എത്ര വലിയ പാര്‍ട്ടിയാണെന്ന് പറഞ്ഞാലും കുട്ടികളേയും കൊണ്ട് അതിന് പോകണോ എന്ന് ചിന്തിക്കുന്നവരാണ് ന്യൂജെന്‍ അമ്മമാര്‍. കുട്ടികള്‍ കാട്ടിക്കൂട്ടിയേക്കാവുന്ന കുരുത്തക്കേടുകളോര്‍ത്താവും പലരും പിന്‍വലിയുന്നത്. അത്തരക്കാര്‍ ഷാഹിദ് കപൂറിന്റെ ഭാര്യ മിറയെ കണ്ടുപഠിക്കണം.
കാരണം കുഞ്ഞിനെ അവളുടെ ഇഷ്ടത്തിന് വിട്ടുകൊടുത്ത ഒരു അമ്മയെ 'ഈ രൂപ'ത്തില്‍ ഒരു പാര്‍ട്ടിയിലും കണ്ടിരിക്കാന്‍ ഇടയില്ല. പ്രത്യേകിച്ചും സെലിബ്രിറ്റി അമ്മമാര്‍ നിരവധിയുള്ള ബോളിവുഡില്‍.
കുഞ്ഞിനെയും കൂട്ടി ഒരു പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു മിറ. കുഞ്ഞുങ്ങള്‍ക്കായി ഒരു ചിത്രകലാ ക്ലാസ് തന്നെ പാര്‍ട്ടിയില്‍ ഒരുക്കിയിരുന്നു. താനൊരു സെലിബ്രിറ്റിയാണ് മറ്റുള്ളവര്‍ എന്തുകരുതും എന്നൊന്നും ചിന്തിച്ച് സമയം കളയാന്‍ മിറ തയ്യാറായില്ല.

ഒരു വയസ്സുള്ള മകളെ നിറങ്ങള്‍ക്ക് നടുവിലായി ഇരുത്തി. കുഞ്ഞുമിഷയാകട്ടെ നിറങ്ങളില്‍ ആറാടി എന്നുതന്നെ പറയാം. ചിത്രം വരക്കാന്‍ നല്‍കിയ കടലാസിനുപുറമേ തറയിലും ഉടുപ്പിലും ശരീരത്തിലും മിഷ നിറങ്ങള്‍ വാരിപ്പൂശി. അതുപോരാതെ അമ്മ മിറയുടെ ദേഹത്തും നിറങ്ങള്‍ നിറച്ചു.
പാര്‍ട്ടി കഴിഞ്ഞു പോകുന്ന അമ്മയുടെയും മകളുടെയും രൂപം കണ്ടാല്‍ ചിരിച്ചുപോകുമെങ്കിലും കുഞ്ഞുങ്ങളെ അവരുടെ ഇഷ്ടത്തിന് വിടുക എന്നുള്ളതാണ് അമ്മമാര്‍ പഠിക്കേണ്ട ആദ്യപാഠമെന്നാണ് മിറ പറയുന്നത്.