നുരാധയുടെ ഡേറ്റിന് വേണ്ടി പ്രൊഡ്യൂസര്‍മാര്‍ കാത്തുനിന്നൊരു കാലമുണ്ടായിരുന്നു. എല്ലാ സിനിമയിലും അനുരാധയുടെ ഒരു ഡാന്‍സെങ്കിലും വേണം. കത്തി നിന്ന ആ നടിയുടെ നിഴലിലായിരുന്നു പലപ്പോഴും സില്‍ക്ക് സ്മിത പോലും. ഇന്ന ആളും ആരവങ്ങളുമില്ല. ആ പഴയ ഗ്ലാമര്‍ കാലത്തിന്റെ ഓര്‍മ പോലെ ചുവരില്‍ തൂക്കിയിട്ടിരിക്കുന്നു കുറേ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടങ്ങള്‍..അനുരാധ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്.

അനുരാധയ്ക്കുവേണ്ടി സിനിമയുടെ കഥ വരെ മാറ്റിയിരുന്നു...
കഥ മാറ്റുകയായിരുന്നില്ല.  കൂട്ടിച്ചേർക്കുകയായിരുന്നു. സിനിമയുടെ സെൻസറിങ് ഉൾപ്പടെ കഴിഞ്ഞിട്ടുണ്ടാവും. ഡിസ്ട്രിബ്യൂട്ടർമാർ പടം വാങ്ങിക്കുമ്പോൾ പറയും' ഞങ്ങൾക്ക് അനുരാധയുടെ ഡാൻസ് വേണമെന്ന്. പെട്ടെന്ന് തന്നെ എന്റെ ഡേറ്റ് വാങ്ങി പാട്ട് ഷൂട്ട് ചെയ്യും. ഇത് വേറെ സെൻസറിങ് ചെയ്ത് പടത്തിലേക്ക് കൂട്ടിച്ചേർക്കും. ഇങ്ങനെ കുറേ സിനിമകൾ. 

ആ തിരക്ക് ശരിക്കും ആസ്വദിച്ചിരുന്നോ?
അങ്ങനെയല്ല. കുറേയൊക്കെ ജീവിക്കാൻ വേണ്ടിയുള്ള ഒാട്ടമായിരുന്നു. അമ്മയായിരുന്നു കുടുംബത്തിന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. പക്ഷേ കഷ്ടപ്പാടുകളൊന്നും അമ്മ ഒരിക്കലും എന്നെയോ ചേട്ടനെയോ അറിയിച്ചിരുന്നില്ല. അമ്മയുടെ ക്ഷ്ടപ്പാട് കുറച്ചെങ്കിലും ഷെയർ ചെയ്യാൻ പറ്റുമോ എന്ന ചിന്തയായിരുന്നു. 

അനുരാധയെ ഒരു നോട്ടം കാണാന്‍ ആളുകള്‍ ക്യൂ നില്‍ക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്...

അന്ന് േസാഷ്യല്‍മീഡിയെയാന്നുമില്ല.മാെെബൈൽ ഫോണില്ല.നടീനടന്മാരുെ ഫോട്ടോയൊക്കെ അച്ചടിച്ചുവരുന്നത് പത്രങ്ങളിലും മാസികകളിലും മാത്രമാണ്. സിനിമാ മാസികകളിൽ വരുന്ന എന്റെ ഫോട്ടോയുമായി ചിലർ വരും. ഒപ്പിട്ടുകൊടുക്കാൻ. ഫോട്ടോ ചോദിച്ച് കത്തുകളും വരും. ചില ദിവസങ്ങളിൽ മൂന്നും നാലും ബാഗ് കത്തുമായാണ് പോസ്റ്റുമാൻ വരുന്നത്. എന്റെ പേരിൽ തമിഴ്‌നാട്ടില്‍ വലിയ ബാനറുകളൊക്കെ വച്ചു.

അതൊക്കെ ഒരു കാലം. (സംസാരത്തിനിടയില്‍ അനുരാധ ഏതോ ഒാർമകളിലേക്ക് പോയി.) അന്നൊക്കെ  െഎറ്റം ഡാന്‌സ് ചെയ്യാൻ സിൽക്ക് സില്‍ക്ക് സ്മിതയും അനുരാധയും ഡിസ്കോ ശാന്തിയും. നായികമാരായിട്ട് ശ്രീവിദ്യ, ഷീല, ശാരദ, ജയഭാരതി...പക്ഷേ കുറച്ചുകഴിഞ്ഞപ്പോൾ അതൊക്കെ മാറി. നായികമാരും െഎറ്റം ഡാൻസ് ചെയ്യാൻ തുടങ്ങി. പതുക്കെ ഞങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു. ഞങ്ങളെല്ലാവരും തമ്മിൽ നല്ല അടുപ്പമായിരുന്നു. ഡിസ്കോ ശാന്തി എന്റെ അനിയത്തിയെ പോലെയാണ്. ഇപ്പോഴും വിളിക്കാറുണ്ട് കാണാറുമുണ്ട്. 

സില്‍ക്ക് സ്മിതയോ?

അമ്മാടി...സില്‍ക്ക് ഒരു അവതാരമാണ്. ഒരു സോളോ ഡാൻസറിന് അത്രയും ജനപ്രീതി കിട്ടുമെന്ന് തെളിയിച്ചത് അവളാണ്. അവൾക്ക് ഡാൻസ് ചെയ്യാനറിയില്ല. ശരീരഭാഷയും മേക്കപ്പും എക്സ്പ്രഷൻസും കൊണ്ട് ആ പരിമിതകളെല്ലാം സിൽക്ക് മറികടന്നു. സില്‍ക്ക് സ്മിത ഒരു പടം പ്രൊഡ്യൂസ് ചെയ്തിരുന്നു. പെൺസിംഹം ആണെന്നാണ് എന്റെ ഒാർമ. നായിക സിൽക്ക് തന്നെ. ഡിസ്കോ ശാന്തിയുമുണ്ട്. പടത്തിന്റെ എല്ലാ ജോലികളും കഴിഞ്ഞപ്പോൾ ഡിസ്ട്രിബ്യൂട്ടേഴ്സ് സിൽക്കിനോട് പറഞ്ഞു,' ഇതിൽ നായികയായിട്ട് നിങ്ങളുണ്ട്. ഡിസ്കോ ശാന്തിയുമുണ്ട്. ഇനി അനുരാധയുടെ ഒരു ഡാൻസ് കൂടി വേണം.' അങ്ങനെ സിൽക്ക് എന്നെ വിളിച്ചു. ഞാൻ അതിൽ ഡാൻസ് ചെയ്യുകയും ചെയ്തു. 

മരണത്തിന് നാല് ദിവസം മുമ്പ് അവള്‍ എന്റെ വീട്ടിൽ വന്നു. കുറേനേരെ അവിടെ ഇരുന്നു. സെപ്റ്റംബര്‍ 22ന്, അവള്‍ മരിക്കുന്നതിന് തലേന്ന് രാത്രി  ഒമ്പതരയായപ്പോൾ സ്മിത എന്നെ വിളിച്ചു. 'ഒന്നിവിടെ വരെ വരാമോ,അത്യാവശ്യമായിട്ട് കുറച്ച് സംസാരിക്കണം.' കുട്ടികൾ വീട്ടിൽ ഒറ്റയ്ക്കാണ്. ഞാൻ പറഞ്ഞു,'കുറച്ചു പണിയുണ്ട്. നാളെ വന്നാൽ മതിയോ. കുട്ടികളെ സ്കൂളിൽ വിട്ടിട്ട് രാവിലെ വരാം.' ശരിയെന്നും പറഞ്ഞ് അവൾ ഫോൺ വെച്ചു. 

പിറ്റേന്ന് നേരത്തെ തന്നെ കുട്ടികളെ റെഡിയാക്കി, ഞാന്‍ കുളിക്കാന്‍ പോയി. തിരിച്ചുവരുമ്പോഴുണ്ട് ടിവിയില്‍ ഫ്‌ളാഷ് ന്യൂസ്, സില്‍ക്ക് സ്മിത മരിച്ചനിലയില്‍. ഞാന്‍ തളര്‍ന്നിരുന്നു. പിന്നെ അവളുടെ വീട്ടിലേക്ക് ചെന്നു. ഞാനും ശ്രീവിദ്യാമ്മയും ഒരുമിച്ചാണ് അവിടെയെത്തുന്നത്. അപ്പോഴേക്കും പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയിരുന്നു. ഞങ്ങള്‍ ഹോസ്പിറ്റലിലെത്തി. അവിടെ ചെന്നപ്പോള്‍ ഒരു സ്‌ട്രെച്ചറില്‍ അവളെ കിടത്തിയിരിക്കുന്നു. അതില്‍ നിറയെ ഈച്ചകള്‍. ആരൊക്കെയോ  ഉണ്ട് ചുറ്റിലും. പക്ഷേ ഒരാളും ഈച്ചയെ ഓടിക്കാന്‍ നോക്കുന്നില്ല. ഞാനും  ശ്രീവിദ്യാമ്മയും കൂടി കൈകൊണ്ട് അതിനെയെല്ലാം ഓടിക്കാന്‍ തുടങ്ങി. (സില്‍ക്ക് സ്മിതയെക്കുറിച്ച് പറയുമ്പോള്‍ അവര്‍ വാചാലയായി. ആ മരണം മുന്നില്‍ കണ്ടതുപോലെ കണ്ണുകള്‍ നിറഞ്ഞുവന്നു.) 

എന്തിനായിരിക്കും സില്‍ക്ക് അങ്ങനെ ചെയ്തതെന്ന് ഞാനാേലാചിക്കാറുണ്ട്. ചിലപ്പോൾ ഒറ്റപ്പെടലുകളായിരിക്കാം. ജീവിതത്തിലെ പ്രതിസന്ധികളായിരിക്കാം. സിൽക്കിനെ പോലെ പാവമായവർക്ക് അതൊന്നും സഹിക്കാൻ പറ്റിയെന്ന് വരില്ല. ചിലർ പ്രതിസന്ധികളെ കൂളായി നേരിടും. എന്നെപ്പോലെ. 

 

Cover

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി കാണുക. ഓണ്‍ലൈന്‍ വഴി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

Content Highlights: Actress and Item Dancer Anuradha Interview