ളിയും ചിരിയും ഓട്ടവും ചാട്ടവും പാട്ടും പഠനവുമൊക്കെയായി നഴ്‌സറി ക്ളാസിൽ കഴിഞ്ഞ കാലം... എത്ര സുഖമുള്ള ഓർമ... പുത്തനുടുപ്പിട്ട്‌, കുഞ്ഞുബാഗും തൂക്കി, അച്ഛനമ്മമാരുടെ കൈപിടിച്ച്‌ നഴ്‌സറി സ്കൂളിൽ പോയ നല്ല നാളുകൾ എല്ലാവരുടെയും ഓർമയിലുണ്ടാകും. എന്നാൽ, വർഷങ്ങൾക്കു മുമ്പ്‌ അങ്ങനെയായിരുന്നില്ല കാര്യങ്ങൾ. ടീച്ചർമാർ പഠിപ്പിക്കുന്നതു കേട്ട്‌ ആവർത്തിച്ചു പറഞ്ഞ്‌ മനഃപാഠമാക്കുന്ന കാലം. കളിയും ചിരിയും ഒന്നുമില്ലാതെ തികച്ചും വിരസമായ ക്ലാസ് മുറികള്‍

ഈ അവസ്ഥയെക്കുറിച്ച്‌ ശാസ്ത്രീയമായി പഠിച്ച്‌ ഈ മേഖലയിൽ വിപ്ളവകരമായ പരിഷ്കാരങ്ങൾ കൊണ്ടുവന്ന വ്യക്തിയാണ്‌ ‘മരിയ മോണ്ടിസോറി’. കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കും ഉന്നമനത്തിനും ഊന്നൽ കൊടുത്തുകൊണ്ട്‌ ഉല്ലാസം നിറഞ്ഞ നഴ്‌സറി ക്ളാസുകൾക്ക്‌ രൂപംകൊടുത്ത്‌ ലോകശ്രദ്ധ നേടിയ മരിയ മോണ്ടിസോറിയെയാണ്‌ നമ്മൾ പരിചയപ്പെടാൻ പോകുന്നത്‌.  ഡോക്ടർ, എഴുത്തുകാരി, പ്രാസംഗിക, അധ്യാപിക... എന്നിങ്ങനെ തന്റെ എല്ലാ കർമ മേഖലകളിലും തിളക്കമാർന്ന മുദ്രപതിപ്പിക്കാൻ മരിയ മോണ്ടിസോറിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

1870 ഓഗസ്റ്റ്‌ 31 ന്‌ ഇറ്റലിയിലെ അൻങ്കോണ എന്ന സ്ഥലത്താണ്‌ മരിയ ജനിച്ചത്‌. പിതാവ്‌ അലെസ്സാൻഡ്രോ മോണ്ടിസോറി. മാതാവ്‌ റെനിൽഡ സ്റ്റോപ്പാനി, നല്ല വിദ്യാഭ്യാസമുള്ളയാളായിരുന്നു മരിയയുടെ പിതാവ്‌. അക്കാലത്ത്‌ സ്ത്രീകൾക്ക്‌ പഠിക്കാവുന്ന പരിധിക്കനുസരിച്ച്‌ പഠിച്ചയാളായിരുന്നു അമ്മ. മക്കൾക്കും നല്ല വിദ്യാഭ്യാസം നൽകണമെന്ന്‌ ആ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നു.

1876-ൽ ഒരു പബ്ളിക്‌ എലിമെന്ററി സ്കൂളിലായിരുന്നു മരിയ തന്റെ പഠനം ആരംഭിച്ചത്‌. പിന്നീട്‌ ഇറ്റലിയിലെ സ്കൗള ടെക്‌നിക്ക മൈക്കൽ ആഞ്ചലോ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം. അക്കാലത്ത്‌ ഒരു പെൺകുട്ടിക്ക്‌ ഇറ്റലിയിൽ ലഭിച്ചിരുന്ന സാമാന്യ വിദ്യാഭ്യാസം അതായിരുന്നു. അതുകൊണ്ടുതന്നെ മരിയയെ അത്രയും പഠിപ്പിക്കാനാണ്‌ മാതാപിതാക്കൾ ആഗ്രഹിച്ചത്‌.

എന്നാൽ, ഗണിതശാസ്ത്രത്തിലും സയൻസിലും അതീവ തത്‌പരയായിരുന്ന മരിയ ഒരു എൻജിനീയർ ആകാൻ ആഗ്രഹിച്ചു. ഒരു പെൺകുട്ടി ടെക്‌നിക്കല്‍ വിദ്യാഭ്യാസം നേടുക എന്നത്‌ അക്കാലത്ത്‌ ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല. എന്നാൽ, മരിയ തന്റെ ആഗ്രഹം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. ഒടുവിൽ, ലിംഗഭേദങ്ങൾക്കെതിരെ പോരാടി മരിയ ഭൗതികശാസ്ത്രത്തിലും ഗണിശാസ്ത്രത്തിലും ബിരുദം നേടി. 

മകൾ ഒരു അധ്യാപികയായി കാണണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാൽ, തുടർന്നും പഠിക്കണമെന്ന മരിയയുടെ ആഗ്രഹം മാതാപിതാക്കളെ കുഴക്കി. പെൺകുട്ടികൾ ഒരിക്കലും ഉപരിപഠനം നടത്തുന്ന സമ്പ്രദായം ഇറ്റലിയിൽ ഉണ്ടായിരുന്നില്ല. ആ ഒരു പശ്ചാത്തലത്തിൽ മരിയ പഠിക്കണമെന്നാഗ്രഹിച്ചതാകട്ടെ വൈദ്യശാസ്ത്രവും. സമൂഹത്തിൽ നിന്നും വീട്ടിൽ നിന്നും കഠിനമായ എതിർപ്പുകളാണ്‌ മരിയ മോണ്ടിസോറിക്ക്‌ നേരിടേണ്ടി വന്നത്‌.

ഒരെതിർപ്പിനും മരിയയുടെ നിശ്ചയദാർഢ്യത്തെ തകർക്കാനായില്ല. വിമർശനങ്ങൾക്കു മുന്നിൽ തലകുനിക്കാൻ മരിയ തയ്യാറായിരുന്നില്ല. സ്ത്രീ എന്ന പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടുക എന്നത്‌ മരിയയ്ക്ക്‌ ചിന്തിക്കാവുന്നതിലപ്പുറമായിരുന്നു.  ഒടുവിൽ 1893-ൽ മരിയ റോമിലെ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ വൈദ്യശാസ്ത്രം പഠിക്കാനായി ചേർന്നു. എന്നാൽ, അവിടത്തെ ആൺകുട്ടികളിൽ നിന്ന്‌ കഠിനമായ പരിഹാസവും ഒറ്റപ്പെടലും ആണ്‌ മരിയ അനുഭവിച്ചത്‌.

മനുഷ്യശരീരം കീറിമുറിച്ചുള്ള പഠനത്തിലും പരിശോധനയിലും മരിയയെ കൂടെ കൂട്ടാൻ ആൺകുട്ടികൾ തയ്യാറായില്ല. അവസാനം, യൂണിവേഴ്‌സിറ്റി അധികൃതർ കണ്ടെത്തിയ പരിഹാരമാകട്ടെ വിചിത്രവും. ആൺകുട്ടികൾ പഠനം കഴിഞ്ഞ്‌ വീട്ടിൽ പോയശേഷം മരിയ പഠിക്കുക. പലപ്പോഴും കീറിമുറിക്കപ്പെട്ട ശവശരീരവും മരിയയും മാത്രമായി. ഭയവും ദുർഗന്ധവുമെല്ലാം മരിയയ്ക്ക്‌ സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. 

മരിയയുടെ പിതാവ്‌ തന്റെ മകളുടെ ദുരവസ്ഥകണ്ട്‌ പഠനം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. മരിയയും ഒരുവേള അങ്ങനെ ആലോചിച്ചു. എന്നാൽ, താൻ തോറ്റു പിൻവാങ്ങിയാൽ ഇനി ഒരു സ്ത്രീയും ഈ മേഖലയിലേക്ക്‌ കടന്നുവരില്ലെന്ന്‌ മനസ്സിലാക്കി മരിയ പഠനം തുടരുകയും വിജയകരമായി പഠനം പൂർത്തിയാക്കുകയും ചെയ്തു. അങ്ങനെ ഇറ്റലിയിലെ ആദ്യ വനിതാ ഡോക്ടറായി മരിയ മോണ്ടിസോറി.

ഡോക്ടറായി സേവനം അനുഷ്ഠിക്കാൻ തുടങ്ങിയ മരിയ പലപ്പോഴും പാവപ്പെട്ട കുട്ടികളെ ചികിത്സിക്കാനായി സമയം കണ്ടെത്തിയിരുന്നു. അവരുടെ പോഷകാഹാരക്കുറവും വിദ്യാഭ്യാസമില്ലായ്മയും മരിയയെ വേദനിപ്പിച്ചിരുന്നു.  ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ സേവനം ചെയ്യുമ്പോൾ ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുമായി മരിയ കൂടുതൽ അടുത്തിടപഴകാൻ ഇടയായി.

അത്തരം കുട്ടികൾ സമൂഹത്തിൽ ഒറ്റപ്പെടുന്നതും വേണ്ടവിധത്തിൽ പരിഗണിക്കപ്പെടാതെ പോകുന്നതും മരിയയുടെ ശ്രദ്ധയിൽപ്പെട്ടു. അക്കാലത്തെ വിദ്യാഭ്യാസ വിദഗ്ദ്ധരായ ജീൻമാർക്ക്‌ ഗാസ്‌പാഡിന്റെയും എഡ്‌വേഡ്‌ സ്വീഗിന്റെയും പുസ്തകങ്ങൾ വായിക്കാനിടയായ മരിയ മോണ്ടിസോറിയുടെ ശ്രദ്ധ പഠന വൈകല്യമുള്ളവരും ബുദ്ധിമാന്ദ്യം സംഭവിച്ചവരുമായ കുട്ടികളിലേക്ക്‌ തിരിഞ്ഞു. ഇവരെക്കുറിച്ച്‌ പഠിച്ച്‌ മരിയ തയ്യാറാക്കിയ തത്ത്വങ്ങൾ സാധാരണ കുട്ടികളിലും പരീക്ഷിക്കാൻ മരിയ ആഗ്രഹിച്ചു. ഇറ്റലിയിലെ ഗവണ്മെന്റും മരിയയെ പ്രോത്സാഹിപ്പിച്ചു. 

‘കാസ’ എന്ന പേരിൽ ചിൽഡ്രൻസ്‌ ഹൗസുകൾ ആരംഭിച്ച്‌ അറുപതോളം പാവപ്പെട്ട കുട്ടികളെ തന്റെ പുതിയ രീതിയിൽ മരിയ പഠിപ്പിക്കാൻ ആരംഭിച്ചു. വൻ വിജയമായിത്തീർന്ന ഈ പഠനസംരംഭം ഇറ്റലിയിലെങ്ങും വ്യാപിച്ചു. ‘മോണ്ടിസോറി’ എന്ന പേരിൽ ഈ സംരംഭം അറിയപ്പെടാൻ തുടങ്ങി. നല്ലൊരു വാഗ്മി കൂടിയായ മരിയയുടെ പ്രഭാഷണങ്ങളും ഏറെ ശ്രദ്ധ നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിയയുടെ പ്രഭാഷണങ്ങളും മോണ്ടിസോറി സ്കൂളുകളും ആരംഭിച്ചു.

ഇന്ത്യയിലും മരിയ മോണ്ടിസോറി ഏഴു വർഷക്കാലത്തോളം ചെലവഴിച്ചു. കുട്ടികൾ അവരുടെ സ്വതസിദ്ധമായ കഴിവിനനുസരിച്ച്‌ ശിശുസൗഹാർദപരമായ അന്തരീക്ഷത്തിൽ പഠിക്കണം എന്ന മരിയ മോണ്ടിസോറിയുടെ വിദ്യാഭ്യാസ വീക്ഷണം, ആധുനിക വിദ്യാഭ്യാസ മേഖലയിലെ പല പരിഷ്കാരങ്ങളുടെയും അടിത്തറയായിത്തീർന്നു.

തന്റെ വിദ്യാഭ്യാസ വീക്ഷണങ്ങളെ ഉൾക്കൊള്ളിച്ച്‌ മരിയ രചിച്ച പുസ്തകങ്ങളാണ്‌,  ‘ദ സീക്രട്ട്‌ ഒാഫ്‌ ചൈൽഡ്‌ഹുഡ്‌’, ‘ദ അബ്‌സോർബൻറ്‌ മൈൻഡ്‌’ മുതലായവ. ദീർഘവീക്ഷണത്തോടും ശാസ്ത്രീയമായ അടിത്തറയോടും കൂടിയ മരിയയുടെ വിദ്യാഭ്യാസ വീക്ഷണങ്ങൾ ലോകശ്രദ്ധ നേടി. ഡോക്ടർ എന്ന നിലയിൽ ശാസ്ത്രീയമായിട്ടായിരുന്നു അവരുടെ എല്ലാ കാഴ്ചപ്പാടുകളും. തന്റേതായ അവകാശങ്ങളുള്ള ഒരു വ്യക്തിയായാണ്‌ മരിയ ഓരോ കുട്ടിയേയും കണ്ടിരുന്നത്‌. 

ഫ്രഞ്ച്‌ ഗവണ്മെന്റ്‌ ‘ലീജിയൻ ഓഫ്‌ ഓണർ’ ബഹുമതി നൽകി അവരെ ആദരിച്ചു. മൂന്നുവട്ടം നോബൽ സമ്മാനത്തിനായി മരിയ നാമനിർദേശം ചെയ്യപ്പെട്ടു.  വിദ്യാഭ്യാസ മേഖലയിൽ വിപ്ളവം സൃഷ്ടിക്കുകയും സ്ത്രീ സമത്വത്തിനായി പോരാടുകയും ചെയ്ത ഈ ധീരവനിത, 1952 മേയ് ആറിന്‌ കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും കുഞ്ഞുഹൃദയങ്ങളിൽ അവർ കൊളുത്തിയ ദീപം ലോകത്തിലെങ്ങും ഇന്നും പ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു.

കാലഘട്ടത്തിന്റെ പ്രത്യേകത കൊണ്ട്‌ ഒരിക്കലും ഒരു സ്ത്രീക്കും കടന്നുചെല്ലാൻ കഴിയാതിരുന്ന മേഖലകളിലെല്ലാം തന്നെ ധീരതയോടെ കടന്നുചെന്ന്‌ വിജയം വരിച്ച മരിയ മോണ്ടിസോറിയുടെ ജീവിതം നമുക്കുള്ള പാഠമാണ്‌.  കവി പാടിയതുപോലെ ‘ജീവിതം നൽകാൻ മടിക്കുന്നതൊക്കെയും ജീവിച്ചു ജീവിതത്തോട്‌ നേടുക’ എന്ന തത്ത്വം സ്വന്തം ജീവിതത്തിലൂടെ മരിയ അന്വർഥമാക്കി. ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും അവരെ തളർത്തിയില്ല.

ഒരു വ്യക്തിക്കും പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യങ്ങളിലൂടെയാണ്‌ വൈദ്യശാസ്ത്ര പഠനകാലത്ത്‌ മരിയ കടന്നുപോയത്‌. എന്നാൽ, നിശ്ചയദാർഢ്യവും കഠിനപരിശ്രമവും കൊണ്ട്‌ മരിയ അവയെയെല്ലാം അതിജീവിച്ചു. പ്രതിസന്ധികളെ തരണം ചെയ്ത്‌ അവർ വരിച്ച നേട്ടം ആരെയും പ്രചോദിപ്പിക്കുന്നതാണ്‌. നമ്മുടെ ജീവിതത്തിലും പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാകാം. അവിടെ മരിയ മോണ്ടിസോറി നമുക്ക്‌ മാതൃകയായിരിക്കട്ടെ.

മാതാപിതാക്കളോട്‌: കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച്‌ മകളോടൊപ്പം നിൽക്കാൽ മരിയയുടെ മാതാപിതാക്കൾ കാണിച്ച ധീരതയാണ്‌ മോണ്ടിസോറി വിദ്യാഭ്യാസ സമ്പ്രദായത്തിനു തന്നെ കാരണമായി തീർന്നത്‌. വ്യത്യസ്ത ചിന്തകളും അഭിരുചികളുമുള്ള കുട്ടികളെ മനസ്സിലാക്കാനും പ്രോത്സാഹിപ്പിക്കാനും അവരോടു കൂടെ നിൽക്കാനും നിങ്ങൾക്കു കഴിഞ്ഞാൽ പുതിയ ദർശനങ്ങളും കാഴ്ചപ്പാടുകളും ലോകത്തിന്‌ സമ്മാനിക്കുന്ന മോണ്ടിസോറിമാർ ഇനിയും ഉയർന്നുവരും. നമുക്ക്‌ കാത്തിരിക്കാം.