wangari mathaaiജൂൺ അഞ്ച്‌-ലോകപരിസ്ഥിതിദിനം. പരിസ്ഥിതിസംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കി പരിസ്ഥിതിക്കായി ഒരു ദിവസം. നമ്മുടെ നിലനില്പ്‌ പരിസ്ഥിതിയെ ആശ്രയിച്ചാണ്‌ എന്ന തിരിച്ചറിവിൽനിന്നാണ്‌ പരിസ്ഥിതിദിനാചരണം ആരംഭിച്ചത്‌. പ്രകൃതിക്ക്‌ സംഭവിക്കുന്ന ഏതു കോട്ടവും മാനവരാശിക്ക്‌ സംഭവിക്കുന്ന കോട്ടം തന്നെയാണ്‌. പ്രകൃതിയില്ലെങ്കിൽ നമ്മളില്ല. ഈ യാഥാർത്ഥ്യം മനസ്സിലാക്കി പരിസ്ഥിതി സംരക്ഷണത്തിനായി തങ്ങളുടെ ജീവിതം ഉഴിഞ്ഞുവച്ച ചില മനുഷ്യരുണ്ട്‌.

അവരിൽ ഒരാളെയാണ്‌ നമ്മൾ പരിചയപ്പെടാൻ പോകുന്നത്‌. വംഗാരി മാതായ്‌ എന്ന കെനിയക്കാരിയാണ്‌ അത്‌. തന്റെ ജീവിതംതന്നെ പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്കായി മാറ്റിവച്ച ഈ ധീരവനിതയുടെ ജീവിതം ആരെയും പ്രചോദിപ്പിക്കുന്ന ഒന്നാണ്‌. പ്രകൃതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടങ്ങൾ ലോകത്തിന്റെ കണ്ണുതുറപ്പിക്കുന്നവയായിരുന്നു.

അതുകൊണ്ടുതന്നെ അവരെതേടി ധാരാളം പുരസ്കാരങ്ങളുമെത്തി. നൊേബൽ സമ്മാനം നേടുന്ന ആദ്യ ആഫ്രിക്കൻ വനിതയും പരിസ്ഥിതി പ്രവർത്തകയും, ഡോക്ടറേറ്റ്‌ നേടിയ ആദ്യ ആഫ്രിക്കക്കാരി, ആഫ്രിക്കൻ പാർലമെന്റംഗം അങ്ങനെ നിരവധി വിശേഷണങ്ങൾ വംഗാരി മാതായിക്കുണ്ട്‌.

വംഗാരി മാതായ്‌ എന്ന വംഗാരി മുത 1940 ഏപ്രിൽ 1ന്‌ കെനിയയിലെ ഇഹിതെ എന്ന കൊച്ചുഗ്രാമത്തിലാണ്‌ ജനിച്ചത്‌. രണ്ടുവർഷം കഴിഞ്ഞപ്പോൾ അവളുടെ മാതാപിതാക്കൾ ജോലിതേടി റിഫ്‌റ്റ്‌ വാലി എന്ന പ്രദേശത്തുള്ള ഒരു ഫാമിലേയ്ക്ക്‌ താമസം മാറ്റി. അവിടെ വിദ്യാഭ്യാസത്തിനുള്ള സൗകര്യം കുറവായതിനാൽ വംഗാരിക്ക്‌ എട്ടുവയസ്സുള്ളപ്പോൾ അവർ ഇഹിതെയിലേയ്ക്ക്‌ മടങ്ങിവന്നു. അവിടെ ഒരു പ്രൈമറി സ്കൂളിലാണ്‌ വംഗാരിയുടെ വിദ്യാഭ്യാസം ആരംഭിച്ചത്‌.

പിന്നീട്‌ സെന്റ്‌ സിസിലിയ സ്കൂളിലും ലൊറേറ്റോ ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പഠനത്തിൽ അതീവ സമർത്ഥയായിരുന്നു വംഗാരി. അതുകൊണ്ടുതന്നെ ആഫ്രിക്കയിലെ ഏറ്റവും സമർത്ഥരായ 300 കുട്ടികൾക്ക്‌ അമേരിക്കയിൽ പഠിക്കാൻ അവസരം ലഭിച്ചപ്പോൾ അവരിലൊരാൾ വംഗാരി മാതായ്‌ ആയിരുന്നു. അവിടെ സെന്റ്‌ സ്കൊളസ്റ്റിക്‌ കോളേജിൽനിന്നും ജീവശാസ്ത്രത്തിൽ ബിരുദവും പിറ്റ്‌സ്‌ബർഗ്‌ യൂണിവേഴ്‌സിറ്റിയിൽനിന്നും ബിരുദാനന്തരബിരുദവും നേടി.

അവിടെ പഠിക്കുമ്പോഴാണ്‌ നഗരത്തെ വായു മലിനീകരണത്തിൽനിന്നും മുക്തമാക്കാനുള്ള ഏതാനും പരിസ്ഥിതി പ്രവർത്തകരുടെ ശ്രമം അവരുടെ കണ്ണിൽപ്പെടുന്നത്‌. വംഗാരി അവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായി. പഠനം പൂർത്തിയാക്കി കെനിയയിലെ നെയ്‌റോബിയിൽ തിരിച്ചെത്തി അവിടെ വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ ഗവേഷണം ആരംഭിച്ചെങ്കിലും സ്ത്രീ എന്ന നിലയിലും കറുത്ത വർഗക്കാരി എന്ന നിലയിലും വലിയ വിവേചനം അവർക്ക്‌ നേരിടേണ്ടതായി വന്നു.

ഗത്യന്തരമില്ലാതെ വംഗാരി ജർമ്മനിയിലേക്ക്‌ പോയി. അവിടെ നിന്നും ഡോക്ടറേറ്റ്‌ നേടി തിരികെ നെയ്‌റോബി യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ്‌ ലക്‌ചററായി നിയമിതയായ വംഗാരിയ്ക്ക്‌ 1971ൽ ഡോക്ടറേറ്റ്‌ നേടിയ ആദ്യ കിഴക്കൻ ആഫ്രിക്കൻ വനിത എന്ന നിലയിൽ അവാർഡു ലഭിച്ചു. പിന്നീട്‌ യൂണിവേഴ്‌സിറ്റിയിലെ പല ഉന്നത പദവികളും അവർ അലങ്കരിച്ചു.
പഠനത്തിലും ഉദ്യോഗത്തിലും ഉയരങ്ങൾ താണ്ടുന്നതോടൊപ്പം വംഗാരി പല സാമൂഹ്യ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു.

വർഗ-ലിംഗ വിവേചനങ്ങൾക്കെതിരെ അവർ ശക്തമായി പ്രതികരിച്ചു. സ്ത്രീകൾക്ക്‌ തുല്യപദവിക്കായി അവർ പല വേദികളിലും ശബ്ദമുയർത്തി. ഒപ്പംതന്നെ പരിസ്ഥിതി പ്രശ്നങ്ങളിലും ക്രിയാത്മകമായി ഇടപെട്ടു. 1973ൽ കെനിയയിലെ റെഡ്‌ക്രോസ്‌ സൊസൈറ്റി ഡയറക്ടറായി അവർ തിരഞ്ഞെടുക്കപ്പെട്ടു. സാമൂഹ്യപ്രവർത്തനങ്ങളിൽ മുഴുകി നെയ്‌റോബിയുടെ ഉന്നമനത്തിനായി പരിശ്രമിക്കുമ്പോൾ വംഗാരി ഒരു സത്യം തിരിച്ചറിഞ്ഞു.

പരിസ്ഥിതിക്ക്‌ സംഭവിച്ച അപചയമാണ്‌ നെയ്‌റോബിയിലെ സാമൂഹ്യപ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാനം. ‘എൻവിറോകെയർ’ എന്ന ഒരു സ്ഥാപനം അവർ ആരംഭിച്ചു. വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. സാമ്പത്തിക പരാധീനതമൂലം ആ പദ്ധതി വലിയ വിജയം കണ്ടില്ലെങ്കിലും അവർ യു.എൻ. കോൺഫറൻസിലേക്ക്‌ ക്ഷണിക്കപ്പെട്ടു.

തിരികെ നെയ്‌റോബിയിലെത്തിയ വംഗാരി നാഷണൽ കൗൺസിൽ ഓഫ്‌ വുമൻ ഓഫ്‌ കെനിയ (NCWK) യുമായി ബന്ധപ്പെട്ട്‌ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പരിപാടി പുനരാരംഭിച്ചു. പിന്നീട്‌ അതാണ്‌ ലോക ശ്രദ്ധയാകർഷിച്ച ‘ഗ്രീൻ ബെൽറ്റ്‌’ മൂവ്‌മെന്റ്‌ ആയി മാറിയത്‌. വിവാഹമോചനം അവരുടെ സാമ്പത്തികസ്ഥിതിയെ ദോഷമായി ബാധിച്ചെങ്കിലും അവർ തന്റെ ദൗത്യങ്ങൾ തുടർന്നുപോന്നു.

അവരുടെ പരിസ്ഥിതിസംരക്ഷണപ്രവർത്തനങ്ങൾ ലോകശ്രദ്ധ ആകർഷിച്ചുതുടങ്ങി. ഗ്രീൻ ബെൽറ്റ്‌ മൂവ്‌മെന്റ്‌ ആഫ്രിക്കയിലെങ്ങും പടർന്നുപന്തലിച്ചു. ഒപ്പംതന്നെ വംഗാരി രാഷ്ട്രീയകാര്യങ്ങളിലും ഇടപെടാൻ തുടങ്ങി. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഗവണ്മെന്റിന്റെ കടന്നുകയറ്റത്തിനെതിരെ വംഗാരി ശബ്ദമുയർത്തി. ഒടുവിൽ അവർ പരിസ്ഥിതി-ഭൂവിഭവ സഹമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

തന്റെ പദവികളെല്ലാം തന്നെ പ്രകൃതി സംരക്ഷണത്തിനായി അവർ ഉപയോഗപ്പെടുത്തി. ആഫ്രിക്കയുടെ രാഷ്ട്രീയ-പാരിസ്ഥിതിക മേഖലകളിൽ വലിയ വിപ്ളവം സൃഷ്ടിക്കാൻ വംഗാരി മാതായിക്ക്‌ കഴിഞ്ഞു. തന്റെ പ്രവർത്തനങ്ങളിലൂടെ അവർ ലോകശ്രദ്ധ പിടിച്ചുപറ്റി. ഒടുവിൽ 2004ൽ നൊേബൽ സമ്മാനം അവരെ തേടിയെത്തി. അനേക രാഷ്ട്രങ്ങളും യൂണിവേഴ്‌സിറ്റികളും അവരെ ആദരിച്ചു. ഇന്ത്യാ ഗവണ്മെന്റിന്റെ 2006ലെ ഇന്ദിരാഗാന്ധി സമാധാനപുരസ്കാരവും അവർക്ക്‌ ലഭിച്ചു. 2011 സെപ്‌റ്റംബർ 25ന്‌ മണ്ണിനെ സ്നേഹിച്ച ഈ മഹതി മണ്ണിലലിഞ്ഞുചേർന്നു.

ഏറെക്കുറെ മലിനമാക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്ത ഭൂമിയിലാണ്‌ നാമിന്ന്‌ വസിക്കുന്നത്‌. ഇനിയും ഈ നില തുടർന്നാൽ നമ്മുടെ ഭൂമി വാസയോഗ്യമല്ലാതാകും. ആഗോളതാപനം നമ്മുടെ ആവാസവ്യവസ്ഥയ്ക്കുയർത്തുന്ന വെല്ലുവിളി നിസ്സാരമല്ല. ഒരു വശത്ത്‌ പ്രളയം മറുവശത്ത്‌ വരൾച്ചയും കുടിവെള്ളക്ഷാമവും. ഏതുനിമിഷവും ഉണ്ടാകാവുന്ന പ്രകൃതിദുരന്തത്തിന്റെ വാൾ നമ്മുടെ തലയ്ക്കുമീതെയുണ്ട്‌.

ഈ പശ്ചാത്തലത്തിൽ വംഗാരിമാതായുടെ പ്രവർത്തനങ്ങൾ എത്ര വലുതായിരുന്നു എന്ന്‌ നാം തിരിച്ചറിയണം. തനിക്ക്‌ മുമ്പിലുണ്ടായിരുന്ന പ്രതികൂലങ്ങളെ എല്ലാം അതിജീവിച്ച്‌ പ്രകൃതിക്കായി അവർ നടത്തിയ പോരാട്ടങ്ങൾ നമുക്കും പ്രചോദനമാകണം. വർണ-വർഗ-ലിംഗ വിവേചനങ്ങളെയെല്ലാം മറികടന്നാണ്‌ വംഗാരിമാതായ്‌ തന്റെ കർമ്മമണ്ഡലത്തെ പ്രശോഭിപ്പിച്ചത്‌. നമ്മളും ഉണരേണ്ട സമയം കഴിഞ്ഞു.

പ്രകൃതിയില്ലെങ്കിൽ നമ്മളില്ലെന്ന സത്യം നാം തിരിച്ചറിയണം. നമ്മുടെ പരിസരങ്ങളെ മാലിന്യമുക്തമാക്കാൻ, പ്ളാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ, നമ്മുടെ മണ്ണിനെ രക്ഷിക്കാൻ നാം വൈകിക്കൂടാ. വംഗാരി മാതായിയെപ്പോലെ മരങ്ങൾ നടാനും വളർത്താനും പരിസ്ഥിതിയെ സംരക്ഷിക്കാനും നാം മുന്നിട്ടിറങ്ങിയേ മതിയാവൂ. നമുക്ക്‌ ഇന്നുതന്നെ തുടങ്ങാം. വൈകരുത്‌.

മാതാപിതാക്കളോട്‌

മക്കൾക്ക്‌ ഉയർന്ന വിദ്യാഭ്യാസം, നല്ല വസ്ത്രം, ഭക്ഷണം, എല്ലാം നൽകാൻ നിങ്ങൾ എത്രമാത്രം ശ്രദ്ധാലുക്കളാണ്‌. അവരുടെ ഭാവിക്കായി നിങ്ങൾ പണം സമ്പാദിക്കുന്നു. എന്നാൽ തിരിച്ചറിയുക ‘ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ’. നാളെ ഈ ഭൂമി ഇല്ലാതായാൽ നമ്മൾ നേടിയ ഭൗതികനേട്ടങ്ങൾകൊണ്ട്‌ എന്ത്‌ പ്രയോജനം? മക്കളെ പാരിസ്ഥിതിക അവബോധമുള്ളവരായി വളർത്തുക. മണ്ണിനെ സ്നേഹിക്കാൻ, മരങ്ങളെ സ്നേഹിക്കാൻ അവരെ പഠിപ്പിക്കുക. മാലിന്യം വലിച്ചെറിഞ്ഞ്‌ മണ്ണിനെയും ജലാശയങ്ങളെയും മലിനമാക്കാതെ മക്കൾക്ക്‌ നല്ല മാതൃക കാണിച്ചുകൊടുക്കുക. പ്രകൃതി സ്നേഹികളായി നമ്മുടെ മക്കൾ വളരട്ടെ.