sydney poiter
സിഡ്‌നി പോയിറ്റിയർ

മേരിക്കൻ ഐക്യനാടുകളിൽ കടുത്ത വംശവിവേചനം നടമാടിയിരുന്ന 1960കളിൽ ഒരു ആഫ്രിക്കൻ അമേരിക്കൻ മികച്ച നടനുള്ള അക്കാദമി അവാർഡ്‌ കരസ്ഥമാക്കുക, മികച്ച ഡയറക്ടർ, അഭിനേതാവ്‌, നയന്ത്രജ്ഞൻ എന്നീ നിലകളിൽ ഒരു കറുത്തവർഗക്കാരൻ മികവു തെളിയിക്കുക, അന്നത്തെ അമേരിക്കൻ പശ്ചാത്തലത്തിൽ ചിന്തിക്കാൻപോലും പ്രയാസമുള്ളകാര്യം. എന്നാൽ ഇതെല്ലാം യാഥാർത്ഥ്യമാക്കിയ ഒരു ‘കറുത്തമുത്ത് ‌’ അതാണ്‌ സിഡ്‌നി പോയിറ്റിയർ.

ഈ മഹാപ്രതിഭയാകട്ടെ നമ്മുടെ ഇന്നത്തെ താരം.  1999ൽ അമേരിക്കൻ ഫിലിം  ഇൻസ്റ്റിറ്റ്യൂട്ട്‌ എക്കാലത്തേയും മികച്ച ‘അഭിനയതാരം’ എന്ന ബഹുമതി നൽകി ആദരിച്ച ഈ പ്രതിഭയുടെ ജീവിതകഥ ഏറെ ഹൃദയസ്പർശിയാണ്‌. 1927 ഫെബ്രുവരി 20നാണ്‌ ബഹാമിയൻ വംശജനായ സിഡ്‌നി പോയിറ്റർ ജനിച്ചത്‌- അച്ഛൻ റെജിനാൾഡ്‌ ജെയിംസ്‌ പോയിറ്റിയർ. അമ്മ-ഈവ്‌ലിൻ.

വളരെ പാവപ്പെട്ട കർഷകരായിരുന്നു സിഡ്‌നിയുടെ മാതാപിതാക്കൾ. ഒരിക്കൽ തങ്ങളുടെ തോട്ടത്തിലുണ്ടായ തക്കാളിയും മറ്റു പച്ചക്കറികളും മിയാമിയിലെ മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കാനായി സിഡ്‌നിയുടെ മാതാപിതാക്കൾ പോയി. മിയാമി യിൽവച്ച്‌ മാസം തികയാതെയാണ്‌ അമ്മ ഈവ്‌ലിൻ സിഡിനിക്ക്‌ ജന്മം നൽകിയത്‌. മൂന്നുമാസത്തോളം ആ കുടുംബത്തിന്‌ മിയാമിയിലെ ആശുപത്രിയിൽ താമസിക്കേണ്ടിവന്നു.

കടുത്ത പട്ടിണി മൂലം സിഡ്‌നിയെ പഠിപ്പിക്കാൻ പോലും മാതാപിതാക്കൾക്ക്‌ സാധിച്ചില്ല. വളരുന്തോറും ഒരു നല്ല ഉഴപ്പനാണ്‌ തന്റെ മകനെന്ന്‌ റെജിനാൾഡ്‌ പോയിറ്റിയർ തിരിച്ചറിഞ്ഞു.  മകന്റെ മടിയും ഉഴപ്പും മാറുന്നതിനായി അദ്ദേഹം അവനെ ന്യൂയോർക്കിലുള്ള  തന്റെ സഹോദരന്റെ അടുക്കലേക്കയച്ചു. അവിടെ തന്റെ അന്നന്നത്തെ അഷ്ടിക്കുള്ള വക കണ്ടെത്താൻ സിഡ്‌നിക്ക്‌ ഒരു ഹോട്ടലിൽ ജോലി ചെയ്യേണ്ടതായി വന്നു. അതും ഒരു പാത്രം കഴുകലുകാരനായി.

പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാതിരുന്ന സിഡ്‌നിയെ ആ ഹോട്ടലിലെ ഒരു വെയിറ്ററാണ്‌ എഴുതാനും വായിക്കാനും പഠിപ്പിച്ചത്‌. ആ നാളുകളിലെല്ലാം വംശീയ വിവേചനത്തിന്റെ ഇരയാകേണ്ടിവന്നത്‌ സിഡ്‌നിയുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. ഇത്തരം ഒരു സാമൂഹ്യപശ്ചാത്തലത്തിൽ വളരേണ്ടിവന്നിട്ടും ഒരു അഭിനേതാവാകണം എന്ന തന്റെ സ്വപ്നം സിഡ്‌നി താലോലിച്ചുവന്നു. ഒടുവിൽ അദ്ദേഹം അമേരിക്കൻ നീഗ്രോ തീയറ്ററിൽ ചേർന്നു.

അന്നത്തെ സാഹചര്യത്തിൽ അഭിനയിക്കണമെങ്കിൽ പാടാനും അറിയേണ്ടിയിരുന്നു. പാടാൻ കഴിവില്ലാതിരുന്നതും ബഹാമിയൻ ചുവയുള്ള സംസാരവും അദ്ദേഹത്തിന്‌ അഭിനേതാവാകുവാൻ തടസ്സമായി നിന്നു. അഭിനേതാവിനെ തിരഞ്ഞെടുക്കാനുള്ള ഓഡീഷനിൽ ഒരു ഡയറക്ടർ അദ്ദേഹത്തോട്‌ പറഞ്ഞതിങ്ങനെയാണ്‌. ‘ആളുകളുടെ സമയം മെനക്കെടുത്താൻ നിൽക്കാതെ പുറത്തുപോയി വല്ല പാത്രവും കഴുകി ജീവിക്കാൻ നോക്ക്‌’. ആ പ്രയോഗത്തിന്‌ മുമ്പിൽ തളരാതെ, നിരാശനാകാതെ നിരന്തരമായ കഠിനാധ്വാനത്തിലൂടെ നാളുകൾക്ക്‌ ശേഷം അദ്ദേഹം തീയറ്ററിൽ അഡ്‌മിഷൻ നേടി.

പിന്നീട്‌ ഓസ്‌കാർ വരെ എത്തിച്ചേർന്നു ആ അഭിനയമികവ്‌.  തന്റെ കഠിനാധ്വാനത്തിലൂടെ തീയറ്ററിൽ മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹത്തെ തേടി സിനിമകൾ എത്തിച്ചേരാൻ അധികം കാത്തിരിക്കേണ്ടിവന്നില്ല. ‘നോ വേ ഒൗട്ട്‌’ എന്ന ചിത്രത്തിലെ ഒരു വെള്ളക്കാരനായ ഒരു മതഭ്രാന്തനെ ചികിത്സിക്കുന്ന  ഡോക്ടറായുള്ള സിഡ്‌നിയുടെ പ്രകടനം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അദ്ദേഹത്തേ തേടി നിരവധി അവസരങ്ങൾ എത്തി. ‘ബ്ളാക്ക്‌ ബോർഡ്‌ ജംഗിൾ’, ‘ദ ഡെഫിയന്റ്‌ വൺസ്‌’, എ റെയ്‌സിൻ ഇൻ ദ സൺ’, ‘ലില്ലീസ്‌ ഓഫ്‌ ദ ഫീൽഡ്‌’ തുടങ്ങിയവയെല്ലാം അദ്ദേഹത്തിലെ മികച്ച അഭിനയപ്രതിഭയെ ലോകത്തിന്‌ കാണിച്ചുകൊടുത്ത സിനിമകളായിരുന്നു.

‘എ പാച്ച്‌ ഓഫ്‌ ബ്ളൂ, ഇൻ ദ ഫീറ്റ്‌ ഓഫ്‌ ദ നൈറ്റ്‌’ തുടങ്ങിയവയും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ച സിനിമകളായിരുന്നു. ‘ബക്ക്‌ ആൻഡ്‌ പ്രീച്ചർ’ എന്ന സിനിമയിലൂടെയാണ്‌ അദ്ദേഹം ഡയറക്ടറായി രംഗപ്രവേശനം ചെയ്യുന്നത്‌. പിന്നീട്‌ നിരവധി സിനിമകൾ അദ്ദേഹം ഡയറക്ട്‌ ചെയ്തു. അഭിനേതാവായും ഡയറക്ടറായും മികവുതെളിയിച്ച അദ്ദേഹം നയതന്ത്രജ്ഞനെന്ന നിലയിലും തന്റെ കഴിവുതെളിയിച്ചു. 1997ൽ ജപ്പാനിലെ ബഹാമിയൻ അംബാസഡറായി സിഡ്‌നി പോയിറ്റർ നിയമിതനായി. ബഹാമാസ്‌ യുനെസ്‌കോ അംബാസഡറായി അദ്ദേഹം ഇപ്പോഴും സേവനം ചെയ്തുവരുന്നു.

അഭിനയിക്കാൻ അറിയില്ലെന്ന്‌ പറഞ്ഞ്‌ പാത്രം കഴുകാൻ തന്നെ ഓടിച്ചുവിട്ടവരുടെ മുന്നിൽ സിഡ്‌നി പോയിറ്റിയർ തന്റെ അശ്രാന്തപരിശ്രമത്തിലൂടെ നേടിയ പുരസ്കാരങ്ങൾ അഭിനേതാവെന്ന നിലയിലെ അദ്ദേഹത്തിന്റെ മധുരപ്രതികാരമായി കാണാം. 1958ൽ മികച്ച നടനുള്ള ബ്രിട്ടീഷ്‌ അക്കാഡമി ഫിലിം അവാർഡ്‌, 1963ലെ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ്‌  അവാർഡ്‌, 1964 ലെ ഓസ്‌കാർ അവാർഡ്‌, 1974 ൽ ബ്രിട്ടനിൽ നിന്നു ലഭിച്ച ‘നൈറ്റ്‌കമാൻഡർ ഒാഫ്‌ ദി ഓർഡർ), 1992ലെ ‘ലൈഫ്‌ അച്ചീവ്‌മെന്റ്‌ അവാർഡ്‌, 2001 ലെ ഗ്രാമി അവാർഡ്‌, 2002 ലെ ഓണററി ഓസ്‌കാർ അവാർഡ്‌ (മികച്ച പ്രകടനത്തിനും അഭ്രപാളിയിലെ നിറസ്സാന്നിദ്ധ്യത്തിനും മാന്യമായ പെരുമാറ്റത്തിനും) 2009 ലെ പ്രസിഡൻഷ്യൻ മെഡൽ, 2016 ൽ ബാഫ്‌റ്റ ഫെലോഷിപ്പ്‌ ഇവയെല്ലാം  അദ്ദേഹത്തിന്റെ അഭിനയ പ്രതിഭയ്ക്കുള്ള അംഗീകാരങ്ങളിൽ ചിലതുമാത്രമാണ്‌. 

കൂട്ടുകാരേ, കഴിവില്ലാത്തവൻ എന്ന്‌ പറഞ്ഞ്‌ പുറത്താക്കിയിട്ടും പരിഹസിച്ചിട്ടും തന്റെ കഴിവ്‌ തിരിച്ചറിഞ്ഞ്‌ കഠിനാധ്വാനത്തിലൂടെ അത്‌ വളർത്തിയെടുത്ത്‌ തന്റെ മികവ്‌ ലോകത്തിന്‌ കാണിച്ചുകൊടുത്ത സിഡ്‌നി പോയിറ്റിയർ നമുക്കൊരു പ്രചോദനമല്ലേ? വെറുതെ ഇരുന്നാൽ ലോകം നമ്മെ അംഗീകരിക്കുകയോ ആദരിക്കുകയോ ഇല്ല എന്ന്‌ പോയിറ്ററുടെ ജീവിതം നമുക്ക്‌ കാണിച്ചുതരുന്നുണ്ട്‌. തന്റെ കഴിവിനെ സ്വയം ഊതി ഉണർത്തി കഠിനാധ്വാനത്തിലൂടെയാണ്‌ അദ്ദേഹം  ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്‌. അന്ന്‌ ആ ഡയറക്ടർ ആട്ടിപ്പായിച്ചപ്പോൾ മനസ്സുമടുത്ത്‌ പിന്തിരിയാൻ അദ്ദേഹം തയ്യാറായില്ല എന്നതാണ്‌ അദ്ദേഹത്തിന്റെ  ജീവിതവിജയത്തിന്റെ രഹസ്യം. അവിടെ തളർന്നിരുന്നുവെങ്കിൽ  വെറും ഒരു പാത്രം കഴുകലുകാരനായി തീർന്നു പോകുമായിരുന്നു അദ്ദേഹത്തിന്റെ ജന്മം. 

തന്റെ പോരായ്മകൾ തിരിച്ചറിഞ്ഞ്‌ നിരന്തര പരിശ്രമത്തിലൂടെ അവയെ മറികടന്നാണ്‌ അദ്ദേഹം വീണ്ടും തീയേറ്ററിൽ പ്രവേശനം നേടുന്നത്‌. നമ്മുടെ ജീവിതത്തിലും പരിഹാസവും കുറ്റപ്പെടുത്തലും എല്ലാം ഉണ്ടാകാം. അവയിൽ മനംനൊന്ത്‌ വിഷമിച്ചിരിക്കേണ്ടവരല്ല നമ്മൾ. പോയിറ്റിയറെ പോലെ സ്ഥിരോത്സാഹത്തിലൂടെ കഠിനാധ്വാനത്തിലൂടെ നമ്മളും അതിനെയെല്ലാം അതിജീവിച്ച്‌ ജീവിതവിജയം വരിക്കണം. പരിശ്രമശാലികളുടെ ജീവിതം ഒരിക്കലും പാഴാവുകയില്ല. വീഴ്ചയിൽ നിന്ന്‌ എഴുന്നേൽക്കാനും വീണ്ടും ഓട്ടം തുടരാനും നമുക്കും കഴിയണം. നാളെ നമ്മുടെ സ്വപ്നങ്ങളും ചിറക്‌ വിടർത്തി ഉയർന്നു പൊങ്ങും, കാത്തിരിക്കാം.

മാതാപിതാക്കളോട്‌....

നിങ്ങളുടെ കുഞ്ഞുങ്ങൾ പരിഹസിക്കപ്പെടുകയും തള്ളിപ്പറയപ്പെടുകയും ചെയ്യുന്ന അവസരങ്ങൾ ജീവിതത്തിലുണ്ടാകും. അവിടെ അവരെ തളർന്നുപോകാൻ അനുവദിക്കരുത്‌. വീണാലും എഴുന്നേൽക്കാൻ കഴിയും എന്ന്‌ അവരെ പഠിപ്പിക്കുക. അവരുടെ ചിറകുകൾക്ക്‌ കരുത്ത്‌ പകരുക. അവരുടെ സ്വപ്നങ്ങളെ  പറന്നുയരാൻ അനുവദിക്കുക. നാളെ അവരിൽ നിന്നും സിഡ്‌നി പോയിറ്റിയർമാരെ പോലുള്ള പ്രതിഭകൾ  ഉയർന്നുവരും .... തീർച്ച. സിഡ്‌നി പോയിറ്റിയർ ഒരിക്കൽ പറയുകയുണ്ടായി. എന്നിൽ എന്തെങ്കിലും  നന്മ പ്രതിഫലിക്കുന്നുണ്ടെങ്കിൽ അത്‌ എന്റെ അച്ഛനിൽ നിന്ന്‌ ലഭിച്ചതാണ്‌. നമ്മുടെ മക്കളേയും നന്മയിൽ വളർത്താം.

writer is... സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം. മോട്ടിവേഷണൽ ട്രെയിനർ, പാരന്റിങ്‌  വിഷയത്തിൽ ക്ലാസുകളും പ്രഭാഷണങ്ങളും നടത്തുന്നു. സൈക്കോളജി, കൗൺസിലിങ്‌ എന്നിവയിൽ ഡിപ്ലോമ.