ചുവന്ന റോസാപ്പൂ വിരിപ്പിന് മീതെ അവള്‍ കിടക്കുന്നതയാള്‍ കണ്ടു. തൊട്ടടുത്ത് ആ നീലവരയന്‍ പാമ്പിനെ കണ്ടയാള്‍ അലറി വിളിച്ചു.
എന്താടാ എന്തിനാടാ ഈ വൈകുന്നേരത്ത് കെടന്ന് കൂവുന്നത് എന്ന ചോദ്യത്തില്‍ ഞെട്ടിയുണര്‍ന്ന് മിഴിച്ചുനോക്കുമ്പോള്‍ അമ്മ ചോദിച്ചു?
നീ പിന്നേം ആ സ്വപ്നം കണ്ടോ?
കാവില് നൂറുംപാലും നടത്താന്‍ ഇനി വൈകണ്ട എന്ന് പറഞ്ഞുകൊണ്ട് അമ്മ അടുക്കളയിലേയ്ക്ക് പോയി.
ഇതുംകൂടി കൂട്ടിയാല്‍ എട്ടാമത്തെ തവണയാണ് ഇതേ സ്വപ്നം കണ്ട് അയാള്‍ അലറിവിളിക്കുന്നത്. സ്വപ്നങ്ങള്‍ വെറുതെയാണെന്ന് പാറു പറയുമ്പോഴൊക്കെ അയാള്‍ നിഷേധിച്ചിട്ടേയുള്ളൂ.
സ്വപ്നങ്ങളുടെ അര്‍ത്ഥം തേടാന്‍ തുടങ്ങുന്നതിലും വല്യപ്രാന്ത് വേറെയില്ലെന്ന് അവള്‍ പിറുപിറുക്കും
നീല സര്‍പ്പം. അതിനര്‍ത്ഥമുണ്ട്. നിന്നെ അത് എങ്ങനെ മനസ്സിലാക്കിക്കാനാണ്? ഒത്തിരി പഠിച്ചതിന്റെ അഹങ്കാരമാണ് പെണ്ണിന്.

കുറച്ചുദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ അയാളൊരു അച്ഛനാകുകയാണ്. കുഞ്ഞ് ജനിച്ചിട്ട് വേണം അയാള്‍ക്ക് നേര്‍ച്ചയും വഴിപാടുകളുമൊക്കെ പൂര്‍ത്തിയാക്കാന്‍. ഇത്തവണയെങ്കിലും പഴയതൊന്നും ആവര്‍ത്തിക്കാതിരുന്നാല്‍ മതിയായിരുന്നു എന്ന് അയാള്‍ പ്രാര്‍ത്ഥിച്ചു. ചില ആവര്‍ത്തനങ്ങള്‍ ഹൃദയത്തിന് മീതെ ചുറ്റിക കൊണ്ട് ഇടിക്കുന്നതു പോലെയാണ്; ചിലത് മരണതുല്യവും.കോളിങ്ങ് ബെല്ലടിക്കുന്നതും ഡോര്‍ തുറക്കുന്ന ശബ്ദവും കേട്ടപ്പോള്‍ പുറത്താരോ വന്നിട്ടുണ്ട് എന്നയാള്‍ ഊഹിച്ചു.
സുധീഷില്ലേ അമ്മേ
അവനെവിടെ പോകാനാ അപ്പുവേ, അവന്റെ മുറീലൊണ്ട്.
എണീറ്റ് വാടാ പോത്തേ... എന്ന വിളിയില്‍ എഴുന്നേറ്റ് കട്ടിലില്‍ ചമ്രം പടിഞ്ഞ് ഇരിക്കുമ്പോള്‍ വീണ്ടും ആ സ്വപ്നം മനസ്സിലേയ്ക്ക് കയറിവന്നു. അയാള്‍ക്ക് വല്ലാത്തൊരു ഭയം തോന്നി.
എന്താടാ നിന്റെ മുഖം വല്ലാതിരിക്കുന്നത്??
അപ്പൂ... ടാ ഞാന്‍ പിന്നേം ആ സ്വപ്നം തന്നെ കണ്ടെടാ,എന്തോ ഒരു ടെന്‍ഷന്‍ പോലെ.
നീ ഓരോന്ന് ആലോചിച്ച് കിടന്നിട്ടാ. അളിയാ നീയൊന്ന് എഴുന്നേറ്റ് വാ. അപ്പോഴേയ്ക്കും ഞാന്‍ അടുക്കളേലൊരു ആക്രമണം നടത്താം നീ വേഗം റെഡിയായി വാ.
അപ്പൂന് ആ വീട്ടില്‍ അയാള്‍ക്കുള്ള അത്രയും തന്നെ സ്വാതന്ത്ര്യം ഉള്ളതുകൊണ്ട്,
ദേവമ്മേ ഒരു ചായ തന്നേ എന്ന് പറഞ്ഞുകൊണ്ടാണ് അപ്പു അടുക്കളയിലേയ്ക്ക് കയറിച്ചെന്നത്.
ചായയ്ക്കുള്ള വെള്ളം അടുപ്പത്ത് വെച്ചിട്ട് അമ്മ അപ്പൂനോട് പറഞ്ഞു;
അപ്പുവേ അവന് വല്ലാത്ത ആധിയുണ്ട്. അവനെയൊന്ന് ശ്രദ്ധിച്ചോണേ
ഞാന്‍ നോക്കിക്കോളാം. ദേവമ്മ ടെന്‍ഷന്‍ ആകാതിരുന്നാ മതി.
ദേവമ്മ നീട്ടിയ ചായ ഊതിക്കുടിച്ചുകൊണ്ട് അപ്പു പറഞ്ഞു.
പാറൂന് മാസം തെകയാന്‍ ഇനി പത്ത് ദിവസം കൂടിയേ ഒള്ളൂ. ഇത്തവണയെങ്കിലും കുഞ്ഞിനെ കിട്ടിയാ മതിയാരുന്നൂ. മണ്ണാറശ്ശാലേല് സ്വര്‍ണ്ണപ്പുറ്റാ ഞങ്ങള് നേര്‍ന്നേക്കുന്നത്.
എല്ലാം ശര്യാകും ദേവമ്മേ
അയാള്‍ വരുന്നത് കണ്ടുകൊണ്ട് അപ്പു സംസാരം നിര്‍ത്തിയെഴുന്നേറ്റു.
ടാ സുധീ ചായ കുടിച്ചിട്ട് പോടാ
രണ്ടാളും കൂടി പുറത്തേക്ക് പോകുന്നതുകണ്ട ദേവമ്മ വിളിച്ചുപറഞ്ഞു.
വന്നിട്ട് കുടിച്ചോളാം എന്ന് തിരിഞ്ഞുനോക്കാതെ പറഞ്ഞുകൊണ്ട് അയാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.
നിറവയറോടെ പാറു വരാന്തയിലെ ചിലന്തിവല അടിച്ചുകളയുന്നത് അയാള്‍ റിയര്‍വ്യൂ മിററിലൂടെ കണ്ടു
എങ്ങോട്ടാ അളിയാ എന്ന അപ്പൂന്റെ ചോദ്യം അവഗണിച്ചുകൊണ്ട് അയാള്‍ ബൈക്കിന്റെ വേഗത കൂട്ടി.
സര്‍പ്പക്കാവിന് മുന്നില്‍ ബൈക്ക് നിര്‍ത്തി ചെരുപ്പ് ഊരുമ്പോഴാണ് പോക്കറ്റില്‍ മൊബൈല്‍ ശബ്ദിച്ചത്.
മോനേ സുധീ പാറൂന് പേറ്റുനോവ് തുടങ്ങി നീയൊന്ന് വാ.
ശരി അമ്മേ ഞാനിപ്പ വരാം ന്ന് പറഞ്ഞ് കോള്‍ കട്ട് ചെയ്തു അയാള്‍.
ടാ അമ്മയാ വിളിച്ചത്. എനിക്കുടനെ വീട്ടിലെത്തണം നീ പൊയ്‌ക്കോ
ബൈക്ക് ഞാനോടിക്കാം നീ പിറകിലിരുന്നാ മതി. ടാ ഇത്തവണയെങ്കിലും ആ കൊച്ചിനെ ഏതേലും നല്ല ആസ്പത്രിയില്‍ കൊണ്ടുപോ.
അയാളുടെ മുഖത്തെ പരിഭ്രമം ശ്രദ്ധിച്ചു കൊണ്ട് അപ്പു പറഞ്ഞു.
ഒന്നും മിണ്ടാതെ ബൈക്കിന്റെ കീ അപ്പൂന് കൈമാറിക്കൊണ്ടയാള്‍ പറഞ്ഞു
നീയാ വയറ്റാട്ടി അമ്മിണീടെ വീട്ടിലോട്ട് വിട്.
വല്ലാത്ത നീരസത്തോടെ അപ്പു ബൈക്ക് മുന്നോട്ടെടുത്തു. അമ്മിണീടെ വീടിന് മുന്നില്‍ നിന്ന് ജംഗ്ഷനിലേയ്ക്ക് നടക്കുമ്പോള്‍ തെരുവുവിളക്കുകള്‍ മിന്നിത്തുടങ്ങിയിരുന്നു. അപ്പൂന് സങ്കടത്താലോ അമര്‍ഷത്താലോ കണ്ണും മനസ്സുമൊരുപോലെ പുകഞ്ഞു. ചില അവസരങ്ങളിലെങ്കിലും നിഷ്‌ക്രിയരായിപ്പോകേണ്ടി വരുന്നതിനെ ശപിക്കുന്ന ചിലരുണ്ടാകണം എന്നും. ഇപ്പോള്‍ അതിലൊരാളാണ് താനെന്നും അപ്പു ഓര്‍ത്തു.
പാറൂന്റെ മൂന്നാമത്തെ പ്രസവമാണിത്. ആദ്യത്തെ രണ്ടു പ്രസവവും വയറ്റാട്ടി അമ്മിണിയാണ് എടുത്തത്. ഹോസ്പിറ്റലൊക്കെ എന്നാ ഉണ്ടായത് എന്നാണ് സുധിയുടെ ചോദ്യം. പ്രസവത്തോടെ കുഞ്ഞ് മരിച്ചെങ്കിലും അവന്റെ നിലപാടുകള്‍ക്കോ അന്ധവിശ്വാസങ്ങള്‍ക്കോ മാറ്റമുണ്ടായിട്ടില്ല.

വീടിന് പിറകുവശത്തൊരു വ്യാളീമുഖവും വീടിന് മുന്‍വശത്തെ മുള്‍പ്പടര്‍പ്പുമൊക്കെ സുധിയുടെ അന്ധവിശ്വാസങ്ങളുടെ ഭാഗമാണെന്ന് ഓര്‍ത്ത് ആ സമയത്തും അപ്പൂന് ചിരി വന്നു.
പാറൂന്റെ കാര്യത്തില്‍ തനിക്കൊന്നും ചെയ്യാനാകില്ല കാരണം അവള്‍ടെ അച്ഛനുമമ്മയും പറയുന്നത് ഭര്‍ത്താവിനെ അനുസരിച്ചങ്ങ് ജീവിച്ചാ മതി എന്നാണ് എന്ന് ഒരിക്കല്‍ പാറു സൂചിപ്പിച്ചിരുന്നൂ. ഒരാങ്ങള ഇല്ലല്ലോ എനിക്ക് എന്നു പറഞ്ഞ് കണ്ണ് നനഞ്ഞിട്ടാണ് അന്ന് പാറു അകത്തേക്ക് കയറി പോയത്. പാറൂനെ ഓര്‍ത്ത് അപ്പൂന് വല്ലാത്തൊരു സഹതാപം തോന്നി.
ടെന്‍ഷന്‍ കുറയ്ക്കാനെന്നോണം സിഗററ്റ് കത്തിച്ച് ഒരു പുക എടുക്കുമ്പോഴാണ് ആ നിലവിളി കാതുകളില്‍ പ്രകമ്പനം കൊണ്ടത്.
ജംഗ്ഷനില്‍ നിന്ന സ്ഥലവാസികളെല്ലാം നിലവിളിയുടെ ഉറവിടം തേടി ഓടുന്നതും, വീടുകളില്‍ നിന്ന് ആള്‍ക്കാര്‍ പുറത്തേയ്ക്ക് ഇറങ്ങിനോക്കുന്നതും അപ്പു കണ്ടു. ആ ആള്‍ക്കൂട്ടം സുധിയുടെ വീടിനെ ലക്ഷ്യം വെച്ചുനീങ്ങുന്നത് കണ്ട് അപ്പൂന്റെ കാലുകളും വേഗത്തില്‍ ചലിച്ചു.
തിരികെ വരുന്ന ആള്‍ക്കാരില്‍ പലരും പരിഹാസച്ചിരി ചിരിച്ചു. മങ്ങിയ തെരുവുവെട്ടത്തില്‍ മുഖം വ്യക്തമാകാത്ത ആരോ പറഞ്ഞു 'അങ്ങോട്ട് പോണ്ടാ ആ പെണ്ണ് കിണറ്റിന്‍കരേല് പ്രസവിച്ചതാ. ഇക്കാലത്ത് വയറ്റാട്ടിയെ നോക്കിയ സുധിയ്ക്ക് ആ കാശും ലാഭം' കൂട്ടച്ചിരി ഉയര്‍ന്നുകേട്ടു.

women
വര: വി.എം. ജോസ്

നെഞ്ചിലൊരു എരിപൊരിസഞ്ചാരം തോന്നി അപ്പൂന്. ആരോട് ചോദിക്കും? എങ്ങനെ അങ്ങോട്ട് പോകും?
രണ്ടും കല്‍പ്പിച്ച് അപ്പു അയാളുടെ വീട്ടിലേയ്ക്ക് കയറിച്ചെന്നു. കുഞ്ഞ് താഴെ തറയിലേയ്ക്ക് വീഴുകയായിരുന്നു എന്ന് ദേവമ്മ പറഞ്ഞതും പാറു കരയാന്‍ തുടങ്ങി
ദേവമ്മയുടെ കൈയ്യിലുണ്ട് കുഞ്ഞ്. പതിവ് പോലെ നീലിച്ചിട്ടുണ്ട്.
സുധീ കുഞ്ഞിനെ ഹോസ്പിറ്റലില്‍ കൊണ്ടു പോടാ.
ഇത് സര്‍പ്പകോപമാ അപ്പൂ എവിടെ കാണിച്ചിട്ടും ഫലമൊന്നുമില്ല.
പാറൂന്റെ മുഖത്ത് രോഷവും നിസ്സഹായതയും മാറിമാറിത്തെളിഞ്ഞു.
ദേഷ്യം കൊണ്ട് അടിമുടി വിറച്ചുകൊണ്ടാണ് അപ്പു ടാക്‌സിഡ്രൈവര്‍ കുറുപ്പിന് ഫോണ്‍ ചെയ്തതും വേഗം സുധീടെ വീട്ടിലേക്ക് വരാന്‍ പറഞ്ഞതും.
കുഞ്ഞിനെയും എടുത്ത് പാറൂനെ കൂടെ കൂട്ടി കുറുപ്പിന്റെ ടാക്‌സിയിലേയ്ക്ക് കയറുമ്പോള്‍ അപ്പു പറഞ്ഞു ' എന്റെ പെങ്ങടെ കൊച്ചിനെ നിനക്ക് വേണ്ടേലും എനിക്ക് വേണം. മനസ്സൊണ്ടേല് അന്ധവിശ്വാസമൊക്കെ മാറ്റിയേച്ച് മേഴ്‌സി ഹോസ്പിറ്റലിലോട്ട് വാ .'
ഹോസ്പിറ്റല്‍ എത്തിയപ്പോള്‍ അപ്പു പറഞ്ഞു
ആരൂല്ലെന്ന് ഓര്‍ത്തു വിഷമിക്കണ്ട കേട്ടോ എന്റെ ചേച്ചി വരും കൂട്ട് നില്‍ക്കാന്‍.
കണ്ണുകളില്‍ ഒരു കടലൊളിപ്പിച്ച് പാറു തലയാട്ടി.
ഹോസ്പിറ്റല്‍ റിക്കോര്‍ഡ്‌സില്‍ ബ്രദര്‍ എന്നെഴുതി ഒപ്പിട്ട് കാഷ്വാലിറ്റിയിലെ ഡോക്ടറോട് വിവരം പറഞ്ഞു. കാര്യം കേട്ടതും ഡോക്ടര്‍, രണ്ടാളേം ഇത്തിരി കൂടി കഴിഞ്ഞേച്ച് കൊണ്ടു വന്നാ മതിയാരുന്നല്ലോ എന്ന് സ്വരമുയര്‍ത്തി.
കുഞ്ഞിന് ഹൃദയത്തിന് കംപ്ലെയ്ന്റ് ഉണ്ട് അതാണീ നീലനിറം. ഉടനെ നിയോനാറ്റല്‍ ഐസിയുവിലേയ്ക്ക് മാറ്റണം.
അമ്മയ്ക്കും കുഞ്ഞിനും അഡ്മിഷനെഴുതുമ്പോള്‍ ഡോക്ടര്‍ പറഞ്ഞു.
നിയോനാറ്റല്‍ ഐ സി യുവിലേയ്ക്ക് കുഞ്ഞിനെ മാറ്റിയപ്പോള്‍ പാറു തളര്‍ന്നുവീണു.
ഹോസ്പിറ്റല്‍ ബെഡ്ഡില്‍ ഡ്രിപ്പിട്ട് മയങ്ങിക്കിടക്കുന്ന പാറൂനരികിലിരിക്കുമ്പോള്‍ അപ്പു അവന്റെ അമ്മയെക്കുറിച്ചോര്‍ത്തു.
തന്നെ പ്രസവിച്ചതോടെ മരിച്ചുപോയ അമ്മ, സ്‌നേഹത്തിന്റെ കമ്പളം പുതച്ചുകൊണ്ട് സ്വപ്നങ്ങളിലൂടെ പലതവണ തന്റെ അരികെ വന്നു ഇരുന്നിട്ട് മനസ്സില്ലാമനസ്സോടെ, മരിച്ചവരുടെ ലോകത്തേയ്ക്ക് തിരികെ പോയിട്ടുണ്ടാകണം
അമ്മയില്ലാത്തോണ്ട്, മനസ്സില്‍ അമ്മേടെ സ്ഥാനവും കൂടി ചേച്ചിയ്ക്കാണ്.
ടാ അപ്പൂ നീയെന്താ കിനാവ് കാണുവാ??
ചേച്ചീ ഞാന്‍ വെറുതെ അമ്മയെക്കുറിച്ചാലോചിച്ചതാ. ചേച്ചി എങ്ങനാ വന്നേ?
ദിനേശേട്ടന്‍ കൊണ്ടുവിട്ടതാ. ഡോക്ടര്‍ എന്തു പറഞ്ഞൂ? കുഞ്ഞ് സേഫ് ആന്നോ?
അറീല്ല ചേച്ചീ.
വടക്കേലെ സുമേച്ചി പറേണ കേട്ടൂ കിണറ്റിങ്കരേലേക്ക് കുഞ്ഞ് വന്നു വീണതാന്ന്.
ഒള്ളതാന്നോടാ.
ആണെന്നാ പറഞ്ഞേ പക്ഷേ പാറു കുഞ്ഞിനെ താങ്ങിയിട്ടുണ്ടാകണം ന്ന് എനിക്ക് തോന്നുന്നു.
നിന്റെ കൂട്ടുകാരനെന്താടാ ഇങ്ങനായിപ്പോയേ? നിനക്കൊന്ന് പറഞ്ഞു മനസ്സിലാക്കരുതോ? ങാ വന്നതു വന്നു. എന്തായാലും അമ്മേം കുഞ്ഞിനേം നീ ഇവിടെത്തിച്ചല്ലോ വല്യകാര്യം.. പക്ഷേ ഇനി...
അവരുടെ സംസാരത്തിനെ മുറിച്ചുകൊണ്ട് നഴ്‌സ് വന്നു പറഞ്ഞൂ
ഡോക്ടര്‍ വിളിക്കുന്നുണ്ട്.
നഴ്‌സിന്റെ പിറകെ ഡോക്ടറുടെ ക്യാബിനിലേയ്ക്ക് നടക്കുമ്പോഴാണ് എതിരെ വരുന്ന ആളിനെ അപ്പു ശ്രദ്ധിച്ചത്. തന്റെ കണ്ണുകളെ വിശ്വസിക്കാനാകാതെ ഒരുവട്ടം കൂടി നോക്കി അത് സുധീഷാണെന്ന് ഉറപ്പുവരുത്തി.
ഒപ്പം നടക്കുമ്പോള്‍ അയാള്‍ ചോദിച്ചു
അപ്പൂ ഡോക്ടര്‍ എന്തു പറഞ്ഞൂ?
ഡോക്ടറുടെ അടുത്തേക്കാണ് പോകുന്നത് .
വേറൊന്നും പറയാനില്ലാത്തതു പോലെ അവര്‍ക്കിടയില്‍ മൗനം കനത്തു.
ഡോ.വിനയചന്ദ്രന്റെ ക്യാബിനിലേയ്ക്ക് അപ്പൂനൊപ്പം കയറുമ്പോള്‍ അയാള്‍ക്ക് വല്ലാത്തൊരു കുറ്റബോധം തോന്നി.
ഡോക്ടര്‍ക്ക് എതിരെയുള്ള കസേരകളില്‍ അയാളും അപ്പുവും ഇരുന്നു
ഇതില്‍ ആരാണ് പാര്‍വതിയുടെ ഹസ്ബന്‍ഡ്?
ഞാ... ഞാനാണ് ഡോക്ടര്‍. പരിഭ്രമം കൊണ്ട് അയാള്‍ക്ക് വിക്കുണ്ടായി.
നിങ്ങള്‍ക്ക് നാണമില്ലേ മിസ്റ്റര്‍ ഭര്‍ത്താവെന്ന് പറയാന്‍? ഇവിടെത്തിക്കാന്‍ അല്പം കൂടി വൈകിയിരുന്നെങ്കില്‍ ആ കുഞ്ഞിനെ നിങ്ങള്‍ക്ക് നഷ്ടമായേനെ. ഇന്നത്തെക്കാലത്ത് ഗര്‍ഭിണികളെ ഹോസ്പിറ്റലിലെത്തിക്കാത്ത ഭര്‍ത്താക്കന്മാരുണ്ടോ മനുഷ്യാ?
ഡോക്ടറുടെ മുഖത്തേയ്ക്ക് നോക്കാനാകാതെ അയാള്‍ കണ്ണുകള്‍ താഴ്ത്തി.
കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖമാണ്. അതുകൊണ്ടാണ് കുഞ്ഞിന്റെ ശരീരത്തില്‍ നീലനിറം കണ്ടത്. കറക്ട് ട്രീറ്റ്‌മെന്റ് എടുക്കണം. സീരിയസൊന്നുമല്ല. കാലക്രമേണ മാറാവുന്നതേയുള്ളൂ.
അയാളുടെ മനക്കണ്ണില്‍ ജ്യോത്സ്യന്‍ ശങ്കുപ്പണിക്കര്‍ കവടി നിരത്തി. നിങ്ങടെ ഭാര്യയ്ക്ക് കൊടിയ സര്‍പ്പശാപമുണ്ട് അതാണ് ജനിക്കണ കുഞ്ഞിന് നീലനിറം. നാഗദൈവങ്ങള്‍ക്ക് പരിഹാരം ചെയ്യണം.
ഡോക്ടര്‍ പറയുന്നു ഇനിയുള്ള ട്രീറ്റ്‌മെന്റ് കറക്ട് ആയി ചെയ്യണം വീഴ്ച വരുത്തരുത്.
ശരി ഡോക്ടര്‍ ചെയ്യാം അയാള്‍ പറഞ്ഞു.
ഡോക്ടറുടെ ക്യാബിന് പുറത്തേക്കിറങ്ങുമ്പോള്‍ സര്‍പ്പശാപം എന്ന ഒറ്റവാക്കിനെ പ്രതി പാറൂനോട് കാട്ടിയ ക്രൂരതകള്‍ അയാളെ കുത്തിനോവിച്ചു.
അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അപ്പൂനെ ചേര്‍ത്തു പിടിച്ചയാള്‍ വിങ്ങി. '
നീ പറഞ്ഞതാടാ ശരി. കര്‍മ്മം കൊണ്ട് നീയവളുടെ ആങ്ങള തന്നെയാ. അന്ധമായി പലതിലും വിശ്വസിച്ച ഞാനൊരു പാപിയായിപ്പോയി . എന്നോട് ക്ഷമിക്കളിയാ.
എന്നോടല്ലെടാ നീ മാപ്പു പറയണ്ടേ...നിന്റെ പെണ്ണിനോടാ. വാ നമുക്ക് പാറൂനെ കാണാം.
റൂമിലേയ്ക്ക് കയറുമ്പോ അവശയായി കിടക്കുന്ന പാറൂനെ കണ്ടപ്പോ അയാളോര്‍ത്തത്, ഗര്‍ഭിണിയായ അവളോട് ഒരിക്കല്‍പ്പോലും അവള്‍ കഴിച്ചോ ന്നോ എന്തെങ്കിലും വേണോന്നോ പോലും ചോദിക്കാത്ത ക്രൂരനാണല്ലോ താനെന്നാണ്.വല്ലാതെ അവഗണിച്ചിരുന്നു പാവത്തെ.
ഒന്നും മിണ്ടാതെ അവളുടെ കാലില്‍ പിടിച്ചുകൊണ്ട് അയാള്‍ നിന്നു. അയാളെ തടയാനാകാതെ, എഴുന്നേല്‍ക്കാനാകാതെ പാറു കണ്ണീര്‍ വാര്‍ത്തു. ഒരു ചെറുചിരിയോടെ അപ്പുവും ചേച്ചിയും മുറി വിട്ടു പുറത്തിറങ്ങി.

സ്‌നേഹത്തിന്റെ കരുതലില്‍ പൂക്കുന്ന ബന്ധങ്ങളോളം വലുതല്ല മറ്റൊന്നും. തെറ്റുകള്‍ ക്ഷമിക്കുന്ന അമ്മ മനസ്സ് ചിലയിടത്തെങ്കിലും നന്മവിളക്കുകളാകും. അപ്പു ഓര്‍ത്തു.
കുറച്ചുകഴിഞ്ഞ് മുറിയ്ക്ക് പുറത്തേയ്ക്ക് വന്ന അയാള്‍ , ദേവമ്മയെ കൂട്ടിക്കൊണ്ടു വരാനായി വീട്ടിലേക്ക് പോയി. മുറിയ്ക്കകത്ത് കവിളില്‍ സന്തോഷത്തുടിപ്പുകളുമായി പാറു കിടക്കുന്നത് അവര്‍ കണ്ടു.

വീട്ടിലെത്തി, ദേവമ്മയോട് ഹോസ്പിറ്റലിലേയ്ക്ക് പോകാനൊരുങ്ങാന്‍ പറഞ്ഞിട്ട് അയാള്‍ ഒരു വെട്ടുകത്തി എടുക്കുകയാണ് ചെയ്തത്.
ടാ സുധീ എന്തിനാടാ വെട്ടുകത്തി? ദേവമ്മ അയാള്‍ക്ക് പിറകെ ചെന്നു
വീടിനു മുന്നിലെ മുള്‍പ്പടര്‍പ്പുകള്‍ വെട്ടിക്കളയുകയായിരുന്നൂ അയാള്‍. നെഗറ്റീവ് എനര്‍ജികളെ ഇല്ലാതാക്കാന്‍ അയാള്‍ വെച്ചുപിടിപ്പിച്ചവയാണ് അതെല്ലാം.

ഇനിയൊരിക്കലും അവള്‍ക്കൊപ്പം നീലവരയന്‍ പാമ്പിനെ കാണില്ലെന്ന് അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു.

വീടിന് മുന്നില്‍ കൂട്ടിവെച്ച ചവറുകള്‍ തീയിട്ട് അതിലേയ്ക്ക് വീടിന് പിറകിലെ വ്യാളീമുഖവുമെറിഞ്ഞ് അയാള്‍ ഗേറ്റുപൂട്ടി.
ദേവമ്മയെയും കൂട്ടി ആ ബൈക്ക് ഹോസ്പിറ്റലിലേക്ക് പായുമ്പോള്‍ തീയില്‍ ആ വ്യാളീമുഖം പൊട്ടിത്തെറിക്കുകയായിരുന്നു.

Content Highlights: Short stories from grihalakshmi readers, story by Anamika Sajeev