''നീയാണ് എന്റെ എല്ലാം. നീയല്ലാതെ മറ്റാരും എന്നെ സ്‌നേഹിക്കാനില്ല. നമുക്കൊരുമിച്ച് ജീവിക്കാം.'' സീരിയലിലെ അടുത്ത ഷോട്ടിലേക്കുള്ള ഡയലോഗ് പറഞ്ഞുകൊടുക്കുമ്പോള്‍ സഹസംവിധായകന്‍ ഇടയ്ക്കുപോലും കൈയിലുള്ള സ്‌ക്രിപ്റ്റിലേക്ക് നോക്കിയില്ല. അയാള്‍ നായികയുടെ കണ്ണുകള്‍ക്കുള്ളിലായിരുന്നു. ക്യാമറയ്ക്ക് പിന്നില്‍ നിന്ന് കൈനീട്ടിയ പ്രണയം നായികയ്ക്ക് നിരസിക്കാനായില്ല. ചിലപ്പോഴൊക്കെ ഒരു നേര്‍ത്ത ചിരിയിലൊതുങ്ങിയ, ഏറെക്കുറെ മൗനം ഭാഷയാക്കിയ പ്രണയം. ആരുമറിയാതെ നെഞ്ചോടു ചേര്‍ത്ത ആ ഇഷ്ടത്തെ ഒടുവില്‍ കഴിഞ്ഞ ഡിസംബറില്‍ അവര്‍ സ്വന്തമാക്കി. സഹസംവിധായകനായ അനൂപും അഭിനേത്രിയായ ദര്‍ശനയും വിവാഹിതരായി. പട്ടുസാരി, കറുത്തമുത്ത്, സുമംഗലി ഭവ, മൗനരാഗം തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ദര്‍ശന.
'' സീരിയലിന്റെ ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഞങ്ങള്‍ ചാറ്റ് തുടങ്ങും. മിക്കപ്പോഴും ഞങ്ങളുടെ ചാറ്റ് പോലെ തന്നെ സ്‌ക്രിപ്റ്റില്‍ ഡയലോഗുകള്‍ എഴുതിക്കാണുമ്പോള്‍ ചിരി വരും. അങ്ങനെ പലപ്പോഴായി എനിക്കെന്റെ പ്രണയം ദര്‍ശനയോട് തുറന്നു പറയാന്‍ കഴിഞ്ഞിട്ടുണ്ട്.'' സീരിയലിനിടയില്‍ സീരിയസായ തങ്ങളുടെ പ്രണയകഥയ്ക്ക് അനൂപ് തന്നെ ആക്ഷന്‍ പറഞ്ഞു.

'' സുമംഗലീ ഭവ എന്ന സീരിയലിന്റെ സെറ്റില്‍വെച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. അതിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അനൂപ്.എനിക്ക് ഡയലോഗ് പറഞ്ഞുതരുമെന്നല്ലാതെ കൂടുതലൊന്നും സംസാരിക്കില്ല. എപ്പോഴും വര്‍ക്കിലായിരിക്കും. ഒരുപാട് സംസാരിക്കുന്നവരോട് എനിക്കും വലിയ താത്പര്യമില്ലായിരുന്നു. അങ്ങനെ അനൂപിനെ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പതിയെ സൗഹൃദമായി, പിന്നീട് പ്രണയത്തിലെത്തി. അനൂപാണ് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞത്. എനിക്ക് നോ പറയാന്‍ തോന്നിയില്ല. ഞാനും അനൂപിനെ പ്രണയിക്കുന്നുണ്ടല്ലോ... എന്നാലും നന്നായി ആലോചിച്ചു. മുമ്പ് ഒരു തേപ്പ് കിട്ടിയതാണ്. പരസ്പരം കാര്യങ്ങളെല്ലാം തുറന്നു സംസാരിച്ചു. ഒന്നും ആലോചിക്കാതെ എടുത്ത് ചാടിയതല്ല.'' ദര്‍ശന കുറച്ചുനേരം അനൂപിന്റെ മുഖത്ത് തന്നെ നോക്കിയിരുന്നു.
'' പ്രണയം തുറന്നു പറഞ്ഞ് രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ തന്നെ ഞങ്ങള്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചു. വീട്ടുകാരോട് പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല. ഒത്തിരി എതിര്‍പ്പുകള്‍ വന്നു. എന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നപ്പോള്‍ അവര്‍ സമ്മതിക്കുകയായിരുന്നു. ഒരിക്കലും വാര്‍ത്തകളില്‍ വന്നതുപോലെ ഞാന്‍ ഒളിച്ചോടിയതല്ല.
അനൂപിന്റെയും ദര്‍ശനയുടെയും കൂടുതല്‍ വിശേഷങ്ങളറിയാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: actress Darshana and husband opens up about their marriage