രു കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്തണമെന്ന ചിന്ത അവരുടെ സ്വപ്‌നത്തില്‍ പോലുമുണ്ടായിരുന്നില്ല. പക്ഷേ,ഒരു കുഞ്ഞ് വീട്ടിലേക്ക് വരണമെന്നത് അവരുടെ ഏറ്റവും വലിയ സ്വപ്‌നവുമായിരുന്നു. അങ്ങനെയാണ് കവിത ബലൂനി എന്ന ഇരുപത്തേഴുകാരി വേദയ്ക്ക് അമ്മയായത്, ഹിമാന്‍ഷു കാക്ത്വാന്‍ അച്ഛനായത്!

"കുഞ്ഞുങ്ങള്‍ എല്ലായ്‌പ്പോഴും സ്‌നേഹവും കരുതലും അര്‍ഹിക്കുന്നവരാണ്. അങ്ങനെ സ്‌നേഹിക്കാന്‍ ആരുമില്ലാത്ത കുഞ്ഞുങ്ങള്‍ക്കായി വീടൊരുക്കുന്നതില്‍ എന്താണ് തെറ്റ്. പെറ്റുവളര്‍ത്തിയ കുഞ്ഞിനെയെന്ന പോലെ അവരെയും സ്‌നേഹിക്കാമെന്ന് എന്താണ് ആരും ചിന്തിക്കാത്തത് "കവിതയുടെ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു പതിനാല് മാസം പ്രായമായ വേദ എന്ന സുന്ദരിക്കുട്ടി.

അമേരിക്കയില്‍ സ്ഥിരതാമസക്കാരാണ് കവിതയും ഹിമാന്‍ഷുവും. ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്നത് ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. അത് മാത്രമല്ല, ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുഞ്ഞാവണം അതെന്നും അവര്‍ തീരുമാനിച്ചുറപ്പിച്ചു. രണ്ട് വര്‍ഷത്തെ ജീവിതത്തിനിടയില്‍ അങ്ങനെയുള്ള പല കുഞ്ഞുങ്ങളെയും അവര്‍ കണ്ടു. പക്ഷേ, കാരണമൊന്നുമില്ലെങ്കിലും അവരിലാരെയും ദത്തെടുക്കാന്‍ ദമ്പതികള്‍ക്ക് തോന്നിയില്ല. അങ്ങനെയാണ് ഇന്ത്യയിലേക്ക് പോയിവരാമെന്ന തോന്നല്‍ ഉണ്ടായത്. അതേസമയം തന്നെയാണ് ഇങ്ങ് ഇന്ത്യയില്‍ ഡൗണ്‍ സിന്‍ഡ്രോം ബാധിതയായ പിഞ്ചുകുഞ്ഞിനെ ആരോ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചതും!

veda
photo:ndtv

ഇന്ത്യയിലെത്തി സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയില്‍ കവിതയും ഭര്‍ത്താവും അപേക്ഷ നല്കി. ഇന്ത്യയില്‍ കുഞ്ഞുങ്ങളുടെ ദത്തെടുക്കല്‍ സംബന്ധിച്ച നോഡല്‍ ബോഡിയാണ് സിഎആര്‍എ. നാല്പത്തിയഞ്ചുദിവസത്തിനുള്ളില്‍ വേദ അവര്‍ക്ക് സ്വന്തമായി. ആദ്യം കണ്ടപ്പോള്‍തന്നെ അവളെ മതി തങ്ങള്‍ക്ക് എന്ന് കവിതയും ഹിമാന്‍ഷുവും ഉറപ്പിച്ചു.

ഇരുവരുടെയും വീട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക എന്നതായിരുന്നു അടുത്ത കടമ്പ. യാഥാസ്ഥിതികരായ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും വേദയുടെ കടന്നുവരവ് അംഗീകരിക്കാനാവുമായിരുന്നില്ല. കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയാത്തവര്‍ മാത്രമാണ് ദത്തെടുക്കുക എന്നതായിരുന്നു അവരുടെ ധാരണ. ഡൗണ്‍ സിന്‍ഡ്രോമുളള കുഞ്ഞ് ബാധ്യതയാകുമെന്ന മുന്നറിയിപ്പും വീട്ടുകാര്‍ നല്കി. പക്ഷേ, അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നതില്‍ കവിതയും ഭര്‍ത്താവും വിജയിച്ചു.

ദത്തെടുക്കലിലൂടെ ഒരു കുഞ്ഞിനെ സ്വന്തമാക്കുന്നത് പ്രസവത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കുന്നതു പോലെ തന്നെ ആകാംക്ഷയും കാത്തിരിപ്പും നിറഞ്ഞതാണെന്ന് കവിത പറയുന്നു. എത്രയോ പേപ്പര്‍ വര്‍ക്കുകള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുക്കമാണ് കുഞ്ഞിനെ കയ്യില്‍ കിട്ടുകയെന്നാണ് കവിത ചോദിക്കുന്നത്.

veda
photo:ndtv

പ്രത്യേക കരുതല്‍ ആവശ്യമുള്ള ഇത്തരം കുഞ്ഞുങ്ങളോടുള്ള സമൂഹത്തിന്റെ മനസ്ഥിതിയോട് കവിതയ്ക്കും ഹിമാന്‍ഷുവിനും യോജിക്കാനേ കഴിയുന്നില്ല. വേദയുടെ കുറവുകളിലല്ല അവളുടെ കഴിവുകളില്‍ ഊന്നല്‍ നല്കിയാണ് തങ്ങള്‍ അവളെ വളര്‍ത്തുന്നതെന്ന് കവിത പറയുന്നു. കുഞ്ഞുങ്ങള്‍ക്ക് പേരിനോട് ചേര്‍ത്ത അച്ഛന്റെ പേര് മാത്രം നല്കുന്ന രീതിയോട് ഹിമാന്‍ഷുവിന് എതിര്‍പ്പാണ്. അതുകൊണ്ട് തന്നെ മകള്‍ക്ക് വേദ ബലൂനി കക്ത്വാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. 

നാലുമാസമായി വേദ ഇവര്‍ക്കൊപ്പം എത്തിയിട്ട്. അവളുടെ കളിചിരികളിലാണ് ഇപ്പോള്‍ ഇവരുടെ ജീവിതം. വേദ ഒരു കുസൃതിക്കുടുക്കയാണെന്ന് കവിതയും ഹിമാന്‍ഷുവും പറയുന്നു. എപ്പോഴും അവളോടൊപ്പമായിരിക്കാന്‍ മത്സരിക്കുകയാണ് രണ്ടുപേരുമിപ്പോള്‍. പരിധികളില്ലാത്ത സ്‌നേഹം എന്തെന്ന് അവളില്‍ നിന്ന് അറിയുകയാണ് ഞങ്ങളിപ്പോള്‍ കവിതയും ഹിമാന്‍ഷുവും ഒരേ സ്വരത്തില്‍ പറയുന്നു.

courtesy:ndtv