ജോലിക്കാരായ മുലയൂട്ടുന്ന അമ്മമാരുടെ ഏറ്റവും വലിയ ആശങ്ക കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് തന്നെയാണ്. തന്റെ കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പാല്‍ കിട്ടുന്നുണ്ടോ എന്ന ചിന്ത ഇവരുടെ ആശങ്ക വര്‍ധിപ്പിക്കും. ആറുമാസം വരെ  മുലപ്പാല്‍ മാത്രം നല്‍കുന്നതാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് നല്ലത്. എന്നാല്‍ ആറുമാസത്തിനു മുമ്പ് തന്നെ പലര്‍ക്കും ഓഫീസില്‍ പോകേണ്ടി വരാറുണ്ട്.  ഇങ്ങനെയുള്ള അമ്മമാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. 

അമ്മമാരുടെ ആശങ്കകള്‍ അകറ്റാനായി ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും അതില്‍ ഒന്നാണ് ബ്രെസ്റ്റ് പമ്പിങ്ങ്. ഇപ്പോള്‍ ബ്രെസ്റ്റ് പമ്പുകളുടെ ഉപയോഗം അമ്മമാര്‍ക്കിടയില്‍ സാധാരണമായി തുടങ്ങി. ജോലിക്കു പോകുന്നതിന് മുമ്പ് പമ്പ് ഉപയോഗിച്ച് പാല്‍ ശേഖരിച്ച് ശീതീകരണ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സൂക്ഷിച്ച ശേഷം കൃത്യമായ ഇടവേളകളില്‍ കുഞ്ഞിന് നല്‍കാം. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയകറ്റും. മാത്രമല്ല ബ്രെസ്റ്റ് പമ്പിന്റെ ഉപയോഗം അമ്മമാരുടെ പാല്‍ ഉത്പാദനം വര്‍ധിക്കാനും സഹായിക്കും. ജോലിയുടെ സമയക്രമം അനുസരിച്ച് ബ്രെസ്റ്റ് പമ്പിങ്ങിന്റെ ഇടവേള നിങ്ങള്‍ക്ക് സ്വയം തീരുമാനിക്കാവുന്നതാണ്. 

കുഞ്ഞ് ജനിച്ച് ഏതാനും മാസങ്ങള്‍ക്ക് ശേഷം കുപ്പിയില്‍ പാല്‍ നല്‍കി ശീലിപ്പിക്കുന്നത് നന്നായിരിക്കും. അമ്മ ജോലിക്കുപോകുമ്പോള്‍ മടികൂടാതെ കുഞ്ഞ് പാല്‍ കുടിക്കുന്നതിന് ഇത് സഹായകമാകും. ജോലി ചെയ്യുന്നത് വീടിന് സമീപത്തൊ കുട്ടിയുടെ ഡേ കെയറിന് സമീപമോ ആണെങ്കില്‍ ജോലിക്കിടയില്‍ ലഭിക്കുന്ന ഇടവേളകളില്‍ കുഞ്ഞിനരികില്‍ എത്തി പാല്‍ നല്‍കാവുന്നതാണ്.  ഈ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ച് അനുവാദം വാങ്ങുന്നതില്‍ ഭയപ്പെടേണ്ട കാര്യം ഇല്ല. ജോലിയിലെ ഇടവേളകളില്‍ കുഞ്ഞിന് പാല്‍ നല്‍കാന്‍ സൗകര്യത്തിന് ഫീഡിങ് ഫ്രണ്ട്‌ലി വസ്ത്രങ്ങളും ധരിക്കാം. 

ജോലിയും കുഞ്ഞിനെ പരിപാലിക്കലും ഒരുമിച്ച് ചെയ്യുന്നത് ചിലര്‍ക്കെങ്കിലും അസ്വസ്ഥതയുണ്ടാക്കും. അതുകൊണ്ട് തന്നെ കുഞ്ഞിനെ നോക്കുന്നതില്‍ പങ്കാളിയേയും മാതാപിതാക്കളെയും ഒപ്പം കൂട്ടാം. ആരും സഹായത്തിന് ഇല്ലാത്തവര്‍ക്ക് കുഞ്ഞ് അല്‍പ്പം വലുതാകും വരെ ജോലിക്കാരെ നിയമിക്കാം. കുഞ്ഞിനെ മുലയൂട്ടുന്ന അമ്മമാര്‍ തിരക്കിനിടയില്‍ സ്വന്തം ആരോഗ്യം മറന്നുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ലഘു വ്യായാമങ്ങള്‍ ചെയ്യുകയും മനസ് ശാന്തമാക്കി വയ്ക്കുകയും വേണം. ഇതിനായി യോഗ ചെയ്യുന്നതും അനുയോജ്യമാണ്.

Content Highlights: working women breastfeeding tips