'എനിക്കവളെ രക്ഷിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗമില്ല.' ബംഗ്‌ളാദേശിലെ തെരുവില്‍ നിന്ന് കമല്‍ ഹൊസൈന്‍ എന്ന നാല്പതുകാരന്‍ കരഞ്ഞുകൊണ്ടിത് പറയുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ അവളെ ഉറ്റുനോക്കുകയായിരുന്നു ഫോട്ടോഗ്രാഫറായ ആകാശ്. കാലില്‍ ചങ്ങല ബന്ധിക്കപ്പെട്ട നിലയില്‍ നിസ്സഹായയായ അവളുടെ കണ്ണുകളില്‍ എന്തെന്നറിയാത്ത ഒരു ഭാവം അപ്പോള്‍ നിഴലിക്കുന്നുണ്ടായിരുന്നു. കുറച്ചൊന്നാലോചിച്ച ശേഷം അവളുടെ ചിത്രം ആകാശ് തന്റെ ക്യാമറയില്‍ പകര്‍ത്തി. 

സാന്റാ എന്ന ആ പത്തുവയസ്സുകാരിയുടെ ചിത്രവും അവളുടെ ജീവിതകഥയും ആകാശ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. നിരാലംബരായ ആ അച്ഛനെയും മകളെയും സുമനസ്സുകള്‍ സഹായിച്ചേക്കും എന്ന പ്രതീക്ഷയാണ് ആകാശിന്. 

മനസുഖമില്ലാത്ത മകളെ നോക്കാനാരുമില്ലാത്തതിനാലാണ് അവളെ ചങ്ങലയില്‍ പൂട്ടാന്‍ കമാല്‍ ഹൊസെയ്ന്‍ തീരുമാനിച്ചത്. ഈ ചങ്ങല അവളുടെ കാലില്‍ ബന്ധിച്ചിട്ട്. ഒരാഴ്ച്ചയിലേറെയായി. ചെരുപ്പ്കുത്തിയായ താന്‍ ജോലിക്ക് പോയിക്കഴിഞ്ഞാല്‍ അവള്‍ പുറത്തേക്ക് പോവുമെന്നും അവളെ കാണാതാവുമെന്നുമുള്ള ഭയമാണ് കമാലിന്. പല തവണ അവളെ ഇങ്ങനെ കാണാതെ പോയിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെയും ലൈംഗികത്തൊഴിലാളികളുടെയും അരികില്‍ നിന്നാണ് പലപ്പോഴും അവളെ കണ്ടെത്തിയിട്ടുള്ളത്. 

കമാല്‍ ഹൊസെയ്ന്‍ മകളെക്കുറിച്ചെഴുതുന്ന രീതിയിലാണ് ആകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 

പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍

പത്തുദിവസമായി ഞാനെന്റെ മകള്‍ സാന്റയെ ചങ്ങലയില്‍ പൂട്ടിയിടാന്‍ തുടങ്ങിയിട്ട്. വീട് വിട്ട് അവളോടിപ്പോവുമെന്ന ഭയത്താലാണ് ഇങ്ങനെ ചെയ്യേണ്ടിവരുന്നത്. അവളെ നഷ്ടപ്പെടുമോയെന്ന് എനിക്കെപ്പോഴും പേടിയാണ്. കഴിഞ്ഞ തവണ അവളെ കാണാതെ പോയി എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് തിരികെകിട്ടിയത്. റെയില്‍വേ സ്റ്റേഷനിലും പാര്‍ക്കുകളിലും ചന്തയിലും എല്ലാം ഞാനവളെ തെരഞ്ഞുനടന്നു. അവളവിടെയെങ്ങുമില്ലായിരുന്നു. ഒടുവില്‍ ഓവര്‍ബ്രിഡ്ജിന് താഴെനിന്നാണ് അവളെ കണ്ടെത്തിയത്. മയക്കുമരുന്നിനടിമപ്പെട്ട തെരുവ് കുട്ടികളുടെയും ലൈംഗികതൊഴിലാളികളുടെയും കൂടെയായിരുന്നു അവളപ്പോള്‍. ഞാന്‍ ചെരിപ്പ് ഒട്ടിക്കാനുപയോഗിക്കുന്ന പശ ലഹരിവസ്തു പോലെ മണത്തുകൊണ്ടിരിക്കുകയായിരുന്നു അപ്പോഴവള്‍.

കഴിഞ്ഞ 8 മാസത്തിനിടെ പല തവണ അവളെ കാണാതെ പോയി. അവളുടെ അമ്മ മരിച്ചിട്ട് 3 വര്‍ഷം ആയി. ഞാനൊരു പാവം ചെരുപ്പകുത്തിയാണ്. മാസം 3500 രൂപ മാത്രമാണ് എന്റെ വരുമാനം. അവളെ നല്ല ആശുപത്രിയില്‍ ചികിത്സിക്കാനോ നല്ല രീതിയില്‍ വളര്‍ത്താനോ എനിക്ക് കഴിവില്ല.

എന്റെ​ മകളുടെ കാലില്‍ ചങ്ങലപൂട്ടുമ്പോള്‍ ഞാന്‍ മരിച്ചുപോവുന്നതുപോലെ നെഞ്ച് നുറുങ്ങുകയാണ്. പക്ഷേ, എന്നെപ്പോലൊരു പാവം പിതാവിന് ഇതല്ലാതെ വേറെ വഴിയില്ല.