'കുടമുല്ലക്കമ്മലണിഞ്ഞാൽ കുനുകൂന്തൽ ചുരുളു മെടഞ്ഞാൽ
കൈതപ്പൂവിതളേ നിന്നെ കണികാണാനെന്തു രസം
എന്നും കണികാണാനെന്തു രസം..'

ഈ പാട്ടിനൊപ്പം മലയാളിമനസ്സുകളിലേക്ക് നിത്യാ ദാസ് എന്ന കുന്ദമംഗലംകാരി കയറിവന്നിട്ട് 16 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കോഴിക്കോട് ബീച്ച് റോഡിലുള്ള ലേ മാരിയറ്റിലെ 4എ ഫ്‌ളാറ്റിൽ വീട്ടമ്മ റോൾ ആസ്വദിക്കുകയാണ് നിത്യ ഇപ്പോൾ. അഭിനയത്തോടുള്ള ഇഷ്ടം കളയാനാവാത്തതുകൊണ്ട് ഇടയ്ക്ക് ചില സീരിയലുകളും. ഈ പറക്കുംതളികയിലെ ബസന്തിക്ക് ഇത്രയും വർഷങ്ങൾക്കിപ്പുറവും യാതൊരു മാറ്റവുമില്ല. കാണുമ്പോഴാദ്യം മനസ്സിലേക്കെത്തുക ആ സിനിമാഗാനം തന്നെ!!

''അത്രയ്ക്ക് ഇഷ്ടായിട്ട് ചെയ്ത കഥാപാത്രമൊന്നുമല്ല ഈ പറക്കും തളികയിലെ ബസന്തി.എൽദോ നിന്നെ സിനിമേലെടുത്തൂന്ന് പറയുന്ന അവസ്ഥ തന്നെയായിരുന്നു അന്ന്.സിനിമയെപ്പറ്റി ഒന്നുമറിയില്ലല്ലോ!പക്ഷേ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ബസന്തി തന്നെയാണ്."

nithya cooking

ആലുവാപ്പുഴയിൽ കിട്ടിയ പണി

ഏറ്റവും രസകരം പുഴയിൽ മുങ്ങി പൊങ്ങിവരുന്ന സീനായിരുന്നു.എനിക്കന്ന് നീന്താനൊന്നും അറിയില്ല.പുഴയിൽ ഇറങ്ങാനും കൂടി പേടിയാരുന്നു. ഇതൊന്നും ആരും എന്നോട് ചോദിച്ചതുമില്ല. പുഴയിൽ മുങ്ങുന്നത് തന്നെ വലിയ പണിയാ,അതിന്റെ കൂടെ പൊങ്ങിവരുമ്പോ ചിരിച്ചോണ്ട് വരണമെന്ന് കൂടി പറഞ്ഞാലോ. പത്ത് മുപ്പത് ടേക്ക് എടുത്തിട്ടാ സംഗതി ഓകെയായത്.

ദിലീപേട്ടൻ അന്ന് കാണിച്ച ക്ഷമ എന്തുമാത്രമാണെന്നോ. ഇത്രയും നേരം നമ്മൾക്ക് വേണ്ടി കാത്തുനിൽക്കുവല്ലേ അവരൊക്കെ. എന്നിട്ടും എനിക്ക് പറഞ്ഞുതന്നു.നീ കണ്ടിട്ടില്ലേ പരസ്യത്തിലൊക്കെ ആൾക്കാര് മുങ്ങീട്ട് ചിരിച്ചോണ്ട് പൊങ്ങിവരുന്നത്,അത്രേയുള്ളു എന്ന്.

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന അരക്ഷിതാവസ്ഥ വലിയ ചർച്ചയാണല്ലോ....

എനിക്കങ്ങനെ ഒരു മോശം അനുഭവവും സിനിമയിൽ നിന്നുണ്ടായിട്ടില്ല. വിവാഹത്തിന് മുമ്പ് അച്ഛനോ അമ്മയോ ഷൂട്ടിംഗിന് കൂടെ വരുമായിരുന്നു. വിവാഹശേഷം തനിച്ച്  ഷൂട്ടിംഗ് സെറ്റുകളിൽ പോയിട്ടുണ്ട്. ഒരിക്കലും ഒരു മോശം പെരുമാറ്റം ആരിൽ നിന്നും ഉണ്ടായിട്ടില്ല.

നിത്യ ബോൾഡാണോ...

ഷൂട്ടിംഗിനൊക്കെ ഒറ്റയ്ക്ക് പൊയ്ക്കൂടേ എന്ന് അഭിപ്രായപ്പെട്ടത് വിക്കിയാരുന്നു. ഞാനന്ന് തനിച്ചു പോവുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടും കൂടിയില്ല. എല്ലാ ജോലികളിലും സ്ത്രീകളുണ്ടല്ലോ,അവരൊക്കെ തുണയ്ക്ക് ആളെക്കൂട്ടി പോവാൻ തുടങ്ങിയാലോ എന്ന ചോദ്യം എന്നെ ചിന്തിപ്പിച്ചു. അങ്ങനെ കശ്മീരിൽ നിന്ന് ചെന്നൈക്ക് തന്നെ പോവാൻ തീരുമാനിച്ചു.തമിഴ് സീരിയലിന്റെ ഷൂട്ടിംഗാണ്. എന്റെ കഷ്ടകാലത്തിന് ഒരു ഫ്‌ളൈറ്റ് മിസ്സായി. ഡൽഹിയിലെത്തിയപ്പോ വൈകി. അവിടുന്ന് കുറച്ച് ദൂരം ചെന്ന് അടുത്ത എയർപോർട്ടീന്ന് വേണം ചെന്നൈക്ക് ഫ്‌ളൈറ്റ് കിട്ടാൻ.എനിക്കെന്തു ചെയ്യണമെന്നറിയില്ല. വിക്കി ഫോണിൽ വിളിച്ച് പേടിക്കേണ്ടെന്നൊക്കെ പറയുന്നുണ്ട്.ഞാൻ കരച്ചിൽ തന്നെ കരച്ചിൽ. ഒരു തരത്തിൽ ടാക്‌സി പിടിച്ച് അങ്ങോട്ടേക്ക് പോവാൻ തീരുമാനിച്ചു.ആ ഡ്രൈവർ ചോദിച്ചു എന്തിനാ കരയുന്നതെന്ന്. കാര്യം പറഞ്ഞപ്പോ പുള്ളി വല്ലാത സപ്പോർട്ട് ചെയ്തു,ധൈര്യമായിട്ടിരിക്ക്,ടെൻഷനൊന്നും വേണ്ടാന്ന് പറഞ്ഞു. അന്നേരം എനിക്ക് മനസ്സിലായി നമ്മള് ജീവിതത്തിൽ നല്ലതെന്തേലും ചെയ്തിട്ടുണ്ടെങ്കിൽ ഈശ്വരൻ ഏതേലും രൂപത്തിൽ സഹായിക്കാനുണ്ടാവുമെന്ന്. പിന്നെ എല്ലായിടത്തും തനിച്ചു പോവാനൊക്കെ തുടങ്ങി.

nithya das family

ആകാശയാത്രയിൽ മൊട്ടിട്ട പ്രണയം

"ഫ്‌ളൈറ്റ് സ്റ്റുവർട്ടാണ് അരവിന്ദ് സിംഗ് ജർവാൾ.ഞാൻ വിക്കിയെന്ന് വിളിക്കും.ഒരു യാത്രയിൽ വച്ച് കണ്ടുമുട്ടിയതാ. അന്ന് വിനുവേട്ടനും രഞ്ജിത്തേട്ടനും ഒക്കെ ഒപ്പമുണ്ട്. എയർഹോസ്റ്റസുമാരുടെ സൗന്ദര്യത്തെക്കുറിച്ചൊക്കെ എല്ലാരൂടെ പറഞ്ഞോണ്ടിരിക്കുവാ. അപ്പഴാ ഞാൻ അരവിന്ദിനെ കാണുന്നത്. നിങ്ങളെന്തിനാ ഇതൊക്ക പെറയുന്നത് അങ്ങോട്ട് നോക്ക് ആ ആളെ കാണാൻ സുന്ദരനാന്ന് ഞാൻ പറഞ്ഞു. അവരത് അപ്പോഴേ അരവിന്ദനെ വിളിച്ചു പറഞ്ഞു. സത്യമാണോന്ന് പുള്ളി എന്നോട് ചോദിച്ചു. ഞാൻ ഒരുതരത്തിൽ മറുപടി പറയാതെ തലയൂരി. പക്ഷേ,തലവര മാറിപ്പോവില്ലല്ലോ. പിന്നെയും യാത്രയ്ക്കിടെ തമ്മിൽ കണ്ടു. സൗഹൃദമായി,പ്രണയമായി,വിവാഹത്തിലെത്തി."

കശ്മീർ സ്വദേശിയാണ് അരവിന്ദ്. മലയാളത്തിന്റെ നായിക അങ്ങനെ കശ്മീരിന്റെ മരുമകളായി. വിവാഹശേഷം നിത്യയെ ഏറ്റവും കുഴപ്പിച്ചത് അവിടുത്തെ ആഹാരരീതികളാണ്.

"കശ്മീരി ഫുഡിന്റെ ഏറ്റവും വലിയ പ്രത്യേകത അവര് കടുകെണ്ണയാ പാചകത്തിന് ഉപയോഗിക്കുക. അതെനിക്ക് വലിയ പ്രശ്നമായിരുന്നു ആദ്യമൊക്കെ. അപ്പോ വിക്കി പറയും ഇതൊന്നും വിഷം ചേർന്നതല്ല,ധൈര്യമായി കഴിക്കാമെന്ന്. അങ്ങനെ പയ്യെപ്പയ്യെ ശീലമായി. കോഴിക്കോട് സ്ഥിരതാമസമായപ്പോ ഇതേ ഡയലോഗ് ഞാൻ തിരിച്ച് പറയേണ്ടി വന്നു. വെജിറ്റേറിയനായിരുന്ന ആളിനെ ഞാൻ ഒരു വിധത്തിൽ നോൺ വെജ് കഴിക്കുന്ന ആളാക്കി. എനിക്ക് ബിരിയാണി കഴിക്കാൻ കമ്പനി വേണമല്ലോ."

ആഹാരപ്രിയയാണല്ലേ....

ആഹാരം കഴിക്കാൻ ഒരുപാട് ഇഷ്മാണ്. എങ്കിലും എല്ലാ നാട്ടിലെയും ആഹാരം കഴിച്ച് പരീക്ഷിക്കാനൊന്നും പറ്റൂല്ല. കോഴിക്കോടൻ ബിരിയാണി തന്നെയാണ് ഫേവറിറ്റ്. എവിടെപ്പോയാലും ആ ഓർമ്മയിലാണ് എന്റെ ആഹാരം കഴിക്കൽ. പിന്നെ, ഇവിടെ അച്ഛനും മകൾക്കും ആഹാരകാര്യത്തിൽ അങ്ങനെ നിർബന്ധങ്ങളൊന്നുമില്ല. അതുകൊണ്ട് കുക്കിങ്ങും സോ ഈസി!

ഹിന്ദി+മലയാളം=ഹിന്ദാളം!!

സംസാരത്തിനിടയിൽ ഇടയ്ക്കിടക്ക് കയറിവരുന്ന ഹിന്ദിവാക്കുകൾ. ചിരിച്ചുകൊണ്ട് കാരണം പറഞ്ഞു നിത്യ.

ഹിന്ദിയാണ് വീട്ടിൽ മൂന്നുപേരുടെയും ഭാഷ. അർവിന്ദിന് അത്യാവശ്യം മലയാളവും അറിയാം. അയൽപ്പക്കത്തുള്ളതെല്ലാം നോർത്ത് ഇന്ത്യൻ കുടുംബങ്ങളാണ്. അവരോടും ഹിന്ദി പറഞ്ഞല്ലേ പറ്റൂ. പക്ഷേ,നൈന നന്നായി മലയാളം പറയണമെന്ന് എനിക്ക് നിർബന്ധമായിരുന്നു. അന്യരാജ്യങ്ങളിൽ വളരുന്ന മലയാളിക്കുട്ടികളുടെ സംസാരം കേട്ടിട്ടില്ലേ. അങ്ങനെയാവരുത് എന്റെ മകൾ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് അവളെ മലയാളം പഠിപ്പിച്ചു. മോള് ഇപ്പോ നന്നായി മലയാളം സംസാരിക്കും.

അമ്മക്കുട്ടി 'നൈന'

അവൾക്ക് എന്നോടാണ് കൂടുതൽ അടുപ്പം. വിക്കി കുറച്ച് സ്ട്രിക്ടാ. ഞാനാവുമ്പോ അവളോട് കൂടുതൽ ഉറങ്ങിക്കോളാനും കളിച്ചോളാനും ഒക്കെ പറയും. അതുകൊണ്ടെക്കെയാവും ഈ അമ്മക്കുട്ടി സ്‌റ്റൈൽ. പിന്നെ അവളെ ചുറ്റിപ്പറ്റി മാത്രമാണ് ഇപ്പോ എന്റെ ലോകം. ആ പ്രായത്തിലുള്ള കുട്ടികളെ അപേക്ഷിച്ച് നോക്കുമ്പോ അവള് വളരെ പക്വതയുള്ള കുട്ടിയാ. വളരെ അഡ്ജസ്റ്റബിളുമാ. ഒരു വീട്ടമ്മ എന്ന നിലയ്ക്ക് ഞാൻ നൂറുശതമാനം ഹാപ്പിയുമാ.

കോഴിക്കോട് ദേവഗിരി സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയാണ് നൈന.

nithyadas daughter


സൗഹൃദങ്ങൾ...

നവ്യയാണ് അന്നുമിന്നും സിനിമയിലെ ബൈസ്റ്റ് ഫ്രെണ്ട്. എപ്പോഴും വിളിച്ച് കാര്യങ്ങൾ സംസാരിക്കും എന്നല്ല. പക്ഷേ,വല്ലാത്തൊരു അടുപ്പമാണ് നവ്യയോട്. ഇപ്പോഴത് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള അടുപ്പമായി. പിന്നൊരാൾ സംയുക്താ വർമ്മ. സുഹൃത്ത് എന്ന് പറയുന്നതിലും നല്ലത് ചേച്ചി എന്ന് പറയുന്നതാ. എന്റെ ചേച്ചിയോട് സംസാരിക്കുന്നത് പോലെയൊരു അടുപ്പമാ അത്.വിളിക്കുമ്പോഴൊക്കെ വല്ലാത്തൊരു പോസിറ്റീവ് എനർജി കിട്ടും നമുക്ക്. 

നൈന സ്‌കൂളിൽ നിന്ന് എത്താറാവുന്നു. അവൾക്ക് വേണ്ടി ആഹാരം ഉണ്ടാക്കിവയ്ക്കണം. അമ്മറോളിന്റെ തിരക്കുകളിലേക്ക് വീണ്ടും മുഴുകുകയാണ് നിത്യ.