലും എടുക്കണം എന്ന് തോന്നുമ്പോഴും നിര്‍വികാരമായിരുന്നിട്ടുണ്ട്. അമ്മയോടും മുരളിയോടുമൊക്കെ കുഞ്ഞിനെ എടുക്കുമോ എന്നു ചോദിച്ചിട്ടുണ്ട്. കാരണങ്ങളൊന്നുമില്ലാതെ ഇരുന്നു കരഞ്ഞിട്ടുണ്ട്. 

കുപ്പിപ്പാൽ കൊടുത്തതിന് കുറ്റപ്പെടുത്തിയവര്‍

ചെയ്യുന്ന ഓരോ കാര്യങ്ങളിലും മറ്റുള്ളവര്‍ ഇടപെടുമ്പോള്‍ അസ്വസ്ഥത തോന്നുന്ന സമയമാണത്, അതു സ്‌നേഹക്കൂടുതല്‍ കൊണ്ടാണെങ്കില്‍ക്കൂടിയും. പ്രത്യേകിച്ച് മുലയൂട്ടുന്ന സമയത്ത് പാലു കുറവായതുകൊണ്ട് കുറച്ചുദിവസം കുപ്പിപ്പാൽ കൊടുത്തിരുന്നു. അതിനും അഭിപ്രായങ്ങള്‍ നിരവധിയായിരുന്നു. ഇതു കൊടുത്താല്‍ ഇനി കുഞ്ഞ് അമ്മയുടെ പാല്‍ കുടിക്കില്ല എന്നൊക്കെ. അന്നും കുറേ കരഞ്ഞിട്ടുണ്ട്, മകള്‍ എന്റെ പാലു കുടിക്കില്ലേ എന്നൊക്കെയോര്‍ത്ത്. ഒന്നാമത് പ്രസവം എന്ന വലിയൊരു കടമ്പ കടന്നു വരുന്നതിന്റെ സമ്മര്‍ദങ്ങളുണ്ടാകും, അതിനിടയില്‍ ഉറക്കമില്ലായ്മ എന്ന പുതിയ ശീലം. രാത്രിയിലൊക്കെ ഓരോ മണിക്കൂറും എഴുന്നേല്‍ക്കുന്നത് ശീലമുള്ള കാര്യമല്ലല്ലോ. ഇതെല്ലാം ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ മകള്‍ കുപ്പിപ്പാൽ കുടിക്കാറേയില്ല. അന്ന് അങ്ങനെ പറഞ്ഞവരെക്കുറിച്ച് ചിരിയോടെ ഞാനോര്‍ക്കും. 

sivada
ശിവദ ഭര്‍ത്താവ് മുരളീ കൃഷ്ണനും മകള്‍ അരുന്ധതിക്കൊപ്പം

മുരളിയും കുടുംബവും നല്‍കിയ സാന്ത്വനം

എന്റെ ആ സമയത്തെ ശാഠ്യങ്ങളൊക്കെയും സഹിച്ചിട്ടുള്ളത് അച്ഛനും അമ്മയും ചേച്ചിയും ഭര്‍ത്താവ് മുരളി കൃഷ്ണനും അദ്ദേഹത്തിന്റെ വീട്ടുകാരുമൊക്കെയാണ്. ഞാന്‍ കരയുമ്പോഴൊക്കെ എല്ലാവരും അടുത്തുവന്നു സാന്ത്വനിപ്പിക്കുമായിരുന്നു. സത്യത്തില്‍ അങ്ങനെയൊരു കുടുംബമുള്ളതായതുകൊണ്ടാവും എനിക്ക് തീവ്രമായ അവസ്ഥയിലേക്കെത്താതിരുന്നത്. ഏറ്റവും സന്തോഷിക്കേണ്ട സമയത്ത് ഞാന്‍ കുറേ കരഞ്ഞു തീര്‍ക്കുകയായിരുന്നു. പാട്ടുകള്‍ കേട്ടും എനിക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തുമൊക്ക മനസ്സിനെ പരമാവധി വഴിതിരിച്ചുവിടാന്‍ ശ്രമിച്ചിരുന്നു. പല കുടുംബങ്ങള്‍ക്കും ഇപ്പോഴും ഈ അവസ്ഥയുടെ ഗൗരവത്തെക്കുറിച്ചറിയില്ല. അമ്മമാര്‍ എത്രയൊക്കെ ശ്രമിച്ചാലും കൈവിട്ടു പോവുന്ന ഘട്ടങ്ങളുണ്ടാവും. എന്റെ സുഹൃത്തും ഗൈനക്കോളജിസ്റ്റുമായ  പ്രിന്‍സിയെ ഈ സമയത്ത് ഒരുപാട് ശല്യപ്പെടുത്തിയിരുന്നു. ഇതെല്ലാം സാധാരണമാണ് ഒന്നും പേടിക്കേണ്ട എന്നു പറഞ്ഞ് അവള്‍ കൂടെ നിന്നു. പൈലി ഡോക്ടര്‍, രമാ ആന്റി ഇവരുടെയൊക്കെ പിന്തുണ എടുത്തു പറയേണ്ടതാണ്. 

അരുതുകളും സമ്മര്‍ദം ആഴത്തിലാക്കി

ആദ്യത്തെ മൂന്നുമാസത്തോളമാണ് തനിക്കീ അനുഭവങ്ങളുണ്ടായതെന്ന് പറയുന്നു ശിവദ. ഷൂട്ടും യാത്രകളും നൃത്തവുമൊക്കെ ഇഷ്ടമുള്ളയാളാണ് ഞാന്‍. പെട്ടെന്ന് വീട്ടിനുള്ളില്‍ ഒതുങ്ങിയതും ഇതു ചെയ്യരുത് അതു ചെയ്യരുത് എന്നിങ്ങനെ കുറേ അരുതുകള്‍ കേട്ടതുമൊക്കെയാവാം വിഷാദത്തിലാഴ്ത്തിയത്. മൂന്നാം മാസമായപ്പോള്‍ ഷൂട്ടിങ്ങിലേക്ക് തിരികെ വന്നു. രണ്ടുമാസം കൊണ്ട് ആ ഷൂട്ട് അവസാനിപ്പിക്കാനും കഴിഞ്ഞു. തമിഴിലെ മാരാ എന്ന സിനിമയാണ് ചെയ്തത്. ആ ക്രൂവില്‍ നിന്നും വളരെയധികം പിന്തുണ ലഭിച്ചു. മുമ്പ് ഷൂട്ടിന് വരുമ്പോള്‍ അമ്മ മാത്രമായിരുന്നു കൂടെ, ഇപ്പോള്‍ കാരവനില്‍ മകളും ഉണ്ടാവും. ഒരുമാസത്തോളം ഊട്ടിയില്‍ നിന്നിട്ടും മകള്‍ക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. നമ്മള്‍ പോസിറ്റീവായി ചിന്തിച്ചു തുടങ്ങുമ്പോള്‍ ചുറ്റുമുള്ളവരും അതിനെ പ്രചോദിപ്പിക്കുന്നു എന്നാണ് തോന്നിയിട്ടുള്ളത്.- ശിവദ പറയുന്നു.

sivada

ഫിറ്റ്‌നസ് വീണ്ടെടുക്കുന്നത് സൈസ് സീറോ ആവാനല്ല

പ്രസവശേഷം വര്‍ക്കൗട്ട് ചെയ്തും യോഗ ചെയ്തുമൊക്കെ ഫിറ്റ്‌നസ് വീണ്ടെടുത്തത് സൈസ് സീറോ ആവാനല്ല മറിച്ച് ആരോഗ്യകരമായ ശരീരത്തിന് വേണ്ടിയാണെന്നും ശിവദ. പ്രസവകാലത്ത് വണ്ണം വെക്കുമോ എന്ന പേടിയൊക്കെ ഉണ്ടായിരുന്നു. പക്ഷേ ശര്‍ദ്ദിയൊക്കെ കൂടുതലായിരുന്നതുകൊണ്ടായിരിക്കാം താന്‍ വണ്ണം കുറയുകയാണ് ചെയ്തത്. അഞ്ചാംമാസം തൊട്ട് സ്ഥിരമായി ഒരുമണിക്കൂറോളം യോഗ ചെയ്തിട്ടുണ്ട്. പ്രസവത്തിന് പോയപ്പോള്‍ പോലും അധികം സമ്മര്‍ദമില്ലാത്ത യോഗാ പോസുകള്‍ ചെയ്തിരുന്നു. മകള്‍ക്ക് പോഷകാഹാരം കുറയരുതെന്ന് കരുതി ഒരു ഭക്ഷണത്തിനും നിയന്ത്രണം വച്ചിരുന്നില്ല. പ്രസവശേഷം മൂന്നുമാസം കഴിഞ്ഞപ്പോള്‍ വീണ്ടും യോഗ ചെയ്തു തുടങ്ങി. പിന്നെ സിനിമയില്‍ കമ്മിറ്റ് ചെയ്തപ്പോള്‍ ജിമ്മില്‍ പോയി വര്‍ക്കൗട്ട് തുടങ്ങി. ഒപ്പം ഭരതനാട്യത്തില്‍ പിജി ചെയ്യുന്നുണ്ട്, ആ പ്രാക്റ്റീസുമുണ്ട്. പിന്നെ ഇപ്പോള്‍ കുഞ്ഞിനു പുറകെയുള്ള ഓട്ടവുമുണ്ട്. ലോക്ക്ഡൗണായതിനു ശേഷമാണ് എനിക്കും മുരളിക്കും കുഞ്ഞിനൊപ്പം ഇത്ര കൂടുതല്‍ സമയം ചെലവഴിക്കാന്‍ കിട്ടിയത്.

അമ്മമാരോടുള്ള സ്‌നേഹം കൂടി

അമ്മയായിക്കഴിഞ്ഞപ്പോഴാണ് സ്വന്തം അമ്മയോടും ചുറ്റുമുള്ള അമ്മമാരോടുമൊക്കെ ഇത്രയും ബഹുമാനം തോന്നുന്നതെന്നും ശിവദ പറയുന്നു. അമ്മയോട് ചെറിയ വഴക്കുകളൊക്കെ ഉണ്ടായിരുന്നത് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തോന്നും ഞാന്‍ മോളെ നോക്കുന്നപോലെ എന്നെ നോക്കിയിട്ടുണ്ടാവില്ലേ എന്നൊക്കെ. അമ്മയോട് സ്‌നേഹവും ബഹുമാനവുമൊക്കെ കൂടിയ സമയമാണിത്. അടുക്കും ചിട്ടയുമൊക്കെ കുറച്ചുകൂടുതലായിരുന്നു തനിക്ക്. പക്ഷേ ഇപ്പോള്‍ മകളായപ്പോള്‍ അവിടെയും ഇവിടെയുമൊക്കെ സാധനങ്ങള്‍ വലിച്ചുവാരിയിട്ടിട്ടുണ്ടാവും. പിന്നെ അവളുടെ ടൈം ടേബിളിനനുസരിച്ചാക്കി തന്റെ ജീവിതം. ആദ്യമൊക്കെ തന്റെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്നൊക്കെ തോന്നിയിരുന്നെങ്കിലും ഇപ്പോള്‍ ഈ കാലം ആസ്വദിക്കുന്നുണ്ട്.  മുമ്പത്തേക്കാള്‍ ക്ഷമയൊക്കെ വന്നിട്ടുണ്ടെന്നും തോന്നുന്നു.

sivada

പുതിയ പ്രൊജക്റ്റുകള്‍

തമിഴില്‍ രണ്ടു സിനിമ ചെയ്യുന്നുണ്ട്. മലയാളത്തില്‍ ഒരു പ്രൊജക്ട് വരുന്നുണ്ട്, ഈ കൊറോണക്കാലമൊക്കെ കഴിഞ്ഞായിരിക്കും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത്.

Content Highlights: actress shivada sharing experience about motherhood and postpartum depression