ഹൈദരാബാദില്‍ തെലുങ്ക് റിയാലിറ്റി ഷോയുടെ ഷൂട്ടിങ്ങിലായിരുന്നു നടി ഷംന കാസിം. ഇതിനിടയില്‍ 'തലൈവി' എന്ന ചിത്രത്തില്‍ ജയലളിതയുടെ ഉറ്റതോഴിയായ ശശികലയുടെ വേഷം അഭിനയിക്കുകയും ചെയ്തു. കങ്കണ റണാവത്താണ് ബഹുഭാഷാ ചിത്രത്തില്‍ ജയലളിതയായെത്തുന്നത്. ഈ തിരക്കിനിടയിലാണ് നാട്ടില്‍ ഷംനയ്ക്ക് കല്യാണ ആലോചനയുമായി കുറച്ച് ചെറുപ്പക്കാര്‍ എത്തുന്നത്.
അധികം വൈകാതെ ഈ വിവാഹാലോചന വലിയൊരു തട്ടിപ്പായിരുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. പിന്നാലെ കേരളം കണ്ട വലിയൊരു തട്ടിപ്പിന്റെ ചുരുളഴിയുകയായിരുന്നു. 

ഈ തട്ടിപ്പിന്റെ തുടക്കം എവിടെനിന്നായിരുന്നു?

എനിക്ക് ധാരാളം വിവാഹാലോചനകള്‍ വരുന്ന സമയമായിരുന്നു. അതുപോലെ വന്നതാണ് ഇതും. തുടക്കത്തില്‍ നല്ല രീതിയില്‍ വന്ന അന്വേഷണമാണ്. പക്ഷേ അതില്‍ എല്ലാവര്‍ക്കും വേറെ അഡ്രസ്, വേറെ ഫോട്ടോ, വേറെ പേരുകള്‍ ഒക്കെയാണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്. ഇപ്പോള്‍ അറസ്റ്റിലായ ആള്‍ക്കാരെല്ലാം കല്യാണം കഴിച്ച് കുട്ടികളുള്ളവരാണ്. 

grihalakshmi
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

കല്യാണപ്പെണ്ണായ എന്നെയും എന്റെ കുടുംബത്തില്‍ എല്ലാവരെയും അവര്‍ ഒരുമിച്ച് വഞ്ചിക്കുകയായിരുന്നു. ഞാനിതൊക്കെ കുറച്ച് ദിവസം കൊണ്ട് മറക്കുമായിരിക്കും. പക്ഷേ എല്ലാ പെണ്‍കുട്ടികളും അങ്ങനെയല്ല. ചില പെണ്‍കുട്ടികളൊക്കെ ആത്മഹത്യ ചെയ്യുന്നത് ഇതുകൊണ്ടൊക്കെ ആയിരിക്കാമെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്.

ഇപ്പോഴത്തെ അനുഭവങ്ങളൊക്കെ വ്യക്തിപരമായി എന്താണ് പഠിപ്പിക്കുന്നത്?

കാലം പോവുന്തോറും അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് തോന്നിപ്പോവുന്നു. ഇപ്പോള്‍ കൊറോണയൊക്കെയുള്ളതുകൊണ്ട് നമ്മള്‍ മൊത്തം പലതരം ടെന്‍ഷനുകളിലൂടെ പോവുകയാണ്. ഈ സമയത്തും ഇങ്ങനെയുള്ള തട്ടിപ്പുകാര്‍ മുന്നിലേക്ക് വരുന്നു. കൊറോണ വരുന്നു, ആള്‍ക്കാര്‍ മരിക്കുന്നു എന്നതൊന്നും ഇവര്‍ക്കൊരു വിഷയമേയല്ല. 

സിനിമയില്‍ ആയതുകൊണ്ടാണോ പലരും തട്ടിപ്പുമായി വരുന്നത്

ഇവര്‍ക്കെതിരെ പഠിക്കുന്ന കുട്ടികള്‍ വരെ പരാതി നല്‍കിയിട്ടുണ്ട്. സാധാരണക്കാര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ട്. പക്ഷേ ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് വരുമ്പോഴേ അത് വാര്‍ത്തയാവുന്നുള്ളൂ. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. പക്ഷേ വീട്ടമ്മയെ പാമ്പിനെ കൊണ്ട് കൊത്തിക്കുന്നതുപോലെ എന്തോക്കെ സംഭവങ്ങളാണ്. ഇതൊന്നും സിനിമയില്‍ പോലും കാണില്ല. 

ഷംന കാസിമുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Actress Shamna Kasim open up about blackmail case