മുപ്പതുവര്‍ഷം മുന്നേ 'തലയണ മന്ത്രം' സിനിമയുടെ ലൊക്കേഷനില്‍ വെച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ശ്രീനിവാസനെ ഒരു ഡിറ്റക്ടീവിന്റെ പണി ഏല്‍പ്പിച്ചെന്ന് കഥയുണ്ട്. സിനിമയിലെ നായകനും നായികയും തമ്മില്‍ പ്രണയമുണ്ടോ എന്നുകണ്ടുപിടിക്കലായിരുന്നു ശ്രീനിവാസന്റെ ഡ്യൂട്ടി. അവസാനം നാടോടിക്കാറ്റിലെ വിജയനെപ്പോലെ ശ്രീനിവാസന്‍ ആ രഹസ്യം കണ്ടുപിടിച്ചു.'അവര്‍ പരസ്പരം മിണ്ടുന്നില്ല. അതുതന്നെയല്ലേ പ്രണയത്തിന്റെ സൂചന' സത്യന്‍ അന്തിക്കാടും ശ്രീനിവാസന്‍ കൊടുത്ത റിപ്പോര്‍ട്ട് അംഗീകരിച്ചു. ഈ പഴയ കഥ കേട്ടപ്പോള്‍ അന്നത്തെ നായിക പാര്‍വതി ജയറാം നാണത്തോടെ ചിരിച്ചു. ചെന്നൈ വത്സരവാക്കത്തുള്ള വീട്ടിലുണ്ട് അന്നത്തെ നായകന്‍ ജയറാമും.
 
'ആ കഥ ഞാനും കേട്ടിട്ടുണ്ട്. അന്ന് ശ്രീനിയേട്ടന്‍ കണ്ടുപിടിച്ചത് ഞാനും ജയറാമും സംസാരിക്കുന്നില്ലെന്നതാണ്. അതുപിന്നെ ഞങ്ങള്‍ ബോധപൂര്‍വം സംസാരിക്കാതിരുന്നതാണ്. എന്തെങ്കിലും സംസാരിച്ചാല്‍ പിന്നെ അന്നത്തെ ബുക്കുകളിലൊക്കെ വേണ്ടാത്ത ഓരോന്ന് എഴുതി വരില്ലേ. എനിക്കും ജയറാമിനും ആശയവിനിമയത്തിന് വേറെ എന്തൊക്കെ മാധ്യമങ്ങളുണ്ട്. ഇടയ്ക്ക് ആംഗ്യം കാണിക്കും. പിന്നെ പറയാനുള്ളത് കാസറ്റില്‍ റെക്കോഡ് ചെയ്യും. ആരും കാണാതെ അത് കൈമാറും. ഞാന്‍ ആ കാസറ്റ് വാക്ക്മാനില്‍ ഇട്ട് കേട്ടുകൊണ്ടിരിക്കും. സിനിമാ ലൊക്കേഷനിലൊക്കെ ഏതുനേരവും വാക്ക്മാന്‍ കേട്ടോണ്ടിരിക്കുന്നത് കാണുമ്പോള്‍ എല്ലാവരും കരുതി, ഞാന്‍ പാട്ട് കേള്‍ക്കുകയാണെന്ന്. പക്ഷേ ഒടുവില്‍ അമ്മയ്ക്കാണ് സംശയം തോന്നിയത്. അമ്മ കണ്ടുപിടിക്കുകയും ചെയ്തു. ആ കാസറ്റ് അമ്മ കേട്ടുനോക്കി. അതില്‍ പകുതിയും ജയറാം അമ്മയെ കുറ്റം പറയുന്ന ഭാഗങ്ങളായിരുന്നു.

കര്‍ക്കശക്കാരിയായിരുന്ന അമ്മയ്ക്ക് പിന്നെ എന്തുവേണം. അന്നു നന്നായി തല്ലുകിട്ടികാണുമല്ലോ

അമ്മ കണക്ക് ടീച്ചറായിരുന്നു. സ്‌കൂളില്‍ ഒരുപാട് കുട്ടികളുണ്ടായിരുന്നല്ലോ. അവരെയൊക്കെ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാത്തതിന്റെ മുഴുവന്‍ ദേഷ്യവും എന്നെ കണ്‍ട്രോള്‍ ചെയ്ത് തീര്‍ത്തിട്ടുണ്ട് അമ്മ. അച്ഛന്‍ സൈലന്റായിരുന്നു. അച്ഛന്റെ ഒരുപാട് സ്വഭാവങ്ങള്‍ എനിക്കും കിട്ടിയിട്ടുണ്ട്. അമ്മയ്ക്ക് ഒരുപാട് കഴിവുണ്ടായിരുന്നു. ഒരേ സമയം ഒരുപാട് കാര്യങ്ങള്‍ ചെയ്യും.  ജീവിതത്തില്‍ കുറെപ്പേര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞ് ഞാനും ജയറാമും ആദ്യം ചെന്നത് ജയറാമിന്റെ വല്യമ്മയുടെ വീട്ടിലായിരുന്നു.അവിടെ ഒന്നിനുമൊരു കുറവുണ്ടായിരുന്നില്ല. പെട്ടെന്നൊരാള്‍ വന്നാലും അയാള്‍ക്കുവേണ്ട എല്ലാം ആ വീട്ടിലുണ്ടാവും. അന്ന് ഞാനും വിചാരിച്ചു. എന്റെ വീടും ഇങ്ങനെയാവണമെന്ന്. പിന്നെ ജയറാമിന്റെ അച്ഛനും അമ്മയും തമ്മിലുള്ള അടുപ്പവും എന്നെ സ്വാധീനിച്ചിട്ടുണ്ട്. 

പണ്ട് സിനിമയില്‍ തിരക്കുള്ള കാലത്ത് കുടുംബ ജീവിതത്തിലേക്ക് പോയ ആളാണ് പാര്‍വതി. അപ്പോഴും ജയറാമാവട്ടെ സിനിമയുടെ തിരക്കില്‍. അന്ന് എല്ലാം എങ്ങനെ ഒറ്റയ്ക്ക് നേരിട്ടു 

ഒരു സിറ്റ്വേഷന്‍ വരുമ്പോള്‍ പൊതുവെ പെണ്ണുങ്ങള്‍ക്ക് അത്   നേരിടാന്‍ ഒരു കോമണ്‍സെന്‍സൊക്കെയുണ്ടാവും. എനിക്കും ഇങ്ങനെയൊരു പ്രശ്‌നം വന്നപ്പോള്‍ വേറെ വഴിയില്ലായിരുന്നു. ആശ്രയിക്കാന്‍ ആരുമില്ല. ജയറാമിനെ എപ്പോഴും വെയിറ്റ് ചെയ്തിരിക്കാന്‍ പറ്റില്ല. സ്‌കൂളിലെ പരിപാടികള്‍ക്കോ ഒരു കല്യാണത്തിനോ ഒന്നും കൂടെ വരുമെന്നും പ്രതീക്ഷിക്കാന്‍ പറ്റില്ല. അങ്ങനെ എല്ലാം തന്നത്താന്‍ ചെയ്യേണ്ടി വന്നു. ജയറാമിന്റെ ജോലിയുടെ സ്വഭാവം എന്താണെന്ന് അറിയാവുന്നതുകൊണ്ട് നേരത്തെ തന്നെ ഞാന്‍ അതിന് മാനസികമായി തയ്യാറായിരുന്നു.

കാളിദാസിന്റെയും മാളവികയുടെയുമൊക്കെ പഠനകാര്യങ്ങളോ

അന്നൊക്കെ വലിയ ടെന്‍ഷനായിരുന്നു. മക്കള്‍ സ്‌കൂളില്‍ പരീക്ഷയ്ക്ക് തോല്‍ക്കുമ്പോഴോ മാര്‍ക്ക് കുറയുമ്പോഴോ ഒക്കെ എനിക്ക് ടെന്‍ഷന്‍ വരും. അത് ഞാന്‍ ജയറാമിന്റെ അടുത്ത് പറഞ്ഞ് ടെന്‍ഷന്‍ അടിപ്പിച്ചിട്ട് ഒന്നും കിട്ടാനില്ലല്ലോ. അപ്പോള്‍ ഞാന്‍ തന്നെ അതിന് പരിഹാരം കണ്ടെത്തും. ലൈഫ് അങ്ങനെയാണ്. പക്ഷേ ഈ  സൂപ്പര്‍ വുമണ്‍ സ്റ്റാറ്റസ് ഞാന്‍ എന്‍ജോയ് ചെയ്തിട്ടുണ്ട്. ഇതൊക്കെ ചെയ്യാന്‍ പറ്റുമെന്നൊരു ആത്മവിശ്വാസം എന്നിലുണ്ടാവുകയായിരുന്നു. അതെന്റെ കോണ്‍ഫിഡന്‍സ് ലെവല്‍ ഉയര്‍ത്തി.
 
പക്ഷേ പാര്‍വതി അഭിനയിച്ച സിനിമകളില്‍ കണ്ടതൊക്കെ ഒരു പാവം വീട്ടമ്മയെയാണ്

ഒരു സിനിമയിലും എന്റെ സ്വഭാവം ഇല്ലായിരുന്നു. അന്നെനിക്ക് അഭിനയത്തോടൊരു ആത്മാര്‍പ്പണം കുറവായിരുന്നു. സിനിമ ഒരിക്കലും ഒരു പാഷന്‍ ആയിട്ടില്ല. അച്ഛനും അമ്മയും അഭിനയിക്കാന്‍ പറയുന്നു. ഞാന്‍ അഭിനയിക്കുന്നു. അത്രേയുള്ളൂ. പിന്നെ കുറെ നല്ല ഓഫറുകള്‍ വന്നു. നല്ല സംവിധായകരുടെയും നല്ല നടന്‍മാരുടെയുമൊക്കെ കൂടെ അവസരം വന്നു. ആ ഒരു ഒഴുക്കിലങ്ങ് മുന്നോട്ട് പോവുകയായിരുന്നു. അല്ലാതെ ഞാനായിട്ട് പ്ലാന്‍ ചെയ്ത് ഇന്ന കാരക്ടര്‍ ചെയ്യണമെന്നോ ഇങ്ങനെ മുന്നോട്ട് പോവണമെന്നോ എന്നൊന്നും ധാരണയുണ്ടായിരുന്നില്ല.

അങ്ങനെ വേണമായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ

വേണമായിരുന്നു. അങ്ങനെ തോന്നിയില്ലെങ്കില്‍ മണ്ടത്തരമാണെന്നേ പറയാനുള്ളൂ. അന്ന് കൈയില്‍ കിട്ടിയ നല്ല പ്രൊഫഷനെ എനിക്ക് കുറച്ചുകൂടെ സത്യസന്ധമായിട്ട് സമീപിക്കാമായിരുന്നു. ലക്ഷക്കണക്കിനാള്‍ക്കാരില്‍ ഒരാള്‍ക്കൊക്കെയേ അങ്ങനെയൊരു ചാന്‍സ് കിട്ടൂ. അത് ഞാന്‍ അത്ര സീരിയസ്സായി എടുക്കാതെ കളഞ്ഞു എന്നൊരു വിഷമം ഇപ്പോഴുണ്ട്്.

പത്മരാജന്റെയും ഭരതന്റെയുമൊക്കെ സിനിമകളില്‍ നായികയായിരുന്നു. അവരുടെ ശൈലികള്‍ തമ്മില്‍ വ്യത്യാസം ഉണ്ടായിരുന്നോ

എന്റെ മൂന്നാമത്തെയോ നാലാമത്തെയോ പടം പപ്പേട്ടനൊപ്പം(പത്മരാജന്‍) ആയിരുന്നു അഭിനയിക്കുമ്പോള്‍ അദ്ദേഹം ചെറിയ ചെറിയ ടിപ്‌സുകള്‍ പറഞ്ഞുതരും. എങ്ങനെ നമ്മുടെ പോസ്റ്റര്‍ മെയിന്റയിന്‍ ചെയ്യണം. ഇമോഷന്‍സ് എങ്ങനെ കൈകാര്യം ചെയ്യണം എന്നൊക്കെ പറയും. പപ്പേട്ടനുമായി  മാനസികമായി അടുപ്പം ഉണ്ടായിരുന്നു. ഭരതന്‍ അങ്കിളിന്റെ വീടുമായിട്ടും നല്ല അടുപ്പമായിരുന്നു. എപ്പോ മദ്രാസിലേക്ക് ഷൂട്ടിങ്ങിന് വന്നാലും ലളിത ചേച്ചിയുടെ വീട്ടില്‍ പോകും. ഒരിക്കല്‍ ഒരു തമിഴ് സിനിമയുടെ വര്‍ക്ക് നടക്കുമ്പോള്‍ ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന് ഞാനും ലളിതചേച്ചിയുംകൂടെ കെ കെ നഗറിലൂടെ നടക്കുകയായിരുന്നു. വഴിയരികില്‍ ഒരു സ്‌കൂള്‍ കാണിച്ചിട്ട് ചേച്ചി പറഞ്ഞു. 'ഇതാണ് പത്മശേഷാദ്രി സ്‌കൂള്‍. ഇവിടുത്തെ ഏറ്റവും വലിയ സ്‌കൂള്‍ ആണ്. ഇവിടെ കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടാന്‍ വലിയ പ്രയാസമാണ്.'എന്നൊക്കെ. എനിക്കന്ന് 17 വയസ്സേയുള്ളൂ. പക്ഷേ അന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ചതാണ്. എന്റെ മക്കളെ ഞാന്‍ ഇവിടെത്തന്നെ പഠിപ്പിക്കുമെന്ന്. എനിക്കന്ന് ജയറാമിനെ ഒരു പരിചയവും ഇല്ല. എന്റെ കല്ല്യാണത്തെപറ്റി ആലോചിച്ചിട്ടില്ല. പക്ഷേ എന്തോ അങ്ങനെയൊരു തോന്നലുണ്ടായി. കല്യാണം കഴിഞ്ഞപ്പോഴും ജയറാമിനും മദ്രാസില്‍തന്നെയായിരുന്നു കൂടുതല്‍ ഷൂട്ടിങ്. കണ്ണന്‍ ജനിച്ചപ്പോള്‍ ഞങ്ങള്‍ ഇങ്ങോട്ട് താമസം മാറി. പത്മശേഷാദ്രി സ്‌കൂളില്‍തന്നെ കണ്ണനെ ചേര്‍ത്തു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ചക്കിയെയും അവിടെത്തന്നെ ആക്കി. 

പഴയ മലയാള സിനിമയിലെ സൗന്ദര്യസങ്കല്‍പമായിരുന്നു പാര്‍വതി

അന്ന് പലരും അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ അതൊന്നും എന്നെ ബാധിച്ചിട്ടേയില്ല. എന്താണെന്നറിയില്ല. ഞാന്‍ അതൊന്നും സീരിയസ്സായെടുത്തിട്ടില്ല. സിനിമ നല്‍കുന്ന ഫെയിമോ അത് കിട്ടുന്ന പണമോ അങ്ങനെയൊന്നും ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. എന്തോ ഒരു ഒഴുക്കില്‍ പോവുന്നു. അങ്ങനെയേ വിചാരിച്ചിട്ടുള്ളൂ.

ഇപ്പോള്‍ സിനിമയിലെ നായികാസങ്കല്പമൊക്കെ മാറിയില്ലേ 

അന്ന് നായകനും നായികയും ഉയരം വേണം നിറം വേണം എന്നൊക്കെയായിരുന്നു. ഇപ്പോ അതിനെക്കുറിച്ച് ആരും ഒന്നും ശ്രദ്ധിക്കുന്നില്ല. ഇപ്പോള്‍ കഥാപാത്രം ആവശ്യപ്പെടുന്ന ഒരാള്‍ മതി. അഭിനയിക്കുന്ന ആള്‍ക്ക് ആത്മവിശ്വാസമുണ്ടോ, അയാള്‍ സ്മാര്‍ട്ട് ആണോ എന്നൊക്കെയേ നോക്കുന്നുള്ളൂ. ഇപ്പോള്‍ ആക്ടിങ്ങും ഒരുപാട് മാറിയില്ലേ. 

നാല്‍പതിന് ശേഷമുള്ള ജീവിതം എങ്ങനെ

ഫോര്‍ട്ടി പ്ലസ് ഞാന്‍ നന്നായിട്ട് എന്‍ജോയ് ചെയ്യുന്നുണ്ട്. എനിക്കിവിടെ ഒരുപാട് കൂട്ടുകാരുണ്ട്. ഞങ്ങളെല്ലാവരും കൂടെ  വര്‍ഷത്തിലൊരു യാത്ര പോവും. അതൊരു വല്ലാത്ത അനുഭവമാണ്. കോളേജ് ജീവിതം മിസ്സായൊരാളാണ് ഞാന്‍. പ്രീഡിഗ്രി വരെയേ കോളേജില്‍ പോയിട്ടുള്ളൂ. ആ ജീവിതം ഇപ്പോള്‍ എനിക്ക് തിരികെ കിട്ടിയ പോലെയാണ്. പ്രായം നമുക്കൊരു മാറ്ററേ അല്ല എന്ന് മനസ്സിലാവുന്നുണ്ട്. 

കഴിഞ്ഞ മാസം മുഴുവന്‍ ദൈവികമായ യാത്രകളായിരുന്നു. ഞാന്‍ ജെറുസലേമില്‍ പോയി. ഗാഗുല്‍ത്താമലയിലേക്കുള്ള വഴിയിലൂടെ നടന്നു. ജീസസ് കൈ വെച്ച സ്ഥലത്ത് കൈ വെക്കാന്‍ പറ്റി.  ദൈവം നടന്ന വഴിയിലൂടെ നടക്കാന്‍ പറ്റിയെന്ന് പറഞ്ഞാല്‍ വല്ലാത്ത അനുഭവമാണ്. പിന്നെ ജ്വാലാമുഖി. അതുകഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോള്‍ അമൃത്സറില്‍ ഗോള്‍ഡന്‍ ടെമ്പിളില്‍. വിശുദ്ധമായൊരു കാലമാണ് കഴിഞ്ഞുപോയത്.

അശ്വതിയില്‍നിന്ന് പാര്‍വതിയായി മാറിയ ആളാണ്. ഇപ്പോള്‍ ഉള്ളിലുള്ളതാരാണ്

ആറുവര്‍ഷമേ പാര്‍വതി ജീവിച്ചിട്ടുള്ളൂ. അതിന് മുമ്പ് അശ്വതിയായിരുന്നു. അതുകഴിഞ്ഞും അശ്വതിയാണ്. ഈ ആറുവര്‍ഷം എന്റെ ഓര്‍മയിലേ ഇല്ല. അതൊരു പുകമറയില്‍ ഇരിക്കുകയാണ്. പക്ഷേ ഈ ആറുവര്‍ഷംകൊണ്ട് ഞാന്‍ നേടിയത് എന്നെ ഇഷ്ടമുള്ള കുറെപ്പേരുടെ സ്‌നേഹമാണ്. അതൊരിക്കലും ഒന്നിനും പകരമാവില്ല. അങ്ങനെ നോക്കുമ്പോള്‍ ജീവിതം ഒരുപാട് അനുഗ്രഹിക്കപ്പെട്ടതുപോലെ തോന്നുന്നു.

Content Highlights: Actress Parvathy Jayaram talks about career and family