മുഖ്യധാര തൊഴിലാളി പ്രസ്ഥാനങ്ങള്‍ പുറം തിരിഞ്ഞ് നിന്ന സമരമായിരുന്നു കോഴിക്കോട് പെണ്‍കൂട്ട് കൂട്ടായ്മയുടെയും പി.വിജി എന്ന സമരനായികയുടേയും നേതൃത്വത്തില്‍ നടന്ന ഇരിപ്പ് സമരവും മൂത്രമൊഴിക്കാനുള്ള  മൂത്രപ്പുര സമരവും. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ സ്ത്രീ തൊഴിലാളികള്‍ കസേരകള്‍ തലയിലേന്തി നടത്തിയ സമരം വലിയൊരു സ്വാതന്ത്ര സമരത്തിന് തന്നെയായിരുന്നു അന്ന് തുടക്കം കുറിച്ചത്.

കോഴിക്കോട് നിന്ന് തുടങ്ങിയ സമരം കേരളം മുഴുവന്‍ പടര്‍ന്ന് പിടിച്ചപ്പോള്‍ ഇനി അവര്‍ ഇരിക്കട്ടെ എന്ന് സംസ്ഥാന സര്‍ക്കാരും തീരുമാനിച്ച് നിയമം കൊണ്ടുവന്നു. ഈ സമരത്തിലൂടെ ജന മനസ്സുകളില്‍ ഇടം നേടിയ കോഴിക്കോട്ടെ തയ്യല്‍ തൊഴിലാളിയായ പി.വിജി ഇന്ന് ലോകത്തിന്റെ സമര നായിക കൂടിയാണ്. ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളില്‍ ഒരാളായി ബിബിസി പി.വിജിയെ തിരഞ്ഞെടുത്തിരിക്കുന്നു. ഈ അവസരത്തില്‍ തന്റെ പോരാട്ട വഴികളെ കുറിച്ചും ഇരിപ്പ് സമരത്തെ കുറിച്ചുമെല്ലാം ഒരിക്കല്‍ കൂടി പി.മാതൃഭൂമി ഡോട്‌കോമിനോട് പങ്കുവെക്കുന്നു. 

ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളില്‍ ഒരാളായി ബിബിസി പി.വിജിയെ തിരഞ്ഞെടുത്തിരിക്കുകയാണ് എന്ത് തോന്നുന്നു?

പി.വിജി:  വലിയ സന്തോഷം തോന്നി. ഞാനടക്കമുള്ള സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളാണെന്ന് തിരിച്ചറിയാന്‍ ബിബിസി പോലുള്ള മാധ്യമത്തിന് സാധിച്ചുവെന്നത് വലിയ വിജയമാണ്. ഇത് കോഴിക്കോട് മിഠായി തെരുവിന്റേയോ കേരളത്തിന്റേയോ മാത്രം പ്രശ്‌നമല്ല. മൂത്രമൊഴിക്കാന്‍ പോലും അവകാശമില്ലാത്തവരാണ് നമ്മുടെ സ്ത്രീ തൊഴിലാളികള്‍ എന്നത് എന്തൊരു കാഴ്ചപ്പാടാണ്. ഇതിന് മാറ്റമുണ്ടാവേണ്ടതല്ലേ? അവിടെയാണ് ഞങ്ങള്‍ സമരവുമായി മുന്നോട്ട് വന്നത്. അതിന് മുഖ്യധാരാ പാര്‍ട്ടികളുടേയൊന്നും കൊടിക്ക് കീഴില്‍ അണിനിരക്കേണ്ടി വന്നില്ല. സ്ത്രീകള്‍ ഒന്നടങ്കം ഒരു സംഘടനായി  സ്വയം മുന്നോട്ട് വരികയായിരുന്നു. ഈയൊരു മുന്നേറ്റത്തെ  വലിയൊരു മാധ്യമം തിരിച്ചറിഞ്ഞൂവെന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 

പെണ്‍കൂട്ട് എന്ന സംഘടനയുടെ  രൂപീകരണമൊക്കെ എങ്ങനെയായിരുന്നു?

രൂപീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടത് കൊണ്ട് രൂപീകരിക്കപ്പെട്ട ഒരു സംഘടനയായിരുന്നു പെണ്‍കൂട്ട്. മിഠായിതെരുവില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാന്‍ മൂത്രപ്പുരയില്ലാതിരുന്നതില്‍ തുടങ്ങിയ ഒരു  സമരം. അതൊരു ആവശ്യമാണെന്ന് സ്ത്രീകളെ ജോലി ചെയ്യിച്ച് കൊണ്ടിരുന്ന മുതലാളിമാര്‍ക്ക് തോന്നിയിരുന്നില്ല എന്നതായിരുന്നു വാസ്തവം. ഇത് ജോലിയുടെ സ്വാഭാവമായിരിക്കും എന്നതായിരുന്നു തൊഴിലാളികളുടേയും ധാരണ. അല്ലെങ്കില്‍ അവരെ അങ്ങനെ ബോധ്യപ്പെടുത്തി വെച്ചിരിക്കുകയായിരുന്നു.  അവര്‍ രാവിലെ ഒമ്പത് മണിക്ക് ജോലിക്ക് വന്ന് രാത്രി ഏഴരയ്ക്ക് ജോലി കഴിഞ്ഞ് കിട്ടുന്ന ബസ്സിന് കയറി വീട്ടിലെത്തിയ ശേഷമായിരുന്നു മൂത്രമൊഴിച്ചിരുന്നത് പോലും. പലപ്പോഴും ആര്‍ത്തവ സമയത്ത് പോലും അങ്ങനെ തന്നെയായിരുന്നു. അധികാരികളെ അടക്കം നിരവധി തവണ ഇക്കാര്യം അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് തിരിച്ചറിഞ്ഞ് കൊണ്ടാണ് അന്ന് പെണ്‍കൂട്ട് എന്ന സംഘടനയുണ്ടായത്.

ഇരിക്കല്‍ സമരങ്ങള്‍ കൊണ്ടോ, മൂത്രപ്പുര സമരം കൊണ്ടോ മാത്രം തീരുന്നതാണോ കേരളത്തിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നം?

ഒരിക്കലുമല്ല. മൂത്രമൊഴിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് തൊഴിലാളികള്‍ക്ക് തന്നെ ബോധ്യമാവുന്നത് അന്ന് പെണ്‍കൂട്ടിന്റെ ഇടപെടല്‍ കൊണ്ടും ബോധവല്‍കരണങ്ങള്‍ കൊണ്ടുമാണ്. ഇങ്ങനെയുള്ള ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സ്ത്രീകള്‍ വീണ്ടും വീണ്ടും തഴയപ്പെടും. മൂത്രപ്പുര സമരം ഇരിക്കല്‍ സമരം എന്നിവയ്‌ക്കെല്ലാം ശേഷം സ്ത്രീകള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളില്‍ പെണ്‍കൂട്ടിന് ഇടപെടാന്‍ കഴിഞ്ഞു. ഇതില്‍ ഒരു അറുപത് ശതമാനത്തിനെങ്കിലും പരിഹാരം കാണാനും കഴിഞ്ഞിട്ടുമുണ്ട്. ഇങ്ങനെ നിരന്തരമുള്ള ഇടപെടല്‍ തന്നെയാണ് സ്ത്രീകളുടെ വിജയം. നീണ്ട സഹന സമരങ്ങള്‍ക്കൊടുവിലാണ് ടെക്‌സ്റ്റെയില്‍സ് മേഖലയിലെ സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള അവകാശം നേടിക്കൊടുക്കാന്‍ കഴിഞ്ഞത്. അതിന് മുഖ്യധാരാ പാര്‍ട്ടികളില്‍ നിന്നൊന്നും വലിയ പിന്തുണ ലഭിച്ചില്ലെങ്കിലും സ്ത്രീകള്‍ അവരുടെ അവകാശത്തെ കുറിച്ച് ബോധ്യമുള്ളവരായി മാറിയത് വലിയ പിന്തുണ ലഭിക്കാന്‍ കാരണമായി. ഇനിയും ഞങ്ങളുടെ പ്രശ്‌നങ്ങളില്‍  ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ഇടപെട്ട് കൊണ്ടേയിരിക്കും എന്നുതന്നെയാണ്  ഈയൊരവസരത്തില്‍ പറയാനുള്ളത്. 

ഇരിക്കല്‍ സമരം എന്ന കാര്യം മുന്നോട്ട് വെക്കുമ്പോള്‍ കടയുടമകളുടേയൊക്കെ ഒരു നിലപാട് എങ്ങനെയായിരുന്നു?

പലരും ഞങ്ങള്‍ ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വെച്ചപ്പോള്‍ സഹകരിച്ചു. എന്നാല്‍ ചില വന്‍കിട മുതലാളിമാര്‍ അപ്പോഴും ധാര്‍ഷ്ട്യത്തോട് കൂടി തന്നെയാണ് പ്രതികരിച്ചത്. ഇതൊന്നും അനുവദിച്ച് തരാന്‍ കഴിയുന്നതല്ലെന്നും ജോലിയുടെ സ്വഭാവമാണ് എന്നൊക്കെയുള്ള മുടന്തന്‍ ന്യായങ്ങളാണ് മുന്നോട്ട് വെച്ചത്. സര്‍ക്കാര്‍ ഞങ്ങളുടെ സമരത്തെ അഗീകരിച്ച് ഒപ്പം നിന്നപ്പോഴും അതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പറയുന്നവരെ കാണാമായിരുന്നു. 

ഇപ്പോഴുണ്ടായ സര്‍ക്കാര്‍ നടപടി അംഗീകരിക്കുമ്പോഴും ചെറിയ ആശങ്കയുണ്ട്. ഇടവേളകളില്‍ ഇരിക്കാമെന്ന് പറയുമ്പോള്‍ എന്താണ് അതില്‍ ഉദ്ദേശിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കണമെന്നാണ് പ്രധാന ആവശ്യം. സ്ത്രീകളുടെ അവകാശം നിഷേധിച്ചാല്‍ 75,000, രൂപ മുതല്‍ 1,00,000 രൂപ വരെ പിഴ നല്‍കേണ്ടി വരുമെന്നാണ് മനസ്സിലാകുന്നത്. അത്രയും തുക മുടക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ അവകാശങ്ങള്‍ അംഗീകരിക്കുന്നത് എന്ന രീതിയിലുള്ള ചെറിയൊരു മാറ്റം മുതലാളിമാരില്‍ ഉണ്ടായിട്ടുണ്ട് എന്നാണ് തോന്നുന്നത്. തൊഴിലാളികളിരുന്നാല്‍ പിന്നെ പണിയെങ്ങനെ നടക്കുമെന്നാണ് ആദ്യം തന്നെ പലരുമുയര്‍ത്തിയ ചോദ്യം.

അതിനോട് തൊഴിലാളികള്‍ക്ക് ഒന്നേ പറയാനുള്ളൂ, ജോലി നിര്‍ത്തി വെച്ച് കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കാന്‍ വേണ്ടിയല്ല ഇരിക്കാന്‍ അനുവദിക്കണമെന്ന് പറയുന്നത്. എട്ടും പത്തും മണിക്കൂര്‍ നിന്ന് നടുവൊടിയും. അതിന് ഒരാശ്വാസം വേണം. അത് എങ്ങനെ അനാവശ്യമാകും. വെറുതെയിരിക്കാന്‍ വേണ്ടിയല്ല തൊഴിലിനെത്തുന്നതെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ട്. അതേസമയം വിശ്രമം ശരീരത്തിനും ആവശ്യമാണ്. എങ്കില്‍ മാത്രമേ നല്ല രീതിയില്‍ ജോലി ചെയ്യാന്‍ പറ്റൂ. മൂത്രമൊഴിക്കാനും ഭക്ഷണം കഴിക്കാന്‍ പോവാന്‍ വരെ പഞ്ചിങ്ങുണ്ട് ചിലയിടത്ത്. അതിന് മാറ്റമുണ്ടായില്ലെങ്കിലും മുഴുവന്‍ നേരം നില്‍ക്കുമ്പോഴുള്ള വയ്യായ്കകള്‍ മാറ്റാനെങ്കിലും ഇത്തരമൊരു തീരുമാനത്തിലൂടെ പറ്റുമെന്നാണ് തൊഴിലാളികള്‍ തെളിയിച്ചു. 

ഒരു സാധാരണ തയ്യല്‍ തൊഴിലാളിയില്‍ നിന്നും സമരനേതൃത്വത്തിലേക്കുള്ള  വിജിയുടെ പ്രവേശനം എങ്ങനെയായിരുന്നു?

ഒരു സമര നായികയൊന്നുമായിരുന്നില്ല ഞാന്‍. അനീതി കാണുമ്പോള്‍ ഇടപെട്ട് പോവുന്നതാണ്. അതിന് ഒരുപക്ഷെ വീട്ടില്‍ നിന്നുളള അനുഭവമായിരിക്കും എനിക്ക് പ്രചോദനമായത്. എന്റെ അച്ഛനും അമ്മയും തൊഴിലാളിയായിരുന്നു. പക്ഷെ അമ്മയ്ക്ക് ജോലി കഴിഞ്ഞ് വന്നാലും വിശ്രമമോ ഒരു മനുഷ്യനാണെന്ന പരിഗണനപോലും അച്ഛനില്‍ നിന്നും ലഭിച്ചിരുന്നില്ല. അച്ഛന്‍ പോലും അമ്മയെ അംഗീകരിക്കാത്ത അവസ്ഥ. അച്ഛന്‍ മദ്യപിച്ച് വരുമ്പോഴൊക്കെ അതിന്റെ ഫലം അനുഭവിക്കേണ്ടി വന്നത് അമ്മയായിരുന്നു. മര്‍ദനവും ചീത്തവിളിയുമൊക്കെ സ്ഥിരം ഏര്‍പ്പാട് തന്നെ. മനസ്സമാധാനത്തോടെ ചിരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. അന്നൊന്നും സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാനൊ പറയാനൊ ആരുമുണ്ടായിരുന്നില്ല. ഒരു പക്ഷെ ആ അനുഭവങ്ങളില്‍ നിന്നൊക്കെയാവാം അനീതികള്‍ക്കെതിരേ പോരാടാനുള്ള ഒരു മനസ്സ് രൂപപ്പെട്ട് വന്നത്. 

മുഖ്യധാരയില്‍ നിന്നും സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് എന്നും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ശബരിമല വിഷയം തന്നെ ഉദാഹരണം. ഇതിനൊടൊക്കെ പെണ്‍കൂട്ടിന്റെ ഒരു നിലപാട് എന്താണ്?

ശബരിമലയില്‍ യുവതികള്‍ പോവണമെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. സ്ത്രീയായി പോവുന്നതും ആര്‍ത്തവമുണ്ടാവുന്നതുമൊന്നും ഞങ്ങളുടെ കുറ്റമല്ല. ദൈവങ്ങളൊന്നും സ്ത്രീകള്‍ക്ക് അങ്ങനെയൊരു വിവേചനം കല്‍പിച്ചിട്ടില്ല. പുരുഷാധിപത്യം തന്നെയാണ് ഇതിന്റെയൊക്കെ പിന്നില്‍. ശബരിമലയില്‍ താല്‍പര്യമുള്ളവര്‍ പോവട്ടെ. എനിക്ക് തോന്നുമ്പോള്‍ ഞാന്‍ പോവും എന്റെ മകള്‍ക്ക്  തോന്നുമ്പോള്‍ അവളും പോവട്ടെ. അല്ലാതെ ഇതിനെ ഒരു രാഷ്ട്രീയ ലക്ഷ്യത്തിന്  വേണ്ടി ഉപയോഗിക്കുകയല്ല വേണ്ടത്. സുപ്രീംകോടതി വിധി വന്നത് കൊണ്ട് ഇന്നു തന്നെ പോയ്ക്കളയാം എന്ന നിലപാടും എനിക്കില്ല. എനിക്ക്‌തോന്നുമ്പോള്‍ ഞാന്‍ പോവുക തന്നെ ചെയ്യും.  

മുന്നോട്ട് പോക്ക് എങ്ങനെയാണ്?

ഇതേ രീതിയില്‍ പെണ്ണിന്റെ അവകാശത്തിന് വേണ്ടി ഇനിയും ഉറക്കെ ഉറക്കെ ശബ്ദിച്ച് കൊണ്ടിരിക്കും. ലക്ഷ്യം കാണാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടാണ് ഞങ്ങളെ ഇത്രത്തോളെത്തിച്ചത്. ഇനിയും അത് തന്നെ തുടരും, മാറ്റമൊന്നുമില്ലാതെ. ചെയ്ത്  തീര്‍ക്കാന്‍ ഇനിയും ഏറെയുണ്ട്. ഞങ്ങള്‍ക്ക്  ഇനിയെങ്കിലും ഒന്ന് മനുഷ്യരായി ജീവിക്കണം.

Content Highligts: Activist P Viji on BBC's 100 women's list