ര്‍മ്മയില്ലേ പ്രമുഖ വാഷിംഗ് മെഷീന്‍ കമ്പനിയുടെ ആ പരസ്യം. ഓഫീസില്‍ നിന്ന് വീട്ടിലെത്തി വൈകുന്നേരം സകല ജോലികളും ഓടിനടന്നു ചെയ്തുതീര്‍ക്കുന്ന മകളെ നോക്കിയിരിക്കുന്ന ആ അച്ഛനെ. മകളുടെ ജോലികളില്‍ സഹായത്തിനെത്താത്ത അവളുടെ ഭര്‍ത്താവിനെ കാണുമ്പോള്‍ ആ അച്ഛന്‍ സ്വന്തം തെറ്റ് മനസ്സിലാക്കുന്നത്. താനും ഒരിക്കലും തന്റെ ഭാര്യയെ സഹായിച്ചിരുന്നില്ലല്ലോ എന്ന് കുറ്റബോധത്തോടെ അയാള്‍ തിരിച്ചറിയുന്നത്. ആ തെറ്റ് ഇനിയെങ്കിലും തിരുത്തണമെന്ന് അയാള്‍ മനസ്സില്‍ തീരുമാനിക്കുന്നിടത്താണ് ആ പരസ്യം അവസാനിക്കുന്നത്!!

ആ പരസ്യം പകര്‍ന്നുനല്കിയ വലിയൊരു സന്ദേശമുണ്ട്. സ്ത്രീപുരുഷ സമത്വം വീട്ടില്‍ നിന്ന് തുടങ്ങേണ്ട ഒന്നാണെന്ന സന്ദേശം. കുട്ടിക്കാലം മുതല്‍ ആണ്‍കുട്ടികളില്‍ വളര്‍ത്തേണ്ടത് നീയൊരു ആണാണ് വീട്ടുജോലികള്‍ ചെയ്യുന്നത് കുറച്ചിലാണ് എന്ന ചിന്തയല്ല, മറിച്ച് ആണിനും പെണ്ണിനും വീട്ടില്‍ തുല്യസ്ഥാനമുണ്ട് എന്നതാണെന്ന്. അമ്മമാര്‍ക്കാണ് ആണ്‍മക്കളെ മികച്ചവരാക്കി വളര്‍ത്താന്‍ വളരെയെളുപ്പത്തില്‍ സാധിക്കുക. വീട്ടുജോലികളില്‍ പെണ്‍മക്കളെ ഒപ്പം കൂട്ടുകയും അത് അവളുടെ കടമയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നതിനൊപ്പം ആണ്‍കുട്ടികളെയും പഠിപ്പിച്ചുകൊടുക്കേണ്ട ചിലത് ഇല്ലേ?

family
image:pixabay

എങ്ങനെ മറ്റുള്ളവരോട് പെരുമാറണം, എങ്ങനെയൊക്കെ വേഷം ധരിക്കാം, എത്രമാത്രം ശബ്ദത്തില്‍ സംസാരിക്കാം എന്നൊക്കെ പെണ്‍കുട്ടികളെ ചെറുപ്പം മുതലേ പറഞ്ഞുപഠിപ്പിക്കുന്ന മാതാപിതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ ആണ്‍കുട്ടികളെ എത്രമാത്രം പരിഗണിക്കാറുണ്ട്. നന്നായി പെരുമാറാന്‍, നല്ലതുപോലെ വേഷം ധരിക്കാന്‍, മര്യാദ ശീലമാക്കാന്‍ അവരെയും പഠിപ്പിക്കേണ്ടതല്ലേ. അനിയത്തിയോടോ ചേച്ചിയോടോ വഴക്ക് കൂടുന്ന മകനെപ്പറ്റി അവര്‍ വന്ന് പരാതി പറഞ്ഞാല്‍ അവനൊരാണല്ലേ അവനോട് താഴ്ന്നുകൊടുത്താല്‍ എന്താ നിനക്കൊക്കെ എന്ന് മാതാപിതാക്കള്‍ ചോദിക്കാതിരുന്നാല്‍ തന്നെ എന്തുവലിയ മാറ്റമാണ് ഉണ്ടാവുക!

ആണ്‍കുട്ടികള്‍ കരയരുത്- എന്തിനാണ് ഇത്തരമൊരു അബദ്ധവിശ്വാസം നമ്മുടെ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. കണ്ണീരെന്നും പെണ്ണിനു മാത്രമുള്ളതാണെന്നും ആണ് കരഞ്ഞാല്‍ നാണക്കേടാണെന്നും പറഞ്ഞുള്ള വേര്‍തിരിവുകള്‍ എന്തിനാണ്. മനസ്സിലെ സങ്കടം കരഞ്ഞുതീര്‍ക്കാന്‍ ആര്‍ക്കും ഒരുപോലെ അവകാശമുണ്ടെന്നും കരയുന്നത് കുറച്ചിലായി കാണേണ്ടതില്ലെന്നും ആണ്‍കുട്ടികളെ പറഞ്ഞു മനസ്സിലാക്കേണ്ടതല്ലേ?

boy crying
image:pixabay

പെണ്‍കുട്ടികളായാല്‍ എന്തിനും ഏതിനും അനുവാദം വാങ്ങണമെന്നാണല്ലോ സമൂഹത്തിന്റെ ധാരണ. ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത് അത്രകണ്ട് ഫലപ്രദമല്ല താനും. വളരുന്തോറും പെണ്ണിന് വിലക്കുകള്‍ കൂടുമ്പോള്‍ ആണിന് അത് സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയാണ്. അനുവാദം ചോദിച്ച് എന്തെങ്കിലും ചെയ്യേണ്ടത് ആണിന്റെ ഉത്തരവാദിത്തമല്ല, അങ്ങനെയായാല്‍ അവനൊരു ആണല്ല എന്ന് സമൂഹത്തെ ആരാണ് പഠിപ്പിച്ചത്. പെണ്ണിന്റെ 'നോ' അരുത് എന്ന് തന്നെയാണ് അര്‍ഥമാക്കുന്നതെന്ന് പുരുഷന്‍ പലപ്പോഴും അറിയാതെ പോവുന്നതും അവനൊന്നിനും അനുവാദത്തിന്റെ ആവശ്യമില്ലെന്ന ബോധം ഉള്ളില്‍ അഹങ്കാരമായി വളര്‍ന്നതുകൊണ്ടു മാത്രമാണ്.

പാചകം, വൃത്തിയാക്കല്‍ തുടങ്ങിയ വീട്ടുജോലികള്‍ പെണ്ണിന് മാത്രം ചെയ്യാന്‍ കഴിയുന്നവയാണെന്ന തെറ്റിദ്ധാരണ ഇല്ലാതാവുകയാണ് വേണ്ടത്. ആണ്‍കുട്ടികളെക്കൊണ്ടും ഇവയൊക്കെ പരിശീലിപ്പിക്കാവുന്നതാണ്.  ഇങ്ങനെയുള്ള ജോലികള്‍ അവര്‍ ചെയ്താല്‍ അത് തെറ്റല്ല നല്ല കാര്യമാണെന്ന് മാതാപിതാക്കള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ കഴിയണം.

പെണ്ണിനെ ബഹുമാനിക്കാന്‍ പഠിപ്പിക്കുക. അമ്മയായാലും പെങ്ങളായാലും സുഹൃത്തായാലും അവരെ ബഹുമാനിക്കാന്‍ പുരുഷന് കഴിയണമെന്ന് പറഞ്ഞുകൊടുക്കേണ്ടത് വീട്ടില്‍ നിന്ന് തന്നെയാണ്. അവളെപ്പോഴും നിന്നെക്കാള്‍ താഴ്ന്നവളാണ് എന്ന ബോധമാവരുത് അവനില്‍ ചെറുപ്പം മുതലേ വളര്‍ത്തേണ്ടത്.

പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയരാവുന്ന കാലമാണിത്. അതിനെക്കുറിച്ച് അവരെ ബോധവല്ക്കരിക്കുക. അസ്വാഭാവികമായ സ്പര്‍ശമോ പെരുമാറ്റമോ ആരില്‍ നിന്നെങ്കിലും ഉണ്ടായാല്‍ അത് തിരിച്ചറിയാന്‍ അവരെ പ്രാപ്തരാക്കുക. 

മറക്കാതിരിക്കുക, അമ്മയെയും സഹോദരിയെയും സ്‌നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്ന പുരുഷന് മറ്റ് സ്ത്രീകളെയും സ്‌നേഹിക്കാനും ബഹുമാനിക്കാനും കഴിയുമെന്ന്!!