പേരന്റിങ്ങിനെ സംബന്ധിച്ച ചർച്ചകളെ ഈയടുത്ത് സജീവമാക്കിയ സംഭവമായിരുന്നു കൊച്ചിയിലും മുംബൈയിലും ഡേ കെയർ സെന്ററുകളിലെ ആയമാരിൽനിന്ന്‌ കുഞ്ഞുങ്ങൾ അനുഭവിക്കേണ്ടിവന്ന പീഡനം. ആ ദാരുണസംഭവങ്ങളെത്തുടർന്ന് ഡേ കെയർ സെന്ററുകളിലും പ്ലേ സ്കൂളുകളിലും നടപ്പാക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചും ചർച്ചകളുയർന്നു. ദൗർഭാഗ്യകരമെന്നു പറയട്ടെ, സെന്ററുകളിൽ സി.സി.ടി.വി. ക്യാമറ സ്ഥാപിക്കുക, കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുക തുടങ്ങിയ നിർദേശങ്ങളാണ് സർക്കാർതലത്തിലും പൊതുജനങ്ങളിൽനിന്നും ഉയർന്നുവരുന്നത്.

എന്നാൽ, കൊച്ചിയിലും മുംബൈയിലും സംഭവിച്ചത് ഗുരുതരമായ ഒരു രോഗത്തിന്റെ ചില ബാഹ്യലക്ഷണങ്ങൾ മാത്രമാണ്. കുഞ്ഞുങ്ങളോടുള്ള പൊതുസമൂഹത്തിന്റെയും സർക്കാരിന്റെയും കുറ്റകരമായ മനോഭാവമാണ് ഈ സംഭവങ്ങളിലെ യഥാർഥ പ്രതി.  കുട്ടിയെ ഒരു പൂർണവ്യക്തിത്വമായി കാണാത്ത സമൂഹമാണ് നമ്മുടേത്. ആറുവയസ്സുവരെയുള്ള കുട്ടികളെ കളിപ്പിക്കുക എന്നതേ നമുക്കറിയൂ. യഥാർഥത്തിൽ ഒരു സമൂഹവ്യക്തി രൂപപ്പെടുന്നത് ആറുവയസ്സുവരെയുള്ള കാലഘട്ടത്തിലാണ്.

ഇന്റർനെറ്റിൽ വെറുതെ ഒന്നു പരതിയാൽ കിട്ടുന്നതാണ് കുട്ടിയുടെ തലച്ചോറിന്റെ 90 ശതമാനം വളർച്ചയും വ്യക്തിത്വത്തിന്റെ 60-70 ശതമാനം വളർച്ചയും രൂപപ്പെടുന്നത് ഈ ഘട്ടത്തിലാണെന്ന പ്രാഥമികവിവരങ്ങൾ. ഒരു വ്യക്തി ഏറ്റവും കൂടുതൽ കാര്യങ്ങൾ സ്വാംശീകരിക്കുന്ന കാലമാണിത്. ആറുവയസ്സുവരെ കുട്ടിയുടെ ഉള്ളിലേക്കുചെല്ലുന്ന കാര്യങ്ങളാണ് ആ വ്യക്തിയെ രൂപപ്പെടുത്തുന്നത്.

15 വയസ്സുള്ള ഒരു കുട്ടിക്ക് സ്കൂളിലെ അധ്യാപകരിൽനിന്നേൽക്കേണ്ടിവരുന്ന മർദനംപോലും താത്‌കാലികമായ വേദനയേ കൂടുതലും ഉണ്ടാക്കുകയുള്ളൂവെങ്കിൽ മൂന്നുവയസ്സുള്ള ഒരു കുട്ടിക്കുനേരേയുള്ള ഒരു തുറിച്ചുനോട്ടം ആ കുട്ടിയിൽ ഗുരുതരമായ സ്വഭാവവൈകല്യങ്ങൾക്കുവരെ കാരണമായേക്കാം. എന്നാൽ, ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഈ ഘട്ടത്തിന് നേരിയ പരിഗണനപോലും സമൂഹവും സർക്കാരും നൽകുന്നില്ല. ഉന്നതവിദ്യാഭ്യാസമേഖലയെക്കുറിച്ചുമാത്രമാണ് നമ്മുടെ നാട്ടിലെ ചിന്തയും അഭിപ്രായവും ചർച്ചയും സമരവും തീരുമാനവും നിയമവും എല്ലാം. 

ഡേ കെയർ ആവശ്യമോ?

കേന്ദ്രത്തിന്റെ പേരെന്തുമാവട്ടെ, കുഞ്ഞുങ്ങൾക്ക് പ്രത്യേകമായ ഒരു പരിചരണകേന്ദ്രം ആവശ്യമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. സമൂഹത്തിന്റെ പൊതുവേയുള്ള ധാരണ കുഞ്ഞുങ്ങളെ നോക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാത്ത മാതാപിതാക്കളാണ് കുട്ടികളെ അത്തരം കേന്ദ്രങ്ങളിൽ അയക്കുന്നത് എന്നാണ്. ഇന്ന് ഇന്ത്യയിൽ നടപ്പുള്ള ശീലം അതായിരിക്കാം. യാതൊരു മാനദണ്ഡങ്ങളുമില്ലാത്ത കേന്ദ്രങ്ങൾ തങ്ങളുടെ കുഞ്ഞുങ്ങൾക്കായി തിരഞ്ഞെടുക്കുന്നതിൽ ആ ഉത്തരവാദിത്വമില്ലായ്മ പ്രകടവുമാണ്. എന്നാൽ, യഥാർഥത്തിൽ സ്വന്തം കുഞ്ഞിനെ നല്ലൊരു ശിശുപരിചരണകേന്ദ്രത്തിലേക്കയക്കുന്നത് ശരിയായ സമയത്തെടുക്കുന്ന ഏറ്റവും ശരിയായ തീരുമാനമാണ്. 

കുട്ടിക്ക് ചെറുപ്രായത്തിൽ ആവശ്യം സ്നേഹവും കളിയും മാത്രമാണെന്ന ധാരണ നമുക്കുള്ളിലുണ്ട്. സ്നേഹം തീർച്ചയായും വേണം; അതൊരു വികാരമാണ്. സ്നേഹപൂർവമായ ഇടപെടലിലൂടെയല്ലാതെ നമുക്ക് കുട്ടികളിലെന്നല്ല, ആരിലും ഗുണപരമായ ഒരു ഫലവും ഉണ്ടാക്കാനാകില്ല. രണ്ടാമത്തേത് കളികളാണ്. കളികളിലൂടെ കുട്ടിയിൽ സംഭവിക്കുന്നതെന്താണ്? മുൻപു സൂചിപ്പിച്ചപോലെ തന്റെ ഇന്ദ്രിയങ്ങൾക്കാവശ്യമായ വിഭവങ്ങളുടെ സംഭരണമാണ് കുട്ടിയിൽ കളികളിലൂടെ സംഭവിക്കുന്നത്.

ആ കളികൾ അഥവാ കുട്ടി ഏർപ്പെടുന്ന ആക്ടിവിറ്റികൾ ഗുണകരമായാൽ കുട്ടി മികച്ച വ്യക്തിത്വമുള്ള ഒരാളാകും, ആ ആക്ടിവിറ്റികൾ മോശമാണ് എങ്കിൽ തിരിച്ചും. ഇന്നു നാം വീടുകളിൽ കുട്ടിയെ വീണ്ടും വീണ്ടും ചെയ്യാൻ പ്രേരിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന പല കാര്യങ്ങളും സൂക്ഷ്മമായ പരിശോധനയിൽ കുട്ടിയുടെ വ്യക്തിത്വത്തെ വികലമാക്കുന്നവയാണെന്നുകാണാം, കുട്ടി കാണുന്ന ടി.വി. പ്രോഗ്രാമുകളുടെയും കംപ്യൂട്ടർ ഗെയിമുകളുടെയും പൊതുവായ സ്ഥിതിയും വ്യത്യസ്തമല്ല.

ഒരു കുട്ടി മൊബൈൽ എടുക്കുമ്പോൾ, അതു തുറന്നുനോക്കാൻ ശ്രമിക്കുമ്പോൾ അതു ചീത്തയാക്കുന്നു എന്ന ചിന്തയാണ് നമുക്കുള്ളിലുള്ളത്; എന്നാൽ, അവിടെ പ്രകടമാകുന്നത് ആ കുട്ടിയിലെ ജിജ്ഞാസയാണ്. എല്ലാം അറിയാൻകൊതിക്കുന്ന ആ ശിശുവിലേക്ക് ആ സമയത്ത് വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും ഇടപഴകലിലൂടെയും നാം ഫീഡുചെയ്യുന്നത് എന്ത് എന്നതാണ് അപ്പോൾ പ്രസക്തമായ വിഷയം.

ആ ഫീഡിങ്ങാണ് ആ കുട്ടിയുടെ ഭാവിനിർണയിക്കുന്നത്. ശരീരത്തിനാവശ്യമായ പോഷകങ്ങളും പ്രതിരോധശക്തിയുമൊക്കെ നൽകാനുതകുന്ന വിഭവങ്ങൾ നാം കുഞ്ഞിന്റെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുപോലെ കുഞ്ഞിന്റെ മാനസികമായ ഭക്ഷണവും ശാസ്ത്രീയമായി ഗുണകരമാക്കാൻ കഴിയണം. കുഞ്ഞിന്റെ അച്ഛനമ്മമാരോ വീട്ടുകാരോ ഇക്കാര്യങ്ങളിൽ വിദഗ്ധരല്ലാത്തതിനാൽ മികച്ച ഒരു ശിശുപരിപാലനകേന്ദ്രത്തിന്റെ സഹായം കുഞ്ഞിന്റെ വളർച്ചയിൽ തേടേണ്ടത് അതിനാൽ അത്യന്താപേക്ഷിതമാണ്.

ദിവസം രണ്ടോ മൂന്നോ മണിക്കൂർ അങ്ങനെയുള്ള ശാസ്ത്രീയമായ പരിചരണം കുട്ടിക്ക് ലഭ്യമാക്കുന്നത് രക്ഷിതാവിന്റെ ഉത്തരവാദിത്വം കുറയ്ക്കുകയല്ല, കൂട്ടുകയാണ് ചെയ്യുന്നതും. കേന്ദ്രത്തിൽനിന്നുള്ള മാർഗനിർദേശങ്ങളനുസരിച്ച് കുഞ്ഞിനോടുള്ള സമീപനങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്താനും വീട്ടിലെ പ്രവർത്തനരീതികൾ കൂടുതൽ ഫലപ്രദമാക്കാനും രക്ഷിതാക്കളുടെ ഭാഗത്തുനിന്നും വലിയ പരിശ്രമം ഇത്തരം സമീപനത്തിൽ ആവശ്യമാണ്.
    
ഇന്ത്യയിലെ ശോചനീയാവസ്ഥ

ഇന്ത്യയിലെ ശിശുപരിചരണസംവിധാനങ്ങളുടെ സ്ഥിതി അത്യന്തം ദയനീയമാണ്‌. ഏറ്റവും കുറവ് ശമ്പളത്തിൽ, ഏറ്റവും കുറവ് യോഗ്യതകളുള്ളവർ, ഏറ്റവും കുറവ് സൗകര്യങ്ങളോടെ ചെയ്യുന്ന ഒന്നാണ് ഇവിടെയത്. യഥാർഥത്തിൽ കൊച്ചിയിലും മുംബൈയിലും ഡേ കെയർ കേന്ദ്രങ്ങളിലെ നടത്തിപ്പുകാർ ചെയ്തതിലും വലിയ ക്രിമിനൽ കുറ്റമാണിത്. ഔദ്യോഗിക ശിശുപരിചരണകേന്ദ്രങ്ങളായ അങ്കണവാടികൾ ഉപ്പുമാവ് വിതരണകേന്ദ്രങ്ങൾ മാത്രമായി അധഃപതിച്ച സ്ഥിതിയിലാണ്.

ഈ രംഗത്തെ ചില ഉത്പതിഷ്ണുക്കളുടെ വിരലിലെണ്ണാവുന്ന ചില പരിശ്രമങ്ങളൊഴിച്ചാൽ ക്രിയാത്‌മകമായ യാതൊന്നും ഇന്ന് കേരളത്തിലെയും ഇന്ത്യയിലെയും ശിശുപരിചരണ/പ്രീ സ്കൂൾ മേഖലയിലില്ല. ഇന്നും ഇന്ത്യയിൽ ശിശുപരിചരണത്തിന് ഒരു പാഠ്യപദ്ധതിയില്ല. പി.ജി.യും ബി.എഡും കഴിഞ്ഞവരാണ് പരിശീലകർ എന്നതൊക്കെയാണ് നല്ലരീതിയിൽ നടക്കുന്നുവെന്ന് പൊതുവേ കരുതപ്പെടുന്ന പ്രീ സ്കൂളുകളുടെപോലും പരസ്യം.

എന്നാൽ, പി.ജി.യും ബി.എഡും കഴിഞ്ഞവർക്ക് ചെയ്യാനാവുന്ന കാര്യമല്ല ശിശുപരിചരണം. അത് സവിശേഷമായ വൈദഗ്ധ്യം ആവശ്യമുള്ള ഒരു പ്രത്യേക മേഖലയാണ്. ഒരു മെഡിക്കൽ ബിരുദം നേടുന്നതിനേക്കാൾ ചെലവും പരിശ്രമവും ആവശ്യമുള്ള ഒന്നാണ് അന്തർദേശീയ നിലവാരത്തിൽ ശിശുപരിചരണരംഗത്തെ കോഴ്‌സുകൾ. ആ നിലവാരത്തിൽ ഉയർന്ന പ്രതിഫലവും ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്നു. തായ്‌ലാൻഡ്‌ പോലുള്ള ചെറുരാജ്യങ്ങളിൽവരെ ഈ മേഖലയിൽ ഗുണപരമായ വലിയ മാറ്റങ്ങൾ വന്നുകഴിഞ്ഞിട്ടും ഇന്ത്യയിൽ അത്തരത്തിലൊരു ചിന്തപോലും ഔദ്യോഗികതലത്തിലോ സാമൂഹികതലത്തിലോ വന്നിട്ടില്ല.

സർക്കാർ എന്തുചെയ്യണം?

പ്രീ സ്കൂൾ കാലഘട്ടത്തോടുള്ള സമീപനം യഥാർഥത്തിൽ മൊത്തം ഭാവിയോടുള്ള സമീപനമാണ്. അത് സി.സി.ടി.വി.യും പോലീസ് കേസുമൊക്കെയാകുന്നത് വികലമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനേ ഉതകൂ. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ചെയ്യേണ്ടത് ആരോഗ്യ, ഉന്നത വിദ്യാഭ്യാസരംഗങ്ങൾപോലെ ശിശുപരിചരണമേഖലയെയും സർവപ്രധാനമായ ഒരു പ്രത്യേകവിഭാഗമായിക്കണ്ട് സമഗ്രമായ ഒരു നയം ആവിഷ്കരിക്കുക എന്നതാണ്.

തുടർന്ന് മോണ്ടിസോറിപോലെ അന്തർദേശീയതലത്തിൽ ഈ രംഗത്ത് ആധികാരികമായ വിഭവകേന്ദ്രങ്ങളുമായി സഹകരിച്ച് ഒരു അടിസ്ഥാന കരിക്കുലം രൂപവത്‌കരിക്കണം. അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും ഉറപ്പുവരുത്തുംവിധം ശിശുപരിചരണകേന്ദ്രങ്ങളുടെ മാതൃകാരൂപരേഖയും തയ്യാറാക്കണം. കേന്ദ്രങ്ങളിലെ ആയമാർക്കും പരിശീലകർക്കും നിശ്ചിതയോഗ്യത നിർബന്ധമാക്കണം, അതിനാവശ്യമായ പരിശീലനപരിപാടികളും കോഴ്‌സുകളും ആരംഭിക്കണം.

കേന്ദ്രങ്ങളുടെ നിലവാരം ഈ രംഗത്തെ വിദഗ്ധരടങ്ങുന്ന ഒരു സ്വതന്ത്രസമിതിയെക്കൊണ്ട് നിരന്തരമൂല്യനിർണയം നടത്തി സർട്ടിഫിക്കേഷൻ നൽകണം. ഇത്രയും കാര്യങ്ങളെങ്കിലും ഉറപ്പുവരുത്താനായാൽ ഇന്ത്യയിലെ മാനവവിഭവശേഷിയിലൊന്നാകെ അതുവരുത്തുന്ന മാറ്റം അദ്‌ഭുതാവഹമായിരിക്കും. അല്ലെങ്കിൽ ഇതിലും ഭീകരമായ വാർത്തകൾക്കായി നമുക്കു കാത്തിരിക്കേണ്ടിയുംവരും.

(യു.എസിലെ ടെക്സാസ് ഗൈഡ്  മോണ്ടിസോറി സ്കൂളിലെ ഇൻഫൻസി പ്രോഗ്രാം ഡയറക്ടറാണ്‌ ലേഖിക)