ചെന്നൈ മൈലാപൂര്‍ വഴിയോരത്ത് വലിയൊരു ആള്‍ക്കൂട്ടം കണ്ടാണ് ആ പന്ത്രണ്ടുവയസ്സുകാരിയും അച്ഛനും അവിടേയ്ക്ക് ചെന്നത്. സൂപ്പര്‍ഹിറ്റായി മാറിയ ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നു. കമലഹാസനും രജനീകാന്തും ശ്രീവിദ്യയും തകര്‍ത്തഭിനയിച്ച അപൂര്‍വരാഗങ്ങള്‍. ആള്‍ക്കൂട്ടത്തില്‍ തിക്കിത്തിരക്കി ചിത്രീകരണം കാണാന്‍ നിന്ന കൊച്ചുപെണ്‍കുട്ടിയെ ആരോപിടിച്ചു തള്ളി. അവള്‍ ചെന്നു വീണതോ കെ.ബാലചന്ദര്‍ എന്ന അതുല്യസംവിധായകന്റെ ക്യാമറയ്ക്കു മുന്നില്‍. യാദൃശ്ചികമെങ്കിലും അതൊരു തുടക്കമായിരുന്നു. അങ്ങനെ ബാലതാരമായി തമിഴ്‌സിനിമയില്‍ പ്രതിഭതെളിയിച്ച പെണ്‍കുട്ടിയെ തേടി മലയാളമെത്തി. ശാലീനസൗന്ദര്യമായും ചിലപ്പോള്‍ തിരസ്സീലയില്‍ മാദകസ്വപ്‌നമായും മാറിയ നായിക, ചിത്ര!
പ്രശസ്തി തേടി
പ്രശസ്തി, അതുതന്നെയാണ് സിനിമയിലേക്ക് എന്നെ ആകര്‍ഷിച്ചത്. ആളുകള്‍ അടുത്ത് വന്ന് ചിത്രയല്ലേ എന്ന് ചോദിക്കുമ്പോഴുണ്ടാവുന്ന സന്തോഷം ഞാന്‍ ആസ്വദിക്കാറുണ്ട്. സിനിമയല്ലാതെ മറ്റൊന്നും എന്റെ മനസ്സിലുണ്ടായിരുന്നില്ല. പ്രണയമോ മണ്ണാങ്കട്ടയോ ഒന്നും... ചെറിയ മത്സരങ്ങളുണ്ടായിരുന്നു. എനിക്ക് വന്ന പല കഥാപാത്രങ്ങളും വഴിമാറിപ്പോവുകയും അങ്ങനെ ചില സിനിമകള്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്. എന്നാലും ലൊക്കേഷനില്‍ എല്ലാവരും ഒന്നിച്ചിരുന്ന് സംസാരിക്കുകയും ഭക്ഷണം ഷെയര്‍ചെയ്ത് കഴിക്കുന്നതുമൊക്കെ രസമായിരുന്നു. അച്ഛനും അമ്മയുമാണ് ആദ്യകാലങ്ങളില്‍ എന്നോടൊപ്പം ലൊക്കേഷനിലൊക്കെ വന്നുകൊണ്ടിരുന്നത്. അമ്മയ്ക്ക് വയ്യാതായപ്പോള്‍ അച്ഛന്‍ മാത്രമായി.

എന്നും തിരക്കായിരുന്നു. രാത്രിയിലെ ഷൂട്ടിങ്, ഉറക്കമില്ലായ്മ... ഇതൊക്കെ എന്നെ ബാധിച്ചിരുന്നു. വണ്ണംവെച്ചു. പല സിനിമകളിലും മുണ്ടും ബ്ലൗസുമണിഞ്ഞ് സീന്‍ ഷൂട്ട്‌ചെയ്യുമ്പോള്‍ വളരെ അസ്വസ്ഥയായിരുന്നു. ശരിയായ വ്യായാമമോ കൃത്യസമയത്തുള്ള ഭക്ഷണമോ ഒന്നുമുണ്ടായിരുന്നില്ല. അന്ന് അതൊക്കെ പറഞ്ഞുതരാനും ആരുമില്ല. ഇപ്പോഴത്തെ നടിമാരെല്ലാം സ്മാര്‍ട്ടാണ്. എനിക്ക് മഞ്ജുവാര്യരെ ഭയങ്കര ഇഷ്ടമാണ്.
സൗഹൃദത്തിന്റെ പേരില്‍ ചെയ്ത സിനിമകള്‍ കരിയറിനെ ബാധിച്ചു
സൗഹൃദത്തിന്റെ പേരില്‍ ചെയ്ത സിനിമകള്‍ സ്വാഭാവികമായും ചിത്രയുടെ കരിയറിനെ ബാധിച്ചിട്ടുണ്ട്. ചില നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങളില്‍ ടൈപ്പ്കാസ്റ്റ്‌ചെയ്യപ്പെടാന്‍ ആ തിരഞ്ഞെടുപ്പുകള്‍ കാരണമായി. ''മലയാള സിനിമയില്‍ ചെറുതാണെങ്കിലും കരുത്തുറ്റ കഥാപാത്രങ്ങളായിരിക്കും. ചില സിനിമകളില്‍ തുടര്‍ച്ചയായി ഒരേപോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഒന്നോ രണ്ടോ സീനില്‍ മാത്രമായും അഭിനയിച്ചിട്ടുണ്ട്. അതെല്ലാം നല്ല അനുഭവമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ നമ്മളും സംവിധായകനുമായി സൗഹൃദമുണ്ടാവും. അദ്ദേഹത്തിന്റെ അടുത്ത പടത്തില്‍ ഗസ്റ്റ് റോള്‍ ചെയ്യാമോ എന്ന് ചോദിക്കുമ്പോള്‍ പറ്റില്ലെന്ന് പറയാനാവില്ല. പിന്നീട് അവരുടെ മൂന്നാമത്തെ പടത്തില്‍ നല്ല കഥാപാത്രം തരും. അവരുമായി കോണ്‍ടാക്ട് വിടാതെ അടുപ്പം സൂക്ഷിക്കും. അങ്ങനെ ഒരുപാട് ചെറിയ ചെറിയ റോളുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്.
എല്ലാം അച്ഛന്റെ ഗൈഡന്‍സിലായിരുന്നു. അച്ഛന് ഡിമാന്‍ഡ് ചെയ്ത് പണം വാങ്ങാനൊന്നും അറിയില്ലായിരുന്നു. ഇടയ്ക്ക് തോന്നാറുണ്ട്, കൃത്യമായി മാനേജ് ചെയ്തിരുന്നെങ്കില്‍ കുറച്ചുകൂടി സിനിമയില്‍നിന്ന് സമ്പാദിക്കാമായിരുന്നുവെന്ന്. പക്ഷേ, സങ്കടമില്ല. കൃത്യസമയത്തുതന്നെ സിനിമയിലെത്തിച്ചേര്‍ന്നു. സിനിമ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ സെറ്റിലാവില്ലായിരുന്നു. സിനിമ ശരിയായ വഴിയായിരുന്നു. അത് അറിയാതെ എന്നെ തേടി വന്നു.''
നടി ചിത്രയുമായുള്ള അഭിമുഖം പൂര്‍ണമായി വായിക്കാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: Actress Chitra open up about her life and movie career