'രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വീടും സുരക്ഷിതത്വവും ഉറപ്പുവരുത്തും. എല്ലാവരേയും ഞാന്‍ ആലിംഗനം ചെയ്യും. നമുക്കുചുറ്റുമുള്ള ലോകവും അവിടെയുള്ള മൃഗങ്ങളും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തും. എല്ലാവരോടും ദയയോടുകൂടി പെരുമാറും. എല്ലാ കാനഡക്കാരും ആരോഗ്യവാന്മാരാണെന്ന് ഉറപ്പുവരുത്തും.' ഒരു ദിവസം പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിച്ചാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് അഞ്ചുവയസ്സുകാരി ബെല്ലയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഏതായാലും ആ ഉത്തരം ബെല്ലയെ എത്തിച്ചത് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ അടുത്തേക്കാണ്. 

Bella

'ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയാകൂ' എന്ന സിബിസി കിഡ്‌സ് കോണ്‍ടെസ്റ്റിലെ വിജയിയാണ് അഞ്ചുവയസ്സുകാരി ബെല്ല. മത്സരത്തില്‍ വിജയിച്ച ബെല്ലയെ കാത്തിരുന്നത് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കൊപ്പമുള്ള ഒരു ദിവസമാണ്. തന്നെ കാണാനെത്തിയ കൊച്ചു പ്രധാനമന്ത്രിയെ ഇരുകൈയും നീട്ടി സ്വീകരിച്ച ട്രൂഡോ ബെല്ലയുടെ ആവശ്യപ്രകാരം അവള്‍ക്കൊപ്പം ഒരു തലയിണ കോട്ടയും ഉണ്ടാക്കി. കസേരയും മേശയും അവളുടെ താല്പര്യപ്രകാരം പുന:ക്രമീകരിച്ചു. 

പ്രധാനമന്ത്രിയുടെ ഗൗരവമെല്ലാം വെടിഞ്ഞ് കുഞ്ഞിനൊപ്പം കളിക്കുന്ന ട്രൂഡോയുടെ സിബിസി ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത ചിത്രങ്ങള്‍ മാധ്യമങ്ങളും ജനങ്ങളും ഏറ്റെടുത്തുകഴിഞ്ഞു.