''നാട്ടില്‍ വീടിനടുത്തുകൂടിയാണ് കല്ലടയാറൊഴുകുന്നത്. പിന്നെ തോടും, കനാലും, പച്ചപ്പും... നാടന്‍ അന്തരീക്ഷം. ഫ്‌ളാറ്റിലെ ജീവിതത്തോട് എനിക്കൊട്ടും ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷേ സിനിമയിലെത്തിയതോടെ കൊച്ചിയിലേക്കുള്ള വരവ് പതിവായി. എങ്കില്‍പ്പിന്നെ ഇവിടെയൊരു സ്ഥിരം താവളം നോക്കിയാലോ എന്ന ചിന്ത വന്നു. അങ്ങനെയാണ് ഈ ഫ്‌ളാറ്റ് വാങ്ങിയത്. കരുതിയതു പോലെയല്ല, ഫ്‌ളാറ്റിലെ ജീവിതവും രസമുണ്ട്. എങ്കിലും വീട്ടില്‍ ചെന്ന്കിടന്നുറങ്ങാന്‍ തോന്നിയാല്‍ അപ്പോള്‍ ഞാന്‍സ്ഥലം വിടും.'' വേനലവധിക്ക് വീടണയാന്‍ കൊതിക്കുന്ന കുട്ടിയായി അനുശ്രീ. മലയാളികള്‍ക്ക് അനുശ്രീ അടുത്തവീട്ടിലെ കുട്ടിയാണ്. ഏത് കഥാപാത്രത്തിലും അവര്‍ ഏതൊക്കെയോ പരിചയക്കാരികളെ ഓര്‍മ്മിപ്പിക്കുന്നു.
സിനിമയല്ലായിരുന്നെങ്കില്‍ മറ്റെന്താകുമായിരുന്നു, ചിന്തിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും?
പ്ലസ്ടുവിന് പഠിക്കുമ്പോള്‍ എന്‍.സി.സിയില്‍ സജീവമായിരുന്നു. നല്ല പൊക്കമുള്ളതുകൊണ്ടാകാം ആര്‍മി വിങ്ങിലേക്കാണ് എനിക്ക് സെലക്ഷന്‍ കിട്ടുക. ആ രണ്ടുവര്‍ഷം പഠിത്തത്തേക്കാള്‍ പ്രാധാന്യം അതിനാണ് കൊടുത്തിരുന്നത്. പരേഡുകള്‍ക്കൊക്കെ പോകും. അങ്ങനെ ആര്‍മിഓഫീസറാകുക എന്ന ആഗ്രഹം ഒപ്പം കൂടി. പട്ടാളസിനിമകളൊക്കെ കണ്ട് രോമാഞ്ചം കൊള്ളും. സിനിമയിലേക്കു വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ആ വഴിക്കുപോയേനെ.
പ്രണയത്തെ പറ്റി എന്താണ് അഭിപ്രായം

ബ്രേക്കപ്പിന്റെ വേദനകളൊക്കെ അറിഞ്ഞിട്ടുണ്ട്. അതില്‍ നിന്ന് പുറത്തുകടക്കാന്‍ ഒരു വര്‍ഷമൊക്കെ എടുത്തിട്ടുണ്ട്. അന്നനുഭവിച്ച് വിഷമത്തെപ്പറ്റിയൊക്കെ ഇന്നോര്‍ക്കുമ്പോള്‍ ചമ്മല്‍ തോന്നും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രേമലേഖനമൊക്കെ കിട്ടിയിട്ടുണ്ട്. പ്രേമം നല്ലൊരു വികാരം തന്നെയാണ്. പക്ഷേ, സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ ഭയങ്കര അപകടവുമാണ്. പ്രേമമായാലും ഏത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാര്‍ക്കും നല്‍കേണ്ടതില്ല എന്ന അഭിപ്രായമുള്ള ആളാണ് ഞാന്‍. എവിടെപോകുന്നു, എന്തിനുപോകുന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പോലും പലപ്പോഴും ബോറാണ്.
പരിധികടന്നുള്ള ചോദ്യങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും ബുദ്ധിമുട്ടുണ്ടാക്കും. മറ്റൊരാളെ പറഞ്ഞു ബോധ്യപ്പെടുത്തി അവരുടെ സ്‌നേഹം നിലനിര്‍ത്തേണ്ട കാര്യം ഇല്ലാല്ലോ. ഒരു പരിധിയില്‍ കൂടുതല്‍ വരിഞ്ഞുമുറുക്കാന്‍ വന്നാല്‍ അതിന് നിന്നുകൊടുക്കുന്ന ആളല്ല ഞാന്‍. പരസ്പര ധാരണയുടെ പുറത്തേ പ്രണയം നിലനില്‍ക്കൂ.
പ്രേമത്തില്‍ ആണും പെണ്ണും നല്ല സുഹൃത്തുക്കളായിരിക്കണം. ഏത് കുസൃതിയും കാട്ടാന്‍ കൂടെനില്‍ക്കാന്‍ ഒരാള്‍. ഞാന്‍ അങ്ങനെയായിരിക്കും. തിരിച്ച് എന്നോടും അങ്ങനെത്തന്നെയാവണം എന്നൊരു ആഗ്രഹമുണ്ട്. ജീവിതത്തിലേക്ക് ഒരാളെ ഒപ്പം കൂട്ടുന്നുണ്ടെങ്കില്‍ ഉറപ്പായും എന്റെ സൗഹൃദവലയത്തില്‍ നിന്നൊരാളെയാവും. അതാരാണെന്നൊന്നും പറയാറായിട്ടില്ല.
നടി അനുശ്രീയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ പുതിയലക്കം ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: actress Anusree open up about her career and dreams