ധീരതയ്ക്കുള്ള ബഹുമതിയായ അശോകചക്ര നൽകി ഭാരതം ആദരിച്ച പെൺകുട്ടി. ‘ജസ്റ്റിസ്‌ ഫോർ ക്രൈംസ്‌ അവാർഡ്‌’ നൽകി അമേരിക്ക ബഹുമാനിച്ച വ്യക്തി. കേവലംഇരുപത്തിരണ്ടുകാരിയായ നീരജ ഭാനോട്ടിന്‌ ഈ ബഹുമതികൾ ലഭിച്ചതാകട്ടെ മരണാനന്തരമാണെന്നു മാത്രം. ആയുധധാരികളായ കൊടുംഭീകരർക്ക്‌ മുന്നിൽ പതറാതെ ധീരതയോടെ അനേകരുടെ ജീവൻ രക്ഷിച്ചുകൊണ്ട്‌ ധീരതയോടെ മരണം ഏറ്റുവാങ്ങിയ നീരജയെ നമ്മിൽ കുറേപ്പേർക്കെങ്കിലും അറിയില്ല എന്നത്‌ ഖേദകരമായ വസ്തുതയാണ്‌.

ആർഷഭാരത സംസ്കാരത്തിലും പൈതൃകത്തിലും അഭിമാനിക്കുന്ന ഏതൊരു ഭാരതീയനും തീർച്ചയായും അഭിമാനത്തോടെ നെഞ്ചിലേറ്റേണ്ട വ്യക്തിയാണ്‌ നീരജ. ഇരുപത്തിരണ്ട്‌ വയസ്സുവരെ മാത്രം ജീവിക്കാൻ അവസരം ലഭിച്ച ഈ ധീര ഭാരതപുത്രി തന്റെ മരണത്തിലൂടെയാണ്‌ ചരിത്രത്തിലും മനുഷ്യഹൃദയങ്ങളിലും ഇടം നേടിയത്‌.

 1963 സെപ്‌റ്റംബർ ഏഴിന്‌ പഞ്ചാബിലെ ചണ്ഡീഗഢിലാണ്‌ നീരജ ജനിച്ചത്‌. അച്ഛൻ ഹരീഷ്‌  ‌ഭാനോട്ട്‌. അമ്മ രമ ഭാനോട്ട്‌. ഈ ദമ്പതിമാരുടെ മൂന്നാമത്തെ കുട്ടിയായിരുന്നു നീരജ. രണ്ട്‌ ആങ്ങളമാരുടെ പൊന്നോമനപ്പെങ്ങൾ.  പത്രപ്രവർത്തകനായിരുന്നു പിതാവ്‌. മുംബൈയിലായിരുന്നു കുടുംബം സ്ഥിരതാമസമാക്കിയിരുന്നത്‌.

മുംബൈയിലെ സ്കോട്ടിഷ്‌ സ്കൂളിൽ നിന്ന്‌ സ്കൂൾ വിദ്യാഭ്യാസവും സെയ്‌ന്റ്‌ സേവ്യേഴ്‌സ്‌ കോളേജിൽ നിന്ന്‌ ബിരുദവും നേടിയ നീരജ ഹൃദ്യമായ പെരുമാറ്റത്തിന്‌ ഉടമയുമായിരുന്നു. എപ്പോഴും പ്രസന്നവതി. ബിരുദാനന്തരം വിവാഹം കഴിഞ്ഞു.

സ്ത്രീധനത്തിന്റെ പേരിൽ ഭർത്തൃഗൃഹത്തിൽ കൊടിയ പീഡനം സഹിക്കേണ്ടിവന്നു നീരജയ്ക്ക്‌. വൈകാതെ വിവാഹമോചനം നേടിയ നീരജ നല്ലൊരു ജോലി നേടാനും സ്വന്തമായൊരു നല്ല ജീവിതം കെട്ടിപ്പടുക്കാനും ശ്രമിച്ചു. സൗന്ദര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പര്യായം എന്നു വിശേഷിപ്പിക്കാവുന്ന ഈ പെൺകുട്ടി മോഡലിങ്‌ രംഗത്ത്‌ വളരെപെട്ടെന്നു തന്നെ ചുവടുറപ്പിച്ചു. ടി.വി.യിലും പത്രമാധ്യമങ്ങളിലുമെല്ലാം പരസ്യചിത്രങ്ങളിൽ നീരജയുടെ മുഖം തെളിഞ്ഞു നിന്നു. ബെൻസർ സാരീസ്‌, ബിനാക്ക ടൂത്ത്‌ പേസ്റ്റ്‌, ഗോദ്‌റെജ്‌ ബെസ്റ്റോ ഡിറ്റർജന്റ്‌, വാപോറക്സ്‌, വീകോ ടർമറിക്‌ ക്രീം ഇവയുടെയെല്ലാം മോഡലായി നീരജ പ്രശസ്തി നേടി.

 ആ സമയത്താണ്‌ അമേരിക്കയുടെ പാൻ ആം എന്ന അന്തർദേശീയ വിമാനസർവീസ്‌ കമ്പനിയിൽ എയർഹോസ്റ്റസ്‌ ആയി നീരജയ്ക്ക്‌ ജോലി ലഭിക്കുന്നത്‌. പതിനായിരം ഉദ്യോഗാർത്ഥികളിൽ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട 80 പേരിൽ ഒരാൾ നീരജ ഭാനോട്ട്‌ ആയിരുന്നു എന്നത്‌ ആ പെൺകുട്ടിയുടെ മികവിന്റെ തെളിവാണ്‌ വ്യക്തമാക്കുന്നത്‌.

 മിയാമിയിൽ നടന്ന പരിശീലന പരിപാടിയിൽ മികച്ച പ്രകടനത്തിലൂടെയും ധീരതയിലൂടെയും പരിശീലകരുടെ മനംകവർന്ന നീരജയെ സീനിയർ ഉദ്യോഗസ്ഥയായി നിയമിക്കാൻ അവർ തീരുമാനിച്ചതിൽ അതിശയോക്തിയില്ല. ഈ നേട്ടം കൈവരിക്കുമ്പോൾ  ഇരുപത്തിരണ്ട്‌ വയസ്സുമാത്രമാണ്‌ നീരജയുടെ പ്രായം. അങ്ങനെ ആകാശത്തിലൂടെ പറന്നുകൊണ്ട്‌ തന്റെ സ്വപ്നങ്ങൾക്ക്‌ ചിറകുനൽകി ജീവിതത്തെ പുഞ്ചിരിയോടെ നീരജ നേരിട്ടു.

 1986 സെപ്റ്റംബർ അഞ്ചിന്‌ നീരജയ്ക്ക്‌ ജോലി പാൻ ആം ഫ്ലൈറ്റ്‌ 73-ൽ ആയിരുന്നു. പാകിസ്താനിലെ കാറാച്ചിയിലുള്ള ജിന്ന ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഫ്ലൈറ്റ്‌ പുറപ്പെടാൻ ഏതാനും നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ 361 യാത്രക്കാരും 19 ഉദ്യോഗസ്ഥരുമുള്ള ആ വിമാനത്തിലേക്ക്‌ ആയുധധാരികളായ ഏതാനും കൊടുംഭീകരർ പ്രവേശിച്ചു.

സമർത്ഥയും ഫ്ലൈറ്റിലെ സീനിയർ ഉദ്യോഗസ്ഥയുമായ നീരജ കോക്‌പിറ്റിലെ ജീവനക്കാരെ അപകടം അറിയിക്കുകയും അവർ വിമാനത്തിൽനിന്ന്‌ പെട്ടെന്ന്‌ പുറത്തേക്കിറങ്ങുകയും ചെയ്തു. ലിബിയ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ‘അബു നിദാൽ’ എന്ന ഭീകരസംഘടനയിലെ  അംഗങ്ങളായിരുന്നു വിമാനം റാഞ്ചിയത്‌.

 വിമാനം ഇസ്രായേലിലേക്ക്‌ തിരിച്ച്‌ അവിടെയുള്ള ഒരു വലിയ കെട്ടിടത്തിൽ ഇടിച്ചു തകർക്കുകയായിരുന്നു വിമാനറാഞ്ചികളുടെ ഉദ്ദേശ്യം. എന്നാൽ നീരജയുടെ സമയോചിതമായ ഇടപെടൽ മൂലം കോക്‌പിറ്റ്‌ ജീവനക്കാർ പുറത്തുകടന്ന്‌ രക്ഷപ്പെട്ടതിനാൽ ആ ഉദ്ദേശ്യം നടന്നില്ല. ജർമനി, അമേരിക്ക, പാകിസ്താൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു.

അക്രമികൾ അമേരിക്കക്കാരെയാണ്‌ ലക്ഷ്യംവയ്ക്കുന്നതെന്ന്‌ നീരജ മനസ്സിലാക്കി. ഭീകരർ യാത്രക്കാരുടെ പാസ്‌പോർട്ട്‌ ശേഖരിച്ചു നൽകാൻ ആവശ്യപ്പെട്ടപ്പോൾ അമേരിക്കക്കാരുടെത്‌ ഒളിപ്പിക്കാൻ നീരജ പ്രത്യേകം ശ്രദ്ധിച്ചു.

 മണിക്കൂറുകൾക്കൊടുവിൽ കുറേപ്പേരെ പുറത്തേക്ക്‌ വാതിൽതുറന്ന്‌ പോകാനനുവദിച്ചപ്പോൾ ആദ്യം പുറത്തുകടക്കാനും രക്ഷപ്പെടാനും കഴിയുമായിരുന്നിട്ടും അതിന്‌ തുനിയാതെ യാത്രക്കാരെ സുരക്ഷിതമായി പുറത്തുകടക്കാൻ സഹായിച്ചുകൊണ്ട്‌ നീരജ അവിടെത്തന്നെ നിന്നു. ഒടുവിൽ മൂന്ന്‌ കുട്ടികളെ ഭീകരരുടെ തോക്കിൽ നിന്ന്‌ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വെടിയുണ്ടകളേറ്റ്‌ നീരജ ധീരതയോടെ മരണത്തെ പുൽകി. അവരിൽ ഒരു കുട്ടി ഇന്ന്‌ ഒരു വിമാനസർവീസിൽ പൈലറ്റായി ജോലിനോക്കുന്നു എന്നത്‌ ശ്രദ്ധേയമാണ്‌.

 മരണത്തെ മുഖാമുഖം ദർശിച്ചപ്പോഴും നീരജ കാണിച്ച സംയമനവും സമചിത്തതയും ധീരതയും ആരെയും അതിശയിപ്പിക്കുന്നതാണ്‌. തികച്ചും അപ്രതീക്ഷിതമായ ആക്രമണത്തിൽ പതറാതെ ബുദ്ധിപൂർവമായ ഇടപെടലിലൂടെ അനേക ജീവനുകളെ രക്ഷിക്കാൻ നീരജ കാണിച്ച സാമർഥ്യവും പാടവവും അവരുടെ ആത്മാർത്ഥതയുടെയും കാര്യക്ഷമതയുടെയും ധീരതയുടെയും അടയാളമാണ്‌. 

കോക്‌പിറ്റ്‌ ജീവനക്കാരെ അതിവിദഗ്‌ധമായി രക്ഷപ്പെടുത്തി വലിയൊരു ദുരന്തത്തിൽ നിന്ന്‌ ലോകത്തെ രക്ഷിക്കാൻ സാധിച്ചത്‌ നീരജയുടെ ബുദ്ധിപൂർവവും സമയോചിതവുമായ ഇടപെടലു കൊണ്ട്‌ മാത്രമാണ്‌.

 രക്ഷപ്പെടാനുള്ള അവസരം ലഭിച്ചിട്ടും സ്വന്തം ജീവനെ അവഗണിച്ച്‌ മറ്റുള്ളവരെ രക്ഷിക്കാൻ നീരജ കാണിച്ച ആ വലിയ മനസ്സിനു മുന്നിൽ അറിയാതെ തന്നെ നമ്മുടെ ശിരസ്സുകൾ നമിക്കുന്നില്ലേ?   മൂന്നു കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ്‌ ഭീകരരുടെ വെടിയുണ്ടകൾ ആ ജീവൻ കവർന്നത്‌ എന്ന സത്യം നമ്മെ വേദനിപ്പിക്കുമ്പോഴും ആ കർമധീരത നമ്മെ ആവേശംകൊള്ളിക്കുന്നില്ലേ?.

ഭീകരരുടെ തോക്കിനു മുന്നിൽ പുഞ്ചിരിയോടെ, പതറാതെ തന്റെ ജോലി തികഞ്ഞ ആത്മാർത്ഥതയോടെയും ആത്മധൈര്യത്തോടെയും നിർവഹിച്ച ഭാരതത്തിന്റെ ഈ ധീരപുത്രിയെ നമുക്ക്‌ പ്രണമിക്കാം.

പ്രതിസന്ധികളിൽ തളരാതെ, പതറാതെ ധീരതയോടെ നേരിടാൻ നീരജയെ പോലെ നമുക്കും കഴിയണം. എത്രകാലം ജീവിച്ചു എന്നതിലല്ല. എങ്ങനെ ജീവിച്ചു എന്നതിലാണ്‌ കാര്യം. ഹ്രസ്വമായ തന്റെ ജീവിതംകൊണ്ട്‌ അനേകരുടെ ജീവൻ രക്ഷിക്കാൻ സ്വജീവൻ കുരുതികഴിച്ച നീരജ നമുക്കു മുന്നിൽ ഒരു ചോദ്യമുയർത്തുന്നുണ്ട്‌.

നമ്മുടെ ജീവിതംകൊണ്ട്‌ ആർക്കൊക്കെ ഉപകാരം ചെയ്യാനായിട്ടുണ്ട്‌ എന്ന ചോദ്യം. അവനവന്റെ സുഖത്തിനപ്പുറം അപരന്റെ സുഖത്തെക്കൂടി വിലമതിക്കാനും സ്വജീവിതത്തെ പോലെ അപരന്റെ ജീവിതത്തെ ആദരിക്കാനും നീരജയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

നമുക്കും നീരജ ഭാനോട്ടിനെപ്പോലെ സമചിത്തതയോടെ ധീരതയോടെ നമ്മുടെ ജീവിതത്തിലെ അപ്രതീക്ഷിത പ്രതിബന്ധങ്ങളെയും പ്രതിസന്ധികളേയും നേരിടാം.

മാതാപിതാക്കളോട്‌

ജീവിതയാത്ര സുഗമമായ പാതയിലൂടെ മാത്രമല്ല എന്ന സത്യം മക്കൾ തിരിച്ചറിയണം. വളവും തിരിവും കാറും കോളും കുണ്ടും കുഴിയും എല്ലാം നമുക്കുചുറ്റുമുണ്ട്‌. അവിടെ കാലിടറാതെ, വീഴാതെ പിടിച്ചുനിൽക്കാൻ മക്കളെ പരിശീലിപ്പിക്കുക. വിവേകവും  സമചിത്തതയുമുണ്ടെങ്കിൽ ഏത്‌ പ്രതിസന്ധിയേയും  നേരിടാനാകും എന്ന്‌ മക്കൾ തിരിച്ചറിയണം.

ഉത്തരവാദിത്വവും ആത്മാർത്ഥതയുമാണ്‌ നീരജയെ ധീരതയോടെ മരണത്തെപ്പോലും നേരിടാൻ പ്രാപ്തയാക്കിയത്‌. ഉത്തരവാദിത്വബോധവും ആത്മാർത്ഥതയും നമ്മുടെ മക്കളിലും വളർത്തിയെടുക്കാൻ പരിശ്രമിക്കണം. നാളെ അവരും പുഞ്ചിരിയോടെ പ്രതിസന്ധികളെ നേരിടട്ടെ...

writer is...    

സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം. മോട്ടിവേഷണൽ ട്രെയിനർ, പാരന്റിങ്‌  വിഷയത്തിൽ ക്ലാസുകളും പ്രഭാഷണങ്ങളും നടത്തുന്നു. സൈക്കോളജി, കൗൺസിലിങ്‌ എന്നിവയിൽ ഡിപ്ലോമ.