2020 ശാസ്ത്രരംഗത്ത് സ്ത്രീകൾ ഏറെ നേട്ടം കൊയ്ത വർഷമായിരുന്നു. നൊബേലിലടക്കം സ്ത്രീകളുടെ പേരാണ് നിറഞ്ഞു നിന്നത്. ഇപ്പോഴിതാ ഫ്രാൻസ് ഗവൺമെന്റ് ശാസ്ത്രത്തിൽ നൽകുന്ന ഏറ്റവും വലിയ ബഹുമതിയായ നാഷണൽ ഓഡർ ഓഫ് മെറിറ്റ് (Ordre National du Metrite) നേടിയിരിക്കുകയാണ്  ഇന്ത്യൻ വനിതയായ ഊർജ്ജതന്ത്രജ്ഞ രോഹിണി ഗോഡ്ബോലെ. സെന്റർ ഫോർ ഹൈ എനർജി ഫിസിക്സ് അറ്റ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്( IISC) യിലെ അധ്യാപികയാണ് രോഹിണി ഗോഡ്ബോലെ.

'അഭിനന്ദനങ്ങൾ, ഫ്രാൻസിലെ ഏറ്റവും ഉയർന്ന പുരസ്കാരം നേടിയതിന്. ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള സഹകരണം വളർത്തുന്നതിലും ശാസ്ത്രത്തിൽ സ്ത്രീകളുടെ കടന്നു വരവിന് വഴിയൊരുക്കുന്നതിലും പ്രൊഫസർ രോഹണി ഗോഡ്ബോലെ വലിയ പങ്കു വഹിച്ചിരിക്കുന്നു.' ഐ.ഐ.എസ്.സി ട്വിറ്ററിൽ കുറിച്ചു.

ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ അധ്യാപികയായ പ്രൊഫസർ രോഹിണി ഗോഡ്ബോലെ ജെസി ബോസ് ഫെലോഷിപ്പ് നേടിയ വനിത കൂടിയാണ്. സ്റ്റോണി ബ്രൂക്കിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിൽ നിന്ന് സൈദ്ധാന്തിക കണികാശാസ്ത്രത്തിൽ പിഎച്ച്ഡി പൂർത്തിയാക്കി. വിവിധ ശാസ്ത്ര വിഷയങ്ങളിൽ നൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്.

പദ്മശ്രീ ജേതാവ്കൂടിയായ പ്രൊഫസർ രോഹിണി കൂടുതൽ സ്ത്രീകൾ ശാസ്ത്രരംഗത്ത് കടന്നുവരണമെന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. കൂടുതൽ സ്ത്രീകൾ ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും സയൻസ് വിഷയങ്ങളിൽ ഗവേഷണത്തിനെത്തുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് രോഹിണി മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.

Content Highlights:Indian Physicist Prof Rohini Godbole Gets The National Order Of Merit By Government Of France