"പെട്ടന്ന് ഒരു ദേവത ആ മരംവെട്ടുകാരന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു"
"എന്നിട്ടോ മുത്തശ്ശി" കുഞ്ഞിക്കണ്ണുകള്‍ കൗതുകം കൊണ്ട് വിടര്‍ന്നുവരികയാണ്
"മരംവെട്ടുകാരനോട് ആ ദേവത പറഞ്ഞു............"മുത്തശ്ശി കഥ തുടരുകയാണ്.

ങ്ങനെ കഥ കേട്ടുറങ്ങിയ കുട്ടികളായിരുന്നു നമ്മളൊക്കെ. മുത്തശ്ശനോ മുത്തശ്ശിയോ പറയുന്ന കഥകള്‍ കേട്ട് കേട്ട് ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ ആ മരംവെട്ടുകാരനും അലാവുദ്ദീന്റെ അത്ഭുതവിളക്കും സിന്‍ഡ്രല്ലയും മറ്റനേകം രാജകുമാരിമാരും പഞ്ചതന്ത്രം കഥകളിലെ എലിയും സിംഹവുമൊക്കെ നമ്മുടെ സ്വപ്‌നങ്ങളിലേക്ക് കൂട്ടുവന്നിരുന്നു. കഥകള്‍ക്കുമപ്പുറം ചില ജീവിതസത്യങ്ങളും ആ കഥകളിലൊളിപ്പിച്ച് മുത്തശ്ശിമാര്‍ പറഞ്ഞുതന്നിരുന്നു.

ഇന്നത്തെ കുട്ടികളുടെ അവസ്ഥയോ? കൂട്ടുകുടംബത്തില്‍ നിന്ന് അണുകുടുംബങ്ങളിലേക്ക് ജീവിതം പറിച്ചുനട്ടതോടെ കഥ പറയാന്‍ മുത്തശ്ശിമാരില്ലാതായി. ചിലയിടങ്ങളിലാവട്ടെ മുത്തശ്ശിമാര്‍ ടെലിവിഷന്‍ സീരിയലുകളിലെ കഥകള്‍ക്കായി കാത്തിരിക്കുന്നവരായി. കമ്പ്യൂട്ടര്‍ ഗെയിമുകളും മൊബൈല്‍ വീഡിയോകളുമായി കുട്ടികളുടെ ലോകം. മുത്തശ്ശിക്കഥ കേള്‍ക്കാന്‍ ഭാഗ്യമില്ലാത്തവരായി പുതിയ തലമുറ.

ഈ സാഹചര്യത്തിലാണ് സരളാ മിനി എന്ന റിട്ടയേഡ് അധ്യാപിക വേറിട്ടുനില്‍ക്കുന്നത്. സ്വന്തം പേരക്കുട്ടികള്‍ക്ക് മാത്രമല്ല ലോകത്തെമ്പാടുമുള്ള നിരവധി കുരുന്നുകള്‍ക്ക് മുത്തശ്ശിക്കഥകളുടെ മാന്ത്രികത സമ്മാനിക്കുകയാണ് ഈ ബെംഗളൂരുകാരി. വാട്‌സ് ആപ്പിലൂടെയാണ് ടീച്ചറുടെ കഥ പറച്ചില്‍. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് കഥകൾ.

sarla mini

കഥകള്‍ പറഞ്ഞ് റെക്കോര്‍ഡ് ചെയ്ത് കൊച്ചുമക്കള്‍ക്കയച്ച് കൊടുത്തതായിരുന്നു തുടക്കം. പിന്നെപ്പിന്നെ കഥ അയയ്ക്കുന്നവരുടെ പട്ടികയില്‍ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ കയറിക്കൂടി. അവരുടെയൊക്കെ വീടുകളിലെ കുട്ടികള്‍ ഈ മുത്തശ്ശിക്കഥകള്‍ക്കായി ദിവസവും കാത്തിരുന്നു. അതോടെ അനന്തിരവനായ പരുള്‍ രാംപുര്യ ആണ് വാട്‌സ് ആപ്പിലൂടെ ലോകത്തിനായി കഥകള്‍ എന്ന ആശയം മുന്നോട്ട് വച്ചത്. ആഴ്ചയിലൊന്ന് എന്ന കണക്കിന് കഥ റെക്കോര്‍ഡ് ചെയ്യാനും തുടങ്ങി.

നാല് മാസം കൊണ്ട് 'കഥ പറയുന്ന നാനിക്ക്' ആറായിരത്തോളം സബ്‌സ്‌ക്രൈബേഴ്‌സിനെയാണ് ലഭിച്ചത്. അതും ആളുകള്‍ പറഞ്ഞും കേട്ടുമുള്ള പബ്ലിസിറ്റി കൊണ്ട് മാത്രം. അമേരിക്ക, ബ്രിട്ടന്‍, ദുബായി, നൈജീരിയ, സ്വിറ്റ്‌സര്‍ലആൻഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലൊക്കെ ഈ മുത്തശ്ശിക്കഥകള്‍ക്ക് ആരാധകരുണ്ട്.

sarla mini

ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് കഥപറച്ചില്‍. എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള കഥകളാണ് റെക്കോര്‍ഡ് ചെയ്ത് അയയ്ക്കുന്നത്.  വിവിധ രാജ്യങ്ങളിലെ നാടോടിക്കഥകളാണ് സരള മിനിയുടെ ശബ്ദത്തില്‍ കുട്ടികളിലേക്ക് എത്തുക.

കഥകേള്‍ക്കുക എന്നത് കുട്ടികളുടെ ജന്മാവകാശമാണെന്നാണ് സരള മിനിയുടെ കാഴ്ച്ചപ്പാട്. ഈ മുത്തശ്ശിക്കഥകള്‍ മക്കളെ കേള്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മിനി സരളയുടെ വാട്സ് ആപ്പ് നമ്പറിലേക്ക് പേരും കുട്ടിയുടെ ജനനത്തീയതിയും കഥ കേള്‍ക്കാനാഗ്രഹിക്കുന്ന ഭാഷയും മെസേജ് ചെയ്താല്‍ മാത്രം മതി!

ഫോണ്‍ നമ്പര്‍: +91 88676 15400