പ്രായം അറിയിച്ച ഒരു പെണ്‍കുട്ടി, ആഘോഷങ്ങള്‍ക്ക് നടുവില്‍ ആണവള്‍. പക്ഷെ ആ മുഖത്ത് വല്ലാത്ത ഈര്‍ഷ്യ. 

'വലുതാകുന്നത് നല്ല കാര്യമല്ലേ..മോള് സ്ത്രീ ആയില്ലേ? 'എന്നോട് പെട്ടന്നവള്‍ കയര്‍ക്കാന്‍ തുടങ്ങി.
'വേണ്ടല്ലോ..എനിക്കച്ഛന്റെ നെഞ്ചത്ത് കിടന്നാല്‍ മതി..!' ഒറ്റ വാക്കില്‍ അവള്‍ അവളുടെ പ്രശ്‌നം പറഞ്ഞു കഴിഞ്ഞു. എനിക്ക് മനസ്സിലാകും, എന്നെ പോലെ പല അമ്മമാര്‍ക്കും ആ വിങ്ങല്‍ മനസ്സിലാകും. ഞങ്ങളുടെ നെഞ്ചിലെ നോവാണല്ലോ അത്.

എന്റെ പൊന്നിന്റെ മുഖ്യ ശത്രു ഞാന്‍ ആയേനെ!! അവള്‍ക്കു ഇതേ പോലെ പൊട്ടി തെറിക്കാന്‍ ഒരു അവസ്ഥ എത്തിയിരുന്നേല്‍! പെണ്‍മക്കള്‍ക്ക് അച്ഛനാണ് ആദ്യത്തെ ഹീറോ. എന്റെയും അങ്ങനെ തന്നെ ആയിരുന്നു.ഇന്നുവരെ, ഏത് പുരുഷന്മാര്‍ അടുത്ത സുഹൃത്തുക്കള്‍ ആയിട്ടുണ്ടോ അവരിലൊക്കെ എന്റെ അച്ഛന്റെ എന്തെങ്കിലും ഒരു സ്വഭാവസാമ്യം കണ്ടിട്ടുണ്ട്.

എന്റെ അച്ഛന്റെ ഇഷ്ടനിറം നീല ആണ്. ആകാശത്തേക്കാള്‍, കടലിനേക്കാള്‍ വിശ്വസിക്കും ആ നിറത്തെ ഇന്നും ഞാന്‍. ഷിബുവിനെ പരിചയപ്പെട്ട സമയത്ത് ഞാന്‍ ഒരുപാട് സാമ്യങ്ങള്‍ കണ്ടെത്തിയിരുന്നു. എന്റെ അച്ഛനും ആയിട്ട്. അതൊരു വെറും കണ്ടെത്തല്‍ അല്ല. വിശ്വാസത്തിന്റെ ഒരു പൊട്ടു വെളിച്ചത്തെ തേടുക ആണ്. കരുതലിന്റെ ഒരു ഉറപ്പ് പരതുകയാണ്. ഏത് സ്ത്രീയിലും  അച്ഛനില്‍  നിന്നാണ് പുരുഷനെ വിശ്വസിക്കാനുള്ള ആദ്യത്തെ ചുവടു വെയ്പ്പ് നടക്കുന്നത്..

അമ്മ എന്ന വ്യക്തിക്ക്, മകള്‍ അവളുടെ അച്ഛന്റെ നെഞ്ചത്തു കിടന്നുറങ്ങുന്ന കാഴ്ച ആണ് ഏത് പ്രതിസന്ധിയിലും കരുത്തേകുന്നത്..അവളില്‍ ചുറ്റി പിടിയ്ക്കുന്ന കൈ ഒരു ഉറപ്പാണ്..മറ്റു എല്ലാ ലോകവും ഇപ്പുറം ആണെന്ന്..ഋതുവാകുന്നതിന്റെ തലേന്ന് വരെ ഉണ്ടായിരുന്ന ആ കരുതലിന്റെ ചൂടിനെ...ഒറ്റ വാക്ക് കൊണ്ട് തട്ടി കളയാന്‍ ഇരുട്ടടഞ്ഞ മനസ്സുകള്‍ക്കെ പറ്റു..

'നോക്ക്, വലിയ കുട്ടി ആയി..ഇന്ന് മുതല്‍ അച്ഛന്റെ അടുത്തായാലും ഒരു ഗ്യാപ് വേണം കേട്ടോ..കെട്ടിപിടിക്കാനും ഉമ്മ വെയ്ക്കാനും ഒന്നും പാടില്ല.'ഇതിനപ്പുറം ഒരു ആഘാതം ഒരു മകള്‍ക്കു വേറെ ഉണ്ടാകില്ല..അവള്‍ അവളുടെ ശരീരത്തെ മാത്രമല്ല..ജന്മം തന്ന ഗര്‍ഭപാത്രത്തെയും ശപിച്ചു പോകും..'കാലം വല്ലാത്തതാ..സ്വന്തം അച്ഛനെ പോലും സൂക്ഷിക്കണം.' വേണ്ടായിരുന്നു ഈ മകളെ എന്ന് ഒരു തോന്നല്‍ വന്നു പോകും ഏതൊരു അമ്മയ്ക്കും ഈ മുന്നറിയിപ്പിന് മുന്നില്‍..

സ്വന്തം അച്ഛന് കാമം തീര്‍ക്കാന്‍ പ്രസവിക്കണമായിരുന്നോ ഇവളെ..? ശരി ആണ്, ഒരുപാട് കേസുകള്‍ അങ്ങനെ വരുന്നുണ്ട്. പലപ്പോഴും നിലവിട്ടു പൊട്ടിത്തെറിച്ചു പോയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.അത്തരം ചില കേസുകളെ നടത്തേണ്ടി വരുമ്പോള്‍. എന്നിലെ മകളോ, എന്നിലെ അമ്മയോ ആകാം  സൈക്കോളജിസ്‌റ് അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കര്‍ എന്നതില്‍ ഉപരി അവിടെ പ്രതികരിക്കുന്നത്..!

എന്റെ പൊന്നു കുഞ്ഞായിരിക്കുമ്പോ എന്നെക്കാള്‍ ഏറെ അവളെ ആസ്വദിച്ച് കുളിപ്പിച്ചിട്ടുള്ളത്, ഒരുക്കിയിട്ടുള്ളത് ഒക്കെ അവളുടെ അച്ഛന്‍ ആണ്.ഞങ്ങളിലെ ഈഗോ വഴക്കുകള്‍ ഒത്തുതീര്‍പ്പാകുന്ന തലം. അവളെന്റെ മകളുടെ അമ്മ, ഇവന്‍ എന്റെ മകളുടെ അച്ഛന്‍ എന്ന ചിന്തയില്‍ ആണ് പലപ്പോഴും. എത്ര വൈകി വരുന്ന അച്ഛന്മാര്‍ക്കും, ഉറങ്ങാതെ കാത്തിരിക്കുന്ന മകളുടെ മുഖം, ശീലം മാറ്റാനുള്ള മരുന്നല്ലേ..? ഇങ്ങനെ പൊയ്‌ക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തിലേക്ക് പെട്ടന്ന് ഒരു പ്രഖ്യാപനം നടത്തുക ആണ്.

'ഇന്ന് മുതല്‍ നീ പെണ്ണ്, അച്ഛന്‍ ഉള്‍പ്പടെ എല്ലാ പുരുഷന്മാരെയും സൂക്ഷിക്കുക.'  മാറി കിടക്കുന്നു എങ്കില്‍ കൂടി ഇടയ്ക്കിടയ്ക്കു അച്ഛന്റെ പുതപ്പിന് കീഴെ ചുരുണ്ട് കിടക്കാനുള്ള അവകാശം  മകള്‍ക്കു നിഷേധിക്കാന്‍ എനിക്കെന്നല്ല, ഒരു അമ്മയ്ക്കും മനസ്സ് കൊണ്ടാവില്ല.

നിഷേധിക്കരുത്,  അതാണ് പാപം. അച്ഛനോടും മകളോടും ചെയ്യാവുന്ന കൊടും പാതകം. അച്ഛന്റെ ലാളന അനുഭവിച്ചു വളരുന്ന മകള്‍ ഒരു പുരുഷനെയും ചതിക്കില്ല. അവള്‍ ചതിയ്ക്കപ്പെട്ടാലും. അച്ഛന്റെ മണം ആണ് അവള്‍ക്കു പുരുഷനെ വിശ്വസിക്കാനുള്ള ആദ്യത്തെ കരുത്ത്. അമ്മയുടെ മുലപ്പാലിന്റെ മഹത്വം വാഴ്ത്തുന്നവര്‍ ഇത് മറക്കരുത്. അവള്‍ അച്ഛന്റെ ചെല്ലകുട്ടിയായി വളര്‍ന്നോട്ടെ. അതിലൂടെ അവള്‍ക്കു ലഭിക്കുന്നത് ലോകത്തെ നേരിടാനുള്ള തന്റേടം ആണ്. അച്ഛന്റെ  നെഞ്ചിലെ ചൂട്  മതി അവള്‍ക്ക്. സ്വന്തന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടേണ്ടി വരില്ല. അവളില്‍ അതുണ്ട്. അച്ഛന്‍ കാട്ടി തന്ന നേരിന്റെ സ്വാതന്ത്ര്യം. എത്രപ്രായം ആയാലും അവളില്‍ അത് നിറഞ്ഞു നില്‍ക്കും. പെണ്ണായി തന്നെ വളരും, കരുത്തുള്ള പെണ്ണായി...!


Content Highlights: Parenting, Father Daughter Relationship