കൊച്ചുകുഞ്ഞുങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതും മരുന്നു കഴിപ്പിക്കുന്നതും കുത്തിവയ്പ്പ് എടുക്കുന്നതും ഒക്കെ മാതാപിതാക്കള്‍ക്ക് അങ്ങേയറ്റം ടെന്‍ഷനുള്ള കാര്യമാണ്. ചില ഡോക്ടര്‍മാര്‍ കുഞ്ഞുങ്ങളുടെ അടുത്തു വരുമ്പോള്‍ തന്നെ കുട്ടികള്‍ കരയാന്‍ തുടങ്ങും. എന്നാല്‍ ചില ഡോക്ടര്‍മാര്‍ കുത്തിവയ്പ്പ് എടുക്കുന്നത് പോലും കുഞ്ഞുങ്ങള്‍ അറിയാറില്ല. ഒരാഴ്ചയായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് അത്തരത്തിലുള്ള രസകരമായ ഒരു വീഡിയോയാണ്. 

കുഞ്ഞിന്റെ ശ്രദ്ധ തിരിച്ച് രക്തമെടുക്കുന്ന ഒരു ഡോക്ടറുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്‌. കുഞ്ഞിന്റെ കൈകളിൽ പിടിച്ച് മുഖത്ത് നോക്കി പാട്ടുപാടിക്കൊണ്ട് കുഞ്ഞിന്റെ രക്തമെടുക്കുകയാണ് ഡോക്ടറങ്കിൾ. ഡോക്ടറങ്കിളിന്റെ പാട്ടിലിങ്ങനെ മുഴുകി ഇരിക്കുകയാണ് കുഞ്ഞ്. ഷാനോന്‍ വെമിസ് എന്നയാളാണ് മകള്‍ കുത്തിവയ്ക്കുന്നത് പോലും അറിയാതെ ഡോക്ടറുടെ പാട്ടുകേട്ട് ഇരിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. 

സൂചി കുത്തുമ്പോഴും രക്തം എടുക്കുമ്പോഴും കുഞ്ഞ് അറിയാതിരിക്കാനായി ഡോക്ടര്‍ റയാന്‍ കോറ്റസി മനോഹരമായി പാടുകയായിരുന്നു. ഇത് വളരെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്, സാധാരണ രക്തം പരിശോധിക്കുമ്പോൾ മകള്‍ അസ്വസ്ഥയാകാറുണ്ട്, ഇത്‌പോലെ പ്രതികരിക്കുന്നത് ആദ്യമായിട്ടാണ്, ഒരു തുള്ളിക്കണ്ണീര്‍ പോലും മകളുടെ കണ്ണില്‍ നിന്ന് പൊടിഞ്ഞില്ല എന്നും പിതാവ് കുറിക്കുന്നു.  ജോലി എന്നത് മാസശമ്പളത്തെക്കാള്‍ വലുതാണ് എന്നതിന്റെ ഉദാഹരണമാണ് ഇത് എന്നു പറഞ്ഞുകൊണ്ടാണ് ഷാനോന്‍ വീഡിയോ പങ്കുവച്ചത്.

Content Highlights: fathers facebbok post about daughter is getting bloods done